Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഉമ്മൻ ചാണ്ടി അടച്ചുപൂട്ടുമ്പോൾ കേരളത്തിൽ 38 ഫോർ സ്റ്റാർ ബാറുകൾ മാത്രം; സർക്കാർ നയം തിരുത്തുമ്പോൾ എണ്ണം 112 ആയി; ഫോർസ്റ്റാർ ഹോട്ടലുകൾക്ക് ഓണത്തിന് മുമ്പ് ബാർ ലൈസൻസ് നൽകും; ത്രീസ്റ്റാറുകളെ കൂടി ഉൾപ്പെടുത്താൻ ബാറുടമകളുടെ കടുത്ത സമ്മർദ്ദം

ഉമ്മൻ ചാണ്ടി അടച്ചുപൂട്ടുമ്പോൾ കേരളത്തിൽ 38 ഫോർ സ്റ്റാർ ബാറുകൾ മാത്രം; സർക്കാർ നയം തിരുത്തുമ്പോൾ എണ്ണം 112 ആയി; ഫോർസ്റ്റാർ ഹോട്ടലുകൾക്ക് ഓണത്തിന് മുമ്പ് ബാർ ലൈസൻസ് നൽകും; ത്രീസ്റ്റാറുകളെ കൂടി ഉൾപ്പെടുത്താൻ ബാറുടമകളുടെ കടുത്ത സമ്മർദ്ദം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ മദ്യനയത്തിൽ ത്രീ സ്റ്റാർ ഹോട്ടലുകൾക്ക് കൂടി ബാർ അനുവദിക്കാൻ സാധ്യതയുണ്ടെന്ന് സൂചന. ബാറുടമകൾ ഇതിനായി സമ്മർദ്ദം തുടരുകയാണ്. മദ്യഉപഭോഗം കുറഞ്ഞിട്ടില്ലെന്ന കണക്കുകൾ ചൂണ്ടിക്കാട്ടിയാണ് സമ്മർദ്ദം. എന്നാൽ ഇക്കാര്യത്തിൽ ഇടത് നേതാക്കൾ അന്തിമ തീരുമാനം എടുത്തിട്ടില്ല. അതിനിടെ പുതിയ മദ്യനയത്തിന്റെ ഭാഗമായി ഫോർ സ്റ്റാർ ഹോട്ടലുകൾക്ക് ലൈസൻസ് ഉറപ്പാണെന്നാണ് സൂചന. ഇത് പ്രകാരം സംസ്ഥാനത്തെ 112 ഫോർ സ്റ്റാർ ഹോട്ടലുകൾക്ക് വിദേശമദ്യ വിൽപനയ്ക്ക് അനുമതി നൽകും.

ത്രീ സ്റ്റാർ ഹോട്ടലുകൾക്കും ബാർ ലൈസൻസ് അനുവദിക്കണമെന്ന് ഉടമകളുടെ ആവശ്യപ്പെടുന്നുണ്ടെങ്കിലും നിലവിലുള്ള സാഹചര്യത്തിൽ അതു പ്രായോഗികമല്ലെന്നാണ് സൂചന. പഞ്ചനക്ഷത്ര ഹോട്ടലുകൾക്കു മാത്രം ബാർ ലൈസൻസ് നൽകിയാൽ മതിയെന്നതായിരുന്നു കഴിഞ്ഞ യു.ഡി.എഫ്. സർക്കാരിന്റെ മദ്യനയം. ഇതു തിരുത്തിയാണ് ഫോർ സ്റ്റാറുകൾക്കും ബാർ ലൈസൻസ് അനുവദിക്കാൻ നീക്കം നടത്തുന്നത്. യു.ഡി.എഫ്. സർക്കാർ കൂട്ടത്തോടെ അടച്ചുപൂട്ടിയവയിൽ 38 ബാറുകൾ ഫോർ സ്റ്റാർ പദവി ഉണ്ടായിരുന്നവയാണ്. ബിയർവൈൻ പാർലറുകളായി രൂപമാറ്റം വന്ന ബാറുകളിൽ 74 എണ്ണത്തിന് പിന്നീടു ഫോർ സ്റ്റാർ പദവി ലഭിച്ചു. ഇതു രണ്ടും ചേർത്താണ് 112 ഫോർ സ്റ്റാർ ഹോട്ടലുകൾക്കു ബാർ ലൈസൻസ് അനുവദിക്കുന്നത്. മദ്യനയം വരുന്നതിന് മുമ്പ് പരമാവധി ത്രീ സ്റ്റാറുകളെ ഫോർ സ്റ്റാറുകളായി രൂപാന്തരപ്പെടുത്തും. ഇതിനുള്ള നടപടിയും പുരോഗമിക്കുകയാണ്.

കഴിഞ്ഞ സർക്കാരിന്റെ മദ്യനയം ടൂറിസം മേഖലയ്ക്കു തിരിച്ചടിയായെന്ന നിലപാടുമായി ടൂറിസം, എക്‌സൈസ് മന്ത്രിമാർ രംഗത്തുണ്ട്. കഴിഞ്ഞ സർക്കാർ നിയോഗിച്ച കമ്മിഷന്റെ കണ്ടെത്തലും ഇതുതന്നെയായിരുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തിൽ വൻ കുറവാണ് ഉണ്ടായത്. ഇവരിലേറെയും പോയത് ശ്രീലങ്കയിലേക്കാണ്. മദ്യനയത്തിലെ പാളിച്ചയാണ് ഇതിനു പ്രധാന കാരണമായി വിലയിരുത്തുന്നത്. ഈ സാഹചര്യത്തിലാണ് വിനോദ സഞ്ചാര മേഖലയിലെ ഉണർവ്വിനായി ഫോർ സ്റ്റാറുകൾക്ക് ബാർ ലൈസൻസ് കൊടുക്കുന്നത്. ഖജനാവിലെ സാമ്പത്തിക നഷ്ടം കണക്കിലെടുത്ത് ധനമന്ത്രി തോമസ് ഐസക്കും ഈ നിർദ്ദേശത്തെ അനുകൂലിക്കുന്നു.

മദ്യം നിരോധിക്കണമെന്ന ആവശ്യത്തിൽ മുന്നിൽ നിൽക്കുന്ന ക്രൈസ്തവ വിഭാഗങ്ങളുടെ കാര്യമായ പിന്തുണ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ലഭിച്ചില്ലെന്നാണ് യു.ഡി.എഫിന്റെ വിലയിരുത്തൽ. അതുകൊണ്ടുതന്നെ മദ്യനയം തെരഞ്ഞെടുപ്പിൽ ഗുണം ചെയ്തില്ലെന്ന അഭിപ്രായം യു.ഡി.എഫ്. നേതാക്കളിൽ ശക്തമാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കം ഇത് തുറന്നുപറയുകയും ചെയ്തു. അതുകൊണ്ട് തന്നെ വലിയ വിവാദമില്ലാതെ മദ്യനയം തിരുത്താനാണ് നീക്കം. തെരഞ്ഞെടുപ്പ് കാലത്തും ഇടതുപക്ഷം ഈ സൂചന നൽകിയിരുന്നു. അതുകൊണ്ട് തന്നെ സാമൂഹിക വിവാദമായി ഇത് മാറില്ലെന്നും വിലയിരുത്തുന്നു.

ത്രി സ്റ്റാറുകൾക്ക് ബാറുകൾ നൽകാൻ ഇടത് മുന്നണിക്ക് ആഗ്രഹമുണ്ട്. എന്നാൽ മദ്യവർജ്ജനമെന്ന പ്രഖ്യാപിത ലക്ഷ്യത്തിന് എതിരാണ് അത്. അതുകൊണ്ട് കൂടിയാണ് ഫോർ സ്റ്റാറുകൾക്ക് അനുമതി നൽകാനുള്ള നീക്കം. എന്നാൽ ഫലത്തിൽ എല്ലായിടത്തും ബാറുകൾ വരുന്നതാകും പുതിയ മദ്യനയത്തിലൂടെ സംഭവിക്കുക. അതിനിടെ മദ്യനയത്തിലെ സൂചനകൾ മനസ്സിലാക്കി ബാർ ലൈസൻസ് പ്രതീക്ഷിച്ച് സംസ്ഥാനത്തെ ബിയർ, വൈൻ പാർലറുകൾ കൂട്ടത്തോടെ ഫോർസ്റ്റാർ പദവിയിലേക്ക് ഉയരുന്നു. ബാർ പൂട്ടിയതിനുശേഷം 74 ബിയർ, വൈൻ പാർലറുകളാണ് ഫോർസ്റ്റാർ ലൈസൻസ് സമ്പാദിച്ചത്. കഴിഞ്ഞയാഴ്ചയും മൂന്ന് സ്ഥാപനങ്ങൾ ഫോർസ്റ്റാർ പദവി കരസ്ഥമാക്കിയിരുന്നു. ബിയർ, വൈൻ പാർലർ നടത്തിപ്പ് നഷ്ടമാണെങ്കിലും വൻതുക മുടക്കി മിക്ക സ്ഥാപനങ്ങളും നവീകരിക്കുകയാണ്. ഇത് പൂർത്തിയായാൽ ഉടൻ മദ്യനയം ഇടത് സർക്കാർ പ്രഖ്യാപിക്കും. ഈ മോടിപിടിപ്പിക്കലിന് അവസരം നൽകാൻ മാത്രമാണ് ഇപ്പോഴത്തെ കാലതാമസം.

പുതിയ മദ്യനയം പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി വിവിധ മേഖലകളിലുള്ളവരുമായി സർക്കാർ ചർച്ചകളും ആശയവിനിമയവും നടത്തുകയാണ്. തെരഞ്ഞെടുപ്പിലെ ജനവിധി കഴിഞ്ഞ സർക്കാരിന്റെ മദ്യനയത്തിനെതിരെ കൂടിയായിരുന്നു. ടൂറിസം മേഖലയിലെ പ്രതിസന്ധിയും സർക്കാർ ഗൗരവത്തോടെയാണ് കാണുന്നത്, അതുകൊണ്ട് തന്നെ നിലവിലെ മദ്യനയത്തിൽ മാറ്റമുണ്ടാക്കും പുതിയ മദ്യനയത്തെക്കുറിച്ച് സൂചിപ്പിച്ച് മന്ത്രി പറഞ്ഞിട്ടുണ്ട്. മദ്യനിരോധനമല്ല മദ്യവർജനമാണ് തങ്ങളുടെ നയമെന്ന് എൽഡിഎഫ് നേരത്തെ വ്യക്തമാക്കിയിരുന്നു. എൽഡിഎഫിന്റെ മദ്യവർജന നിലപാടിനും യുഡിഎഫിന്റെ മദ്യനയത്തിനുമുള്ള ജനവിധിയാണ് തെരഞ്ഞെടുപ്പ് ഫലമെന്ന വാദമാണ് പുതിയ മദ്യനയം നടപ്പാക്കുന്നതിനായി എൽഡിഎഫ് പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP