Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

ലിഗയുടെ സംസ്‌കാരം ഇന്ന് വൈകിട്ട് തൈക്കാട് ശാന്തികവാടത്തിൽ; ചിതാഭസ്മവുമായി അടുത്ത വ്യാഴാഴ്ച സർക്കാർ എടുത്തു കൊടുത്ത ടിക്കറ്റിൽ സഹോദരിയും ഭർത്താവും ലാത്വിയയിലേക്ക്; ആറിന് വൈകുന്നേരം ലിഗയുടെ ഓർമ്മയ്ക്കായി നിശാഗന്ധിയിൽ വയലിൻ സംഗീത നിശയും സ്‌നേഹ സംഗമവും; ആരാധികയ്ക്ക് വേണ്ടി നവീൻ മുംബൈയിൽ നിന്നെത്തി സദസിന് മുമ്പിൽ ബെലബഹാർ വായിക്കും; മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അതിഥികളായെത്തും; കേരളം ആ യുവതിക്ക് വേണ്ടി പ്രായശ്ചിത്വം ഒരുക്കുന്നത് ഇങ്ങനെ

ലിഗയുടെ സംസ്‌കാരം ഇന്ന് വൈകിട്ട് തൈക്കാട് ശാന്തികവാടത്തിൽ; ചിതാഭസ്മവുമായി അടുത്ത വ്യാഴാഴ്ച സർക്കാർ എടുത്തു കൊടുത്ത ടിക്കറ്റിൽ സഹോദരിയും ഭർത്താവും ലാത്വിയയിലേക്ക്; ആറിന് വൈകുന്നേരം ലിഗയുടെ ഓർമ്മയ്ക്കായി നിശാഗന്ധിയിൽ വയലിൻ സംഗീത നിശയും സ്‌നേഹ സംഗമവും; ആരാധികയ്ക്ക് വേണ്ടി നവീൻ മുംബൈയിൽ നിന്നെത്തി സദസിന് മുമ്പിൽ ബെലബഹാർ വായിക്കും; മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അതിഥികളായെത്തും; കേരളം ആ യുവതിക്ക് വേണ്ടി പ്രായശ്ചിത്വം ഒരുക്കുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കൊല്ലപ്പെട്ട വിദേശവനിത ലിഗയുടെ സംസ്‌കാരം തൈക്കാട് ശാന്തികവാടത്തിൽ ഇന്നു വൈകിട്ട് നാലിനു നടക്കും. ചിതാഭസ്മം ഇലീസ് ലാത്‌വിയയിലേക്കു കൊണ്ടുപോകും. ലിഗയുടെ കൊലയാളിയെ പൊലീസ് തിരച്ചറിഞ്ഞിട്ടുണ്ട്. ഇവരെ ഉടൻ അറസ്റ്റ് ചെയ്യുമെന്നാണ് സൂചന. അതിന് ശേഷം സഹോദരി ഇലീസും ഭർത്താവും അടുത്ത വ്യാഴാഴ്ച നാട്ടിലേക്കു മടങ്ങും.

ലിഗയെ തേടിയുള്ള യാത്രയിൽ താങ്ങും തണലുമായി ഒപ്പം നിന്ന എല്ലാവർക്കും ഹൃദയത്തിൽ തൊട്ടു നന്ദി പറയണം, ആരോടും പരിഭവമില്ലെന്ന് ആവർത്തിക്കണം-ലിഗയുടെ സഹോദരി ഇലീസ് മടങ്ങുന്നത് അതിന് ശേഷമാകും. ആറിനു വൈകിട്ട് അഞ്ചിനു നിശാഗന്ധി ഓഡിറ്റോറിയത്തിലെ സംഗീതസാന്ദ്രമായ അന്തരീക്ഷത്തിൽ ലിഗയുടെ ഓർമകളുമായി മെഴുകുതിരി വെളിച്ചത്തിൽ ഇതിനായി സുമനസുകൾ ഒത്തുചേരും. കാണാതായ ലിഗയ്ക്കായി ഭർത്താവ് ആൻഡ്രുവും താനും ചേർന്നു രണ്ടു മാസത്തോളമായി നടത്തിയ തിരച്ചിലിന്റെ അനുഭവങ്ങൾ ഇലീസ് പങ്കുവയ്ക്കും. ലിഗയെക്കുറിച്ചും കുടുംബത്തെക്കുറിച്ചും ഇലീസിന്റെ വിഡിയോ അവതരണവും ഉണ്ടാകും.

ഇന്ത്യൻ സംഗീതം ഏറെ ഇഷ്ടപ്പെട്ടിരുന്ന ലിഗയുടെ ഓർമയ്ക്കായി ആറിനു നടക്കുന്ന ചടങ്ങിൽ വയലിൻ സംഗീതനിശയും ഉണ്ടായിരിക്കും. ബെലബഹാർ എന്ന സംഗീതോപകരണത്തിലൂടെ പ്രശസ്തനായ സംഗീതജ്ഞൻ നവീൻ ഗന്ധർവിന്റെ ആരാധികയായിരുന്നു ലിഗ. ചടങ്ങിനെക്കുറിച്ചറിഞ്ഞ നവീൻ മുംബൈയിൽ നിന്നെത്തി ലിഗയ്ക്കായി പാടും. ലിഗയുടെ ഓർമയ്ക്കായി കനകക്കുന്നിൽ മരത്തൈ നടും. മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും ചടങ്ങിലേക്ക് ഇലീസ് ക്ഷണിച്ചിട്ടുണ്ട്. ലാത്വിയയിലെയും അയർലൻഡിലെയും സുഹൃത്തുക്കൾക്കായി ഇന്റർനെറ്റ് വഴി തത്സമയ സംപ്രേഷണവുമുണ്ട്. പരിപാടിക്കായി ടൂറിസം വകുപ്പ് നിശാഗന്ധി ഓഡിറ്റോറിയം സൗജന്യമായി വിട്ടുനൽകി.

മൃതദേഹം ലാത്വിയയിലേക്കു കൊണ്ടുപോകാൻ കുടുംബാംഗങ്ങൾ ആദ്യം ആലോചിച്ചിരുന്നെങ്കിലും പിന്നീടത് ഉപേക്ഷിക്കുകയായിരുന്നു. ചിതാഭസ്മം വീടുകളിൽ സൂക്ഷിക്കുകയാണ് അവിടത്തെ പതിവ്. പൂന്തോട്ടത്തിലെ പുതിയൊരു തണൽമരച്ചുവട്ടിൽ ചിതാഭസ്മം നിക്ഷേപിക്കണമെന്ന ലിഗയുടെ ആഗ്രഹം കുടുംബാംഗങ്ങൾ സഫലമാക്കും. സംസ്‌കാരത്തിനു മുൻപായിത്തന്നെ ലിഗ കൊലക്കേസിലെ രണ്ടു പേരുടെ അറസ്റ്റ് ഉണ്ടായേക്കുമെന്നു സൂചനയുണ്ട്.

സംസ്‌കാര ചടങ്ങുകൾക്ക് തിരുവനന്തപുരം അതിരൂപത വികാരി ജനറൽ മോൺ. യൂജിൻ എച്ച്. പെരേര സംസ്‌കാര ശുശ്രൂഷകൾക്കു നേതൃത്വം നൽകും. സാങ്കേതിക കാരണങ്ങളാൽ ലിഗയുടെ മാതാപിതാക്കളും മറ്റു ബന്ധുക്കളും സംസ്‌കാര ചടങ്ങിനെത്തില്ല. രണ്ടാഴ്ച മുൻപായിരുന്നു ലിഗയും ഇലീസും നാട്ടിലേക്കു മടങ്ങാൻ വിമാന ടിക്കറ്റ് എടുത്തിരുന്നത്. സംസ്ഥാന സർക്കാരാണ് ടിക്കറ്റ് എടുത്ത് നൽകിയത്.

കഴിഞ്ഞ ദിവസം ഇലീസ് മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചിരുന്നു. സർക്കാർ നൽകിയ പിന്തുണയ്ക്കും സഹായത്തിനും ഇലീസ് നന്ദി പ്രകടിപ്പിച്ചതായി മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. സംഭവത്തിൽ സർക്കാരിനു സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും സർക്കാർ ലിഗയുടെ കുടുംബത്തോടൊപ്പമാണെന്നും മുഖ്യമന്ത്രി ഇലീസിനെ അറിയിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഒപ്പമുണ്ടായിരുന്നു. വിഷമഘട്ടത്തിൽ സർക്കാരിൽനിന്ന് എല്ലാവിധ പിന്തുണയും ലഭിച്ചിട്ടുണ്ടെന്ന് ഇൽസി പറഞ്ഞു. ചില മാധ്യമങ്ങളിൽ സർക്കാരിനെതിരെ തെറ്റായ പ്രചരണം വന്നതിൽ അതിയായ ദുഃഖമുണ്ട്. അതിന് മുഖ്യമന്ത്രിയോട് ക്ഷമ ചോദിക്കാൻ കൂടിയാണ് താൻ വന്നതെന്ന് ഇൽസി പറഞ്ഞു.

തെറ്റായ വാർത്തകളും പ്രചാരണവും ഉണ്ടായതിൽ വിഷമിക്കേണ്ടെന്നും അതിന് പിന്നിൽ രാഷ്ട്രീയ ഉദ്ദേശ്യമാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. ദുഃഖകരമായ ഈ സംഭവത്തിൽ സർക്കാരിന് സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. സർക്കാർ ലിഗയുടെ കുടുംബത്തോടൊപ്പമുണ്ട്. ഡിജിപിയെ സന്ദർശിച്ചപ്പോൾ അദ്ദേഹം എല്ലാ സഹായവും ചെയ്തിട്ടുണ്ടെന്നും ഇൽസി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP