Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202116Saturday

സ്മാർട്ട് ഫോണും ടെലിവിഷനും വിദൂരമായ ആദിവാസി കുട്ടികൾക്കായി പഠന സൗകര്യനമൊരുക്കി നന്മയുടെ പര്യായമായി അദ്ധ്യാപിക; സമൂഹമാധ്യമങ്ങളിലൂടെ ടീച്ചർ നടത്തിയ ക്യാമ്പെയ്ൻ ഫലം കണ്ടത് ഒരാഴ്ചക്കുള്ളിൽ; സഹായം അഭ്യർത്ഥിച്ച് ടീച്ചർ തന്നെ രംഗത്തെത്തിയതോടെ ലഭിച്ചത് 50 ടിവികൾ; എൻ.എസ്.എസ് വിദ്യാർത്ഥികൾ കൈകോർത്തപ്പോൾ ലഭിച്ചത് അഞ്ച് ടാബുകളും; മുരിക്കാട്ടുകുടി സ്‌കൂളിലെ ലിൻസി ടീച്ചർ താരമാകുന്നതിങ്ങനെ  

മറുനാടൻ ഡെസ്‌ക്‌

കട്ടപ്പന: കോവിഡ് കാലത്ത് ഓൺലൈൻ വിദ്യഭ്യാസത്തിലൂടെയാണ് കേന്ദ്ര സംസ്ഥാന സർക്കാർ മുന്നോട്ട് പോകുന്നത്. ഓൺലൈൻ ക്ലാസ് റൂമുകൾ വഴി പാഠഭാഗങ്ങൾ പഠിപ്പിച്ച് കേരള സർക്കാരും രംഗത്തെത്തിക്കഴിഞ്ഞു. എന്നാൽ സ്മാർട്ട് ടിവിയും സ്മാർട്ട് ഫോണോ കമ്പ്യൂട്ടറോ ഒന്നും കടന്നു ചെല്ലാത്ത ആദിവാസി ഗ്രാമങ്ങളിൽ ഇന്നും ഈ പഠന സൗകര്യം വിദൂരമാണ്. കുട്ടികൾക്ക് പഠന സൗകര്യമൊരുക്കി രംഗത്തെത്തുകയാണ് ലിൻസി ടീച്ചർ. മുരിക്കാട്ടുകുടി സ്‌കൂളിലെ അദ്ധ്യാപികയായ ലിൻസി ടീച്ചറാണ് ടിവി ഇല്ലാത്ത കുട്ടികൾക്ക് സൗകര്യം ഒരുക്കി രംഗത്തെത്തിയത്. സർക്കാരിന്റെയും ജനപ്രതിനിധികളുടെയും മാത്രം ഉത്തരാവാദിത്തമാണെന്ന് പറഞ്ഞ് മാറിനിന്നില്ല. തന്റെ സ്‌കൂളിലെ കുട്ടികൾക്കായി ടീച്ചർ മുന്നിട്ടിറങ്ങി.

സമൂഹമാധ്യമങ്ങളിലൂടെ ടീച്ചർ നടത്തിയ ക്യാമ്പെയ്ൻ ഫലം കണ്ടു. ആദ്യ ഘട്ടത്തിൽ 26 ടി.വി. ലഭിച്ചു.. ഒരാഴ്ചയ്ക്കുള്ളിൽ 24 ടി.വി. കൂടി കിട്ടി. പി.ടി.എയും സ്‌കൂൾ ജീവനക്കാരും ജനപ്രതിനിധികളും കൂടി ഒത്തുപിടിച്ചപ്പോൾ കുട്ടികൾക്കായി 50 ടി.വി. കൂടി ലഭിച്ചു. സ്‌കൂൾ എൻ.എസ്.എസ്.യൂണിറ്റ് അഞ്ച് ടാബുകൾ സംഘടിപ്പിച്ചു. ഇതോടെ സ്‌കൂളിലെ എല്ലാ വിദ്യാർത്ഥികളും വീണ്ടും പഠനത്തിന്റെ തിരക്കിലേക്ക്.ലിസി വിദ്യാർത്ഥികൾക്കായി വിവിധ സംഘടനകൾ നൽകിയ ടി.വികൾ ഇടുക്കി ജില്ലാ കളക്ടർ എച്ച്. ദിനേശൻ ലിൻസി ടീച്ചർക്ക് കൈമാറുന്നു.എന്തുകൊണ്ട് ലിൻസി ടീച്ചർ.

കോവിഡ് ക്ലാസുകൾ ഇനി ഓൺലൈൻ മുഖേനയാണെന്ന് സർക്കാർ പ്രഖ്യാപിച്ചതോടെ ടീച്ചറെ തേടി ഒരു ഫോൺ കോൾ എത്തി. സ്‌കൂളിലെ ഒരു വിദ്യാർത്ഥിനിയുടെ അമ്മയായിരുന്നു മറുതലയ്ക്കൽ. ടിവിയും സ്മാർട്ട് ഫോണും ഇല്ലാത്തതിനാൽ ക്ലാസുകൾ കാണാനുള്ള സൗകര്യമില്ലെന്നും പെൺകുട്ടികൾ ആയതിനാൽ അടുത്ത വീട്ടിൽ വിടാൻ ബുദ്ധിമുട്ടുണ്ടെന്നും പറഞ്ഞു. കുട്ടിയെ അടുത്ത വീട്ടിലേക്ക് വിടേണ്ടെന്നും എന്തെങ്കിലും സൗകര്യമൊരുക്കി കൊടുക്കാമെന്നും മറ്റൊന്നും ആലോചിക്കാതെ ടീച്ചർ മറുപടിയും നൽകി.കാരണം 14 വർഷമായി ലിൻസി ടീച്ചർ മുരിക്കാട്ടുകുടിയിലുണ്ട്.

തന്റെ സ്‌കൂളിലെ ഓരോ വിദ്യാർത്ഥികളെയും ടീച്ചർക്ക് നേരിട്ടറിയാം. ട്രൈബൽ സെറ്റിൽമെന്റ് ഏരിയയിലുള്ള അവരുടെ വീടുകളിലേക്ക് ടീച്ചർ എത്രയോ തവണ ചെന്നിട്ടുള്ളതാണ്. ആ വീടുകളിലെ അവസ്ഥ നേരിട്ടറിയാവുന്ന ടീച്ചറുടെ ലക്ഷ്യം എങ്ങനെയും കുട്ടികൾക്ക് പഠന സൗകര്യം ഒരുക്കുക എന്നുള്ളതായിരുന്നു. ആ ഉദ്യമമാണ് എല്ലാകുട്ടികൾക്കും ഓൺലൈൻ പഠന സൗകര്യം എന്ന ലക്ഷ്യത്തിലേക്ക് ടീച്ചറെ എത്തിച്ചത്.

കുട്ടികൾക്കായി ടി.വി. മാത്രമല്ല, വീടൊരുക്കാനും ഈ ടീച്ചർ മുൻപന്തിയിലുണ്ട്. മുരിക്കാട്ടു കുടിയിൽ ടീച്ചറുടെ നേതൃത്വത്തിൽ ഇതുവരെ പണിതുയർത്തിയത് ആറ് വീടുകളാണ്. ആ വീടിനുള്ള ഫണ്ടിങ്ങിനും ടീച്ചർ ആശ്രയിച്ചത് വാട്‌സാപ്പിനെയും ഫേസ്‌ബുക്കിനെയുമായിരുന്നു. ആദ്യവീടിന്റെ നിർമ്മാണത്തിന് പൈസയ്ക്കായി ടീച്ചർ അൽപ്പമൊന്നു ബുദ്ധിമുട്ടി. എന്നാൽ ആദ്യ വീടിന്റെ നിർമ്മാണം പൂർത്തിയായതോടെ ഫേസ്‌ബുക്കിലൂടെയും വാട്‌സാപ്പിലൂടെയും ഈ വിവരങ്ങൾ അറിഞ്ഞ് പലരും ടീച്ചറെ സഹായിക്കാനെത്തി. അങ്ങനെ ബാക്കി അഞ്ച് വീടുകളും ഉയർന്നു.ഇത്തരം പ്രവർത്തികൾ എന്തിനാണ് വാർത്തയാക്കുന്നത് എന്നായിരുന്നു പലരുടെയും വിമർശനം.

ഇടതു കൈ ചെയ്യുന്നത് വലതു കൈ അറിയരുതെന്നാണാല്ലോ പിന്നെന്തിന് പബ്ലിസിറ്റി കൊടുക്കുന്നുവെന്ന് പലരും ടീച്ചറോട് ചോദിച്ചു. അതിനും ടീച്ചർക്ക് വ്യക്തമായ മറുപടിയുണ്ട്. സഹായിക്കുന്നവരിൽ 100 രൂപ മുതൽ ലക്ഷങ്ങൾ തരുന്നവർ വരെയുണ്ട്. അവർ തന്ന പണം ഫലപ്രദമായി ഉപയോഗിച്ചുവെന്ന് അവരെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. ഇത്തരം വാർത്തകളിലൂടെയാണ് പലരും വീടുകളുടെ നിർമ്മാണം പൂർത്തിയായ വിവരം അറിയുന്നത്. പലരും സഹായിക്കാനെത്തുന്നതും ഇത്തരം വാർത്തകൾ കണ്ടിട്ടാണെന്നും ടീച്ചർ പറയുന്നു. വാർത്തകൾ കാണുമ്പോൾ അത് സഹായിച്ചവർക്കും സന്തോഷമാകുന്നു. അതുകൊണ്ട് ഇത്തരം വിമർശനങ്ങളെ പോസിറ്റീവ് ആയി കാണാനാണ് ടീച്ചർക്ക് ഇഷ്ടം.

ഒരു വീട് നിർമ്മിച്ചത് വിദ്യാർത്ഥിയുടെ അച്ഛൻ നേരിട്ടുവന്ന് ആവശ്യപ്പെട്ടിട്ടാണ്. സാമ്പത്തിക പ്രായാസങ്ങളുണ്ടെന്നും സഹായിക്കണമെന്നും പഞ്ചായത്തിൽനിന്ന് സഹായം ലഭിക്കുന്നില്ലെന്നും അയാൾ ടീച്ചറോട് പറഞ്ഞു. അന്നൊരു ശനിയാഴ്ചയായിരുന്നു. പിറ്റേന്ന് ഞായറാഴ്ച ഭർത്താവിനെയും കൂട്ടി വീട്ടിലേക്ക് വരാമെന്ന് പറഞ്ഞാണ് ടീച്ചർ അദ്ദേഹത്തെ മടക്കിയത്. ആ വീട് പോയി നോക്കാൻ തിരക്കുകൾ മൂലം ടീച്ചർക്ക് സാധിച്ചില്ല. തിങ്കളാഴ്ച രാവിലെ ടീച്ചറെ തേടി ഫോൺകോളെത്തി ഞായറാഴ്ച ചെല്ലാത്തതുകൊണ്ട് വിളിച്ചതാകുമെന്നാണ് ടീച്ചർ കരുതിയത്. പക്ഷേ മറുതലയ്ക്കൽ ആ കുട്ടിയുടെ അമ്മയായിരുന്നു. കഴിഞ്ഞ രാത്രിയിൽ കുട്ടിയുടെ അച്ഛൻ ഹൃദയാഘാതം മൂലം മരിച്ചുപോയതായി അമ്മ പറഞ്ഞു. പിന്നീട് ടീച്ചർ ആ വിദ്യാർത്ഥിയുടെ വീട്ടിൽ ചെന്നു. അവിടെ കണ്ട കാഴ്ചകൾ ദയനീയമായിരുന്നു. വേദനയായി ആ അച്ഛന്റെ മുഖം മനസിലുള്ളതുകൊണ്ട് തന്നെ ഒരു മാസം കൊണ്ട് ടീച്ചർ ആ വീടിന്റെ നിർമ്മാണം പൂർത്തിയാക്കി.

വീട് നിർമ്മിച്ചു കഴിഞ്ഞ് പിന്നീടെപ്പോഴെങ്കിലും ആ വീട്ടിലേക്ക് ചെല്ലുമ്പോൾ കുട്ടികളുടെ മാതാപിതാക്കൾ പറയും എന്നും വിളക്കുവെച്ച് കഴിയുമ്പോൾ ഞങ്ങൾ ടീച്ചർക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കും. ഈ വാക്കുകളാണ് തന്റെ പ്രചോദനമെന്ന് ലിൻസി ടീച്ചർ പറയുന്നു.
കുട്ടിക്കാനം മരിയൻ കോളേജിലെ അദ്ധ്യാപകനായ സെബാസ്റ്റ്യൻ ജോർജ്ജാണ് ലിൻസി ടീച്ചറുടെ നല്ലപാതി. എല്ലാ പ്രവർത്തനങ്ങൾക്കും ഭർത്താവ് കൂടെയുള്ളതാണ് തന്റെ ശക്തിയെന്ന് ടീച്ചർ പറയുന്നു. ഇനിയും ടീച്ചറിന്റെ സ്‌കൂളിലെ കുട്ടികൾക്ക് വീടുയരാനുണ്ട് ആ തിരക്കുകളിലാണ് ടീച്ചറിപ്പോൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP