Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202307Tuesday

ചലച്ചിത്രാത്സവ കവാടത്തിൽ പോലും ബാർ കൗണ്ടർ! ഈ കുഞ്ഞൻ സംസ്ഥാനത്ത് പതിനായിരത്തിലേറെ ബാറുകളും, രണ്ടായിരത്തിലേറെ റീട്ടെയിൽ ഷോപ്പുകളും; സ്റ്റാർ ഹോട്ടലുകൾ തൊട്ട് 'പെട്ടിക്കടകളിൽ' വരെ മദ്യം സുലഭം; എന്നിട്ടും റോഡിൽ വീണുകിടക്കുന്ന ഒരാൾ പോലുമില്ല; മദ്യമൊഴുകിയിട്ടും 'പാമ്പുകൾ' ഇല്ലാതെ ഗോവ

ചലച്ചിത്രാത്സവ കവാടത്തിൽ പോലും ബാർ കൗണ്ടർ! ഈ കുഞ്ഞൻ സംസ്ഥാനത്ത് പതിനായിരത്തിലേറെ ബാറുകളും, രണ്ടായിരത്തിലേറെ റീട്ടെയിൽ ഷോപ്പുകളും; സ്റ്റാർ ഹോട്ടലുകൾ തൊട്ട് 'പെട്ടിക്കടകളിൽ' വരെ മദ്യം സുലഭം; എന്നിട്ടും റോഡിൽ വീണുകിടക്കുന്ന ഒരാൾ പോലുമില്ല; മദ്യമൊഴുകിയിട്ടും 'പാമ്പുകൾ' ഇല്ലാതെ ഗോവ

എം റിജു

പനാജി: തിരുവനന്തപുരം ഐഎഫ്എഫ്കെയുടെ പ്രധാന തീയേറ്ററായ കൈരളി- ശ്രീക്ക് തൊട്ടടുത്ത് ഒരു ബാർ കൗണ്ടർ നിങ്ങൾക്ക് സങ്കൽപ്പിക്കാൻ കഴിയുമോ? പ്രധാനവേദിയുടെ പാർശ്വഭാഗങ്ങളിലായി കിങ്ങ്ഫിഷറിന്റെ ബിയർ കൗണ്ടറും പ്രവർത്തിക്കയാണെങ്കിൽ അതുണ്ടാക്കുന്ന പ്രശ്നങ്ങൾ എന്തായിരിക്കും. എന്നാൽ ഗോവയിൽ രാജ്യന്തരചലച്ചിത്രോത്സവത്തിന്റെ മുഖ്യ വേദിയായ പനാജി ഐനോക്സ് തീയേറ്റർ സമുച്ചയത്തിന്റെ അടുത്ത് മെയിൻ കൗണ്ടറിൽ തന്നെ ബാർ കൗണ്ടറുണ്ട്. ജോണിവാക്കർ മുതല ടെക്ക്വീല വരെയുള്ള വിലകൂടിയ മദ്യങ്ങൾ അവിടെ കിട്ടും. അതിനടുത്ത് ബിയർ കൗണ്ടറും. പിന്നെ കൊക്കാക്കോള തൊട്ട് ബിരിയാണി വരെ കിട്ടുന്ന വിവിധ കൗണ്ടറുകൾ വേറെയും. 70 മുയൽ 110 രൂപവരെ കൊടുത്താൽ വിവിധ ലഹരിയിലുള്ള ബിയർ, നിങ്ങൾക്ക് നുണഞ്ഞുകൊണ്ട്, ഐഎഫ്എഫ്‌ഐയുടെ മെയിൻ കൗണ്ടറിലെ കസേരകളിൽ ഇരിക്കാം.ഫുഡ്കോർട്ടിൽ നിന്ന് ഭക്ഷണം വാങ്ങിക്കഴിക്കാം, സമയമാവുമ്പോൾ സിനിമയും കാണാം. ഒന്നിനും വിലക്കില്ല. പുറത്തിറങ്ങിയാൽ, ബീഫ് വേണ്ടവർക്ക് ബീഫും കിട്ടും. പോർക്ക് വേണ്ടവർക്ക് പോർക്കും കിട്ടും. നോക്കണം, ഇവിടെ ഭരിക്കുന്നത് ബിജെപിയാണ്.

ഇനി ഐനോക്സ് തീയേറ്ററിൽനിന്ന് പുറത്തിറങ്ങിയാൽ, ചൂതാട്ടകേന്ദ്രങ്ങൾ എന്ന് മലയാളി അൽപ്പം അവജ്ഞയോടെ കാണുന്ന കാസിനോകളാണ്. ഇവിടെയും മദ്യം സുലഭമാണ്. പനാജിയുടെ തെരുവോരങ്ങളിൽ പെട്ടിക്കടകൾ പോലുള്ള ചെറിയ ബാർ സെറ്റപ്പുകൾ ഉണ്ട്. അവിടെയും കിട്ടും വിലക്കുറവിൽ മദ്യം. ഒരു ചായക്ക് 20 രൂപയും ഒരു പെഗ് മദ്യത്തിന് 40 രൂപയുമെന്നതാണ്, ഗോവയിലെ പൊതുസ്ഥിതി. മലയാളി ഫുൾബോട്ടിലിന് ആയിരം കൊടുക്കുന്ന പല വിദേശ മദ്യങ്ങളും വെറും 250 രൂപക്ക് ഗോവയിൽ കിട്ടും. മുന്നൂറ് ശതമാനം ആണെല്ലോ കേരളത്തിലെ എക്സൈസ് ഡ്യൂട്ടി!

കേരളത്തിന്റെ പത്തിലൊന്ന് മാത്രമുള്ള, വെറും രണ്ട് ജില്ലകളും, രണ്ട് ലോക്സഭാ മണ്ഡലങ്ങളുമുള്ള, വെറും 3,700 കിലോമീറ്റർ സ്വക്യർ കിലോമീറ്റർ മാത്രമുള്ള, 15ലക്ഷം മാത്രം ജനസംഖ്യയുള്ള ഒരു കൊച്ചു സംസ്ഥാനത്തെ ബാറുകളുടെ എണ്ണം കേട്ടാൽ നാം ഞെട്ടും. പതിനായിരത്തിലേറെ ബാറുകളും, രണ്ടായിരത്തിലേറെ റീട്ടെയിൽ ഷോപ്പുകളും ഇവിടെയുണ്ടെന്നാണ്, ഓൾ ഗോവ ലിക്വർ ട്രേഡേഴ്സ് അസോസിയേഷൻ പറയുന്നത്. എന്നിട്ടും എറ്റവും അമ്പരിപ്പിക്കുന്ന ഒരു കാര്യം ഇവിടെ റോഡിൽ കുഴഞ്ഞു വീണ് കിടക്കുന്ന ഒരാളെയോ, മദ്യപിച്ച് തെരുവിൽ അടിപിടികൂടുന്നവരെയോ, 'ശിവതാണ്ഡവം' ആടുന്നവരെയോ കാണാനില്ല എന്നതാണ്. ആ നിലക്ക് ശരിക്കും ഒരു അദ്ഭുദമാണ് ഗോവ.

'പാമ്പുകളും' പൊലീസുമില്ലാത്ത നാട്

ഗോവൻ ചലച്ചിതോൽസവത്തിൽ പങ്കെടുക്കുന്നതിനായി കേരളത്തിൽ നിന്ന് പുറപ്പെട്ടപ്പോൾ തന്നെ ഈ ലേഖകൻ കണ്ടിരുന്നു, അളകാപുരി എന്ന കോഴിക്കോട്ടെ ഹെറിറ്റേജ് ഹോട്ടലിന്റെ മുൻഭാഗത്തുതന്നെ രണ്ടുപേർ തിരക്കേറിയ പാളയം റോഡിൽ വീണുകിടക്കുന്നു. അതുപോലെ ഒരു കാഴ്ച കോഴിക്കോട് റെയിൽവെ സ്റ്റേഷന്റെ മുൻഭാഗത്തും കണ്ടു. എന്നാൽ ഇത്രയും മദ്യശാലകൾ ഉള്ള ഗോവയിൽ എവിടെയും അത്തരം ഒരു കാഴ്ച കണ്ടില്ല. സാധാരണ റസ്റ്റോറന്റുകൾ പോലും ഇവിടെ ബാർ ഹോട്ടലുകളാണ്. അവിടെ ഒരു വിഭാഗം മദ്യപിക്കുമ്പോൾ, തദ്ദേശീയരായ നാട്ടുകാർ കുടുംബസമേതം വന്ന് ഭക്ഷണം കഴിക്കുന്നത് കാണാം. നമ്മുടെ നാട്ടിൽ നമുക്ക് അങ്ങനെ സങ്കൽപ്പിക്കാൻ കഴിയില്ല. 'പാമ്പുകൾ' എന്ന് നാം വിളിക്കുന്ന മദ്യപിച്ച് ഇഴയുന്നവർ ഇവിടെ അപുർവങ്ങളിൽ അപുർവമാണ്. ( അഥവാ അങ്ങനെ ഒരുത്തനെ കണ്ടാൽ ഉറപ്പിക്കാം, അത് ചലച്ചിത്രോത്സവത്തിനോ മറ്റോ എത്തിയ മലയാളിയാണ്)

ഓപ്പിയം കടകളിൽ വാങ്ങാൻ കിട്ടുന്ന സ്‌കാൻഡനേവിയൻ രാജ്യങ്ങളിൽ അതിന്റെ ഉപയോഗം എത്രയോ കുറവാണെന്ന് പറഞ്ഞതുപോലെ, ഗോവയിൽ പ്രതിശീർഷ മദ്യ ഉപയോഗവും കുറവാണ്. എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ സന്തോഷ് ടി സദാശിവ് ഇങ്ങനെ ചൂണ്ടിക്കാട്ടുന്നു. ' ഉത്തരവാദിത്തത്തോടെ എങ്ങനെ മദ്യപിക്കാം എന്ന് പറയുന്ന റെസ്പോൺസിബിൾ ഡ്രിങ്കിങ്ങിന് ഉത്തമ ഉദാഹരമാണ് ഗോവ. പോർട്ടുഗീസ് കൾച്ചറിൽനിന്ന് ഈ നാട്ടുകാർക്ക് കിട്ടിയ ഒരു നല്ല കാര്യമാണിത്. മലയാളി മദ്യപിക്കുന്നത് പലപ്പോഴും കാടി വെള്ളം കൂടിക്കുന്നതുപോലെ ഒറ്റ വലിക്കാണ്. എന്നാൽ അതല്ല സായിപ്പിന്റെ രീതി. ധാരാളം വെള്ളം ചേർത്ത് വെജിറ്റബിൾ ഉള്ള ഭക്ഷണം കഴിച്ച്, സിപ്പ് സിപ്പായി നുണയുകയാണ് അവന്റെ രീതി. അതും രണ്ടോ മൂന്നോ പെഗ്ഗിൽ നിർത്തും. എന്നാൽ മലയാളികൾ ആവട്ടെ, ലിറ്റർ കണക്ക് ഒക്കെ പോയിട്ട് ചെമ്പിലും ബക്കറ്റിലുമൊക്കെയാണ് കുടിച്ചുകൊണ്ടിരിക്കുന്നത്. ഈ ലിക്വർ ലിറ്ററസി ഉണ്ടാക്കിയെടുക്കാനാണ് നമ്മുടെ എക്സൈസ് വകുപ്പ് ശ്രമിക്കേണ്ടത്''- സന്തോഷ് പറയുന്നു. അതുപോലെ തന്നെ മദ്യം എന്നത് ഒരു അടിസ്ഥാന മദ്യവർഗ മലയാളിയുടെ ഏക ആശ്വാസമാണ്. ഗോവയിൽ അതുപോലെയല്ല കാര്യങ്ങൾ. അയാൾക്ക് നിരവധിയുള്ള വിനോദ ഉപാധികളിൽ ഒന്നുമാത്രമാണ്. അതുപോലെ, എല്ലായിടത്തും ഒരു സാധനം കിട്ടുമ്പോൾ അതിനോടുള്ള ആസക്തി കുറയുകയാണ് ചെയ്യുക. അതാണ് ഗോവയിൽ സംഭവിക്കുന്നത്. ഇപ്പോൾ ഗോവയിൽ മദ്യവിൽപ്പന കുത്തനെ ഇടിയുന്നുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

അതുപോലെ ഗോവയിൽ അത്രയൊന്നും കാണാത്ത കാര്യമാണ് പൊലീസിന്റെ ഇടപെടൽ. ഐഎഫ്എഫ്ഐ പോലുള്ള വലിയ ഒരു മേള നടക്കുന്ന ഗോവയുടെ തലസ്ഥാന നഗരിയിൽ പോലും പൊലീസിന്റെ ഇടപെടൽ വളരെ കുറവാണ്. തിരിക്കേറിയ തെരവുകളിലും ജംഗ്ഷനുകളിലും പൊലീസ് സാന്നിധ്യം കുറവാണ്. നൈറ്റ് പ്രെട്രോളിങ്ങും, ഇടക്കിടെയുള്ള തിരിച്ചറിയൽ കാർഡ് കാണിക്കലും ഒന്നും ഇവിടെയില്ല. പക്ഷേ എന്നിട്ടും ജനം ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കുന്നു. രാത്രി രണ്ടുമണിക്കുപോലും യുവതികൾക്ക് പുറത്തിറങ്ങി സുഖമായ നടന്നുപോകാൻ കഴിയുന്ന രീതിയിൽ സുരക്ഷിതമാണ് പനാജി നഗരം. കേരളത്തിൽ ഇടക്കിടെയുള്ള സാദാചാര പൊലീസിങ്ങ് ഓർക്കുക. പക്ഷേ ഗോവൻ പൊലീസിന് പിടിപ്പതു പണിയുള്ള മറ്റൊരു ഏരിയയുണ്ട്്. അതാണ്, ഡ്രഗ് മാഫിയ. അവർക്കെതിരെ വിശ്രമമില്ലാത്ത പോരാട്ടത്തിലാണ് പൊലീസും എക്സൈസും, ഗോവൻ ഭരണകൂടവും.

മദ്യവ്യവസായ സംഘടനകൾ പ്രതിഷേധത്തിൽ

പക്ഷേ മദ്യത്തിന് എക്സൈസ് ഡ്യൂട്ടി ഉയർത്തിയ പ്രമോദ് സാവന്ത് സർക്കാറിന്റെ നടപടിക്കെതിരെ കടുത്ത പ്രതിഷേധത്തിലാണ് ഓൾ ഗോവ ലിക്വർ ട്രേഡേഴ്സ് അസോസിയേഷൻ. രാജ്യത്ത് ഏറ്റവും കൂടുതൽ ടൂറിസ്റ്റുകൾ എത്തുന്ന ഗോവയിൽ മദ്യത്തിന് വില കുറവായിരുന്നു എന്നത് വലിയ ആകർഷണമായിരുന്നു. ബീച്ച് ടൂറിസം ഏറ്റവും കൂടുതൽ പ്രോത്സാഹിപ്പിക്കപ്പെടുന്ന ഗോവയിൽ കുറഞ്ഞ വിലയിൽ മദ്യം സുലഭമായിരുന്നു. എന്നാൽ, ഇപ്പോൾ മദ്യവില ഉയർന്നിരിക്കയാണ്.
അഞ്ച് ശതമാനം ആൽക്കഹോൾ ഉള്ള ബിയറിന് 50 രൂപയായിരുന്നു നേരത്തെ ഉണ്ടായിരുന്ന നികുതി. അത് ഇനി മുതൽ 60 രൂപയാക്കി ഉയർത്തിയിട്ടുണ്ട്. മദ്യ വിൽപനയിൽ കുത്തനെ ഇടിവ് സംഭവിച്ചെന്ന വാർത്തക്ക് പിന്നാലെയാണ് വില കൂടുന്നുവെന്ന റിപ്പോർട്ട് വന്നിരിക്കുന്നത്. 10 മുതൽ 12 രൂപ വരെയാണ് ഗോവയിൽ എക്സൈസ് ഡ്യൂട്ടി കൂട്ടിയിരിക്കുന്നത്. നേരത്തെ എൻട്രി ലെവൽ ബിയറിന് വില 30 രൂപയായിരുന്നെങ്കിൽ ഇനി മുതൽ അത് 42 രൂപയായിരിക്കും

അതെ സമയം, ഗോവയിൽ നിന്ന് സംസ്ഥാനത്തേക്ക് മദ്യം കൊണ്ടുവരുന്നത് കർശനമായി തടയുകയാണ് മഹാരാഷ്ട്ര. ഗോവയിൽ നിന്ന് കുറഞ്ഞ വിലക്ക് മദ്യം കടത്തിക്കൊണ്ട് വരേണ്ട എന്ന് മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ വ്യക്തമാക്കി കഴിഞ്ഞു. ഈ നിർദ്ദേശം അതിർത്തികളിലെല്ലാം നൽകുകയും ചെയ്തിട്ടുണ്ട്. ഗോവയിൽ നിന്നുള്ള മദ്യത്തിന്റെ വരവ് സംസ്ഥാനത്തെ എക്സൈസ് വരുമാനം കുറക്കുന്നുവെന്നാണ് മഹാരാഷ്ട്രയെ ഭീഷണിയിലാക്കുന്നത്. അമിത അളവിൽ മദ്യവുമായി വരുന്നവർക്ക് മേൽ മക്കോക്ക നിയമം അനുസരിച്ച് കുറ്റം ചുമത്തുമെന്നാണ് മഹാരാഷ്ട്ര സർക്കാർ വ്യക്തമാക്കുന്നത്.ഗോവയിലെ മദ്യവ്യവസായം ശരിക്കും പ്രതിസന്ധിയിലാണെന്നാണ് വ്യാപരികൾ പറയുന്നത്. ഇനിയും എക്സൈസ് ഡ്യൂട്ടി കൂട്ടിയാൽ അത് തങ്ങളെ നശിപ്പിക്കുമെന്നും അവർ പറയുന്നു. അതുപോലെ തന്നെ ബാറുകളുടെ എണ്ണത്തിൽ സാച്ചുറേഷൻ ആയെന്നും ഇനിയും അനുവദിക്കരുതെന്ന് അവർ സർക്കാറിനോട് ആവശ്യപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP