Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യക്കും നേപ്പാളിനും പുറമെ ടിബറ്റിനും അതിർത്തിയുള്ള മൂന്ന് രാജ്യങ്ങളുടെ സംഗമ ഭൂമി; സമുദ്രനിരപ്പിൽ നിന്ന് നാലായിരത്തിലധികം മീറ്റർ ഉയരത്തിൽ ഹിമാലയപർവത നിലകളിൽ കാലാപാനി താഴ്‌വര; ലിപുലേഖ് ചുരം കടന്നു കയറിച്ചെന്നാൽ കൈലാസ് മാനസ് സരോവറും; മഹാകാളീ നദിയിലെ തർക്കം തുടങ്ങുന്നത് 1816ലെ കരാറിന് ശേഷം; കരമടച്ച രസീതുണ്ടായിട്ടും ഇന്ത്യൻ വാദങ്ങൾ നേപ്പാൾ കേൾക്കാത്തതിന് കാരണവും ചൈനയും; ലിപ് ലേഖിൽ ഇന്ത്യയും നേപ്പാളും വീണ്ടും മുഖാമുഖം; കരസേനയ്ക്ക് സംശയം ചൈനീസ് ഇടപെടലുകളെ

ഇന്ത്യക്കും നേപ്പാളിനും പുറമെ ടിബറ്റിനും അതിർത്തിയുള്ള മൂന്ന് രാജ്യങ്ങളുടെ സംഗമ ഭൂമി; സമുദ്രനിരപ്പിൽ നിന്ന് നാലായിരത്തിലധികം മീറ്റർ ഉയരത്തിൽ ഹിമാലയപർവത നിലകളിൽ കാലാപാനി താഴ്‌വര; ലിപുലേഖ് ചുരം കടന്നു കയറിച്ചെന്നാൽ കൈലാസ് മാനസ് സരോവറും; മഹാകാളീ നദിയിലെ തർക്കം തുടങ്ങുന്നത് 1816ലെ കരാറിന് ശേഷം; കരമടച്ച രസീതുണ്ടായിട്ടും ഇന്ത്യൻ വാദങ്ങൾ നേപ്പാൾ കേൾക്കാത്തതിന് കാരണവും ചൈനയും; ലിപ് ലേഖിൽ ഇന്ത്യയും നേപ്പാളും വീണ്ടും മുഖാമുഖം; കരസേനയ്ക്ക് സംശയം ചൈനീസ് ഇടപെടലുകളെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: വീണ്ടും 'കാലാപാനി' ചർച്ചകളിലേക്ക്.കൈലാസ് മാനസസരോവറിൽ എളുപ്പത്തിലെത്താൻ പുതിയ പാത തുറന്നതിനെ നേപ്പാൾ വിമർശിക്കുന്നതോടെയാണ് കാലാപാനി വീണ്ടും ചർച്ചകളിൽ എത്തുന്നത്. ടിബററുമായി അതിർത്തി പങ്കിടുന്ന ഉത്തരാഖണ്ഡിലെ ധാർചുല പട്ടണത്തെയും ലിപുലേഖ് പാസുമായാണ് പുതിയ പാത ബന്ധിപ്പിച്ചിരിക്കുന്നത്. 80 കിലോമീറ്റർ ദൂരത്തിൽ ലിപുലേക്ക് ചുരത്തെ ബന്ധിപ്പിച്ചുകൊണ്ടുള്ള പുതിയ പാത ഗാട്ടിയാബാഗാഹിൽ നിന്ന് ലിപുലേഖ് ചുരം വരെയാണ്. ലോക്ക് ഡൗൺ തീരുന്നതോടെ .പാത തീർത്ഥാടകർക്കായി തുറന്നു കൊടുക്കും. ഇതിനിടെയാണ് വിവാദം.

അതിനിടെ മാനസരോവറിലേയ്ക്കുള്ള ഇന്ത്യയുടെ പാതനിർമ്മാണത്തിനെതിരെ നേപ്പാൾ എതിർപ്പുന്നയിക്കുന്നതിനു പിന്നിൽ ചൈനയാണെന്ന പരോക്ഷ വിമർശനവുമായി കരസേനാ മേധാവി ജനറൽ എം.എം. നരവനെ രംഗത്ത് വരികയും ചെയ്തു. 'മറ്റുചിലരുടെ ഇടപെടൽ' മൂലമാണ് നേപ്പാൾ എതിർപ്പ് പ്രകടിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അതിർത്തി കൈയേറിയാണ് റോഡ് നിർമ്മാണം നടത്തുന്നതെന്ന നേപ്പാളിന്റെ ആരോപണം കരസേനാ മേധാവി നിഷേധിച്ചു. കാളി നദിക്ക് കിഴക്കുള്ള പ്രദേശത്തെക്കുറിച്ച് ഒരു തർക്കവും നിലനിൽക്കുന്നില്ല. ഇന്ത്യ റോഡ് നിർമ്മിക്കുന്നത് നദിയുടെ പടിഞ്ഞാറ് ഭാഗത്തുകൂടിയാണ്. അതുകൊണ്ടുതന്നെ എന്തിന്റെ പേരിലാണ് നേപ്പാൾ പ്രതിഷേധമുയർത്തുന്നതെന്ന് അറിയില്ല, കരസേനാ മേധാവി പറഞ്ഞു.

ലിപുലേഖുമായി ബന്ധപ്പെട്ട് ഒരു തരത്തിലുള്ള തർക്കവും ഇതുവരെ ഉണ്ടായിട്ടില്ല, ഇപ്പോഴും നിലനിൽക്കുന്നില്ല. അതുകൊണ്ടുതന്നെ നേപ്പാൾ പ്രതിഷേധമുയർത്തുന്നത് മറ്റാരുടെയോ താൽപര്യം മുൻനിർത്തിയാണെന്നു വേണം കരുതാൻ. അതിനാണ് കൂടുൽ സാധ്യതയെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ചൈനീസ് സൈന്യവും ഇന്ത്യൻ സൈന്യവും തമ്മിൽ ലഡാക്കിലും സിക്കിമിലും സമീപകാലത്തുണ്ടായ സംഘർഷങ്ങളുമായി പുതിയ സംഭവവികാസങ്ങൾക്ക് ബന്ധമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നേപ്പാളിന്റെ അതിർത്തി കൈയേറിയാണ് ഇന്ത്യ റോഡ് നിർമ്മിച്ചതെന്നും ഇത്തരം നിർമ്മാണപ്രവർത്തനം ഒഴിവാക്കണമെന്നും നേപ്പാൾ അംബാസിഡർ ആവശ്യപ്പെട്ടിരുന്നു.

ഹിമാലയത്തിലെ തീർത്ഥാടന കേന്ദ്രമായ കൈലാസ് മാനസരോവറിൽേക്ക് സിക്കിം, ഉത്തരാഖണ്ഡ്, നേപ്പാളിലെ കാഠ്മണ്ഡു വഴി എന്നിങ്ങനെ മൂന്ന് വഴികളിലൂടെ പോകാം.. ഇതെല്ലാം ദിവസങ്ങളോളമെടുക്കുന്ന യാത്രാ വഴികളാണ്. എന്നാൽ പുതിയ പാതയിലൂടെ രണ്ട് ദിവസം കൊണ്ട് മാനസരോവറിൽ എത്തിച്ചേരാനാകും. നേരത്തെ മാനസരോവറിൽ എത്താൻ അഞ്ച് ദിവസത്തെ ട്രക്കിങ്ങ് ആവശ്യമായിരുന്നു. ഇതിന് പരിഹാരമായാണ് പുതിയ പാത നിർമ്മിച്ചത്. ഇതിനെ നേപ്പാൾ എതിർക്കുമെന്ന് ഇന്ത്യ ഒരിക്കലും കരുതിയതുമില്ല.

ഉത്തരാഖണ്ഡിലെ പിതോറാഗഢ് ജില്ലയുടെ ഭാഗമെന്ന് ഇന്ത്യയും, അല്ല, സുദുർപശ്ചിമിലെ ദാർച്ചുല ജില്ലയുടെ ഭാഗമെന്ന് നേപ്പാളും ഒരുപോലെ അവകാശപ്പെടുന്ന ഒരു വിവാദഭൂമിയാണ് കാലാപാനി. ഇത് യഥാർത്ഥത്തിൽ മൂന്നു രാജ്യങ്ങളുടെ സംഗമഭൂമിയാണ്. ഇന്ത്യക്കും നേപ്പാളിനും പുറമെ ടിബറ്റിനും ഇവിടെ അതിർത്തിയുണ്ട്. 1962 മുതൽ ഇന്തോ ടിബറ്റൻ ബോർഡർ പൊലീസിന്റെനിയന്ത്രണത്തിലാണ് ഈ അതിർത്തിപ്രദേശം. മഹാകാളീ നദിയുടെ പോഷകനദികളിൽ ഒന്നായ കാലാപാനി നദി കടന്നുപോകുന്നത് ഈ വഴിക്കാണ്. സമുദ്രനിരപ്പിൽ നിന്ന് നാലായിരത്തിലധികം മീറ്റർ ഉയരത്തിൽ ഹിമാലയപർവത നിലകളിലാണ് കാലാപാനി. കാലാപാനി താഴ്‌വരയിൽ നിന്ന്, ലിപുലേഖ് ചുരം കടന്നു കയറിച്ചെന്നാൽ കൈലാസ് മാനസ് സരോവറിലെത്തും.

കേവലം 35 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തൃതിയുള്ള ഈ അതിസുന്ദരവും പ്രകൃതിരമണീയവുമായ വാഗ്ദത്ത ഭൂമിക്കുവേണ്ടിയാണ് കാലങ്ങളായി ഇന്ത്യയും നേപ്പാളും തമ്മിൽ തർക്കം നടന്നുകൊണ്ടിരിക്കുകയാണ്. 1816-ൽ ബ്രിട്ടീഷ് ഇന്ത്യയും നേപ്പാളും തമ്മിൽ ഒപ്പുവെച്ച സെഗൗളി ഉടമ്പടി പ്രകാരം, നേപ്പാളിന്റെ പടിഞ്ഞാറൻ അതിർത്തിയാണ് മഹാകാളീ നദി. പലതായി പിരിഞ്ഞൊഴുകുന്ന മഹാകാളീ നദിയുടെ കൈവഴികളൊക്കെയും സംഗമിക്കുന്നത് കാലാപാനിയിലാണ്. കൈവഴികളുടെ സംഗമസ്ഥാനത്തിന് അപ്പുറമാണ് നേപ്പാളെന്ന് ഇന്ത്യ വാദിക്കുമ്പോൾ, അതല്ല, ആ കൈവഴികൾ തുടങ്ങുന്ന ലിപുലേഖ് ചുരത്തിലാണ് അതെന്ന് നേപ്പാളും പറയുന്നു. ലിപുഗഡിന് കിഴക്കുള്ളതെല്ലാം തങ്ങളുടേതാണെന്നാണ് നേപ്പാളിന്റെ അവകാശവാദം.

ഇന്ത്യ തങ്ങളുടെ വാദങ്ങൾക്ക് പിൻബലമായി ഇന്ത്യൻ ഗവണ്മെന്റ് 1830 മുതൽക്കുള്ള കരമടച്ച രസീതുകൾ ഹാജരാക്കുന്നുണ്ട്. ആ രേഖകൾ പ്രകാരം കാലാപാനി പിതോറാഗഡിന്റെ ഭാഗമാണ്. ബ്രിട്ടീഷ് ഭരണകാലത്ത് നടത്തപ്പെട്ട സർവേകളുടെ റെക്കോർഡുകളും ഇന്ത്യയുടെ വാദത്തെ പിന്തുണക്കുന്നതാണ്. 1879-ൽ നിർമ്മിക്കപ്പെട്ട ഒരു ഭൂപടവും ഇന്ത്യയ്ക്ക് അനുകൂലം. കാലാപാനിയുടെ കാര്യത്തിൽ ഇന്ത്യക്ക് നേപ്പാളിനേക്കാൾ ആശങ്കയുണ്ട്. ടിബറ്റിന്മേൽ നിയന്ത്രണം കൈവശം വെച്ചിരിക്കുന്ന ചൈനയുടെ ഇടപെടലുണ്ടാകുമെന്നതാണ് ഇതിന് കാരണം.

ഈ പ്രദേശം വഴിക്കുള്ള ചൈനീസ് അതിക്രമണത്തെ ഇന്ത്യ കരുതിയിരിക്കണം എന്ന അഭിപ്രായമാണ് വിദഗ്ദ്ധർ പ്രകടിപ്പിച്ചിട്ടുള്ളത്. ഉത്തരാഖണ്ഡ് ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ പ്രവിശ്യയിൽ വളരെയധികം നുഴഞ്ഞുകയറ്റ ഭീഷണി നിലനിൽക്കുന്ന ഒരു അതിർത്തി സംസ്ഥാനമാണ്. നേപ്പാളുമായി 80.5 കിലോമീറ്ററും, ചൈനയുമായി 344 കിലോമീറ്ററുമാണ് ഉത്തരാഖണ്ഡിന്റെ അതിർത്തി. 1996-ലെ മഹാകാളി ഉടമ്പടിക്ക് ശേഷമാണ് വിവാദങ്ങൾക്ക് തിരികൊളുത്തപ്പെടുന്നത്. എന്തായാലും 1981-ൽ ഇരു രാജ്യങ്ങളും ചേർന്ന് രൂപം കൊടുത്ത ജോയിന്റ് ടെക്‌നിക്കൽ ബൗണ്ടറി കമ്മിറ്റി ഇതുവരെ ഒരു അന്തിമതീരുമാനത്തിൽ എത്തിയിട്ടില്ല. ഈ പ്രദേശത്ത് കൂടിയുള്ള ഇന്ത്യയുടെ റോഡ് നിർമ്മാണമാണ് ഇപ്പോൾ വിവാദത്തിലാകുന്നത്.

സമുദ്രനിരപ്പിൽ നിന്ന് 15,000 അടി ഉയരത്തിൽ, 80 കിലോമീറ്റർ നീളത്തിലാണ് ഈ റോഡ് ഇന്ത്യന്റ് പണിതുതീർത്തത്. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗാണ് വെള്ളിയാഴ്ച ഈ പാത ഉദ്ഘാടനം ചെയ്തത്. അതിർത്തി പ്രശ്‌നങ്ങൾ ചർച്ചയിലൂടെ തന്നെ പരിഹരിക്കപ്പെടും എന്ന രണ്ടു രാജ്യങ്ങളുടെയും പ്രധാനമന്ത്രിമാർ തമ്മിലുള്ള ധാരണയ്ക്ക് തുരങ്കം വെക്കുന്നതാണ് ഇന്ത്യൻ ഗവൺമെന്റിന്റെ ഭാഗത്തുനിന്നുണ്ടായ ഈ ഏകപക്ഷീയമായ പ്രവൃത്തി.' എന്ന് നേപ്പാൾ ഇപ്പോൾ ആരോപിക്കുന്നത്.

നേപ്പാളിന്റെ പ്രസ്താവനയോട് ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തിന്റെ വക്താക്കൾ പ്രതികരിച്ചിട്ടുണ്ട്. ' ഉത്തരാഖണ്ഡിലെ പിതോറാഗഡ് ജില്ലയിലുള്ള പ്രസ്തുത ലിങ്ക് റോഡ്, പൂർണ്ണമായും ഇന്ത്യൻ മണ്ണിലൂടെ കടന്നു പോകുന്ന ഒന്നാണ്. ഇത് മുമ്പും കൈലാഷ് മാനസസരോവർ തീർത്ഥയാത്രികർ ഉപയോഗിച്ചുകൊണ്ടിരുന്ന ഒന്നാണ്. പുതിയ പദ്ധതിപ്രകാരം അത് കൂടുതൽ യാത്രായോഗ്യമാക്കി മാറ്റി എന്നുമാത്രമേയുള്ളൂ. 2008 -ൽ നിർമ്മാണം തുടങ്ങിയ റോഡ് ഇപ്പോഴാണ് പണിപൂർത്തിയാക്കി ഉദ്ഘാടനം കഴിഞ്ഞത്.

പുതിയ പാത തീർത്ഥയാത്രികർക്കും, പ്രദേശവാസികൾക്കും, വ്യാപാരികൾക്കും ഏറെ ഗുണം ചെയ്യും എന്നുതന്നെയാണ് കരുതുന്നത്. അതിർത്തി തർക്കങ്ങൾ ചർച്ചയിലൂടെ പരിഹരിക്കുക എന്നതുതന്നെയാണ് ഇന്ത്യൻ ഗവൺമെന്റിന്റെ ഇന്നോളമുള്ള നയം. ഇനിയങ്ങോട്ടും അത് അങ്ങനെതന്നെ ആയിരിക്കുകയും ചെയ്യും...' എന്നായിരുന്നു മന്ത്രാലയത്തിന്റെ പ്രതികരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP