Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഓലപ്പുര കെട്ടിമേയാൻ പോലും പണം ഇല്ലാതിരുന്ന കുട്ടിക്കാലത്ത് പട്ടിണി മാറ്റിയത് അയലത്തെ വ്യാപാരി; കള്ളക്കടത്തു കേസിൽ ജയിലിലായ ശേഷം ജാമ്യത്തിൽ ഇറങ്ങിയതോടെ മാഹിയിലേക്ക് കൂടുമാറി; മീൻകച്ചവടക്കാരനായി പിച്ചവച്ച് വിജയത്തുടക്കം; സിമന്റ് ക്ഷാമം രൂക്ഷമായപ്പോൾ കരിഞ്ചന്തയിൽ വിറ്റു പണക്കാരനായി; തണ്ണിമത്തൻ എന്ന പേരിൽ സ്പിരിറ്റ് കടത്തി അതിശക്തനായി: മലയാള സിനിമയെ ഇതുവരെ കാൽക്കീഴിൽ നിർത്തിയ ലിബർട്ടി ബഷീറിന്റെ കഥ

ഓലപ്പുര കെട്ടിമേയാൻ പോലും പണം ഇല്ലാതിരുന്ന കുട്ടിക്കാലത്ത് പട്ടിണി മാറ്റിയത് അയലത്തെ വ്യാപാരി; കള്ളക്കടത്തു കേസിൽ ജയിലിലായ ശേഷം ജാമ്യത്തിൽ ഇറങ്ങിയതോടെ മാഹിയിലേക്ക് കൂടുമാറി; മീൻകച്ചവടക്കാരനായി പിച്ചവച്ച് വിജയത്തുടക്കം; സിമന്റ് ക്ഷാമം രൂക്ഷമായപ്പോൾ കരിഞ്ചന്തയിൽ വിറ്റു പണക്കാരനായി; തണ്ണിമത്തൻ എന്ന പേരിൽ സ്പിരിറ്റ് കടത്തി അതിശക്തനായി: മലയാള സിനിമയെ ഇതുവരെ കാൽക്കീഴിൽ നിർത്തിയ ലിബർട്ടി ബഷീറിന്റെ കഥ

രഞ്ജിത് ബാബു

കണ്ണൂർ: ഏതാനും ആഴ്‌ച്ചകളായി മലയാളം സിനിമയെന്ന വ്യവാസായ ലോകം മുഴുവൻ ഒരു തലശ്ശേരിക്കാരന്റെ യേസ് കേൾക്കാൻ വേണ്ടി കാത്തിരിക്കയായിരുന്നു. ഫിലിം എക്‌സിബിറ്റേഴ്‌സ് പ്രസിഡന്റ് ലിബർട്ടി ബഷീറായിരുന്നു ആ താരം. രണ്ട് ദിവസം മുമ്പ് വരെ സിനിമാലോകത്തെ പ്രമുഖർ അദ്ദേഹത്തിന് മുമ്പിൽ യാചനകളുമായി എത്തി. കോടികളുടെ മുടക്കുമുതൽ പെട്ടിയിലായി ഇരിക്കുമ്പോൾ അനാവശ്യ സമരം കാരണം സിനിമാ വ്യവസായം സ്തംഭിപ്പിച്ചു എന്ന വികാരം അതിവേഗം സിനിമാകാർക്കാർക്കിടയിലും രാഷ്ട്രീയക്കാർക്കിടയിലും വ്യാപിച്ചു. ഒടുവിൽ ദിലീപ് എന്ന തീയറ്റർ മുതലാളിയായ താരത്തിന്റെ കരുത്തിൽ ലിബർട്ടി ബഷീറിന്റെ പത്തി താണു. മലയാള സിനിമയെ ഒരു പതിറ്റാണ്ടുകാലം മുഴുവൻ കൈവെള്ളയിലിട്ടു അമ്മാനമാടിയ ബഷീറിനേറ്റ കനത്ത തിരിച്ചടിയായിരുന്നു അത്.

അനാവശ്യ സമരം ചെയ്തുവെന്ന് പറഞ്ഞ് സിനിമാ ലോകം ഒന്നാകെ ഒന്നിച്ച് ലിബർട്ടി ബഷീറിനെ ഒതുക്കി. മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണയായിരുന്നു ഇതിന് വഴിയൊരുക്കിയതും. എന്നാൽ ബഷീർ എന്ന പോരാളിക്ക് ഇത് താൽക്കാലിക തിരിച്ചടി മാത്രമാണ്. അദ്ദേഹത്തിന്റെ ജീവിതത്തിൽ എല്ലാക്കാലത്തും അങ്ങനെ തന്നെയായിരുന്നു. കാറും കോളും അതിജീവിച്ചാണ് ബഷീർ ഇന്നത്തെ ലിബർട്ടി ബഷീറായി മാിയത്. സാധാരണ ചുറ്റുപാടിൽ നിന്ന് വളർന്ന തലശ്ശേരിയിലെ സിമന്റ് ബഷീർ, ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷൻ പ്രസിഡണ്ട് ലിബർട്ടി ബഷീറായ കഥ ആരേയും വിസ്മയിപ്പിക്കുന്നതായിരുന്നു. തലശ്ശേരിക്കടുത്ത ചിറക്കരയിൽ നിർദ്ധന കുടുംബത്തിലായിരുന്നു ബഷീറിന്റെ ജനനം. അടിസ്ഥാനവിദ്യാഭ്യാസം പോലും ബഷീറിന് പൂർത്തിയാക്കാനായിരുന്നില്ല. അവിടെ നിന്നും കുതിപ്പു തുടങ്ങി മലബാറിൽ പ്രമാണിയായ പണക്കാരനായി ബഷീർ വളരുകയായിരുന്നു.

അയൽക്കാരും പ്രശസ്ത തീയ്യ കുടുംബവുമായ കളത്തിൽ കുനിയിൽകാരുടെ കാരുണ്യത്താലായിരുന്നു പട്ടിണി മാറ്റിയിരുന്നത്. സ്ഥലത്തെ ഹോട്ടലും ബേക്കറിയും അടങ്ങിയ വ്യാപാരസ്ഥാപനങ്ങളുടെ ഉടമസ്ഥരായിരുന്നു അവർ. അതുകൊണ്ട് ഭക്ഷണത്തിനും പലഹാരങ്ങൾക്കും പഞ്ഞമില്ലായിരുന്നു. ബഷീറിന്റെ ഉമ്മയും സഹോദരിയുമടങ്ങുന്ന കുടുംബത്തിന് അവർ വലിയ താങ്ങായിരുന്നു. സ്വന്തം പുര കെട്ടിമേയാൻ പോലും കഴിയാത്ത കാലത്ത് ബഷീറിനും കുടുംബത്തിനും കിടക്കാനിടം കൊടുത്തതും ഈ കുടുംബക്കാരായിരുന്നു.

എന്നാൽ വളർന്ന് ഉന്നതസ്ഥാനത്ത് എത്തിയിട്ടും ഈ കുടുംബത്തെ മറന്നിരുന്നില്ലെന്ന് അതിലെ പിന്മുറക്കാർ പറയുന്നു. കള്ളക്കടത്ത് നടത്തിയതിന് ജയിലിലായപ്പോൾ ഏറെ വേദനിച്ചതും തങ്ങളാണെന്ന് അവർ പറയുന്നു. മരണത്തിലും മറ്റു ചടങ്ങുകളിലും ബഷീർ ഇപ്പോഴും എത്താറുമുണ്ട്. അവരുടെ മനസ്സിൽ ലിബർട്ടി ബഷീർ ഇന്നും നല്ല കുട്ടിയാണ്.

എന്നാൽ യഥാർത്ഥ ലിബർട്ടി ബഷീർ മറ്റൊരാളാണ്. മത്സ്യവിപണനം മുതൽ കള്ളക്കടത്ത് വരെ നടത്തിയ ബഷീർ. തലശ്ശേരി നഗരത്തിൽ ഒരു പലചരക്കുകടയും നാലു മുറി ലോഡ്ജും കരസ്ഥമാക്കിയാണ് മീൻ വില്പനയിൽ നിന്നും ബഷീർ ഉയർച്ചയിലേക്ക് കുതിച്ചത്. 1970 കളിൽ സ്വർണ്ണവും വിദേശസാധനങ്ങളും കടൽ വഴി കള്ളക്കടത്തു നടത്തിയതിനെതുടർന്ന് കോഫെപോസെ പ്രകാരം തടവിലാക്കപ്പെട്ടു. ജാമ്യം ലഭിച്ചശേഷം ഏറെക്കാലം നാട്ടിലേക്കുള്ള പ്രവേശനം നിഷേധിക്കപ്പെട്ടു. അതിനാൽ മാഹിയിൽ കഴിയേണ്ടിവന്നു. ശേഷം 1980 കളിൽ സിമന്റുമായി ബന്ധപ്പെട്ടാണ് ബഷീറിന്റെ വളർച്ച.

അക്കാലത്ത് വീടുപണിക്കും മറ്റും താലൂക്ക് ഓഫീസുകളിൽ അപേക്ഷ നൽകിയാൽ മാത്രമേ സർക്കാർ നിരക്കിൽ സിമന്റ് ലഭിക്കുകയുള്ളൂ. നൂറ് ചാക്കിനപേക്ഷിച്ചാൽ 25 ചാക്ക് മാത്രം ലഭിക്കുന്ന സമയം. ബഷീറായിരുന്നു തലശ്ശേരിയിലെ സിമന്റ് വ്യാപാരി. അയാൾ അത് ശരിക്കും മുതലെടുത്തു. കരിഞ്ചന്ത വില്പന തകൃതിയായി. അതിലൂടെ ലക്ഷങ്ങൾ കൊയ്തെടുത്തു. പണം നൽകിയിട്ടും സിമന്റ് ലഭിക്കാത്തവർ ബഷീറിനോട് തർക്കിക്കാനുമായിരുന്നില്ല. ചില രാഷ്ട്രീയക്കാരുമായുള്ള ബഷീറിന്റെ ബന്ധം അതിന് തടസ്സമായിരുന്നു. തുടർന്ന് 1990 -91 കളിൽ കർണ്ണാടകത്തിൽ നിന്നും സ്പിരിറ്റ് കടത്താരംഭിച്ചു. തണ്ണിമത്തൻ എന്ന വ്യാജേന ലോറികളിൽ ഒളിപ്പിച്ചായിരുന്നു സ്പിരിറ്റ് കടത്തിയത്. സ്പിരിറ്റ് കടത്തിയ ലോറികൾ വടകരയിൽ വച്ച് എക്‌സൈസുകാർ പിടികൂടി. അതിനു മുമ്പ് തന്നെ ബഷീർ ആവശ്യത്തിന് പണം സമ്പാദിച്ചു
കഴിഞ്ഞിരുന്നു. അതുകൊണ്ടു തന്നെ ആ കൃഷി അയാൾ നിർത്തുകയും ചെയ്തു.

അക്കാലത്താണ് മഞ്ഞോടിയിൽ ലിബർട്ടി എന്ന പേരിൽ അസു എന്നയാൾ ഒരു ടാക്കീസ് പണിയാൻ ആരംഭിച്ചത്. എന്നാൽ സാമ്പത്തിക പ്രതിസന്ധി കാരണം അത് പൂർത്തിയാക്കാനായിരുന്നില്ല. അവസരം മുതലെടുത്ത് ബഷീർ ആ ടാക്കീസ് സ്വന്തമാക്കി പണി പൂർത്തീകരിച്ചു. അതോടെ സിമന്റ് ബഷീർ ലിബർട്ടി ബഷീറായി. പിന്നീട് സിനിമാ നിർമ്മാണവും ആരംഭിച്ചു. പിലാക്കണ്ടി മുഹമ്മദലി എന്ന രാഷ്ട്രീയക്കാരനായ ചലച്ചിത്ര പ്രേമിയാണ് ഇതിന് പ്രേരകമായത്. സ്പിരിറ്റും കള്ളക്കടത്തും സിമന്റും പോലെ വിവിധ ബിസിനസ്സുകളിൽ ഏർപ്പെട്ട ബഷീർ മൂന്ന് വിവാഹവും കഴിച്ചിട്ടുണ്ട്. അതിലും മതേതരത്വം അദ്ദേഹം കാത്തു സൂക്ഷിച്ചു.

പത്തു വർഷം മുമ്പ് തലശ്ശേരി നഗരത്തിൽ ലിബർട്ടി തീയ്യേറ്റർ സമുച്ചയത്തിൽ രണ്ട് തീയ്യേറ്റർ കൂടി സ്വന്തമാക്കിയതോടെയാണ് സംഘടനയിൽ ബഷീർ ശക്തനായത്. അതോടെ അതിന്റെ അമരക്കാരനാവുകയും ചെയ്തു. പിന്നെ മലയാള സിനിമയിലെ അവസാന വാക്ക്. സമരങ്ങളിലൂടെ നിർമ്മാതാക്കളേയും സാങ്കേതിക പ്രവർത്തകരേയും നിശബ്ദരാക്കി. 

നിർമ്മാതാവായും ഇതിനിടെയിൽ ലിബർട്ടി ബഷീർ എത്തി. നായർസാബും ഇൻസ്‌പെക്ടർ ബലറാമും പോലുള്ള വമ്പൻ ഹിറ്റുകൾ. വർത്തമാനകാലവും പൂച്ചയ്‌ക്കൊരു മണികെട്ടും നിർമ്മിച്ചതും ലിബർട്ടി ബഷീറായിരുന്നു. മമ്മൂട്ടിയുമായി അടുത്ത സൗഹൃദവും നിർമ്മാണത്തിൽ സജീമാകാൻ ലിബർട്ടി ബഷീറിനെ പ്രേരിപ്പിച്ച ഘടകമാണ്. എന്നാൽ തൊണ്ണൂറുകളുടെ അവസാനത്തോടെ തിയേറ്റർ ബിസിനസ്സിലേക്ക് മാത്രമായി സിനിമാ ഇടപാടുകൾ ഒതുക്കി. തിയേറ്റർ സംഘടനയുടെ അമരത്ത് എത്തിയതോടെ നിർമ്മാതാക്കളുടേയും വിതരണക്കാരുടേയും പേടി സ്വപ്‌നവുമായി. എല്ലാം ലിബർട്ടി ബഷീർ നിശ്ചയിക്കുമെന്ന അവസ്ഥ. ഇതിന് തടയിടാൻ സിനിമാ മന്ത്രിയായിരിക്കെ കെബി ഗണേശ് കുമാർ ശക്തമായ ഇടപെടൽ നടത്തി. അപ്പോഴും വഴങ്ങാൻ ഈ ഒറ്റയാൻ തയ്യാറായിരുന്നില്ല.

ഒടുവിൽ ദിലീപെന്ന തന്ത്രശാലിക്ക് മുന്നിൽ അടിതെറ്റി. അപ്പോഴും ലിബർട്ടി ബഷീറിനെ പൂർണ്ണമായും സിനിമാ ലോകം എഴുതി തള്ളുന്നില്ല. കരുതലോടെ നീക്കങ്ങളെ വീക്ഷിക്കുകയാണ് സിനിമാ പ്രവർത്തകർ. എന്തിന് പോന്ന ലിബർട്ടി ബഷീറിന്റെ മനസ്സാണ് ഇതിന് കാരണവും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP