Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഫൈവ് സ്റ്റാറിന് ആദ്യം വേണ്ടത് ബാർ ലൈസൻസ്; മോദിയെ ചാരി തടിയൂരാനുള്ള മുഖ്യമന്ത്രിയുടെ ശ്രമം പൊളിഞ്ഞു; പഞ്ചനക്ഷത്ര ഹോട്ടലുകൾക്കായുള്ള മാർഗ്ഗ രേഖയിൽ കാര്യങ്ങൾ വ്യക്തം; ഉമ്മൻ ചാണ്ടിയെ തള്ളി സുധീരനും ചെന്നിത്തലയും; പിന്നോട്ടില്ലെന്നും ആവശ്യമെങ്കിൽ നയം തിരുത്തുമെന്നും മുഖ്യമന്ത്രി

ഫൈവ് സ്റ്റാറിന് ആദ്യം വേണ്ടത് ബാർ ലൈസൻസ്; മോദിയെ ചാരി തടിയൂരാനുള്ള മുഖ്യമന്ത്രിയുടെ ശ്രമം പൊളിഞ്ഞു; പഞ്ചനക്ഷത്ര ഹോട്ടലുകൾക്കായുള്ള മാർഗ്ഗ രേഖയിൽ കാര്യങ്ങൾ വ്യക്തം; ഉമ്മൻ ചാണ്ടിയെ തള്ളി സുധീരനും ചെന്നിത്തലയും; പിന്നോട്ടില്ലെന്നും ആവശ്യമെങ്കിൽ നയം തിരുത്തുമെന്നും മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഘട്ടം ഘട്ടമായ മദ്യനിരോധനം എന്ന പ്രഖ്യാപിത ലക്ഷ്യം കാറ്റിൽ പറത്തിയാണ് സംസ്ഥാനത്ത് പുതിയ ആറു ബാർ ഹോട്ടലുകൾ കൂടി പ്രവർത്തനം തുടങ്ങിയത്. യുഡിഎഫ് സർക്കാരിന്റെ ഒത്താശയോടെയാണ് ഈ ഹോട്ടലുകൾ ബാർ സ്റ്റാറ്റ്‌സ് നേടിയെടുത്തത്. എല്ലാം ചെയ്തത് കേന്ദ്ര സർക്കാരാണെന്ന മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വാദം പൊളിയുകയാണ്. ബാർ ലൈസൻസ് ഉള്ള ഹോട്ടലുകൾക്ക് മാത്രമേ ഫൈവ് സ്റ്റാർ സ്റ്റാറ്റസ് നൽകാറുള്ളൂ. അതായത് ബാർ ലൈസൻസ് സംസ്ഥാനം അനുവദിച്ചാൽ മാത്രമേ ഫൈവ് സ്റ്റാർ ഹോട്ടലുകൾ ഉണ്ടാവുകയുള്ളൂ എന്നതാണ് വസ്തുത.

ആറ് പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് കഴിഞ്ഞ ദിവസമാണ് ബാർ അനുമതി ലഭിച്ചത്. സുപ്രീംകോടതി വരെ പോയ ശേഷമാണ് ലൈസൻസ് നേടിയെടുത്തത്. ഇവയിൽ നാല് ഹോട്ടലുകൾ ത്രീ സ്റ്റാറിൽ നിന്ന് ഫൈ സ്റ്റാറിലേക്ക് ഉയർത്തപ്പെട്ടവയാണ്. ഇതോടെ സംസ്ഥാനത്ത് ബാർ ലൈസൻസുള്ള ഹോട്ടലുകളുടെ എണ്ണം 30 ആയി. പത്ത് ഹോട്ടലുകൾ കൂടി അനുമതിക്കായി അപേക്ഷിച്ചിട്ടുണ്ട്. യുഡിഎഫ് സർക്കാരിന്റെ മദ്യവർജ്ജന നയത്തിന് എതിരാണ് പുതിയ ബാറുകളെന്ന വിമർശനം ഉയർന്നു. ഇതോടെ പഞ്ചനക്ഷത്ര ഹോട്ടലുകൾ സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലല്ല എന്നും ത്രീഫോർസ്റ്റാർ ബാറുകൾക്ക് അനുമതി നൽകില്ലെന്നുമുള്ള വിശദീകരണവുമായി മുഖ്യമന്ത്രി എത്തി. എന്നാൽ പുതിയ ബാർ നൽകണോ എന്നു തീരുമാനിക്കേണ്ടത് കേരളമാണെന്നും കേന്ദ്രത്തെ പഴിചാരേണ്ട എന്നും കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി പ്രതികരിച്ചു. ഇതിന് പിറകെയാണ് ഹോട്ടലുകൾക്ക് സ്റ്റാറുകൾ അനുവദിക്കുന്ന മാനദണ്ഡം പുറത്തുവരുന്നത്.

അത് പ്രകാരം ബാർ ലൈസൻസ് ഉള്ള ഹോട്ടലുകൾക്ക് മാത്രമേ ഫൈവ് സ്റ്റാർ പദവി കിട്ടൂവെന്ന് വ്യക്തമാണ്. അതായത് ഫൈവ് സ്റ്റാർ ഹോട്ടലുകൾ ആകുന്നതിന് മുമ്പ് തന്നെ ബാർ ലൈസൻസ് ഹോട്ടലുകൾക്ക് നൽകി. ഇത് ഉൾപ്പെടെകാട്ടി കേന്ദ്ര സർക്കാരിൽ അപേക്ഷ നൽകി. ഇത് പരിഗണിച്ച് കേന്ദ്രം അനുമതി നൽകുകയും ചെയ്തു. ഈ വസ്തുത മറച്ചുവച്ചാണ് ബാറിൽ കേന്ദ്രത്തെ കുറ്റപ്പെടുത്താൻ ഉമ്മൻ ചാണ്ടി തയ്യാറായതെന്നതാണ് വസ്തുത. ഫൈവ് സ്റ്റാർ ഹോട്ടലിന് ബാർ കൊടുക്കുകയെന്നത് കേന്ദ്ര സർക്കാരിന്റെ നയമാണെന്ന് വരുത്താനായിരുന്നു ശ്രമം. 'കേന്ദ്ര സർക്കാർ ഫൈവ് സ്റ്റാർ പദവി കൊടുക്കുമ്പോൾ ഞങ്ങൾക്ക് എന്ത് ചെയാൻ പറ്റും 'എന്നാണു മുഖ്യമന്ത്രി വിവാദങ്ങൾക്ക് മറപടിയായി നൽകിയത്. ഇന്ത്യയിൽ നിലവിലിരിക്കുന്ന നിയമപ്രകാരം ബാർ ഇല്ലാത്ത ഒരു ഹോട്ടലിനു 5 സ്റ്റാർ പദവി കിട്ടില്ല എന്നാണ് പുറത്തു വന്ന മാർഗ്ഗ നിർദ്ദേശ രേഖ വ്യക്തമാക്കുന്നത്.

ഒരു ഹോട്ടൽ ഫൈവ് സ്റ്റാർ ആക്കാൻ ലൈസൻസ് കൊടുക്കുന്നത് കേന്ദ്രം സർക്കാരിലെ ടൂറിസം വകുപ്പാണ്. സംസ്ഥാന, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും ഒരു 10,12 എൻഒസി കിട്ടിയാലേ കേന്ദ്രത്തിലേക്ക് 5 സ്റ്റാർ എന്ന് പറഞ്ഞ് അപേക്ഷ പോലും നൽകാൻ പറ്റൂ. അതിലൊന്നാണ് ബാർ ലൈസൻസ്. ഫൈവ് സ്റ്റാർ ബാർകിട്ടിയ ഒരു ഹോട്ടൽ എക്‌സൈസ് മന്ത്രിയുടെ മണ്ഡലത്തിലെ ക്രൗൺപ്ലാസ, ഇതിന് ഫോർസ്റ്റാർ ലൈസൻസിന് തദ്ദേശസ്ഥാപന എൻഒസി നൽകിയെന്ന പേരിലാണ് പണ്ട് സുധീരൻ കോൺഗ്രസ് ഭരിക്കുന്ന മരട് നഗരസഭയിലെ അംഗങ്ങൾക്കെതിരെ നടപടിയെടുത്തത്. അതേ ഹോട്ടലിനും ഫൈവ് സ്റ്റാറിന്റെ പേരിൽ ഇപ്പോൾ ബാർ ലൈസൻസ് നൽകുകയാണ് ചെയ്തത്.

യു.ഡി.എഫിന്റെ മദ്യനയവും ബാർ കോഴയും നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂടും ചൂരും പകരുന്നതിനിടയിലാണ് അര ഡസൻ ബാർലൈസൻസുകൾ പുതിയ വിവാദത്തിനു വഴിമരുന്നിട്ടത്. കൊച്ചി മരടിലെ ക്രൗൺ പ്‌ളാസ, ആലുവ അത്താണിയിലെ ഡയാന ഹൈറ്റ്‌സ്, ആലപ്പുഴയിലെ ഹോട്ടൽ റമദ , തൃശ്ശൂർ ജോയ്‌സ് പാലസ്, അങ്കമാലി സാജ് എർത്ത് റിസോർട്ട്‌സ് , വയനാട് വൈത്തിരി വില്ലേജ് റിസോർട്ട് എന്നിവക്കാണ് എക്‌സൈസ് കമ്മിഷണർ ബാർ ലൈസൻസ് നൽകിയത്. ഇവയെല്ലാം ഫൈവ് സ്റ്റാർ ഹോട്ടലുകളാണ്. എന്നാൽ, ഇതിൽ നാലെണ്ണം ത്രീ സ്റ്റാറിൽ നിന്ന് അടുത്ത കാലത്ത് ഫൈവ് സ്റ്റാറായി അപ്‌ഗ്രേഡ് ചെയ്തതാണ്. സാജ് എർത്ത് റിസോർട്ട് സുപ്രീംകോടതിയിൽ നിന്ന് അനുകൂല വിധി നേടിയാണ് ബാർ ലൈസൻസ് കരസ്ഥമാക്കിയത്.

ഇന്ത്യയിലെ ഹോട്ടലുകൾക്ക് 5സ്റ്റാർ പദവി കൊടുക്കുന്നതു കേന്ദ്ര ടൂറിസം മന്ത്രാലയമാണ്. ഇതുയർത്തിയാണ് പുതിയ ബാറുകൾ അനുവദിച്ചത് കേന്ദ്രമാണെന്ന് വരുത്താൻ നീക്കം നടന്നത്. എന്നാൽ വാദത്തിലെ പൊള്ളത്തരം പുറത്തുവന്നതോടെ മദ്യനയം കുറ്റമറ്റരീതിയിൽ നടപ്പാക്കണമെന്ന് കെപിസിസി അധ്യക്ഷൻ വി എം സുധീരൻ ആവശ്യപ്പെട്ടു. അതിനുള്ള എല്ലാ സാധ്യതകളും പരിശോധിച്ച് ഉചിതമായ തീരുമാനം സ്വകീരിക്കണമെന്നും സുധീരൻ പറഞ്ഞു. പുതിയ ബാർ ലൈസൻസ് സർക്കാരിന്റെ മദ്യനയത്തിൽ വിരുദ്ധമല്ലെന്നായിരുന്നു ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ആദ്യ പ്രതികരണം. എന്നാൽ ഈ സാഹചര്യത്തിൽ കൊടുക്കണമോ വേണ്ടയോ എന്നത് പരിശോധിക്കണം. നാളെ ചേരുന്ന യു.ഡി.എഫ് യോഗത്തിൽ തീരുമാനമുണ്ടാകുമെന്നും ചെന്നിത്തല പറഞ്ഞു.

പിന്നോട്ടില്ലെന്നും ആവശ്യമെങ്കിൽ നയം തിരുത്തുമെന്നും മുഖ്യമന്ത്രി

വിവാദം മദ്യനയത്തിന്റെ ഭാഗമാണ് പഞ്ചനക്ഷത്രങ്ങൾക്ക് ബാർ ലൈസൻസ് അനുവദിച്ചതെന്ന് ആദ്യം പറഞ്ഞ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഒടുവിൽ നിലപാട് മാറ്റി. മദ്യനയത്തിൽ ഒരു മാറ്റവുമില്ല. നയം കർശനമായി നടപ്പാക്കുമെന്നതിൽ ഒരു സംശയവുമില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. ചെന്നിത്തലയും സുധീരനും നിലപാട് കടുപ്പിച്ചതിനെ തുടർന്നാണ് ഇത്.

മദ്യനയം സംബന്ധിച്ച് മുന്നോട്ട് വച്ച കാൽ പിന്നോട്ടില്ല. ഇന്നുള്ള വ്യവസ്ഥയ്ക്കപ്പുറത്തേക്ക് വേണമെങ്കിൽ പോവുമെന്നും മുഖ്യമന്ത്രി മലപ്പുറം പ്രസ് ക്‌ളബ്ബിലെ മുഖാമുഖം പരിപാടിയിൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP