Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

'ആ പൂതി മനസ്സിൽ വച്ചാൽ മതി': തന്നെയും തദ്ദേശമന്ത്രിയെയും ആരെല്ലാമോ ചോദ്യം ചെയ്യുമെന്ന് ധരിച്ചുവശാവരുതെന്ന് മുഖ്യമന്ത്രി പറഞ്ഞെങ്കിലും നേരറിയാൻ സിബിഐ വരും; ലൈഫ് പദ്ധതിയിൽ നേരിട്ട് വിദേശ സഹായം സ്വീകരിച്ചില്ലെന്ന പിണറായിയുടെ വാദവും നിലനിൽക്കുമോ? സിബിഐയുടെ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും മറുപടി പറയേണ്ടി വരും; സെക്രട്ടേറിയറ്റിൽ നിന്ന് വിജിലൻസ് ഫയലുകൾ പിടിച്ചെടുത്തത് സിബിഐ അന്വേഷണം അട്ടിമറിക്കാനെന്ന് പ്രതിപക്ഷവും

'ആ പൂതി മനസ്സിൽ വച്ചാൽ മതി': തന്നെയും തദ്ദേശമന്ത്രിയെയും ആരെല്ലാമോ ചോദ്യം ചെയ്യുമെന്ന് ധരിച്ചുവശാവരുതെന്ന് മുഖ്യമന്ത്രി പറഞ്ഞെങ്കിലും നേരറിയാൻ സിബിഐ വരും; ലൈഫ് പദ്ധതിയിൽ നേരിട്ട് വിദേശ സഹായം സ്വീകരിച്ചില്ലെന്ന പിണറായിയുടെ വാദവും നിലനിൽക്കുമോ? സിബിഐയുടെ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും മറുപടി പറയേണ്ടി വരും; സെക്രട്ടേറിയറ്റിൽ നിന്ന് വിജിലൻസ് ഫയലുകൾ പിടിച്ചെടുത്തത് സിബിഐ അന്വേഷണം അട്ടിമറിക്കാനെന്ന് പ്രതിപക്ഷവും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലൈഫ് മിഷനിൽ നേരറിയാൻ സിബിഐ വന്നതോടെ വിജിലൻസ് അന്വേഷണം നിലനിൽക്കുമോയെന്ന ചോദ്യം ഉയരുന്നതിനിടെ, സെക്രട്ടറിയേറ്റിൽ പരിശോധിച്ച് ചില ഫയലുകൾ വിജിലൻസ് പിടിച്ചെടുത്തിരിക്കുകയാണ്. സിബിഐ അന്വേഷണം മുന്നിൽ കണ്ട് വിജിലൻസ് ഫയലുകൾ കടത്തി എന്നാണ് കെപിസിസി പ്രസിഡന്റ് അടക്കം പ്രതിപക്ഷ നേതാക്കൾ ആരോപിച്ചത്. അതേസമയം,
ലൈഫ് മിഷൻ ക്രമക്കേടിൽ മുഖ്യമന്ത്രിയും മന്ത്രിമാരും സിബിഐയുടെ അന്വേഷണ പരിധിയിൽ വരുമെന്നാണ് സൂചന. മുഖ്യമന്ത്രിയെയും തദ്ദേശഭരണ മന്ത്രിയെയും ആരെല്ലാമോ ചോദ്യം ചെയ്യുമെന്നു ധരിച്ചു വച്ചിട്ടുണ്ടെങ്കിൽ ആ പൂതി മനസ്സിൽ വച്ചാൽ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസമാണ് മാധ്യമ പ്രവർത്തകരോട് പറഞ്ഞത്.

മുഖ്യമന്ത്രിക്കും തദ്ദേശ മന്ത്രിക്കുമെല്ലാമെതിരെ ആരോപണം ഉയരുന്ന ലൈഫ് പദ്ധതി ക്രമക്കേട് മുഖ്യമന്ത്രിക്കു കീഴിലെ വിജിലൻസ് തന്നെ അന്വേഷിക്കാൻ തീരുമാനിച്ചത് സിബിഐ അന്വേഷണം ഭയപ്പെട്ടിട്ടാണോ എന്ന ചോദ്യമാണു മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്.

''നിങ്ങളുടെയൊക്കെ മാനസികാവസ്ഥയുടെ തകരാറാണിത്. അന്വേഷണം നടത്തുന്നില്ല എന്നായിരുന്നു ഇതുവരെ പരാതി. അന്വേഷണം പ്രഖ്യാപിച്ചപ്പോൾ ഭയപ്പെട്ടിട്ടാണോ എന്നായി. മുഖ്യമന്ത്രി ഉൾപ്പെട്ടതല്ല വിജിലൻസ്. അതൊരു സ്വതന്ത്ര ഏജൻസിയാണ്. കേരളത്തിൽ നടന്നു എന്നു പറയുന്ന കുറ്റകൃത്യത്തിൽ ഇവിടെയുള്ള ഏജൻസി അന്വേഷിക്കുന്നതിൽ തെറ്റില്ല.''- മുഖ്യമന്ത്രി പറഞ്ഞു. ഇതെല്ലാം വെള്ളിയാഴ്ച അനിൽ അക്കരയുടെ പരാതിയിൽ സിബിഐ അന്വേഷണം പ്രഖ്യാപിക്കുന്നതിന് മുമ്പായിരുന്നു. വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്‌ളാറ്റ് നിർമ്മാണ പദ്ധതി മുഖ്യമന്ത്രിയുടെ കൂടി സാന്നിധ്യത്തിലാണ് ഒപ്പുവച്ചത്. അതുകൊണ്ട് തന്നെ മുഖ്യമന്ത്രിക്കും, മന്ത്രിമാർക്കും ചോദ്യങ്ങൾക്ക് മറുപടി നൽകേണ്ടി വരും. സർക്കാരാണ് കരാറിലെ രണ്ടാം കക്ഷി. ആദ്യം ധാരണാപത്രം ഒപ്പുവെച്ചത് ലൈഫ് മിഷനും റെഡ്ക്രസന്റും തമ്മിലാണ്. പിന്നീടാണ് പദ്ധതിയുമായി ബന്ധപ്പെട്ട കരാറിലേക്ക് നീങ്ങിയത്.

നേരിട്ട് വിദേശ ഫണ്ട് സ്വീകരിച്ചില്ല എന്ന മുഖ്യമന്ത്രിയുടെ വാദം നിലനിൽക്കുമോയെന്നും സംശയമാണ്. മൂന്നാമത്തെ പ്രതികളുടെ പട്ടികയിലാണ് ലൈഫ് മിഷന്റെ 'അൺനോൺ ഒഫീഷ്യൽസ്' എന്ന് ചേർത്തിരിക്കുന്നത്. അൺനോൺ ഒഫീഷ്യൽസ് എന്നത് ലൈഫ് മിഷന്റെ ഏറ്റവും സുപ്രധാനമായ ചുമതല വഹിക്കുന്നവരും നേരിട്ട് ഇടപാടുകൾ നടത്തിയിട്ടുള്ളവരുമാണ്. ലൈഫ് മിഷന്റെ ചെയർമാനായ മുഖ്യമന്ത്രിയും വൈസ് ചെയർമാനായ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയും ഇതിൽ ഉൾപ്പെടുന്നുണ്ട്.

സെക്രട്ടേറിയറ്റിൽ നിന്ന് ഫയലുകൾ പിടിച്ചെടുത്ത് വിജിലൻസ്

ലൈഫ് മിഷൻ പദ്ധതിയിലെ കോഴ ഇടപാട് അന്വേഷിക്കുന്ന വിജിലൻസ് സംഘം സെക്രട്ടേറിയറ്റിൽ നടത്തിയ പരിശോധനയിൽ വടക്കാഞ്ചേരിയിലെ വിവാദ ഫ്‌ളാറ്റിന് അനുമതി നൽകിയതുമായി ബന്ധപ്പെട്ട ഫയലുകൾ ശേഖരിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് സെക്രട്ടിയുടെ ഓഫീസിലായിരുന്നു പരിശോധന. അന്വേഷണ സംഘത്തിലെ സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് സെക്രട്ടേറിയറ്റിലെത്തിയത്.അഴിമതിയുണ്ടോ എന്നറിയാൻ പ്രാഥമിക പരിശോധന നടത്താനാണ് വിജിലൻസിന് സർക്കാർ നൽകിയ നിർദ്ദേശം.

രേഖകൾ പരിശോധിച്ച് ഇക്കാര്യം കണ്ടെത്തണമെന്ന് വിജിലൻസ് വ്യക്തമാക്കി. വിജിലൻസ് ഈസ്റ്റേൺ റേഞ്ച് എസ്‌പി വി.ജി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്. ലൈഫ് പദ്ധതിയിൽ നാലേകാൽ കോടിയുടെ കോഴ ഇടപാട് നടന്നതടക്കമുള്ള എല്ലാ ആരോപണങ്ങളും അന്വേഷിക്കാൻ ആഭ്യന്തര സെക്രട്ടറി വിജിലൻസിന് അനുമതി നൽകിയിരുന്നു.

ഫയലുകൾ പിടിച്ചെടുത്ത് സിബിഐ അന്വേഷണം അട്ടിമറിക്കാനോ?

ലൈഫ് കോഴയിൽ സിബിഐ കേസെടുത്തതിന് പിന്നാലെ വിജിലൻസ് ഫയലുകൾ പിടിച്ചെടുത്തത് അന്വേഷണം അട്ടിമറിക്കാനാണെന്ന ആരോപണം ഉയർന്നിട്ടുണ്ട്. കാസർകോട് പെരിയ ഇരട്ടക്കൊലക്കേസ് സിബിഐ ഏറ്റെടുത്തിട്ടും കേസ് രേഖകൾ ക്രൈംബ്രാഞ്ച് കൈമാറാത്ത പശ്ചാത്തലത്തിലാണ് വിജിലൻസ് നടപടിയും സംശയനിഴലിലായത്.

സിബിഐ അന്വേഷണം മുന്നിൽ കണ്ടാണ് വിജിലൻസ്, ലൈഫ് മിഷനിലെ ഫയലുകൾ കടത്തിയതെന്നാണ് മുല്ലപ്പള്ളി രാമചന്ദ്രന്റെ ആരോപണം. ദുരൂഹ സാഹചര്യത്തിലാണ് ഫയലുകൾ കടത്തിയത്. മുഖ്യമന്ത്രിയുടെ വിശ്വസ്തരാണ് വിജിലൻസ്. ലൈഫ് മിഷൻ ക്രമക്കേടിന്റെ അന്വേഷണ പരിധിയിൽ മുഖ്യമന്ത്രിയും വരുമെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു.

ലൈഫ് മിഷനിലെ ക്രമക്കേട് സിബിഐ അന്വഷിക്കുന്നതിൽ സിപിഎമ്മിന് എന്തിനാണ് വെപ്രാളമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒന്നും മറക്കാനില്ലെങ്കിൽ സിബിഐയെ സ്വാഗതം ചെയ്യണം. കേന്ദ്ര ഏജൻസികളെ വിളിച്ചു വരുത്തിയത് മുഖ്യമന്ത്രിയാണെന്നും ചെന്നിത്തല പറഞ്ഞു.

ലൈഫ് മിഷനിലെ സിബിഐ അന്വഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നായിരുന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പ്രതികരണം. മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവും മന്ത്രിമാരും അഴിമതി നടന്നു എന്ന് പറഞ്ഞ കേസാണ്. അതുകൊണ്ടുതന്നെ സിബിഐ അന്വേഷണം രാഷ്ട്രീയ പ്രേരിതമല്ല. ശരിയായ അന്വേഷണമാണ് പ്രതീക്ഷിക്കുന്നതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP