Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അവിവാഹിത ആദിവാസി അമ്മമാരുടെ വിഷയം മാദ്ധ്യമ ശ്രദ്ധയിൽ കൊണ്ടുവന്നു; അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ പോരാടി; ദലിത് വിദ്യാർത്ഥികൾക്കായി സിവിൽ സർവീസ് കോച്ചിങ് സെന്റർ തുടങ്ങി; സാമൂഹ്യ പ്രവർത്തക ധന്യാ രാമന്റെ കഴുത്തിൽ കത്തിവച്ച് വധിക്കാൻ ശ്രമിച്ചവർക്ക് പിന്നിലാര്?

അവിവാഹിത ആദിവാസി അമ്മമാരുടെ വിഷയം മാദ്ധ്യമ ശ്രദ്ധയിൽ കൊണ്ടുവന്നു; അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ പോരാടി; ദലിത് വിദ്യാർത്ഥികൾക്കായി സിവിൽ സർവീസ് കോച്ചിങ് സെന്റർ തുടങ്ങി; സാമൂഹ്യ പ്രവർത്തക ധന്യാ രാമന്റെ കഴുത്തിൽ കത്തിവച്ച് വധിക്കാൻ ശ്രമിച്ചവർക്ക് പിന്നിലാര്?

അരുൺ ജയകുമാർ

തിരുവനന്തപുരം: ദേശീയ തലത്തിൽ നടക്കുന്ന ദളിത് പീഡനങ്ങൾക്കെതിരെ പരമാവധി പ്രതിഷേധവുമായി രംഗത്തുവരാറുണ്ട് മലയാളികൾ. എന്നാൽ കേരളത്തിന് അകത്തു നടക്കുന്ന ദളിത് പീഡനങ്ങളോട് മുഖം തിരിഞ്ഞു നിൽക്കുകയും ചെയ്യുന്നു എന്ന ആക്ഷേപം ശക്തമാണ് താനും. കേരളത്തിലെ ആദിവാസി മേഖലയിൽ പ്രവർത്തനം നടത്തുന്ന ധന്യാ രാമന് നേരെ കഴിഞ്ഞ ദിവസം വധശ്രമം ഉണ്ടായി. ശനിയാഴ്‌ച്ച പുലർച്ചെ ധന്യയുടെ തിരുവനന്തപുരം തിരുമലയിലെ വീട്ടിലെത്തിയ അക്രമി കഴുത്തിൽ കത്തിവെക്കുകയായിരുന്നു. ആദിവാസികൾക്ക് വേണ്ടി ധന്യ നടത്തുന്ന ഇടപെടൽ പല വേളയിലും പലരെയും ചൊടിപ്പിച്ചിട്ടുണ്ട്. ഇത്തരത്തിൽ ശത്രുതയുള്ള ആളുകൾ തന്നെയാണ് ധന്യക്കെതിരായ ആക്രമണത്തിന് പിന്നിലെന്ന ആരോപണവും ശക്തമാണ്.

ആദിവാസി കുഞ്ഞുങ്ങളെ ബലാസംഗം ചെയ്തതുൾപ്പെടെ നിരവധി കേസുകളെ കുറിച്ചുള്ള വിഷയങ്ങൾ മാദ്ധ്യമ ശ്രദ്ധയിൽപ്പെടുത്തിയത് ധന്യയുടെ ഇടപെടലായിരുന്നു. ട്രൈബൽ ഡിപ്പാർട്ട്‌മെന്റിൽ തന്റെ പരാതിയുടെ അടിസ്ഥാനത്തിൽ അഴിമതിക്കേസിൽ അന്വേഷണം നേരിടുന്നവരും ഇതിന് പിന്നിലുണ്ടാവാമെന്നാണ് ധന്യ മറുനാടൻ മലയാളിയോട് പറഞ്ഞത്. ആദിവാസി മേഖലയിൽ ശക്തമായ പ്രവർത്തനം നടത്തുന്ന ധന്യയ്ക്ക് അക്രമണങ്ങൾ പുത്തരിയല്ല. ഇത് രണ്ടാം തവണയാണ് ഇവർക്ക് നേരെ ആക്രമണം ഉണ്ടാകുന്നത്.

രാത്രിയിൽ സ്ഥിരമായി ആരോ വീട്ടു വളപ്പില് കയറുന്നത് ശ്രദ്ധയില് പെട്ടതോടെ ദിവസങ്ങളായി പൊലീസ് സംരക്ഷണത്തിലായിരുന്നു ധന്യയും കുടുംബവും. കഴിഞ്ഞ ശനിയാഴ്ച പൊലീസിന്റെ കണ്ണില് പെടാതെയാണ് അക്രമി വാതില് തകര്ത്ത് വീടിനകത്ത് കയറിയത്. ആദിവാസി ദലിത് സാമൂഹിക പ്രവര്ത്തക ഏഴ് വര്ഷത്തെ സജീവ പ്രവര്ത്തനത്തിനിടെ വിവിധ കേസുകളില് പലരേയും നിയമത്തിന് മുന്നില് കൊണ്ടുവരാന് കഴിഞ്ഞിട്ടുണ്ടെന്നും ഇത്തരക്കാർ തന്നയാകും അക്രമത്തിനു പിന്നിലെന്നാണ് കരുതുന്നതെന്നും അവർ പറഞ്ഞു.

ആദിവാസി ദലിത് മേഖലയിലെ സമാനതകളില്ലാത്ത പ്രവർത്തനവും സേവനങ്ങളുമാണ് ധന്യ രാമൻ എന്ന പൊതു പ്രവർത്തകയെ മറ്റുള്ളവരിൽ നിന്നു വ്യത്യസ്തയാക്കുന്നത്. പൊതുപ്രവർത്തന രംഗത്തേക്കുള്ള ധന്യ രാമന്റെ താത്പര്യത്തിനു കാരണം പൊതുപ്രവർത്തകനും ദലിത് നേതാവുമായ അച്ഛൻ പി.കെ രാമൻ തന്നെയാണ്. 1982 ഒക്ടോബർ ഒന്നിന് പി.കെ രാമൻ യശോദ ദമ്പതികളുടെ മകളായി കാസർകോട് കള്ളാർ എന്ന ഗ്രാമത്തിലെ ലക്ഷം വീട് കോളനിയിൽ ജനിച്ച ധന്യ കാസർകോട് രാജപുരം ഹോളി ഫാമിലി സ്‌കൂളിലും കാഞ്ഞങ്ങാട് നെഹറു കോളേജ് എന്നിവിടങ്ങളിലായാണ് സ്‌കൂൾ പ്രീഡിഗ്രീ വിദ്യാഭ്യാസം പൂർത്തിയാക്കിയത് തുടർന്ന് കണ്ണൂർ കൂത്ത്പറമ്പ് നിർമലാഗിരി കോളേജിൽ നിന്ന് ബിരുദവും നേടി. ധന്യ കുട്ടിക്കാലം മുതൽ തന്നെ കണ്ടുവന്ന കാഴ്ചകൾ അവരെ നന്നായി സ്വാധീനിച്ചിരുന്നു.

തന്റെ കുട്ടിക്കാലത്ത് അയൽവാസിയായ ബാലൻ എന്ന തെയ്യം കലാകാരന്റെ ഭൂമി ചില കുടിയേറ്റക്കാർ കയ്യേറുകയും അത് ചോദ്യം ചെയ്ത ബാലനെ അവർ മർദ്ദിച്ച് കൊലപെടുത്തുകയുമായിരുന്നു. കൊല്ലപ്പെട്ട ബാലൻ എന്നയാളുടെ കുടുംബം പൊതുപ്രവർത്തകനായ തന്റെ അച്ഛനെ കാണാൻ വന്നതും തങ്ങളുടെ സങ്കടം പറഞ്ഞ് അലറി കരഞ്ഞതുമാണ് തന്നെ വല്ലാതെ പിടിച്ച് കുലുക്കി. ഇതോടെയാണ് പൊതുപ്രവർത്തനമാണ് തന്റെ മേഖല എന്ന തീരുമാനത്തിലേക്കെത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചതെന്നും അവർ പറഞ്ഞു. കുഞ്ഞിലെ മുതൽ താൻ രാവിലെ ഉറക്കമുണരുന്നതു മുതൽ കണ്ടിരുന്നത് അച്ഛനെ കാണാനും പരാതികൾ ബോധിപ്പിക്കാനുമായി എത്തിയിരുന്ന ദലിതരെയും ആദിവാസികളേയും മറ്റു പോതുജനങ്ങളേയുമൊക്കെയാണ്. അന്നുമുതൽ തന്നെ സമൂഹത്തിൽ അവർ അനുഭവിച്ചിരുന്ന ദുരനുഭവങ്ങൾ ധന്യ മനസ്സിലാക്കിതുടങ്ങിയിരുന്നു.

ഇതു തന്നെയാണ് പിന്നീട് ധന്യ എന്ന പൊതുപ്രവർത്തകയുടെ പ്രവർത്തനങ്ങൾക്ക് ഊർജ്ജമായി മാറിയതും. വീട്ടിൽ തുളു ഭാഷയാണ് സംസാരിച്ചിരുന്നതെങ്കിലും അച്ഛനെ കാണാൻ എത്തുന്നവർക്ക് അപേക്ഷകളും നിവേദനങ്ങളുമൊക്കെ എഴുതി നൽകിയാണ് മലയാള ഭാഷ പഠിച്ചതെന്നും അവർ മറുനാടനോട് പറഞ്ഞു. ബിരുദം നേടിയ ശേഷമാണ് ധന്യ പൊതുപ്രവർത്തനരംഗത്ത് സജീവമാകുന്നത്. 2005 മുതലാണ് ധന്യ ആദിവാസി ഊരുകളിലേക്ക് നേരിട്ടിറങ്ങിയുള്ള പ്രവർത്തനങ്ങൾ സജീവമാക്കുന്നത്. 2007ൽ വിവാഹിതയായി തിരുവനന്തപുരത്തേക്ക് എത്തുകയായിരുന്നു. എന്നാൽ സംസ്ഥാനത്തുടനീളം ആദിവാസി ദലിത് മേഖലയിൽ സജീവമായി പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിനും മറ്റുമായി ഭർത്താവ് രാജൻ ഭാനു നല്ല പിന്തുണ നൽകുന്നതായും അവർ പറഞ്ഞു.

2500ൽപ്പരം ആദിവാസി ഊരുകൾ അവർ ഇതിനോടകം നേരിട്ട് സന്ദർശിച്ചിട്ടുണ്ട്. ഊരുകൾ സന്ദർശിച്ച് ആദിവാസികളുടെ പ്രശനങ്ങൾ നേരിട്ട് പഠിക്കുകയും അതിന് പരിഹാരം കാണുന്ന രീതിയിൽ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടു പോകുകയും ചെയ്യുന്നതിൽ അവർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. നിരവധി മാതൃകാ ഊരുകൾ സ്ഥാപിക്കാനായതാണ് അവരുടെ പ്രവർത്തനങ്ങളിലെ മറ്റൊരു സവിശേഷത ഇതിന് ഉത്തമ ഉദാഹരണമാണ് തിരുവനന്തപുരം പെരിങ്ങമല പോട്ടോക്കാവ് ആദിവാസി ഊര്. 52 ഏക്കറിലായി 82 കുടുംബങ്ങൾ താമസിക്കുന്ന ഇവിടെ കുടിവെള്ളം വൈദ്യുതി കൃഷി റോഡ് പ്രൈമറി ഹെൽത്ത് സെന്റർ തുടങ്ങിയ മികച്ച സൗകര്യങ്ങളാണുള്ളത്. ഇത്തരം ഊരുകൾ നിർമ്മിക്കുന്നതിനായി പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതുലും അവർ പ്രത്യേകം ശ്രദ്ധ നൽകുന്നു.

മറ്റുള്ളവരും ആദിവാസി ദലിത് സമൂഹവും തമ്മിൽ ഒരു വ്യത്യാസവും ഇല്ലെന്നും എല്ലാവർക്കും ഒരുപോലെ സൗകര്യങ്ങൾ ലഭിക്കേണ്ടത് സാമൂഹ്യ നീതിയുടെ ഭാഗമാണെന്നും അവർ അഭിപ്രായപ്പെട്ടു. ആദിവാസി ഊരുകളിലെ അവിവാഹിത അമ്മമാർ വർദ്ധിക്കുന്നതിനെ സംബന്ധിച്ച് അവർ നടത്തിയ ഇടപെടലുകളും ശ്രദ്ധേയമാണ്. ആദിവാസി ഊരുകളിൽ അവിവാഹിതരായ സ്ത്രീകളെ വാഗ്ദാനങൾ നൽകി പീഡിപ്പിക്കുകയും എന്നിട്ട് ഗർഭിണിയാക്കിയ ശേഷം മുങ്ങുന്നതും പതിവ് കാഴ്ചയായിരുന്നു. കുടിയേറ്റക്കാരാണ് ഇത്തരം സംഭവങ്ങളിൽ ഭൂരിഭാഗത്തിന്റേയും പിന്നിലെന്നും ആദിവാസി മേഖലയിലുള്ളവരെ ഏറ്റവും കൂടുതൽ ദ്രോഹിക്കുന്നതും കുടിയേറ്റക്കാരാണെന്നും അവർ അഭിപ്രായപ്പെട്ടു.

ഇത്തരം 500 അവിവാഹിത അമ്മമാരുടെ 18 വയസ്സു തികഞ്ഞ മക്കൾക്കോ അല്ലെങ്കിൽ അവർക്കു നേരിട്ടോ സർക്കാറിന്റെ വനം വകുപ്പിൽ ജോലി നൽകുന്നതിനായി സർക്കാറിൽ സമ്മർദ്ദം ചെലുത്തി അതിൽ വിജയം കാണുകയും ചെയ്തിട്ടുണ്ട്. ട്രൈബൽ വകുപ്പിൽ അഴിമതി വ്യാപകമാണെന്നും അത്തരം ഉദ്യേഗസ്ഥർക്കെതിരെ പരാതി നൽകി അവർക്കെതിരെ നടപടി എടുപ്പിക്കുന്നതിലും ധന്യയുടെ ഇടപെടലുകൾ നിർമ്മായകമായിരുന്നു. ഇത്തരം അഴിമതിക്കാർക്കെതിരെ ശബ്ദമുയർത്തിയതും തനിക്കെതിരെ സംഘടിത അക്രമത്തിന് കാരണങ്ങളായി അവർ കരുതുന്നു. എന്നാൽ ഇത്തരം അക്രമങ്ങളും ഭീഷണികളും ഒന്നുംതന്നെ തന്നെ പിന്നോട്ടുവലിക്കില്ല എന്ന ആത്മവിശ്വാസത്തിലാണവർ.

5000ത്തോളം ആദിവാസി ദലിത് കുട്ടികൾക്കായി ആലപ്പുഴ തുറവൂരിൽ സിവിൽ സർവീസ് കോച്ചിംങ്ങ് സെന്റർ പ്രവർത്തനം നടത്തുന്നതും ഇതേ മാതൃകയിൽ തിരുവനന്തപുരത്ത് മറ്റൊരു സെന്ററിനുള്ള പ്രവർത്തനങ്ങളുമായി സജീവമായി മുന്നോട്ടുപോകുകയാണവർ. അതോടോപ്പം തന്നെ അനവധി ആദിവാസി ഊരുകളിലെ കുട്ടികൾക്കായി വിദ്യാഭ്യാസ പരിപാടികൾ സംഘടിപ്പിക്കുന്നു. തന്റെ സജീവ പ്രവർത്തനങ്ങൾക്കായി രാഷ്ട്രീയ സംഘടനകളിൽനിന്നും പൊലീസ് ഉദ്യോഗസ്ഥരിൽനിന്നും തനിക്ക് പിന്തുണ ലഭിക്കുന്നതായും അവർ പറഞ്ഞു.ആദിവാസികളെ ചൂഷണം ചെയ്യുന്ന എസ്റ്റേറ്റ് മുതലാളിമാർക്കെതിരെ നടപടികൾ സ്വീകരിക്കുന്നതിൽ രാഷ്ട്രീയ നേതൃത്ത്വം കുറച്ചെങ്കിലും ആത്മാർതത കാണിക്കണമെന്നും അവർ ആവശ്യപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP