Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202025Sunday

താനുമൊരു വൃക്ക രോഗിയാണെന്ന് തിരിച്ചറിയുന്നത് വൃക്ക രോഗികൾക്ക് വേണ്ടി പ്രവർത്തിക്കുന്നതിടെ; കോഴിക്കോട്ടും കോയമ്പത്തൂരും ചികിത്സയുമായി കുറേക്കാലം; മഞ്ചേരിയിലുള്ള ഒരു പാരമ്പര്യ വൈദ്യരുടെ കഷായവും മരുന്നും പഥ്യയുമായി ഒന്നരവർഷം; കാര്യമായ ഒരു പുരോഗതിയും ഇല്ലാതെ വന്നപ്പോൾ വീണ്ടും ആശുപത്രിയിലേക്ക്; ഒടുവിൽ ഭാര്യയിൽ നിന്ന് വൃക്ക സ്വീകരിച്ച് പുതുജീവിതത്തിലേക്ക്; ചേമഞ്ചേരി സ്വദേശി കെ കെ ഫാറൂഖ് ജീവിതം പറയുന്നു

താനുമൊരു വൃക്ക രോഗിയാണെന്ന് തിരിച്ചറിയുന്നത് വൃക്ക രോഗികൾക്ക് വേണ്ടി പ്രവർത്തിക്കുന്നതിടെ; കോഴിക്കോട്ടും കോയമ്പത്തൂരും ചികിത്സയുമായി കുറേക്കാലം; മഞ്ചേരിയിലുള്ള ഒരു പാരമ്പര്യ വൈദ്യരുടെ കഷായവും മരുന്നും പഥ്യയുമായി ഒന്നരവർഷം; കാര്യമായ ഒരു പുരോഗതിയും ഇല്ലാതെ വന്നപ്പോൾ വീണ്ടും ആശുപത്രിയിലേക്ക്; ഒടുവിൽ ഭാര്യയിൽ നിന്ന് വൃക്ക സ്വീകരിച്ച് പുതുജീവിതത്തിലേക്ക്; ചേമഞ്ചേരി സ്വദേശി കെ കെ ഫാറൂഖ് ജീവിതം പറയുന്നു

കെ വി നിരഞ്ജൻ

കോഴിക്കോട്: വൃക്ക രോഗികൾക്ക് വേണ്ടി പ്രവർത്തിക്കുന്നതിനിടയിലാണ് താനുമൊരു വൃക്ക രോഗിയാണെന്ന് ചേമഞ്ചേരി സ്വദേശിയും വ്യാപാരിയുമായ കെ കെ ഫാറൂഖ് തിരിച്ചറിയുന്നത്. എന്നാൽ തളരാതെ തന്റെ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോയി. ഒടുവിൽ ഭാര്യയിൽ നിന്ന് വൃക്ക സ്വീകരിച്ച് പുതുജീവിതത്തിലേക്ക്. തന്റെ ജീവിത കഥ ഫാറൂഖ് പറയുമ്പോൾ അത് പലർക്കും ആശ്വാസവും പ്രചോദനവുമാകുകയാണ്. 2017 തിരുവോണനാളിൽ ഷോപ്പിലെ തിരക്കുകളെല്ലാം കഴിഞ്ഞ് രാത്രി വീട്ടിലെത്തിയപ്പോഴാണ് കാലിൽ നല്ല വേദനയും നീർക്കെട്ടും തിരിച്ചറിയുന്നത്. യൂറിക്ക് ആസിഡിന്റെ അസഹനീയമായ വേദന സ്ഥിരമായുള്ളതിനാൽ വേദന സംഹാരി കഴിച്ച് ഉറങ്ങാൻ കിടന്നു. രാവിലെയായപ്പോൾ ശരീരം അനക്കാൻ കഴിയാത്ത വിധത്തിലുള്ള വേദന. തുടർന്നാണ് പൂക്കാടുള്ള ഡോക്ടറെ കാണുന്നത്. ഡോക്ടർ വിശദമായ ചെക്കപ്പിന് എഴുതി. കോഴിക്കോട്ടെ ഒരു ലാബിൽ യു എസ് ജി എടുത്തപ്പോൾ റിസൾട്ട് കണ്ട് താൻ നിശബ്ദനായിപ്പോയെന്ന് ഫാറൂഖ് പറയുന്നു. ജന്മനാ ഒരു വൃക്കമാത്രമായിരുന്നു തനിക്കുള്ളതെന്ന് അന്നാണ് മനസ്സിലാക്കുന്നത്. അവിടുന്ന് കിട്ടിയ റിസൾട്ട് നോക്കിയപ്പോൾ ക്രിയാറ്റിൻ ലെവൽ 7.4 ആയിരിക്കുന്നു.

ഒരു നെഫ്രോളജിസ്റ്റിനെ അടിയന്തിരമായി കാണണമെന്ന് ഡോക്ടർ നിർദ്ദേശിച്ചു. തിരിച്ചു വീട്ടിലെത്തിയപ്പോൾ മനസ്സ് ആകെ അസ്വസ്ഥമായിരുന്നെന്ന് ഫാറൂഖ് വ്യക്തമാക്കുന്നു. 2016 മുതൽ വൃക്ക രോഗികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന തണൽ വടകരയിൽ വളണ്ടിയറായി പ്രവർത്തിക്കുന്നുണ്ട് ഫാറൂഖ്. നാട്ടിൽ പാവപ്പെട്ട വൃക്ക രോഗികൾക്കായി ഒരു ഡയാലിസിസ് സെന്റർ രൂപീകരണ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുകയായിരുന്നു അക്കാലത്ത്. തണൽ ചേമഞ്ചേരി എന്ന കൂട്ടായ്മ രൂപീകരിച്ച് അതിന്റെ ട്രഷററായും പ്രവർത്തിക്കുന്നുണ്ടായിരുന്നു. ഈ സമയത്താണ് താനൊരു വൃക്ക രോഗിയാണെന്ന് അദ്ദേഹം മനസ്സിലാക്കുന്നത്.

വീട്ടിലെത്തി ആദ്യം ഭാര്യയോട് കാര്യം പറഞ്ഞു. വൃക്കക്ക് ചെറിയ തകരാറുണ്ട് നാളെ ഒരു നെഫ്രോളജിസ്റ്റിനെ കാണിക്കണം. അസാമാന്യ ധൈര്യത്തോടെയായിരുന്നു അവളുടെ പ്രതികരണം. അത് എനിക്ക് തന്ന ആശ്വാസം ചെറുതായിരുന്നില്ല. വീട്ടിൽ അറിയുമ്പോൾ അവരുടെ ടെൻഷൻ കാണുമ്പോൾ ഞാനും പിടി വിട്ടു പോകുമോ എന്ന എന്റെ ഭയം അസ്ഥാനത്തായി. ഉറക്കം കിട്ടാത്ത അന്ന് രാത്രി മുഴുവൻ അവൾ വൃക്കരോഗത്തിന്റെ നൂതനചികിത്സാരീതികളെപ്പറ്റി പറഞ്ഞ് എന്നെ ആശ്വസിപ്പിച്ചു കൊണ്ടേയിരുന്നു.

രോഗത്തിനൊപ്പമുള്ള തന്റെ യാത്രയെപ്പറ്റി ഫാറൂഖ് ഫേസ് ബുക്കിൽ കുറിച്ചിട്ടുണ്ട്. സുഹൃത്ത് അനസ് മുബാറക്കിനെയും ജ്യേഷ്ഠ സഹോദരനായ മാടഞ്ചേരി സത്യനാഥനെയും വിളിച്ചു കാര്യം പറഞ്ഞു. ഇരുവരും ചേർന്ന് അന്ന് വിദേശത്തായിരുന്ന തണൽ ചെയർമാൻ ഡോക്ടർ ഇദ്രീസുമായി സംസാരിച്ചു. റിസൾട്ടുകളെല്ലാം അദ്ദേഹത്തിന് അയച്ചു കൊടുത്തു. അദ്ദേഹം കോഴിക്കോട് ഇഖ്റ ഹോസ്പിറ്റലിൽ പോയി സീനിയർ നെഫ്രോളജിസ്റ്റ് ഡോക്ടർ ബെനിൽ ഹഫീഖ് സാറിനെ കാണാൻ പറഞ്ഞു.

ഉടനെ ഇഖ്റയിലെത്തി ഡോക്ടർ കുറച്ച് കൂടി ബ്ലഡ് ടെസ്റ്റുകൾ നടത്തി. രണ്ടാഴ്ചക്ക് ശേഷം വീണ്ടും രക്തം ടെസ്റ്റ് ചെയ്തപ്പോൾ ക്രിയാറ്റിൻ ലെവൽ 9.4 ൽ എത്തിയിരുന്നു. തുടർന്ന് കോയമ്പത്തൂർ കിഡ്നി ഫൗണ്ടേഷൻ ഹോസ്പിറ്റലിലെ ഡോക്ടർ രാമലിംഗത്തെ പോയി കണ്ടു. അദ്ദേഹം കുറച്ചു നിർദ്ദേശങ്ങൾ തന്ന ശേഷം കോഴിക്കോട്ട് തന്നെ കാണിച്ചാൽ മതിയെന്ന് പറഞ്ഞു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളെജ് നെഫ്രോളജി വിഭാഗം മേധാവി ഡോക്ടർ ശ്രീലത മാഡത്തെ പോയി കണ്ടു. ഡോക്ടർ മരുന്ന് കുറിച്ച് തന്ന് മൂന്ന് മാസം കഴിഞ്ഞ് കാണിക്കാൻ പറഞ്ഞു.

അതിനിടെ തണൽ ചേമഞ്ചേരി ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടനം ആഘോഷപൂർവ്വം നടത്തപ്പെട്ടു. കൃത്യമായ മരുന്നും ഭക്ഷണ ശീലവുമായി രോഗത്തോട് പൊരുത്തപ്പെട്ട് കച്ചവടവും മറ്റു രാഷ്ട്രീയ സേവന മേഖലകളിൽ പഴയ പോലെ സജീവമാകാൻ ഞാനും ശ്രദ്ധിച്ചു. മൂന്ന് മാസത്തിനു ശേഷം ക്രിയാറ്റിൻ അളവ് കുറഞ്ഞ് 6.7 എന്ന സ്ഥിതിയിലേക്ക് വന്നു അത് എല്ലാവർക്കും പ്രതീക്ഷ നൽകി. പതിയെ ഒരു രോഗി എന്നത് ഞാനും മറന്ന് തുടങ്ങി

ഒരോ മൂന്ന് മാസം കൂടുമ്പോഴും ക്രിയാറ്റിൻ കുറഞ്ഞ് 4.8 വരെ എത്തി. എന്നാൽ പിന്നീട് എല്ലാം താളം തെറ്റി. വൃക്ക മാറ്റിവെക്കൽ അല്ലാതെ പോംവഴികളില്ലെന്ന് ഡോക്ടർ തീർത്തു പറഞ്ഞു. പിറ്റേന്ന് വീട്ടിൽ വന്ന സുഹൃത്ത് മാടഞ്ചേരി എനിക്ക് വൃക്ക നൽകാൻ തയ്യാറാണെന്ന് പറഞ്ഞപ്പോൾ ആ സ്നേഹത്തിനു മുൻപിൽ എന്നോട് വാവിട്ടു കരഞ്ഞു പോയി. പക്ഷേ എന്റെ ഭാര്യ ഒരു ഉറച്ച തീരുമാനമെടുത്തിരുന്നു അവളുടെ വൃക്കയായിരിക്കണം എനിക്ക് വെക്കേണ്ടത് എന്ന്. നിശബ്ദമായി വീട്ടിലിരുന്ന കുറച്ച് ദിവസങ്ങൾക്ക് ശേഷം അത് വരെ പലരും പറഞ്ഞ ആയൂർവേദത്തിൽ ഒരു പരീക്ഷണം നടത്താൻ ഞാനും തീരുമാനമെടുത്തു.

അങ്ങനെ മഞ്ചേരിയിലുള്ള ഒരു പാരമ്പര്യ വൈദ്യരെ കണ്ടു കഷായവും മരുന്നും പഥ്യയുമായി ഒരു വർഷം കടന്നു പോയി. നോൺ വെജ് ഉൾപ്പെടെ പല ഭക്ഷണങ്ങളും ഉപേക്ഷിക്കേണ്ടി വന്നു അങ്ങനെ ഒരു വർഷം കൊണ്ട് 75 കിലോ ഭാരമുണ്ടായിരുന്ന ഞാൻ 58 കിലോ വരെയായി. കാണുന്ന വരുടെ സങ്കടം കലർന്ന നോട്ടവും ശരീരത്തിലെ ക്ഷീണവും കാരണം എല്ലാ മേഖലയിൽ നിന്നും ഞാൻ ഉൾവലിയാൻ തുടങ്ങി. ഏതാണ്ട് ഒന്നര വർഷം ചികിത്സിച്ചിട്ടും കാര്യമായ ഒരു പുരോഗതിയും കിട്ടാതായപ്പോൾ എല്ലാ ചികിത്സയും നിർത്തി ഞാൻ സാധാരണ പോലെ ജീവിക്കുവാൻ തുടങ്ങി. ആറു മാസം ഇങ്ങനെ പോയപ്പോൾ ക്രിയാറ്റിൻ12 ഉം Hb 8 ഉം എന്ന അവസ്ഥയിൽ എത്തി. ക്ഷീണം കാരണം ഷോപ്പിൽ പോകുന്നത് പോലും കുറഞ്ഞു

അങ്ങനെ 2019 ഡിസംബർ 22 ന് ഒരു ചെറിയ ചെവിവേദന വന്നു രണ്ട് മൂന്ന് ദിവസം കൊണ്ട് വേദന കൂടി പിടിച്ചു നിൽക്കാൻ കഴിയാത്ത സ്ഥിതിയായി. ഡോക്ടർ ക്രിപ്രാൽ സാറിനെ കാണിച്ചു ക്രിപാൽ സാർ ചെവിയുടെ പ്രശ്നം കോഴിക്കോട്ടെ മനോജ് ഇ എൻടിയിലെ ഡോക്ടർ മനോജ് സാറിനെ കാണിക്കാൻ ആവശ്യപ്പെടുകയും അപ്പോൾ തന്നെ മനോജ് സാറിനെ വിളിച്ച് കൺസൾട്ടേഷനു വേണ്ട സൗകര്യങ്ങൾ ഏർപ്പാടാക്കിത്തരികയും ചെയ്തു. മനോജ് സാറിനെകാണിച്ചപ്പോൾ വലത് ചെവിയുടെ കേൾവി ശക്തി എഴുപത് ശതമാനം നഷ്ടപ്പെട്ടിരിക്കുന്നു എന്നും ഉടനെ നാല് ദിവസത്തെ ഇഞ്ചക്ഷൻ കോഴ്സ് എടുക്കണമെന്നും പറഞ്ഞു.

ഞാൻ ഡോക്ടറോട് കിഡ്നിയുടെ സ്ഥിതിയും ക്രിയാറ്റിൻ അളവും പറഞ്ഞു. ഉടനെ ഡോക്ടർക്ക് എന്റെ നെഫ്രോളജിസ്റ്റുമായി ഫോണിൽ വിളിക്കണമെന്നും ചർച്ച ചെയ്യണമെന്നും പറഞ്ഞു. രണ്ട് വർഷത്തോളമായി ഒരു നെഫ്രോളജിസ്റ്റിനെയും കാണാത്ത ഞാൻ ആരുടെ നമ്പർ നൽകും? വീണ്ടും ഹോസിപിറ്റലിൽ പോയി ചികിത്സ ആരംഭിച്ചു. പിന്നീട് ക്ഷീണം കൂടിക്കൂടി വന്നു. നെഞ്ചു വേദനയും എരിച്ചിലും ശക്തമായി. വീണ്ടും ഇഖ്റ ഹോസ്പിറ്റലിൽ എത്തി.

പിറ്റേന്ന് രാവിലെ നെഞ്ചിൽ കത്രീറ്റർ ഘടിപ്പിച്ച് ഡയാലിസിസ് ആരംഭിച്ചു. തുടർന്ന് ചേമഞ്ചേരി തണലിൽ വെച്ച് ഡയാലിസിസ് അതുവരെ അവിടെയുള്ള വൃക്കരോഗികളുടെ ക്ഷേമം അന്വേഷിച്ച് അവർക്ക് വേണ്ടി ഓടിയ ഞാൻ അവരോടൊപ്പം ഡയാലിസിസ് തുടർന്നു. ചേമഞ്ചേരി തണലിലെ സ്റ്റാഫ് ജിജോ ഉൾപ്പെടെയുള്ളവരുടെ സ്നേഹപൂർവ്വമായ പരിചരണത്താൽ എന്റെ ആരോഗ്യനില വളരെ നന്നായി മുന്നോട്ട് പോയി. ശരീരത്തിന്റെ പഴയ ഉന്മേഷം മെല്ലെ മെല്ലെ തിരിച്ചു വന്നു. ശരീരഭാരം വീണ്ടും 72 കിലോയിലെത്തി. എല്ലാം പഴയപടിയായി. ഒന്നിടവിട്ട ദിവസങ്ങളിൽ ഡയാലിസിസ് ഒരു ജീവിതചര്യ പോലെ തുടർന്നു പോന്നു. വീണ്ടും വൃക്ക മാറ്റി വെക്കൽ ശസ്ത്രക്രിയയെപ്പറ്റി ചിന്തിച്ചു തുടങ്ങുമ്പോഴാണ് കോവിഡ് മഹാമാരി പിടിമുറുക്കിയത്. സാമ്പത്തിക പ്രയാസവും രൂക്ഷമായി. ലോണുകളുടെ തിരിച്ചടവുകളും മുടങ്ങി. കയ്യിൽ ചികിത്സക്കായി ആകെയുള്ളത് സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസിന്റെ ഒരു പോളിസി മാത്രം അതാണെങ്കിൽ ശസ്ത്രക്രിയാ ചെലവ്ക്ക് മതിയാവുകയുമില്ല.

തുടർന്ന് കോഴിക്കോട് ആസ്റ്റർ മിംസ് ജീവനക്കാരായ സുഹൃത്ത് അരുൺ മണമ്മലുമായി സംസാരിച്ചു. തുടർന്ന് മിംസ് സി ഇ ഒ ഫർഹാൻ സാറിനെ പോയി കണ്ടു. ഇതിനിടയിൽ എനിക്ക് വൃക്ക തരാൻ തയ്യാറായി എന്റെ മാതാവും ഭാര്യയുടെ മാതാവും മുന്നോട്ട് വന്നു. പക്ഷേ പരിശോധനകളിൽ രണ്ടും എനിക്ക് അനുയോജ്യമാകുമായിരുന്നില്ല. എനിക്ക് വേണ്ടി ഒരു പാട് സുഹൃത്തുക്കൾ കൂടെ നിന്നു. കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ ചെയർമാൻ ശിഹാബുദ്ദീൻ, മാടഞ്ചേരി സത്യനാഥൻ, അനസ് മുബാറക്, ടി ടി ബഷീർ, വിജയൻ കണ്ണഞ്ചേരി, ദാവൂദ് ശോഭിക, അൻസാർ കൊല്ലം, മുസ്തഫ ഒലീവ് ഇങ്ങനെ ഒരുപാടു പേർ.

ഓഗസ്റ്റ് 15 ന് ഞാനും ഭാര്യയും മിംസിൽ അഡ്‌മിറ്റായി. ഓഗസ്റ്റ് 18ന് സർജറി മിംസ് ട്രാൻസ് പ്ലാന്റ് വിംഗിലെ എല്ലാ ഡോക്ടർമാരും റൂമിലെത്തി വിവരങ്ങൾ ചോദിക്കുന്നു. ടെൻഷൻ അടിക്കാതിരിക്കാൻ ഉപദേശിക്കുന്നു. 18 ന് രണ്ട് മണിക്ക് തിയേറ്ററിൽ കയറ്റിയ എന്നെ വൈകുന്നേരം ഏഴ് മണിക്ക് ട്രാൻസ് പ്ലാന്റ് ഐ സി യു വിലേക്ക് മാറ്റി. പൂർണ്ണമായും ബോധാവസ്ഥയിലേക്ക് മാറുമ്പോൾ രാത്രി ഒരു മണിയായിരുന്നു. ഡോക്ടർമാരുടെയും നഴ്സുമാരുടെയും സ്നേഹ പരിചരണങ്ങളാൽ ഞാൻ പതിയെ ജീവിതത്തിലേക്ക് തിരിച്ചു വന്നു. എട്ടാം നാൾ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജായി. ഡോക്ടർമാരായ ഫിറോസ് അസീസ്, സജിത്ത് നാരായണൻ, രവി കുമാർ, ഡോ. ഇസ്മയിൽ, അഭയ് ആനന്ദ്, സുർദാസ്, ആശുപത്രി സി ഇ ഒ ഫർഹാൻ, ആൻഫി മിജോ, അരുൺ മണൽ എന്നിവർക്കെല്ലാം നന്ദി പറഞ്ഞുകൊണ്ടാണ് കെ കെ ഫാറൂഖ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP