Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കച്ചവടത്തിനുപോയ കൊയിലാണ്ടിക്കാരന് ബർമ്മക്കാരിയിൽ ഉണ്ടായ കുട്ടി; അമ്മ മരിച്ചത് ചെറുപ്പത്തിൽ തന്നെ; രണ്ടാംലോകമഹായുദ്ധം കൊടുമ്പിരികൊള്ളുമ്പോൾ അഭയാർഥിക്യാമ്പിൽ ഉപക്ഷേിക്കാതെ കേരളത്തിലെത്തിച്ചത് ബാപ്പ; ഏകാന്തതയിൽനിന്ന് രക്ഷപ്പെടാൻ എഴുത്തുകാരനായ യു എ ഖാദറിന്റെ ജീവിത കഥ

കച്ചവടത്തിനുപോയ കൊയിലാണ്ടിക്കാരന് ബർമ്മക്കാരിയിൽ ഉണ്ടായ കുട്ടി; അമ്മ മരിച്ചത് ചെറുപ്പത്തിൽ തന്നെ; രണ്ടാംലോകമഹായുദ്ധം കൊടുമ്പിരികൊള്ളുമ്പോൾ അഭയാർഥിക്യാമ്പിൽ ഉപക്ഷേിക്കാതെ കേരളത്തിലെത്തിച്ചത് ബാപ്പ; ഏകാന്തതയിൽനിന്ന് രക്ഷപ്പെടാൻ എഴുത്തുകാരനായ യു എ ഖാദറിന്റെ ജീവിത കഥ

എം മാധവദാസ്

കോഴിക്കോട്: അതി വിചിത്രവും കനലെരിയുന്നതുമായ ഒരു ജീവിതമായിരുന്നു അന്തരിച്ച പ്രശസ്ത സാഹിത്യകാരൻ യു എ ഖാദറിന്റെത്. ജന്മം കൊണ്ട് അദ്ദേഹം ബർമ്മ അഥവാ ഇന്നത്തെ മാന്മ്യാറുകാരനാണ്. പക്ഷേ വിചിത്രമായ ജീവിത വഴികൾ അദ്ദേഹത്തെ കേരളത്തിൽ എത്തിച്ചു. ഭാഷതീതമായ മാനവികതുടെ കഥാകാരനാക്കി.

1935ൽ ബർമ്മയിൽ കച്ചവടത്തിനുപോയ കൊയിലാണ്ടിക്കാരൻ മൊയ്തീൻകുട്ടി ഹാജിക്ക് ബർമക്കാരി മാമൈദിയിലുണ്ടായ മകനാണ് ഖാദർ .അമ്മ വസൂരി പിടിപെട്ട് മരിച്ചപ്പോൾ പലരുടെയും കാരുണ്യത്തിൽ വളർന്നു. അക്കാലത്തെക്കുറിച്ച് ഖാദർ എഴുതിയത് ഇങ്ങനെ. ' രണ്ടാംലോകമഹായുദ്ധം കൊണ്ടുപിടിച്ചപ്പോൾ എല്ലാമുപേക്ഷിച്ചു നാടുവിട്ടവരുടെ കൂട്ടത്തിൽ എന്റെ പിതാവുമുണ്ടായിരുന്നു. അന്യനാട്ടുകാരിക്കു പിറന്ന കുട്ടിയെ ചിറ്റഗോങ്ങിലെ അഭയാർഥി ക്യാമ്പിൽ ഉപേക്ഷിക്കാനുള്ള ബന്ധുക്കളുടെ നിർബന്ധത്തെ അവഗണിച്ച്, ആ ഏഴു വയസ്സുകാരനെ ചുമലിലേറ്റി, ആലിപ്പഴംപോലെ വർഷിക്കുന്ന ബോംബുകൾക്കിടയിലൂടെ ആ മനുഷ്യൻ ഓടി. ആ ഓട്ടം കൊയിലാണ്ടിയിലാണ് അവസാനിച്ചത്.മഴക്കാലത്ത് പുതപ്പുവിൽക്കാൻ വരുന്ന പരദേശികളുടെ മുഖച്ഛായയുള്ള, അറിയാത്ത ഭാഷ സംസാരിക്കുന്ന കുട്ടിയെ കൂട്ടുകാരനാക്കാൻ ആരും ഉത്സാഹിച്ചില്ല. സ്‌നേഹമോ വാത്സല്യമോ സൗഹൃദമോ എന്തെന്നറിയാതെ ആ കുട്ടി വളർന്നു. വീട്ടിലെയും നാട്ടിലെയും ഒറ്റപ്പെടലിൽനിന്ന് അവൻ മോചനം നേടിയത് അക്ഷരങ്ങളിലൂടെയാണ്.

അദ്ദേഹം പറയുന്നു: '' കുട്ടിക്കാലത്ത് ചപ്പിയ മൂക്കൻ എന്നും ചൈനാക്കാൻ എന്നും ഞാൻ പരിഹാസങ്ങൾ കേട്ടിരുന്നു. താമസിക്കുന്ന വീട്ടിൽ ഞാനൊരു ഒറ്റപ്പെട്ട കുട്ടിയായിരുന്നു. ആ കുടുംബത്തിലെ അംഗമല്ല ഞാൻ എന്ന തോന്നൽ നിരന്തരം എന്നെ അലട്ടിക്കൊണ്ടിരുന്നു. ഒറ്റപ്പെടലിൽ എനിക്കുള്ള ആശ്രയം പുസ്തകങ്ങൾ മാത്രമായിരുന്നു. മറ്റാളുകളെ വെറുത്ത ഈ പശ്ചാത്തലത്തിലാണ് 'വിവാഹസമ്മാനം' എന്ന ആദ്യ കഥയെഴുതുന്നത്. 1952-ൽ ചന്ദ്രിക ആഴ്ചപ്പതിപ്പിന്റെ ബാലപംക്തിയിൽ ആ കഥ പ്രസിദ്ധീകരിച്ചു.'' സി.എച്ച്. മുഹമ്മദ് കോയയാണ് ഉപദേശനിർദ്ദേശങ്ങൾ കൊടുത്ത് എഴുത്തിന്റെ ലോകത്തേക്ക് ആ ബാലനെ കൈപിടിച്ചുയർത്തിയത്.

മാതൃഭൂമി ആഴ്ചപ്പതിപ്പിലെ എം വി ദേവന്റെ വരകണ്ട് ആവേശം കയറി ചിത്രകല പഠിക്കാൻ മദിരാശിയിലെത്തി. 'ഒരു കാര്യവുമില്ലാത്ത ഒരു സംഗതി' പഠിക്കുന്നതിനെ വീട്ടുകാർ എതിർത്തതോടെ പഠിപ്പു മതിയാക്കി. എങ്കിലും അവിടത്തെ സാഹിതീസഖ്യം വഴി എം. ഗോവിന്ദൻ, ടി. പത്മനാഭൻ, കെ.എ. കൊടുങ്ങല്ലൂർ എന്നിവരുമായുണ്ടാക്കിയ പരിചയം എഴുത്തുജീവിതത്തിനു സഹായകമായി. പിന്നീട് ഇതുപോലെ ഒരു കൂട്ടായ്മയിൽ ചെന്നുപെടുന്നത് 1967 മുതലുള്ള അഞ്ചുവർഷത്തെ ആകാശവാണിക്കാലത്താണ്. തിക്കോടിയൻ, ഉറൂബ്, അക്കിത്തം, കൊടുങ്ങല്ലൂർ, കക്കാട് എന്നിവരുമായുള്ള പരിചയം അദ്ദേഹത്തിന്റെ എഴുത്തുരീതികളെ പരുവപ്പെടുത്തി.മദിരാശിയിൽനിന്നു തിരിച്ചെത്തിയ 1957-ൽ കോഴിക്കോട്ടെ പ്രപഞ്ചം വാരികയുടെ സഹപത്രാധിപരായി-ഒ.വി. വിജയൻ പോയതു മൂലമുള്ള ഒഴിവിൽ. 1964-ൽ ആരോഗ്യവകുപ്പിൽ ഗുമസ്തനായി ചാലിയത്തെത്തി. ഇ.ടി. മുഹമ്മദ് ബഷീർ അന്നവിടെ ഹൈസ്‌കൂൾ വിദ്യാർത്ഥിയായിരുന്നു. ഖാദറിന്റെ 'വള്ളൂരമ്മ' എന്ന നോവൽ പകർത്തിയെഴുതിയത് ഇ.ടി.യാണ്!

ജീവിതത്തിലെ ഒറ്റപ്പെടൽ സാഹിത്യത്തിലും അനുഭവിക്കേണ്ടിവന്നിട്ടുണ്ട് അദ്ദേഹത്തിന്. 'ചങ്ങല' എന്ന നോവൽ മുസ്ലിം സമുദായത്തിന്റെ ഇന്ദുലേഖയാണെന്ന് എം.ആർ.സി. എഴുതിയിട്ടുണ്ട് എന്നതു ശരി. പക്ഷേ, പ്രമുഖ നിരൂപകരും പല പ്രമുഖ എഴുത്തുകാരും ഈ എഴുത്തുകാരനെ ആവോളം അവഗണിച്ചു. ഏതെങ്കിലും ഒരംഗീകാരത്തിന്റെ ഘട്ടമെത്തുമ്പോൾ 'ഓ, അയാളോ? എന്ന പുച്ഛം. പക്ഷേ, ഏറ്റവും വലിയ വിധികർത്താവ് കാലമാണെന്നാണല്ലോ പുനംനമ്പൂതിരിയുടെ കഥ നമ്മെ പഠിപ്പിക്കുന്നത്. മറ്റു പതിനെട്ടു കവികളും വിസ്മൃതരായിട്ടും പുനം ഇന്നും ജീവിക്കുന്നു.

ജീവിതകാലമത്രയും ഉള്ളിന്റെയുള്ളിൽ ഉമിത്തീപോലെ, പിറന്ന നാടിനെപ്പറ്റിയുള്ള സ്മരണ നീറിപ്പിടിച്ചിരുന്നു. ഒടുവിൽ ഏറെ കഷ്ടപ്പെട്ട് ആ നാട്ടിലേക്കു നടത്തിയ യാത്രയുടെ കഥയാണ് 'ഓർമകളുടെ പഗോഡ.' ആത്മകഥയായി മാറുന്ന ഈ യാത്രാവിവരണം പക്ഷേ, ഒന്നും തിരിച്ചറിയാനാവാതെ മടങ്ങുന്നതിന്റെ വ്യഥ പങ്കുവെക്കുന്നു. ''ബർമയിലേക്കുള്ള യാത്രയ്ക്കുമുമ്പ് മാതൃഭാഷ നഷ്ടപ്പെട്ട ഒരുവനായി സ്വയം സങ്കല്പിച്ചിരുന്നു. പക്ഷേ, യാത്രയ്ക്കുശേഷം, അതു നഷ്ടമല്ലെന്നു ബോധ്യപ്പെട്ടു. ഒരാൾ വളരുന്ന സാഹചര്യമാണ് അയാളുടെ ഭാഷ നിർണയിക്കുന്നത്. പെറ്റമ്മയുടെ നാവിലൂടെയാണ് ഭാഷ വന്നു നിറയുന്നത് എന്നു പറയുന്നതു വെറുതേയാണ്. അതു കവിസങ്കല്പം മാത്രമാണ്.''- കോഴിക്കോട്ടുകാരുടെ ഖാദർക്ക പറഞ്ഞത് അങ്ങനെയായിരുന്നു.

മ്യാന്മാറിലെ പ്രശ്നങ്ങളിലും ഒരു എഴുത്തുകാരൻ എന്ന നിലയിൽ അദ്ദേഹം തന്റെതായ ഇടപെടലുകൾ നടത്തിയിരുന്നു. റോഹീങ്ക്യൻ അഭയാർഥികൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിക്കാനുള്ള സമ്മേളനത്തിൽ കോഴിക്കോട്ട് പങ്കെടുത്ത അദ്ദേഹം, എന്നും മാനവികതയ്ക്കും ഇടതുപക്ഷ രാഷ്ട്രീയത്തിന് ഒപ്പവുമാണ് പ്രവർത്തിച്ചിരുന്നതും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP