Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ടിക്ടോക്ക് താരവും ഫാഷൻ മോഡലും ആൽബം അഭിനേതാവും; പബ്ജിക്കും ഹുക്കക്കും അടിമ; സംഗീതവും യാത്രകളുമായി അടിപൊളി ജീവിതം; പിതാവ് മയക്കുമരുന്ന്- കള്ളനോട്ടുകേസുകളിൽ പ്രതി; വടക്കുകിഴക്കൻ ഡൽഹിയിലും യുപിയുടെ ചില ഭാഗങ്ങളിലും പ്രവർത്തിക്കുന്ന ക്രിമിനൽ-ക്വട്ടേഷൻ സംഘവുമായി അടുത്ത ബന്ധം; തോക്ക് കിട്ടിയത് ബീഹാറിൽ നിന്ന്; ഡൽഹി കലാപത്തിനിടെ പൊലീസിനെ തോക്കുചൂണ്ടി വിറപ്പിച്ച മുഹമ്മദ് ഷാറൂഖിന്റെ ജീവിത കഥ ഇങ്ങനെ

ടിക്ടോക്ക് താരവും ഫാഷൻ മോഡലും ആൽബം അഭിനേതാവും; പബ്ജിക്കും ഹുക്കക്കും അടിമ; സംഗീതവും യാത്രകളുമായി അടിപൊളി ജീവിതം; പിതാവ് മയക്കുമരുന്ന്- കള്ളനോട്ടുകേസുകളിൽ പ്രതി; വടക്കുകിഴക്കൻ ഡൽഹിയിലും യുപിയുടെ ചില ഭാഗങ്ങളിലും പ്രവർത്തിക്കുന്ന ക്രിമിനൽ-ക്വട്ടേഷൻ സംഘവുമായി അടുത്ത ബന്ധം; തോക്ക് കിട്ടിയത് ബീഹാറിൽ നിന്ന്; ഡൽഹി കലാപത്തിനിടെ പൊലീസിനെ തോക്കുചൂണ്ടി വിറപ്പിച്ച മുഹമ്മദ് ഷാറൂഖിന്റെ ജീവിത കഥ ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഡൽഹി കലാപത്തിന്റെ തുടക്കത്തിൽ പൊലീസിന് നേരെ തോക്ക് ചൂണ്ടി വാർത്തകളിൽ 'സ്ഥലം വിട്ടോ, ഇല്ലെങ്കിൽ ഇപ്പൊ നിന്നെയും ചുട്ടുകളയും' എന്ന ഭീഷണി മുഴക്കുകയും ജനക്കൂട്ടത്തെ ലക്ഷ്യമാക്കി ബാരിക്കേഡിനു മുകളിലൂടെ എട്ടു റൗണ്ട് വെടിവെക്കുകയും ചെയ്ത മുഹമ്മദ് ഷാരൂഖിന്റെ (33) ക്രിമിനൽ ബന്ധങ്ങളിലേക്ക് കൂടുതൽ അന്വേഷണവുമായി പൊലീസ്. ടിക്ക് ടോക്ക് താരവും മോഡലും മ്യൂസിക്ക് ആൽബം അഭിനേതാവുമൊക്കെയായിരുന്ന ഷാറൂഖ് എങ്ങനെ ഈ ക്രിമിനൽ സംഘങ്ങളിൽ എത്തിപ്പെട്ടുവെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. വടക്കുകിഴക്കൻ ഡൽഹിയിലും യുപിയുടെ ചില ഭാഗങ്ങളിലും പ്രവർത്തിക്കാൻ അറിയപ്പെടുന്ന ക്രിമിനൽ-ക്വട്ടേഷൻ സംഘമായ ചെനു സംഘത്തിലെ അംഗങ്ങളുമായി ഷാരൂഖ് അടുത്ത ബന്ധം പുലർത്തിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇത്തരം ക്രിമിനൽ സംഘത്തിലെ കൂടുതൽ പേർ ഡൽഹി കലാപത്തിൽ ഉൾപ്പെട്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ടെന്ന് പ്രമുഖ മാധ്യമമായ 'ദ പ്രിന്റ്' റിപ്പോർട്ട് ചെയ്തു.

രണ്ട് വർഷം മുമ്പ് ബീഹാറിലെ മുൻഗറിൽ നിർമ്മിച്ച സെമി ഓട്ടോമാറ്റിക് 7.65 പിസ്റ്റളാണ് ഷാരൂഖ് ഉപയോഗിച്ച ആയുധമെന്ന് പൊലീസ് പറഞ്ഞു. 'ഷാരൂഖിന്റെ സോക്സ് നിർമ്മാണ യൂണിറ്റിൽ ജോലി ചെയ്തിരുന്ന മുൻഗറിൽ നിന്നുള്ള ഒരു തൊഴിലാളിക്ക് രണ്ട് വർഷം മുമ്പ് പിസ്റ്റൾ ലഭിച്ചു. ഇത് ഇന്ത്യയിൽ നിർമ്മിക്കപ്പെട നല്ല ആയുധങ്ങളിൽ ഒന്നാണ്. ഇതാണ് ഷാറൂഖ് ഉപയോഗിച്ചത്''-ഒരു ഉദ്യോഗസ്ഥർ പറഞ്ഞു. ജാഫ്രബാദിൽ സമരം നടത്തുന്ന തന്റെ സഹോദരിയെ രക്ഷിക്കാനാണ് തോക്കെടുത്തതെന്നാണ് ഇയാൾ പൊലീസിന് നൽകി മൊഴി. സമരപ്പന്തലിലേക്ക് ഒരു വിഭാഗം കല്ലേറും മറ്റും നടത്തിയതോടെ തന്റെ നിയന്ത്രണം വിടുകയായിരുന്നെന്നാണ് ഇയാൾ പറയുന്നത്. ഷാറൂഖിന്റെ പിതാവ് ഷബീറിനെതിരെ മയക്കു മരുന്നും കള്ളനോട്ടും കടത്തിയതുമായി ബന്ധപ്പെട്ട് രണ്ട് കേസുകളുണ്ട്. ഷാരൂഖിന്റെ അച്ഛന്റേയും അമ്മയുടേയും പ്രണയ വിവാഹമായിരുന്നു. സിഖ് മത വിശ്വാസിയായിരുന്നു അച്ഛൻ. അമ്മ മുസ്ലീമും. വിവാഹം കഴിക്കുന്നതിന് വേണ്ടി അച്ഛൻ മതം മാറിയിരുന്നു. അതുകൊണ്ടാണ് ഷാറൂഖ് പഞ്ചാബി ഗാനങ്ങൾ ഇഷ്ടപ്പെട്ടിരുന്നതന്നെും പൊലീസ് പറഞ്ഞു.

ജയിലിലായിരുന്ന അച്ഛൻ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെയായിരുന്നു പൊലീസിന് നേരെ ഷാരൂഖ് തോക്കുചൂണ്ടിയ സംഭവം ഉണ്ടായത് എന്നാണ് അയൽവാസികൾ 'ദ പ്രിന്റ്' ലേഖകനോട് പറഞ്ഞത്. പൊതുവെ തമാശക്കാരനായ ഇയാൾക്ക് ക്രിമിനൽ പശ്ചാത്തലം ഇല്ലെന്നാണ് ഡൽഹി അരവിന്ദ് നഗറിലെ നാട്ടുകാർ പറയുന്നത്.

സംഗീത പ്രേമി; പബ്ജിക്കും ഹുക്കക്കും അടിമ

'പബ്ജി' വീഡിയോ ഗെയിമിന് അടിമയായിരുന്നു ഇയാൾ എന്നും നാട്ടുകാർ പറയുന്നത്. ബിരുദവിദ്യാർത്ഥിയായിരുന്ന ഷാരൂഖ് പഠനം ഉപേക്ഷിച്ച് മോഡലിംഗിലേക്ക് തിരിയുകയായിരുന്നു. ബി എ രണ്ടാംവർഷം പഠിക്കുമ്പോഴാണ് ഇയാൾ പഠനം നിർത്തിയത്. ഫാഷൻ മാഗസിൻ കവർ ചിത്രമാകാൻ ഷാരൂഖ് ആഗ്രഹിച്ചിരുന്നു. മോഡലിങ് മേഖലയിൽ തിളങ്ങുന്നതിന് ജിംനേഷ്യത്തിൽ പോയിരുന്നു. മ്യൂസിക് വീഡിയോ സ്റ്റാർ ആകാൻ ഷാരൂഖ് ആഗ്രഹിച്ചിരുന്നുവെന്നും പൊലീസും പറയുന്നു. പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിൽ പങ്കെടുത്തതായി ഷാരൂഖ് സമ്മതിച്ചു. എന്നാൽ തോക്ക് കൊണ്ടുപോയത് ആസൂത്രിത നീക്കത്തിന്റെ ഭാഗമായല്ലെന്നും ചോദ്യം ചെയ്യലിൽ പൊലീസിനോട് വെളിപ്പെടുത്തി.

പ്രതിഷേധത്തിൽ പങ്കെടുക്കാൻ പോയ സഹോദരിയെ രക്ഷിക്കുന്നതിന് വേണ്ടിയാണെന്ന് നാട്ടുകാരും ആവർത്തിക്കുന്നു. പ്രതിഷേധം രൂക്ഷമാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് അവിടേക്ക് പുറപ്പെട്ടത്. അതുകൊണ്ടാകാം തോക്ക് കരുതിയതെന്നും നാട്ടുകാർ പറയുന്നു.
ഹുക്ക വലികമ്പക്കാരനായ ഇയാൾ സദാസമയവും സുഹൃത്തുക്കൾക്കൊപ്പം ചുറ്റിക്കറങ്ങുന്ന സ്വഭാവക്കാരനാണ്. അതുകൊണ്ടുതന്നെ ഷാറൂഖിൻെ പെണ്ണുകെട്ടിച്ച് സെറ്റിൽ ചെയ്യിക്കാനുള്ള ശ്രമത്തിലായിരുന്നു അമ്മയെന്നാണ് നാട്ടുകാരിൽ ചിലർ പറയുന്നത്. ഷാറൂഖിന്റെ ഒരു മ്യൂസിക്ക് വീഡിയോ ഇറങ്ങാനിരിക്കയാണ്. 'എല്ലാ പണിയും കഴിഞ്ഞിട്ടും തന്റെ വീഡിയോ പുറത്തിറങ്ങാത്തതിൽ ഷാറൂഖിന് വിഷമം ഉണ്ടായിരുന്നെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായതായി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ ജിമ്മിൽ പോകുമ്പോൾ പബ്ജി കളിച്ചിരുന്നില്ല. ഷാരൂഖിന്റെ സുഹൃത്തുക്കളിൽ അധികവും ഗുജ്ജാറുകളാണ്. ഷാരൂഖിനെതിരെ പൊലീസ് കേസുകൾ നിലവിലുള്ളതായി അറിവില്ലെന്നും നാട്ടുകാർ പറയുന്നു.

ഷാരൂഖിന്റെ ചിത്രം വൈറലായതിനുശേഷം, കാറിൽ വീട്ടിൽ നിന്ന് ഇറങ്ങി 24 മണിക്കൂറിലധികം ഡൽഹിയിൽ ചുറ്റിക്കറങ്ങുകയായിരുന്നു.
കൊണാട്ട് പ്ലേസിലെ ഒരു പാർക്കിങ് സ്ഥലത്ത് കാറിനുള്ളിൽ ഉറങ്ങിയും സമയം തള്ളി. പിറ്റേന്ന് രാവിലെ സുഹൃത്തിനെ കാണാൻ പഞ്ചാബിലെ ജലന്ധറിലേക്ക് പുറപ്പെട്ടു. പിന്നീട് അവിടെനിന്ന് ഉത്തർപ്രദേശിലെ ബറേലിയിലേക്ക് പോയി. ബറേലിയിൽ എത്തുന്നതിനുമുമ്പ് അദ്ദേഹം പാനിപ്പറ്റ്, അമ്രോഹ, കൈരാന എന്നിവിടങ്ങളിലും കറങ്ങി. കുറച്ചുദിവസം ബറേലിയിൽ താമസിച്ചശേഷം ഷിംലയിലേക്ക് പുറപ്പെടാനായിരുന്നു തീരുമാനം. അപ്പോൾ ബസ്റ്റോപ്പിൽവച്ചാണ് ഇയാൾ പിടിയിലാവുന്നത്.

തോക്ക് കൈവശം വെച്ചത് സന്തോഷത്തിനെന്ന്

ഫെബ്രുവരി 24 ന് ഒരു സുഹൃത്തിന്റെ പ്രോത്സാഹനത്തിലാണ് താൻ പ്രതിഷേധത്തിന് പോയതെന്നും ചിലർ സമരക്കാർക്കുനേരെ കല്ലെറിഞ്ഞതിന് ശേഷമാണ് പിസ്റ്റൾ പുറത്തെടുത്തതെന്നും ഷാരൂഖ് പൊലീസിനോട് പറഞ്ഞു. ചോദ്യം ചെയ്യലിൽ അഞ്ച് വെടിയുണ്ടകൾ തന്റെ പക്കലുണ്ടെന്ന് അദ്ദേഹം സമ്മതിച്ചു. എന്തിനാണ് ആയുധം കൈവശമുള്ളതെന്ന് പൊലീസ് ചോദിച്ചപ്പോൾ, 'സന്തോഷത്തിനായി'' എന്ന മറുപടിയാണ് കിട്ടിയത്. 'ഒരു പിസ്റ്റൾ ഉപയോഗിച്ച് ചുറ്റിനടക്കുന്നത് നല്ലതാണെണ്. വിനോദത്തിനായി നിരവധി ആളുകൾ ആയുധം സൂക്ഷിച്ചിട്ടുണ്ട്. പക്ഷേ ഒരു തോക്ക് കൈയിലുണ്ടെങ്കിൽ ജനം നിങ്ങളെ ഗൗരവമായി കാണും'- ഷാരൂഖ് മൊഴി നൽകിയതായി പേരുവെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു പൊലീസുകാരൻ ദ പ്രിന്റിനോട് പറഞ്ഞു.

ക്രിമിനൽ സംഘത്തിലെ അംഗങ്ങളുമായി ഷാരൂഖ് പതിവായി ബന്ധപ്പെട്ടിരുന്നുണ്ടോ എന്നും കലാപകാരികൾക്കായി ആയുധങ്ങൾ ക്രമീകരിക്കുന്നതിൽ പങ്കാളിയാണോ എന്നും പൊലീസ് ഇപ്പോൾ അന്വേഷിക്കുന്നു.ഏതെങ്കിലും തരത്തിൽ ഒരു ജനക്കൂട്ടത്തെ അക്രമത്തിന് പ്രേരിപ്പിച്ചോ എന്നറിയാൻ മൊബൈൽ ഫോണും പൊലീസ് പരിശോധിച്ച് വരികയാണ്. പൊടുന്നനെ കല്ലേറ് തുടങ്ങിയപ്പോൾ ഉദ്ദേശിക്കാതിരുന്ന സമയത്ത് പൊടുന്നനെ താൻ തോക്ക് പുറത്തെടുക്കയായിരുന്നുവെന്നാണ് ഷാരൂഖിന്റെ മൊഴി. 'അക്രമത്തെക്കുറിച്ച് അറിഞ്ഞപ്പോൾ അയാൾക്ക് വളരെ ദേഷ്യം വന്നു, അതുകൊണ്ടാണ് സഹോദരിയെ സംരക്ഷിക്കാൻ സൈറ്റിലേക്ക് പോയത്. അയാൾ ഒരു പിസ്റ്റൾ കൊണ്ടുപോകാൻ ഇത് ഒരു കാരണമാകാം, ''-അയൽവാസികളിൽ ഒരാൾ ദ പ്രിന്റിനോട് വെളിപ്പെടുത്തി.

പിടിയിലായത് ഉത്തർപ്രദേശിലെ ബറേലിയിൽ നിന്ന്

ഷാരൂഖിനെ ഉത്തർപ്രദേശിലെ ബറേലിയിൽ നിന്നാണ് ഡൽഹി ക്രൈംബ്രാഞ്ച് കഴിഞ്ഞദിവസം പിടികൂടിയത്. ഫെബ്രുവരി 24നാണ് നോർത്ത് ഈസ്റ്റ് ഡൽഹിയിലെ ജാഫറാബാദിൽ മുഹമ്മദ് ഷാരൂഖ് പൊലീസിനും പൗരത്വ നിയമ ഭേദഗതി അനുകൂലികൾക്കും നേരെ നിറയൊഴിച്ചത്. ഇയാൾ പൊലീസിന് നേരെ തോക്ക് ചുണ്ടുകയും സമരക്കാർക്ക് നേരെ വെടി ഉതിർക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. തോക്കുചൂണ്ടി വന്ന അക്രമി സ്ഥലത്തുണ്ടായിരുന്ന ഹെഡ് കോൺസ്റ്റബിൾ ദീപക് ദഹിയയുടെ നെറ്റിയിൽ തോക്കിന്റെ ബാരൽ അമർത്തി 'സ്ഥലം വിട്ടോ, ഇല്ലെങ്കിൽ ഇപ്പൊ നിന്നെയും ചുട്ടുകളയും' എന്ന ഭീഷണി മുഴക്കി. പറഞ്ഞു കഴിഞ്ഞ് അയാൾ ജനക്കൂട്ടത്തെ ലക്ഷ്യമാക്കി ബാരിക്കേഡിനു മുകളിലൂടെ കയ്യിട്ടുകൊണ്ട് എട്ടു റൗണ്ട് വെടിയുതിർക്കുകയായിരുന്നു.

ഡൽഹിയുടെ തെരുവുകളിൽ കലാപത്തീ പടർന്നു തുടങ്ങിയ നാളിൽ, ഫെബ്രുവരി 24 -നാണ്, നോർത്ത് ഈസ്റ്റ് ഡൽഹിയിലെ ജാഫറാബാദ് എന്ന സ്ഥലത്തെ റോഡുകളിൽ ഒന്നിൽ വെച്ച് മുഹമ്മദ് ഷാരൂഖ് മുപ്പത്തിമൂന്നുകാരൻ നിറതോക്കും ഉയർത്തിയത്. അന്ന് അതിനെ വെറും ലാത്തി ചൂണ്ടി നേരിട്ട ദീപക് ദഹിയ എന്ന പൊലീസുകാരന്റെ അനുഭവവും നവമാധ്യമങ്ങളില വൈറൽ ആയിരുന്നു. 'എന്റെ മുന്നിൽ ആരെങ്കിലും അവിടെ മരിച്ചു വീണിരുന്നെങ്കിൽ എനിക്കത് വല്ലാത്ത വിഷമുണ്ടാക്കിയേനെ'- ഇത് ഹെഡ് കോൺസ്റ്റബിൾ ദീപക് ദഹിയ മാധ്യമങ്ങളോട് പറഞ്ഞ വാക്കുകളാണ്. ജാഫറാബാദിൽ ക്രമസമാധാനപാലനത്തിനായി നിയുക്തനായിരുന്നു എങ്കിലും മറ്റു പല പൊലീസുകാരെയും പോലെ ഒഴിഞ്ഞു മാറാമായിരുന്നു ദീപക്കിനും. തനിക്കു പിന്നിലുള്ള അപരിചിതരായ ജനങ്ങൾക്ക് എന്തും സംഭവിച്ചോട്ടെ എന്നുകരുതി നിഷ്‌ക്രിയനായി നിൽക്കാമായിരുന്നു. എന്നാൽ, അയാളത് ചെയ്തില്ല. തന്റെ നേർക്ക് നടന്നടുത്ത ആ അപരിചിതനായ അക്രമിയുടെ ഉദ്ദേശ്യം എന്താണെന്ന് അദ്ദേഹത്തിന് നിശ്ചയമില്ലായിരുന്നു. ദീപക്കിന്റെ രണ്ടിരട്ടിയെങ്കിലും ശരീരപുഷ്ടിയും കായബലവുമുണ്ടായിരുന്നു ആ അക്രമിക്ക്. ദേഷ്യം കൊണ്ട് വിറച്ചു തുള്ളിയായിരുന്നു അയാളുടെ വരവ്. അയാൾക്ക് മുന്നിൽ നെഞ്ചും വിരിച്ച് ചെന്ന് നിൽക്കാനും അയാളെ തടയാനുമുള്ള ധൈര്യം തനിക്കെവിടെനിന്നാണ് അപ്പോൾ കിട്ടിയതെന്ന് അദ്ദേഹത്തിനറിയില്ല.

ഏറെക്കുറെ ശാന്തമായിരുന്ന അന്തരീക്ഷം വളരെപ്പെട്ടെന്നാണ് ഇരു പക്ഷത്തുനിന്നുമുള്ള കല്ലേറോടെ ഏറെ വഷളാകുന്നത് എന്ന് ദീപക് ഓർക്കുന്നു. 'ജനക്കൂട്ടത്തിനു നേരെ നടന്നു ചെല്ലുമ്പോഴാണ് ഞാൻ ഒരു വെടിപൊട്ടുന്ന ഒച്ച കേൾക്കുന്നത്. നോക്കിയപ്പോൾ ചുവന്ന ടിഷർട്ട് ധരിച്ച താടിക്കാരനായ ഒരു മല്ലൻ തോക്കും ചൂണ്ടി നടന്നു വരുന്നത് കണ്ടു. അയാളുടെ ശ്രദ്ധ തിരിച്ചില്ലെങ്കിൽ അവിടെ ഇപ്പോൾ ആരെങ്കിലും ചാവും എന്നെനിക്ക് മനസിലായി. അതാണ് ഞാൻ അയാളെ എൻഗേജ് ചെയ്തത്' ദീപക് മാധ്യമങ്ങളോട് പറഞ്ഞു. അത്തരം സാഹചര്യങ്ങളിൽ സ്വന്തം ജീവനേക്കാൾ കൂടുതൽ പൊതുജനങ്ങളുടെ ജീവന് പരിഗണന നൽകണം എന്ന പരിശീലനമാണ് തനിക്ക് കോൺസ്റ്റബിൾ ട്രെയിനിങ്ങിൽ കിട്ടിയിട്ടുള്ളത് എന്ന് ദീപക് പറഞ്ഞു.

'അയാളുടെ മുന്നിലേക്ക് മറ്റേതെങ്കിലും സിവിലിയൻസ് ആണ് ചെന്നിരുന്നതെങ്കിൽ അയാൾ അവരെ പോയിന്റ് ബ്ലാങ്കിൽ ചുട്ടുകളഞ്ഞേനെ. ഞാൻ പൊലീസ് യൂണിഫോമിൽ ആയതുകൊണ്ടാണ് അയാൾ നേരെ വെടിയുതിർക്കാൻ അറച്ചു നിന്നതും പിന്നെ ദൂരേക്ക് വെടിയുതിർത്തതും. അതുകൊണ്ടാണ് ആരുടെയും ജീവൻ നഷ്ടപ്പെടാതിരുന്നത്. അപ്പോൾ ഞാൻ മറ്റൊന്നും ഓർത്തില്ല. എന്റെ ഉത്തരവാദിത്തമാണ്, ചെയ്‌തേ പറ്റൂ... എന്നുമാത്രമാണ് അന്നേരം മനസ്സ് പറഞ്ഞത്'- ദീപക് കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP