Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോടാലിയിലെ ചുമട്ടു തൊഴിലാളിയായി തുടക്കം; കോടീശ്വരനായപ്പോഴും പാവങ്ങളോട് ദയ കാണിച്ചു; പഠിച്ചില്ലെങ്കിലും സംസ്‌കൃത ശ്ലോകങ്ങൾ ഹൃദിസ്ഥം; ശത്രുവിന്റെ ഒളിത്താവളത്തിൽ നിന്നും തട്ടിക്കൊണ്ടു പോയ മകനെ തിരിച്ചു കൊണ്ടുവന്ന ശേഷം ഒളിവിൽ ഇരുന്ന് ഓരോ ശത്രുവിനെയും വീഴ്‌ത്തുന്ന കോടാലി ശ്രീധരന്റെ ജീവിത കഥ

കോടാലിയിലെ ചുമട്ടു തൊഴിലാളിയായി തുടക്കം; കോടീശ്വരനായപ്പോഴും പാവങ്ങളോട് ദയ കാണിച്ചു; പഠിച്ചില്ലെങ്കിലും സംസ്‌കൃത ശ്ലോകങ്ങൾ ഹൃദിസ്ഥം; ശത്രുവിന്റെ ഒളിത്താവളത്തിൽ നിന്നും തട്ടിക്കൊണ്ടു പോയ മകനെ തിരിച്ചു കൊണ്ടുവന്ന ശേഷം ഒളിവിൽ ഇരുന്ന് ഓരോ ശത്രുവിനെയും വീഴ്‌ത്തുന്ന കോടാലി ശ്രീധരന്റെ ജീവിത കഥ

തൃശൂർ: കുഴൽപ്പണമാഫിയയെ സംബന്ധിച്ചിടത്തോളം കടുവയെപ്പിടിച്ച കിടുവയാണ് കോടാലി ശ്രീധരൻ. നിയമവിരുദ്ധമാർഗങ്ങളിലൂടെ കുഴൽപണമിടപാടു നടത്തിവരുന്ന വൻ മാഫിയകളെ തട്ടിച്ചു പണവുമായി കടക്കുന്ന കോടാലി അവരുടെ വർഗശത്രുവാണ്. കള്ളപ്പണമായതിനാൽ കോടാലിക്കെതിരേ പൊലീസിൽ പരാതി നൽകാനാവില്ല.

അതുകൊണ്ടാണ് കൊടാലിയെ കൊലപ്പെടുത്തുന്നതിനെക്കാൾ ഫലപ്രദമായ മാർഗമായി മകൻ അരുണിനെ തട്ടിക്കൊണ്ടുപോയത്. അതു കോടാലിയെ വേദനിപ്പിക്കുമെന്നും കോടാലി ഇതോടെ കീഴടങ്ങുമെന്നും അവർ കണക്കുകൂട്ടി. എന്നാൽ എല്ലാ കണക്കുകൂട്ടലും തെറ്റിച്ച് അവരുടെ ഒളിത്താവളത്തിൽനിന്നു അരുണിനെ രക്ഷപ്പെടുത്തിക്കൊണ്ടുപോവുകയും മകനെ തട്ടിക്കൊണ്ടുപോയവർക്കെതിരേ ഒളിവിലിരുന്ന് പൊലീസിനു വിവരങ്ങൾ ചോർത്തിക്കൊടുക്കുകയുമാണ് കോടാലി ശ്രീധരനെന്ന കുപ്രസിദ്ധ ക്രിമിനൽ. ചില അധോലോകസിനിമയിലെ നായകകഥാപാത്രം പോലെ. എന്നാൽ കോടാലി ശ്രീധരനെപ്പറ്റി സുഹൃത്തുക്കൾക്കു പറയാൻ നല്ല കാര്യങ്ങളേറെ.

തൃശ്ശൂരിലെ മലയോരഗ്രാമമായ കോടലിയിലെ ഐഎൻടിയുസി ചുമട്ടുതൊഴിലാളിയായിരുന്നു ശ്രീധരൻ. കുഴൽപ്പണ തട്ടിപ്പിൽ വിദഗ്ധനായ ഇയാൾക്ക് അന്തർസംസ്ഥാന ബന്ധങ്ങളും ധാരാളമായുണ്ട്. കോടാലിയിലെ വീടും സ്വത്തുക്കളുമെല്ലാം വിറ്റ് മൈസൂരിൽ മുങ്ങികഴിയുമ്പോഴും ശ്രീധരനെ നേരിട്ട് അറിയുന്നവർക്ക് അയാൾ അത്ര അപകടകാരിയായ ക്രിമിനൽ അല്ലത്രേ. കിഴക്കെ കോടാലിയിലെ അമ്പലത്തിലെ ചെലവുകളെല്ലാം വർഷങ്ങളായി നടത്തിയിരുന്നത് ശ്രീധരനായിരുന്നുവെന്ന് പറയുന്നു. പറയത്തക്ക വിദ്യാഭ്യാസമൊന്നുമില്ലെങ്കിലും നിരവധി സംസ്‌കൃത ശ്ലോകങ്ങൾ മനപ്പാഠമായിരുന്നു. സുഹൃത്തുക്കളുടെ സാന്നിധ്യത്തിൽ പലപ്പോഴും ശ്ലോകങ്ങൾ ചൊല്ലി അർത്ഥം പറയാറുണ്ട്. ക്ഷേത്രത്തിലെ പൂജാദി കർമ്മങ്ങൾക്ക് മുടക്കം വരുത്താത്ത ഇയാൾ ജയിൽവാസക്കാലത്ത് നല്ല പുസ്തകങ്ങൾ തെരഞ്ഞെടുത്ത് വായിക്കാനും ശ്രമിച്ചിരുന്നു. സുഹൃത്തുക്കളുടെ സഹായത്താൽ ഭാര്യ വഴിയാണ് ഇരിങ്ങാലക്കുട സബ്ജയിലിൽ കഴിയുമ്പോൾ പുസ്തകങ്ങൾ എത്തിച്ചിരുന്നത്.

ആളുകളെ ആകർഷിക്കുന്നതരത്തിൽ സംസാരിച്ചിരുന്ന ശ്രീധരന് പൊലീസിലും പത്രപ്രവർത്തകർക്കിടയിലും നല്ല സുഹൃത്തുക്കളും ഉണ്ടായിരുന്നു. കേസ്സുകൾ ഒന്നൊന്നായി വരുമ്പോൾ അവയിൽ നിന്നും രക്ഷപ്പെടാൻ രാഷ്ട്രീയക്കാർക്കും പൊലീസ് ഉദ്യോഗസ്ഥർക്കും ശ്രീധരൻ നൽകിയത് കോടികളായിരുന്നു. തൃശ്ശൂർ പൂങ്കുന്നത്തെ ഫ്്ളാറ്റിലെ കൊലപാതകവുമായി ബന്ധപ്പെട്ട് കെപിസിസി സെക്രട്ടറിസ്ഥാനം നഷ്ടപ്പെട്ട ഒരു കോൺഗ്രസ്സ് നേതാവ് ശ്രീധരനെ ചൂഷണം ചെയ്തതിനു കണക്കില്ല. ഫ്ളാറ്റിൽ എ.സി വരെ വാങ്ങിനൽകിയിരുന്നുവത്രെ. എപ്പോഴും പണത്തിനായി ശ്രീധരനെ ഇവർ ഉപയോഗിച്ചിരുന്നു.നായാട്ടുകാരും വാറ്റുകാരുമായി നല്ല ബന്ധം പുലർത്തിയിരുന്ന ശ്രീധരൻ തൃശ്ശൂരിലെ മലയോരമേഖലയിലെ ചാരായവാറ്റിന്റെ വിശദമായ ചിത്രങ്ങളും വിവരങ്ങളും ചില പത്രപ്രവർത്തകർക്ക് ചോർത്തിനൽകിയിട്ടുണ്ട്.

താൻ തെറ്റുചെയ്യുന്നില്ലെന്ന മനോഭാവമായിരുന്നു കുഴൽപ്പണം തട്ടിപ്പുമായി ബന്ധപ്പെട്ട് ശ്രീധരനുണ്ടായിരുന്നത്. താൻ ഉൾപ്പെടാത്ത പല കേസുകളും തന്റെ പേരിലാക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുന്ന പൊലീസ് ഉദ്യോഗസ്ഥരായിരുന്നു ശ്രീധരന്റെ സ്ഥിരം തലവേദന. ഒരിക്കൽ ശ്രീധരനു ബന്ധമില്ലാത്ത കൊയിലാണ്ടിയിലെ ഒരുകുഴൽപ്പണ തട്ടിപ്പുകേസ്സുമായി ബന്ധപ്പെട്ട്, ഭീഷണിപ്പെടുത്തി ശ്രീധരനിൽനിന്നും പണം വാങ്ങിയിരുന്ന ക്രൈംബ്രാഞ്ച് ഡിവൈ.എസ്‌പിയെ അയാളുടെ ശബ്ദം റെക്കോഡ് ചെയ്തു കേൾപ്പിച്ചാണ് രക്ഷപ്പെട്ടത്. ശ്രീധരനെ കേസ്സിൽപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ഇയാൾ ലക്ഷങ്ങൾ വാങ്ങിയിട്ടും സ്വസ്ഥതയില്ലാതെ വന്നപ്പോഴായിരുന്നുവത്രെ ഈ പ്രയോഗം.

ശ്രീധരൻ കഷ്ടപ്പെടുന്നവരേയും സാധാരണക്കാരേയും ദ്രോഹിക്കാറില്ലെന്നു മാത്രമല്ല, അവരെ പലപ്പോഴും പണം നൽകിയും അല്ലാതെയും സഹായിക്കാറുമുണ്ടെന്നും ശ്രീധരന്റെ സുഹൃത്തുക്കൾ പറയുന്നു. മരോട്ടിച്ചാൽ വല്ലുരിൽ സാമ്പത്തികബുദ്ധിമുട്ടുള്ള ഗൃഹനാഥന്റെ ഭൂമി പണയമെടുത്തു പണം നൽകി. ശ്രീധരന്റെ സുഹൃത്തിന്റെ പേരിലാണ് ഇടപാടുകൾ നടന്നതെങ്കിലും പണം ശ്രീധരന്റേതായിരുന്നു. ഭൂമി തിരിച്ചെടുക്കാൻ പണവുമായെത്തിയപ്പോൾ സുഹൃത്ത് മുടന്തൻന്യായങ്ങൾ പറഞ്ഞ് ഒഴിവാക്കുകയായിരുന്നു. ശ്രീധരനാണ് പുറകിലെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു ഇത്. എന്നാൽ ഇയാൾ ശീധരനെ നേരിട്ട് ബന്ധപ്പെട്ട് കാര്യം ധരിപ്പിച്ചു. ബാക്കി പണം ഉള്ളപ്പോൾ തന്നാൽ മതിയെന്നു പറഞ്ഞ് ഭൂമി എഴുതിക്കൊടുക്കാൻ സുഹൃത്തിന് കർശനമായ താക്കീതുനൽകുകയായിരുന്നു ശ്രീധരൻ.. പ്രശ്നം ഉടൻ പരിഹരിക്കപ്പെടുകയും ചെയ്തു.

കോടാലി ശ്രീധരന്റെ ഇക്കഥകൾ എല്ലാം പതിറ്റാണ്ടുകൾ മുൻപുള്ളവയാണെങ്കിലും അയാളെ അറിയുന്ന തൃശ്ശൂർക്കാർക്ക് അതും ശ്രീധരനെക്കുറിച്ചുള്ള ഓർമ്മകളാണ്. നിറയെ കൂട്ടാളികളുമായി അഞ്ചോ ആറോ വാഹനങ്ങളുടെ അകമ്പടിയോടെയാണ് ഇയാൾ യാത്ര ചെയ്തിരുന്നത്. മുന്തിയ ഹോട്ടലുകളിൽ കയറി ആർഭാടജീവിതം് നയിച്ചിരുന്ന ശ്രീധരൻ വലിയ വിലയുള്ള വസ്ത്രങ്ങളും ഷൂവുമെല്ലാമാണ് ഉപയോഗിച്ചിരുന്നത്. ഭാര്യയും മകനും മകളുമടങ്ങുന്ന കുടുംബവും എന്നും ഒപ്പമുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP