Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202027Sunday

ഡോക്ടർമാരും വക്കീലന്മാരുമുള്ള കുടുംബത്തിൽ ജനനം; നാലു സഹോദരിമാരുടെ കുഞ്ഞനുജനായി വളർന്നു; മാതാപിതാക്കൾ ആഗ്രഹിച്ചത് മകനെ എൻജിനീയറാക്കാൻ; സുശാന്തിന്റെ മോഹം ബഹിരാകാശ യാത്രികനോ വൈമാനികനോ ആകാനും; സിനിമാ മോഹം മനസ്സിൽ വളർന്നത് ഷാരൂഖിന്റെ സൂപ്പർഹിറ്റ് പ്രണയചിത്രം ' ദിൽവാലേ ദുൽഹാനിയ ലേ ജായേങ്കെ'; സീരിയലിൽ തുടങ്ങി സിനിമാ ലോകത്തെക്ക് ചുവടുവെച്ചപ്പോൾ തൊട്ടതെല്ലാം പൊന്നാക്കി; അങ്കിത ലോഖൻഡെയും റിയ ചക്രബർത്തിയും കാമുകിമാർ; സുശാന്ത് സിങ് രജ്പുത്തിന്റെ ജീവിതകഥ ഇങ്ങനെ

ഡോക്ടർമാരും വക്കീലന്മാരുമുള്ള കുടുംബത്തിൽ ജനനം; നാലു സഹോദരിമാരുടെ കുഞ്ഞനുജനായി വളർന്നു; മാതാപിതാക്കൾ ആഗ്രഹിച്ചത് മകനെ എൻജിനീയറാക്കാൻ; സുശാന്തിന്റെ മോഹം ബഹിരാകാശ യാത്രികനോ വൈമാനികനോ ആകാനും; സിനിമാ മോഹം മനസ്സിൽ വളർന്നത് ഷാരൂഖിന്റെ സൂപ്പർഹിറ്റ് പ്രണയചിത്രം ' ദിൽവാലേ ദുൽഹാനിയ ലേ ജായേങ്കെ'; സീരിയലിൽ തുടങ്ങി സിനിമാ ലോകത്തെക്ക് ചുവടുവെച്ചപ്പോൾ തൊട്ടതെല്ലാം പൊന്നാക്കി; അങ്കിത ലോഖൻഡെയും റിയ ചക്രബർത്തിയും കാമുകിമാർ; സുശാന്ത് സിങ് രജ്പുത്തിന്റെ ജീവിതകഥ ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ബിഹാറിലെ പട്‌നയിലെ കുടുംബത്തിൽ നിന്നും ഡൽഹിയിൽ എത്തി അവിടെ നിന്നും ബോളിവുഡിലേക്ക് ചുവടുവെച്ച താരമാണ് സുശാന്ത് സിങ് രജ്പുത്. ഏറെ പരിശ്രമങ്ങൾക്ക് ഒടുവിൽ ബോളിവുഡിൽ അദ്ദേഹം ചുവടുറപ്പിച്ചപ്പോൾ അതൊരു വലിയ വിജയം കൂടിയായിരുന്നു. പരിശ്രമിച്ചാൽ എല്ലാം നേടിയെടുക്കാം എന്ന ആത്മവിശ്വാസത്തിന്റെ വിജയം. സിനിമാ മോഹം ഒട്ടുമില്ലാതിരുന്ന കുടുംബത്തിലാണ് സുശാന്ത് ജനിച്ചത്. നാലു സഹോദരിമാരുടെ കുഞ്ഞനുജൻ. ഡോക്ടർമാരും വക്കീലന്മാരുമുള്ള കുടുംബത്തിലെ സന്തതി. അതുകൊണ്ട് തന്നെ ഡോക്ടറോ എൻജിനീയറോ ആകേണ്ടിയിരുന്ന വ്യക്തിയാണ് സുശാന്ത്. എന്നാൽ, അദ്ദേഹം തിരഞ്ഞെടുത്തത് കലയുടെ പാതയായിരുന്നു.

പഠനകാലത്ത് സുശാന്തിന്റെ ആഗ്രഹം ബഹിരാകാശ യാത്രികനോ വൈമാനിക്കാനോ ആകാനായിരുന്നു. സിനിമയിൽ എത്താൻ വേണ്ടി നൃത്തത്തിന്റെ വഴിയായിരുന്നു അദ്ദേഹം സ്വീകരിച്ചത്. ആദ്യം സംഘനൃത്തത്തിൽ അനേകരിൽ ഒരാളായി. പിന്നെ ക്രമേണ നായകനുമായി. സുശാന്ത് ഒരു അഭിമുഖത്തിലാണ് സിനിമയിലെത്തിയ വിചിത്രവഴിയെക്കുറിച്ച പറയുന്നത്. പഠനകാലത്ത് സുശാന്ത് നന്നായി പഠിച്ചു. എൻട്രൻസിന്റെ കടമ്പ കടന്നു. ഡൽഹി കോളേജ് ഓഫ് എഞ്ചിനീറിങ്ങിൽ പ്രവേശനവും നേടി. അന്തർമുഖനായ സുശാന്തിന്റെ മനസ്സിന്റെ ഏഴയലത്തു കൂടി പോലും അക്കാലത്ത് അഭിനയ മോഹം ഉണ്ടായിരുന്നില്ല. എല്ലാം തകിടംമറിച്ച് സിനിമാ മോഹം അദ്ദേഹത്തിൽ വിതച്ചത് ഷാരൂഖ് ഖാനോടുള്ള ഭ്രാന്തമായ ആരാധനയായിരുന്നു.

Stories you may Like

ദിൽവാലേ ദുൽഹാനിയ ലേ ജായേങ്കെ കണ്ടതോടെയാണ് ആ മനസ്സിന് ഇളക്കം തട്ടിയത്. മനസ്സിൽ മറ്റൊരു മോഹം വളർന്നു. ചിത്രത്തിലെ ഷാരൂഖിന്റെ രാജിനെപ്പോലെ ഒരു സ്വപ്നനായികയെ കണ്ടെത്തുക. അങ്ങനെ ജീവിതത്തിൽ നായികയെ കണ്ടെത്താൻ വേണ്ടിയാണ് അദ്ദേഹം നൃത്തം പഠിച്ചത്. മിക്ക ഡൽഹി പെൺകുട്ടികളും ഡാൻസ് തലയിൽകൊണ്ട് നടക്കുന്ന സമയമായിരുന്നത്കൊണ്ട് തന്റെ നായികയെ കണ്ടെത്തുക എന്ന ഉദ്ദേശ്യത്തോടെ മറ്റൊന്നും ആലോചിക്കാതെ പ്രശസ്ത നൃത്താധ്യാപകനും നൃത്ത സംവിധായകനുമായ ഷൈമക് ധാവറിന്റെ നൃത്ത സംഘത്തിൽ ചേർന്നു. സുശാന്തിന്റെ ഭാഷയിൽ പറഞ്ഞാൽ അതായിരുന്നു വഴിത്തിരിവ്.

സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള സ്‌കോളർഷിപ്പും എഞ്ചിനീയറിങ് കോളേജിലെ പഠനവും ഉപേക്ഷിച്ച് മുഴുവൻ സമയവും നൃത്തപഠനമായി. നൃത്തം ശരിക്കും തലയ്ക്ക് പിടിച്ചു. മകന്റെ ഈ തീരുമാനം വലിയ ആഘാതമാണ് മാതാപിതാക്കളിൽ ഉണ്ടാക്കിയത്. എന്നാൽ അതൊന്നും അവനെ പിന്തിരിപ്പിച്ചില്ല. മുംബൈ വെർസോവയിലെ ഒറ്റമുറി വീട്ടിൽ മറ്റ് ആറു പേരോടൊപ്പം അവൻ താമസം തുടങ്ങി. തന്റെ ഉള്ളിൽ ഒരു അഭിനേതാവ് ഉണ്ട് എന്ന് കണ്ടെത്തിയത് ഷൈമാക് ആണെന്ന് സുശാന്ത് പറയുന്നു. അദ്ദേഹത്തിന്റെ നിർദ്ദേശമനുസരിച്ച് മുബൈയിലെ പ്രശസ്തമായ ബാരി ജോൺ തിയേറ്റർ ആക്ഷൻ ഗ്രൂപ്പിൽ സുശാന്ത് ചേർന്നു. അതൊരു തിരിച്ചറിവായിരുന്നു,തന്റെ വഴി അഭിനയമാണെന്ന തിരിച്ചറിവ്.

പതിയെ അഭിനയം സുശാന്തിന്റെ മനസ്സിനെ കീഴടക്കിത്തുടങ്ങുകയായിരുന്നു .അഭിനയത്തെക്കുറിച്ച് ഗാഢമായി പഠിച്ചു തുടങ്ങി. ധാരാളം വായിച്ചു തുടങ്ങി. അന്തർമുഖനായിരുന്ന അവൻ വേദികളെയും കാണികളെയും പ്രണയിച്ചു തുടങ്ങി. താര രാജാക്കന്മാർ അടക്കി വാണിരുന്ന ബോളിവുഡിൽ കയറിപ്പറ്റുക എന്നത് ഒരു തുടക്കക്കാരനെ സംബന്ധിച്ച് കഠിനമായ കാര്യമായിരുന്നെങ്കിൽ തനിക്കത് അങ്ങനെ ആയിരുന്നില്ല എന്ന് സുശാന്ത് പറയുന്നു. അതിനൊരു കാരണം പറയുന്നുണ്ട് സുശാന്ത്: നൃത്തമാണെങ്കിലും ആയോധനകലയാണെങ്കിലും നാടകമാണെങ്കിലും ചെയ്യുന്ന ഓരോ കാര്യത്തെയും താൻ പ്രണയിച്ചതുകൊണ്ടാണത്. ജൂനിയർ ആർടിസ്റ്റായി സിനിമയിൽ പ്രവർത്തിച്ച കാലത്ത് ഒറ്റമുറി വീട്ടിലെ താമസത്തിനിടയിൽ നിത്യവും ചെയ്തു പോന്നിരുന്ന പാചകവും വീട് വൃത്തിയാക്കലും വരെ ഞാൻ ഇഷ്ടത്തോടെയാണ് ചെയ്തിരുന്നത്.

'സിനിമയുടെ വാണിജ്യവിജയമോ പ്രേക്ഷകരുടെ പ്രതീക്ഷകളോ പ്രതികരണങ്ങളോ ഒന്നുമല്ല. തിരക്കഥയാണ് ഞാൻ പരിഗണിക്കുന്നത്. തിരക്കഥയിൽ എന്നെ ഉണർത്താൻപോന്ന എന്തെങ്കിലും ഉള്ള റോളുകളേ ഏറ്റെടുക്കാറുള്ളൂ. എന്റെ ജീവിതത്തിലെ കുറച്ചു മാസങ്ങളെങ്കിലും കഥാപാത്രമായി ഇടപെടേണ്ടതല്ലേ, അത് എന്നെ ആകർഷിക്കുന്നതാകണമെന്നു തന്നെയാണ് തീരുമാനം' ഒരിക്കൽ സുശാന്ത് സിങ് രജ്പുത് പറഞ്ഞു. വാരിവലിച്ച് പടങ്ങൾ ചെയ്യുന്ന നടനായിരുന്നില്ല ഇദ്ദേഹം.

അത് ആദ്യ ചിത്രമിറങ്ങിയ 2013 മുതൽ ഇതുവരെയുള്ള സിനിമകളുടെ എണ്ണം ശ്രദ്ധിച്ചാൽതന്നെ മനസ്സിലാകും 15ൽ താഴെ മാത്രം. സുശാന്തിനെ ബോളിവുഡിന്റെ മിന്നുംതാരനിരയിലേക്കെത്തിച്ച എംഎസ്: ധോണി ദി അൺടോൾഡ് സ്റ്റോറി എന്ന ചിത്രത്തിനു വേണ്ടി 2016ൽ മറ്റു സിനിമകളെല്ലാം അദ്ദേഹം മാറ്റിവച്ചിരുന്നു. ഇത്തരത്തിൽ ചെയ്തതൊക്കെയും പ്രേക്ഷകരുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ കഥാപാത്രങ്ങളും.

സീ ചാനലിലെ 'പവിത്ര രിസ്താ'യിലൂടെയായിരുന്നു സുശാന്തിന്റെ മിനിസ്‌ക്രീൻ അരങ്ങേറ്റം. വൈകാതെ ബിഗ് സ്‌ക്രീനിലേക്കും ചുവടുമാറ്റിയ ഇദ്ദേഹത്തിന് അവിടെയും കാലിടറിയില്ല. 2013ൽ ഇറങ്ങിയ ആദ്യ ചിത്രം 'കൈ പോ ചെ'യിലെ അഭിനയത്തിന് ഒട്ടേറെ അഭിനന്ദനങ്ങൾ തേടിയെത്തി. മികച്ച പുതുമുഖ നടനുള്ള ആ വർഷത്തെ ഫിലിം ഫെയർ നോമിനേഷനും കൈ പോ ചെയിലെ ഇഷാൻ എന്ന കഥാപാത്രത്തിന് സുശാന്തിനായിരുന്നു. ചേതൻ ഭഗതിന്റെ 'ദ് ത്രീ മിസ്റ്റേക്‌സ്' എന്ന പുസ്തകത്തെ ആസ്പദമാക്കി നിർമ്മിച്ച ചിത്രമാണിത്.

രണ്ടാം ചിത്രമായ ശുദ്ധ് ദേശി റൊമാൻസ് കൂടിയെത്തിയതോടെ ബോളിവുഡിലെ 'അയലത്തെ വീട്ടിലെ പയ്യനായി' മാറി സുശാന്ത്. പ്രേക്ഷകന് അത്രയേറെ അടുപ്പം തോന്നിപ്പിക്കുന്ന അഭിനയം. പികെയിലെ സർഫ്‌റാസ് എന്ന കഥാപാത്രത്തിലൂടെ 2014ൽ അദ്ദേഹം വീണ്ടും ആ അടുപ്പം ഉറപ്പിച്ചു. ഇന്ത്യക്കാരിയെ പ്രേമിക്കുന്ന പാക്കിസ്ഥാൻ പയ്യനായി 'പികെ'യിലെ ക്ലൈമാക്‌സിൽ അദ്ദേഹം നടത്തിയ അഭിനയം ഇന്നും പ്രേക്ഷകന്റെ കണ്ണു നിറയ്ക്കും. 2015ൽ ഡിറ്റക്ടീവ് ബ്യോംകേഷ് ഭക്ഷി എന്ന ആക്ഷൻ ത്രില്ലറിലും തകർപ്പൻ പ്രകടനമായിരുന്നു.

വാണിജ്യപരമായി ചിത്രം വിജയിച്ചില്ലെങ്കിലും സുശാന്തിന്റെ അസാധ്യ പ്രകടനത്തിന് നല്ല പ്രതികരണമാണു ലഭിച്ചത്. ത്രില്ലർ ചിത്രങ്ങളിൽ ഇന്നേവരെ കാണാത്ത വിധം, അസാധാരണ കഴിവുകളില്ലാത്ത, എന്നാൽ ബുദ്ധിയിൽ ആർക്കും വെല്ലാനാകാത്ത ഡിറ്റക്ടീവായിരുന്നു ആ സിനിമയിൽ സുശാന്ത്. ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തിറക്കാനുള്ള തീരുമാനത്തിലായിരുന്നു സംവിധായകൻ ദിബാകർ ബാനർജി. അതിനു കാരണമായതാകട്ടെ ബ്യോംകേഷ് ഭക്ഷി എന്ന കഥാപാത്രത്തിന്റെ പ്രകടം അവിടംകൊണ്ട് അവസാനിക്കരുതെന്ന അദ്ദേഹത്തിന്റെ ആഗ്രഹവും.

ധീരജ് പാണ്ഡെ സംവിധാനം ചെയ്ത 'എം.എസ്. ധോണി: ദി അൺടോൾഡ് സ്റ്റോറി' എന്ന ഈ ചിത്രം സുശാന്തിനെ മുൻനിര നായകന്മാരുടെ നിരയിലേക്കും ഉയർത്തി. റാബ്താ, കേദാർനാഥ്, സോൻചിരിയാ എന്നിവയാണ് മറ്റു പ്രധാന സിനിമകൾ. നിതീഷ് തിവാരി സംവിധാനം ചെയ്ത 'ചിച്ചോരെ' എന്ന ചിത്രമാണ് ഒടുവിൽ പുറത്തിറങ്ങിയത്. ശ്രദ്ധാ കപൂറായിരുന്നു നായിക. ഡ്രൈവ് എന്ന ചിത്രത്തിലൂടെ നെറ്റ്ഫ്‌ളിക്‌സിലും സുശാന്തിനെ പ്രേക്ഷകർ കണ്ടു.

പവിത്ര രിസ്തായിൽ കൂടെ അഭിനയിച്ച അങ്കിത ലോഖൻഡെയുമായള്ള പ്രണയത്തിൽ പക്ഷേ അടുത്തിടെ വിള്ളലുകളുണ്ടായിരുന്നു. ബന്ധം പിരിയുകയും ചെയ്തു. നിതി ആയോഗുമായി സഹകരിച്ച് ഇന്ത്യയിലെ വനിതകൾക്കു വേണ്ടിയും സുശാന്ത് ഫോർ എജ്യുക്കേഷൻ എന്ന പദ്ധതിയിലൂടെ ചെറുപ്പക്കാർക്കു വേണ്ടിയും ഇദ്ദേഹം നിലകൊണ്ടിരുന്നു. നാടകത്തിൽ നിന്നും സീരിയലിലേക്കും അവിടെ നിന്ന് സിനിമയിലേക്കുമുള്ള തന്റെ യാത്രയിൽ ഇതുവരെ നിരാശ ഉണ്ടായിട്ടില്ലെന്നും സുശാന്ത് അഭിമുഖങ്ങളിൽ പറഞ്ഞിരുന്നത്. അത്രയും ആത്മാർഥമായാണ് സുശാന്ത് സിനിമയെ പ്രണയിച്ചിരുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP