Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202006Sunday

ഒരേ സമയം അഞ്ച് പേരിൽ കൂടുതൽ പാടില്ല; ആറടി അകലത്തിൽ ക്യൂ പാലിക്കണം; മദ്യം വാങ്ങാൻ 65 വയസിന് മുകളിൽ പ്രായമുള്ളവർ എത്താനും പാടില്ല; പൊതു സ്ഥലത്തെ മദ്യപാനത്തിനും പകർച്ചവ്യാധി നിയമ പ്രകാരം കേസെടുക്കും; റെഡ് സോണിലെ ഹോട് സ്‌പോട്ടിൽ ഒഴികെ എല്ലായിടത്തും ബിവറേജസ് ഔട്ട്‌ലെറ്റുകൾ തുറക്കുമെന്ന് സൂചന; തിങ്കളാഴ്ച മുതൽ മദ്യ വിൽപ്പന തുടങ്ങും; മദ്യം വാങ്ങാൻ ഓർക്കേണ്ട കാര്യങ്ങൾ ഇങ്ങനെ

ഒരേ സമയം അഞ്ച് പേരിൽ കൂടുതൽ പാടില്ല; ആറടി അകലത്തിൽ ക്യൂ പാലിക്കണം; മദ്യം വാങ്ങാൻ 65 വയസിന് മുകളിൽ പ്രായമുള്ളവർ എത്താനും പാടില്ല; പൊതു സ്ഥലത്തെ മദ്യപാനത്തിനും പകർച്ചവ്യാധി നിയമ പ്രകാരം കേസെടുക്കും; റെഡ് സോണിലെ ഹോട് സ്‌പോട്ടിൽ ഒഴികെ എല്ലായിടത്തും ബിവറേജസ് ഔട്ട്‌ലെറ്റുകൾ തുറക്കുമെന്ന് സൂചന; തിങ്കളാഴ്ച മുതൽ മദ്യ വിൽപ്പന തുടങ്ങും; മദ്യം വാങ്ങാൻ ഓർക്കേണ്ട കാര്യങ്ങൾ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രാജ്യത്ത് ലോക്ക് ഡൗൺ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടിയ സാഹചര്യത്തിൽ മദ്യശാലകൾ തുറക്കാൻ അനുമതി. ചില്ലറ മദ്യവിൽപന ശാലകൾക്ക് തുറന്നു പ്രവർത്തിക്കാം. അതേസമയം ബാറുകൾ തുറക്കാൻ അനുമതിയില്ല. കേരളം അടക്കം ഏതാനം സംസ്ഥാനങ്ങള്ൾ മദ്യശാലകൾ തുറക്കുന്നതിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. സാമ്പത്തിക പ്രതിസന്ധിയും വരുമാന നഷ്ടവും ചൂണ്ടിക്കാണിച്ചായിരുന്നു ഈ ആവശ്യങ്ങൾ ഉന്നയിച്ചത്. റെഡ് സോണിൽ മദ്യശാലകൾ തുറക്കാനാകില്ല. ബാക്കി ഇടങ്ങളിലാകും പ്രവർത്തനാനുമതി. കേരളത്തിൽ ബിവറേജ് കോർപ്പറേഷൻ ഔട്ട് ലെറ്റുകൾ ഇതോടെ തുറക്കുമെന്ന് ഉറപ്പായി.

കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിൽ ചില അവ്യക്തതകൾ ഉണ്ട്. ലോക് ഡൗൺ നീട്ടുന്ന ഉത്തരവിൽ മദ്യ വിൽപ്പനശാലകളുടെ ഇളവുകളെ കുറിച്ച് പറയുന്നില്ല. എന്നാൽ അനക് ഷ്വറിലാണ് ഇതുള്ളത്. അതുകൊണ്ട് തന്നെ ഉത്തരവിൽ ഇല്ലാത്ത കാര്യങ്ങൾ പൊതു സമൂഹത്തിന് ബാധകമാകുമോ എന്നത് സംശയമായി ഉയരുന്നുണ്ട്. ഇക്കാര്യത്തിൽ ഇന്ന് കേന്ദ്രം കൂടുതൽ വിശദീകരണം നടത്തും. മാറ്റങ്ങളോടെ പുതിയ ഉത്തരവിനും സാധ്യതയുണ്ട്. ഇതോടെ ഏതെല്ലാം മേഖലയിൽ മദ്യശാലകൾ തുറക്കാമെന്ന കാര്യത്തിൽ വ്യക്തത വരും. കേരളം അടക്കമുള്ള ചില സംസ്ഥാനങ്ങൾ വ്യക്തതയ്ക്കായി കേന്ദ്രത്തെ സമീപിച്ചിട്ടുമുണ്ട്.

ഒരേ സമയം അഞ്ച് പേരിൽ കൂടുതൽ പാടില്ല, ആറടി അകലത്തിൽ ക്യൂ പാലിക്കണം എന്നീ നിബന്ധനകളോടെയാണ് നിലവിലെ അനുമതി. പൊതുസ്ഥലത്ത് മദ്യപാനം അനുവദനീയമല്ലെന്നും മാർഗരേഖയിൽ പറയുന്നു. നിയന്ത്രണങ്ങളോടെ പാൻ, ഗുഡ്ക, പുകയില ഉത്പ്പന്നങ്ങൾ തുടങ്ങിയവ വിൽക്കുന്ന കടകൾക്കും തുറന്നു പ്രവർത്തിക്കാം. ഏതെങ്കിലും മദ്യ വിൽപ്പന ശാലയിൽ ക്രമാതീതമായ ആൾക്കൂട്ടം ഉണ്ടായാൽ അത് അടയ്‌ക്കേണ്ടി വരും. ഇത് ഉറപ്പാക്കേണ്ട ചുമതല സംസ്ഥാന സർക്കാരിനാണ്. മെയ്‌ മൂന്ന് വരെയാണ് രണ്ടാം ഘട്ട ലോക്ഡൗൺ. അതുകൊണ്ട് തന്നെ നാലാം തീയതി മുതൽ നിലവിൽ വരുന്ന മൂന്നാം ഘട്ടത്തിൽ ബാറുകൾ സജീവമാകും.

കൊവിഡ് വ്യാപനം കണക്കിലെടുത്ത് കേന്ദ്രസർക്കാർ പുറത്തിറക്കിയ പുതിയ പട്ടികയിൽ കേരളത്തിലെ രണ്ട് ജില്ലകൾ മാത്രമാണുള്ളത്. കേരളത്തിൽ നിന്നും കോട്ടയവും കണ്ണൂരും കൊവിഡ് തീവ്രബാധിത മേഖല(റെഡ് സോൺ)യിൽ ഉൾപ്പെടുന്നത്. കേന്ദ്ര കണക്ക് പ്രകാരം രാജ്യത്തെ 130 ജില്ലകൾ റെഡ് സോണിലാണ്. രാജ്യത്തെ 319 ജില്ലകളാണ് ഗ്രീൻ സോണിലുള്ളത്. വയനാടും എറണാകുളവും ഗ്രീൻ സോണിൽ ഉൾപ്പെടുന്നു. എന്നാൽ കേരളത്തിന്റെ പട്ടികയിൽ കണ്ണൂരും കാസർകോടും മലപ്പുറവും കോഴിക്കോടും ഇടുക്കിയും കോട്ടയവും റെഡ് സോണിലാണ്. ഇതാണ് അവസ്ഥയെങ്കിലും മദ്യശാലകൾ തുറക്കുന്നതിന് കേന്ദ്ര പട്ടികയെ ആധാരമാക്കിയാൽ മതിയാകും. അതുകൊണ്ട് തന്നെ കോട്ടയത്തും കണ്ണൂരും ഒഴികെ എല്ലായിടത്തും മദ്യശാലകൾ തുറക്കാം.

അതിനിടെ റെഡ് സോണുകളിലും ഹോട് സ്‌പോട്ടുകൾ മാത്രമേ നിയന്ത്രണങ്ങൾ കടുകട്ടിയായുള്ളൂ. അതിനാൽ ഹോട് സ്‌പോട്ടുകളിൽ ഒഴികെ മദ്യ വിൽപ്പന ശാലകൾ തുറക്കണമെന്ന ആവശ്യവും സജീവമാണ്. സംസ്ഥാന സർക്കാർ വിശദ ചർച്ചകൾക്ക് ശേഷം ഇക്കാര്യങ്ങളിൽ അന്തിമ തീരുമാനം എടുക്കും. നിലവിലെ സാഹചര്യത്തിൽ കാസർകോട്ട് പോലും മദ്യവിൽപ്പന ശാല തുറക്കാനുള്ള സാഹചര്യമാണുള്ളത്.

ഇരുന്ന് ആഹാരം കഴിക്കുന്ന ഹോട്ടലുകളും മറ്റും കൊറോണ വ്യാപനത്തിന് സാഹചര്യമൊരുക്കുമെന്നാണ് കേന്ദ്ര സർക്കാർ വിലയിരുത്തൽ. അതുകൊണ്ട് കൂടിയാണ് ബാറുകൾക്ക് അനുമതി നൽകാത്തത്. കേരളത്തിൽ ബാറുകൾക്ക് പാഴ്‌സൽ നൽകാൻ അനുമതി ഇല്ല. അതുകൊണ്ട് തന്നെ മൂന്നാം ഘട്ട ലോക് ഡൗണിലും ബാറുകൾ തുറക്കുന്നത് കുറ്റകരമായി തുടരും. മദ്യപാനം പൊതു സ്ഥലത്തും അനുവദിക്കില്ല. അതായത് മദ്യം വാങ്ങി വീട്ടിൽ ഇരുന്നു കഴിക്കേണ്ടി വരും.

മദ്യശാലകൾ തുറന്നേക്കുമെന്ന സൂചനകൾ നൽകി ബിവറേജസ് കോർപറേഷൻ ജീവനക്കാർക്ക് മദ്യശാലകൾ തുറക്കാൻ ഒരുങ്ങാൻ നിർദ്ദേശം നൽകിയിരുന്നു. സർക്കാർ തീരുമാനം വരുന്ന മുറക്ക് ഔട്ട്ലെറ്റുകൾ തുറക്കാൻ മുന്നൊരുക്കം നടത്താനായിരുന്നു നിർദ്ദേശം. ഇതിനായി എംഡി ഒൻപത് നിർദ്ദേശങ്ങൾ ജീവനക്കാർ അയച്ചിട്ടുണ്ട്. സാമൂഹിക അകലം പാലിക്കണം, കൈ കഴുകാൻ സംവിധാനം ഒരുക്കണം, അണു നശീകരണത്തിനുള്ള സംവിധാനം കരുതണം തുടങ്ങിയവയാണ് നിർദ്ദേശങ്ങൾ. സർക്കാർ തീരുമാനം വന്നാൽ ഷോപ്പുകൾ തുറന്നു വൃത്തിയാക്കണം എന്നും വെയർഹൗസ് മാനേജർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അതായത് മദ്യശാലകൾ തുറക്കാനുള്ള അനുമതി കിട്ടുമെന്ന സൂചന നേരത്തെ തന്നെ സംസ്ഥാനങ്ങൾക്ക് കേന്ദ്രം നൽകിയിരുന്നു. ഈ മുൻകരുതലുകളാണ് കേരളവും എടുത്തു കഴിഞ്ഞത്.

മെയ് 3ന് ശേഷം ലിക്കർ വെൻഡിങ് യൂണിറ്റുകൾക്ക് മേലുള്ള നിയന്ത്രണങ്ങൾ പിൻവലിക്കാനോ, നിയന്ത്രണങ്ങളുമായി മുന്നോട്ടുപോകാനോ സാധ്യതയുണ്ട്. അതുകൊണ്ട് സർക്കാർ പുറപ്പെടുവിക്കുന്ന ഉത്തരവുകൾക്ക് അനുസരിച്ച് പ്രവർത്തിക്കാൻ എല്ലാവും തയാറായി ഇരിക്കാൻ ബെവ്കോ ജീവനക്കാർക്കായി പുറപ്പെടുവിച്ച സർക്കുലറിൽ പറയുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര സർക്കാരിന്റെ മാർഗ്ഗ നിർദ്ദേശം വരുന്നത്. കേന്ദ്രത്തിന്റെ നിർദ്ദേശം പാലിക്കുമെന്ന് മന്ത്രി ടിപി രാമകൃഷ്ണനും അറിയിച്ചിട്ടുണ്ട്. രണ്ടാം ഘട്ട ലോക്ക്ഡൗൺ മെയ്‌ മൂന്നിന് അവസാനിക്കാനിരിക്കെയാണ് മെയ്‌ 17 വരെ നീട്ടുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചത്. രാജ്യത്തെ സ്ഥിതി വിലയിരുത്തിയ ശേഷമാണ് തീരുമാനമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. കർശന നിയന്ത്രണങ്ങൾ തുടരുമെന്ന് തന്നെയാണ് കേന്ദ്രം അറിയിക്കുന്നത്. പൊതുഗതാഗതം ഉണ്ടാകില്ല. ഓറഞ്ച് സോണിൽ ഒരു യാത്രക്കാരനുമായി ടാക്‌സി സർവീസ് ആകാം. അനുവദനീയമായ ആവശ്യങ്ങൾക്ക് മാത്രം ജില്ല വിട്ട് യാത്രയാകാം. കുടുങ്ങി കിടക്കുന്നവരുടെ മടക്കത്തിന് പ്രത്യേക അനുമതി.

ഓറഞ്ച്, ഗ്രീൺ സോണുകളിൽ ചില ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും രാജ്യത്താകമാനം ചില നിയന്ത്രണങ്ങൾ പൊതുവായിരിക്കും. വ്യോമ-റെയിൽ-മെട്രോ ഗതാഗതവും അന്തർസംസ്ഥാന യാത്രകളും അനുവദനീയമല്ല. കൂടാതെ സ്‌കൂൾ, കോളേജ്, പരിശീലന സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ പ്രവർത്തിക്കുകയില്ല. സാമൂഹിക-രാഷ്ട്രീയ-സാംസ്‌കാരിക സമ്മേളനങ്ങൾ അനുവദനീയമല്ല. സിനിമാശാലകൾ, മാളുകൾ, ജിംനേഷ്യം എന്നിവ പ്രവർത്തിക്കില്ല. രാഷ്ട്രീയ, മത, സാമൂഹിക ചടങ്ങുകൾ പാടില്ല. ആരാധനാലയങ്ങളിലെ സംഘംചേരലും അനുവദനീയമല്ല. ഈ നിയന്ത്രണങ്ങൾ തുടങ്ങുന്നതിനിടെയിലും മദ്യശാലകൾ തുറക്കുന്നത് സംസ്ഥാന ഖജനാവുകൾക്ക് വരുമാനം എത്താനാണ്.

നേരത്തെ മദ്യം കൊറോണ വൈറസിനെ കൊല്ലുമെന്ന അവകാശവാദവുമായി കോൺഗ്രസ് എംഎ‍ൽഎ രംഗത്ത് വന്നിരുന്നു. മദ്യത്തിന് ഈ പ്രത്യേക കഴുവുള്ളതിനാൽ ലോക്ക്ഡൗൺ മൂലം സംസ്ഥാനത്ത് അടച്ചിട്ടിരിക്കുന്ന മദ്യശാലകൾ തുറക്കണമെന്നാണ് ആവശ്യം. രാജസ്ഥാനിലെ സാൻഗോഡ് മണ്ഡലത്തിലെ എംഎൽഎ ആയ ഭരത് സിങ് കുന്തൻപുർ ആണ് ഇക്കാര്യം ഉന്നയിച്ച് മുഖ്യമന്ത്രി അശോക് ഗെലോട്ടിന് കത്തയച്ചത്. ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസറുകൾ ഉപയോഗിച്ചാൽ കൊറണ നശിക്കുന്നുണ്ട്. അങ്ങനെയെങ്കിൽ മദ്യം കഴിച്ചാൽ തൊണ്ടയിലുള്ള കൊറോണ വൈറസുകൾ നശിച്ചുപോകുമെന്നാണ് എംഎൽഎ പറയുന്നത്. ഇത്തരം ചർച്ചകൾക്കിടയാണ് കേന്ദ്ര തീരുമാനം വന്നത്.

മദ്യശാലകൾ അടച്ചിട്ടതോടെ സംസ്ഥാനത്ത് അനധികൃത മദ്യ നിർമ്മാണം വർധിച്ചു. ഇതു തടയാൻ മദ്യശാലകൾ ഉടൻ തുറക്കണമെന്നും എം.എൽ. എ ആവശ്യപ്പെടുന്നു. നേരത്തെ ഭാദ്ര നിയോജകമണ്ഡലത്തിലെ സിപിഎം എംഎൽഎ ബലവന്ത് സിങ് പുനിയയും ബാറുകൾ തുറക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP