Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കടിച്ചുപറിക്കാൻ 1000 രൂപയുടെ തണ്ടൂരി ചിക്കൻ; അത്താഴത്തിന് ധാനിയ കുർമ; തണ്ടൂരി ഇല്ലാതെ ഭക്ഷണം ഇറങ്ങാത്തത് സജാദ് ലോണിന്; ഭക്ഷണം വിളമ്പുന്നത് സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ; അടിപിടി പേടിച്ച് രാഷ്ട്രീയം പറയാൻ പാടില്ലെന്ന് കർശന ചിട്ട; ഒരേ ആഡംബര ഹോട്ടലിൽ സർക്കാർ ചെലവിൽ ഉണ്ടും ഉറങ്ങിയും കഴിയുന്നത് 37 രാഷ്ട്രീയ നേതാക്കൾ; പ്രത്യേക ഭക്ഷണത്തിന് കാശ് കൊടുക്കേണ്ടത് കൈയിൽ നിന്ന്; ഹോട്ടലിൽ സ്‌പെഷ്യൽ എടിഎമ്മും; കശ്മീരിൽ കരുതൽ തടങ്കലിലായ നേതാക്കളുടെ ജീവിതം ഇങ്ങനെ

കടിച്ചുപറിക്കാൻ 1000 രൂപയുടെ തണ്ടൂരി ചിക്കൻ; അത്താഴത്തിന് ധാനിയ കുർമ; തണ്ടൂരി ഇല്ലാതെ ഭക്ഷണം ഇറങ്ങാത്തത് സജാദ് ലോണിന്; ഭക്ഷണം വിളമ്പുന്നത് സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ; അടിപിടി പേടിച്ച് രാഷ്ട്രീയം പറയാൻ പാടില്ലെന്ന് കർശന ചിട്ട; ഒരേ ആഡംബര ഹോട്ടലിൽ സർക്കാർ ചെലവിൽ ഉണ്ടും ഉറങ്ങിയും കഴിയുന്നത് 37 രാഷ്ട്രീയ നേതാക്കൾ; പ്രത്യേക ഭക്ഷണത്തിന് കാശ് കൊടുക്കേണ്ടത് കൈയിൽ നിന്ന്; ഹോട്ടലിൽ സ്‌പെഷ്യൽ എടിഎമ്മും; കശ്മീരിൽ കരുതൽ തടങ്കലിലായ നേതാക്കളുടെ ജീവിതം ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ശ്രീനഗർ: പ്രത്യേക അധികാരങ്ങൾ നഷ്ടപ്പെടുകയും കശ്മീരിനെ പുനഃസംഘടിപ്പിക്കുകയും ചെയ്തതിന് ശേഷം കശ്മീരിലെ രാഷ്ട്രീയ നേതാക്കൾക്ക് എന്ത് സംഭവിച്ചു എന്നത് സംബന്ധിച്ച അഭ്യൂഹങ്ങൾ പലതും പ്രചരിക്കുന്നുണ്ട്. എന്നാൽ ഇവരിൽ 37 പേർ ഒരേ ഹോട്ടലിൽ സർക്കാർ ചെലവിൽ ഉണ്ടും ഉറങ്ങിയും ജീവിക്കുന്നു എന്നാണ് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ മാസം അഞ്ചാം തീയതി കരുതൽ തടങ്കലിലാക്കിയ രാഷ്ട്രീയ നേതാക്കൾ ആഡംബര ഹോട്ടലായ സെൻതോയിൽ അതീവ സുരക്ഷാ ക്രമീകരണങ്ങൾക്കും നിയന്ത്രണങ്ങൾക്കും നടുവിലാണ് ജീവിക്കുന്നത് എന്നും പത്രം പറയുന്നു. ഹോട്ടലിലെ ഒരു ജീവനക്കാരനാണ് ഈ വിവരം നൽകിയതെന്നാണ് വാർത്തയിൽ സൂചിപ്പിക്കുന്നത്.

അതീവ സുരക്ഷയും കർശന നിയന്ത്രണങ്ങളും നേതാക്കൾക്ക് ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ഭക്ഷണ കാര്യത്തിൽ വലിയ ഇളവുകളാണ് നൽകുന്നത്. 8.15ന് പ്രഭാത ഭക്ഷണം, ഒരു മണിക്ക് ഉച്ചഭക്ഷണം, 9ന് രാത്രി ഭക്ഷണം എന്നതാണു നേതാക്കൾക്കു നിശ്ചയിച്ച സമയം. ഇതിനുള്ള ചെലവ് സർക്കാരാണ് വഹിക്കുന്നത്. അധികമായി ആവശ്യപ്പെടുന്ന പ്രത്യേക ഭക്ഷണത്തിനു കയ്യിൽനിന്നു പണം നൽകണം. അതിനായി ഹോട്ടലിൽ പ്രത്യേക എടിഎം സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

തന്തൂരി ചിക്കൻ കഴിക്കാൻ ഇഷ്ടപ്പെടുന്ന ജമ്മു കശ്മീർ പീപ്പിൾസ് കോൺഫറൻസ് ചെയർമാൻ സജാദ് ലോൺ ദിവസവും 1000 രൂപയാണു ചെലവഴിക്കുന്നത്. ഈദ് ദിവസത്തെ അത്താഴത്തിനായി കരുതൽ തടവുകാർക്ക് പ്രത്യേക വിഭവങ്ങൾ ഒന്നും തന്നെ സർക്കാർ ഒരുക്കിയിരുന്നില്ല. തുടർന്ന് തടവിലുള്ളവരിൽ ഒരാൾ എല്ലാവർക്കുമായി ഓർഡർ ചെയ്ത ധാനിയ കുർമയായിരുന്നു (മത്സ്യം കൊണ്ടുള്ള വിഭവം). ഇതായിരുന്നു അന്നത്തെ പ്രത്യേക ഭക്ഷണം.

മുൻ മന്ത്രി ഇമ്രാൻ റെസാ അൻസാരി, നാഷനൽ കോൺഫറൻസ് നേതാവ് അലി മുഹമ്മദ് സാഗർ, ജമ്മു ആൻഡ് കശ്മീർ പീപ്പിൾസ് കോൺഫറൻസ് അധ്യക്ഷൻ സജാദ് ലോൺ തുടങ്ങിയവർക്കു പ്രത്യേക മുറികളുണ്ട്. ഇമ്രാൻ റെസാ അൻസാരി, അലി മുഹമ്മദ് സാഗർ എന്നിവർക്കൊപ്പം അവരുടെ സഹായികളുമുണ്ട്.

ഭക്ഷണ സമയത്തൊഴികെ നേതാക്കൾ പരസ്പരം കാണുന്നതിനും സംസാരിക്കുന്നതിനും വിലക്കുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണു ഭക്ഷണം വിളമ്പുക. അതിനാൽ രാഷ്ട്രീയ കാര്യങ്ങളും മറ്റും സംസാരിക്കാനാവില്ല. ഒരു ദിവസം വാക്‌പോരും ഉന്തും തള്ളും ഉണ്ടായതിനെ തുടർന്ന് സുരക്ഷ വർധിപ്പിച്ചു. കശ്മീർ താഴ്‌വരയുടെ ചുമതല വഹിച്ചിരുന്ന ഡപ്യൂട്ടി പൊലീസ് സുപ്രണ്ടിനെയാണ് 'സെൻതോ ജയിൽ' എന്ന പേര് ലഭിച്ച ഹോട്ടലിന്റെ സുരക്ഷാ ചുമതല ഏൽപ്പിച്ചിരിക്കുന്നത്.

രാഷ്ട്രീയ വിഷയത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നു മുൻ മുഖ്യമന്ത്രിമാരായ നാഷനൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുല്ല, പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തി എന്നിവരെ വ്യത്യസ്ത സ്ഥലങ്ങളിലേക്കു മാറ്റിയിരുന്നു. ഭീകരവാദം മൂർധന്യാവസ്ഥയിലെത്തിയ കാലത്തു പീഡനകേന്ദ്രമെന്നു പേരു വീണ ഹരി നിവാസിലാണ് ഒമർ അബ്ദുല്ലയെ പാർപ്പിച്ചിരിക്കുന്നത്; മെഹബൂബ മുഫ്തി ഷാശ്‌മേ ഷാഹിയിലുള്ള കോസി കോട്ടേജിലും.

അതിനിടെ,  മുന്മുഖ്യമന്ത്രിമാരായ മെഹ്ബൂബ മുഫ്തിയും ഒമർ അബ്ദുല്ലയും ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്തിയതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. നാല്പത്തിയേഴ് പൊലീസ് സ്റ്റേഷനുകളിൽ കൂടി വാർത്തവിനിമയ സംവിധാനം പുനഃസ്ഥാപിച്ചതായി അധികൃതർ വ്യക്തമാക്കി.

കഴിഞ്ഞ മാസം അഞ്ചിന് കശ്മീരിന്റെ പ്രത്യേക അധികാരം എടുത്തുകളയുന്നതിന് തൊട്ടുമുമ്പായാണ്  കശ്മീരിലെ ബിജെപിയിതര രാഷ്ട്രീയ നേതാക്കന്മാരെ കരുതൽ തടങ്കലിലാക്കിയത്. ഇതിനിടെ കഴിഞ്ഞ ദിവസം ബന്ധുക്കളെ കാണാൻ കശ്മീർ മുൻ മുഖ്യമന്ത്രിമാരായ മെഹ്ബൂബ മുഫ്തിക്കും ഒമർ അബ്ദുല്ലക്കും അനുമതി നൽകിയത്.

ശ്രീനഗറിലെ ഹരിനിവാസിൽ കഴിയുന്ന നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുല്ല സഹോദരി സഫിയയുമായും മക്കളുമായും കൂടിക്കാഴ്ച നടത്തി. ചെസ്മഷാഹിയിൽ കരുതൽ തടങ്കലിൽ കഴിയുന്ന പി.ഡി.പി നേതാവ് മെഹ്ബൂബ മുഫ്തി മാതാവുമായും സഹോദരിയുമായും കൂടിക്കാഴ്ച നടത്തിയതായാണ് റിപ്പോർട്ട്. 20 മിനുട്ട് മാത്രമാണ് കൂടിക്കാഴ്ചക്ക് സമയം അനുവദിച്ചത്.

47 പൊലീസ് സ്റ്റേഷൻ പരിധികളിൽ കൂടി വാർത്ത വിനിമയ സംവിധാനം പുനഃസ്ഥാപിച്ചതായി കശ്മീർ അധികൃതർ അവകാശപ്പെട്ടു. 29 പൊലീസ് സ്റ്റേഷനുകളിൽ നേരത്തെ തന്നെ സൗകര്യമുണ്ട്. ഇതോടെ കശ്മീരിലെ എൺപതിൽ താഴെ പൊലീസ് സ്റ്റേഷൻ പരിധികളിൽ വിനിമയ സംവിധാനം സാധാരണ നിലയിലാണെന്നും ചുരുക്കം പ്രശ്‌നബാധിത മേഖലകളിൽ മാത്രമാണ് നിയന്ത്രണങ്ങളുള്ളതെന്നുമാണ്  കശ്മീർ അധികൃതർ അവകാശപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP