Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് തിങ്കളാഴ്ച ഒൻപത് മരണം; മരിച്ചവരിൽ രക്ഷാപ്രവർത്തകരും; രോഗലക്ഷണങ്ങളോടെ ചികിത്സയിലുള്ളത് 515 പേർ; 33 പേർക്ക് രോഗം സ്ഥിരീകരിച്ചു; നാലുദിവസത്തെ മരണം 35 കടന്നതോടെ അതീവജാഗ്രത നിർദേശവുമായി ആരോഗ്യവകുപ്പ്; പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കർമ്മപദ്ധതിയുമായി സർക്കാർ

സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് തിങ്കളാഴ്ച ഒൻപത് മരണം; മരിച്ചവരിൽ രക്ഷാപ്രവർത്തകരും; രോഗലക്ഷണങ്ങളോടെ  ചികിത്സയിലുള്ളത് 515 പേർ; 33 പേർക്ക് രോഗം സ്ഥിരീകരിച്ചു; നാലുദിവസത്തെ മരണം 35 കടന്നതോടെ അതീവജാഗ്രത നിർദേശവുമായി ആരോഗ്യവകുപ്പ്; പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കർമ്മപദ്ധതിയുമായി സർക്കാർ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനിയിൽ ഇന്ന് ഒൻപത് മരണം. ഇതിൽ മൂന്ന് പേർ കോഴിക്കോട് ജില്ലയിൽ നിന്നുള്ളവരാണ്. രണ്ടു പേർ എലിപ്പനി ബാധിച്ചാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഒരാൾ രോഗലക്ഷണങ്ങളോടെയാണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളജിലും ഇന്ന് രണ്ടു മരണം റിപ്പോർട്ട് ചെയ്തു. മരിച്ചവരിൽ രണ്ടുപേർ പ്രളയദുരിതത്തിനിടയിൽ രക്ഷാ പ്രവർത്തനത്തിന്  നേതൃത്വം നൽകിയിരുന്നവരാണ്. പത്തനംതിട്ട റാന്നി സ്വദേശിയ രഞ്ജു, കോഴിക്കോട് എരഞ്ഞിക്കൽ സ്വദേശി അനിൽ കുമാർ(54) എന്നിവരാണ് ദുരിതാശ്വാസ പ്രവർത്തനത്തിനിടെ എലിപ്പനി ബാധിച്ച് മരിച്ചത്. ഇലന്തൂർ വാര്യാപുരം നിരന്നനിലത്ത് പുരുഷോത്തമൻ, വടകര സ്വദേശിനി നാരായണി(80), തൊടുപുഴ ഒളമറ്റം സ്വദേശി ജോസഫ് മാത്യു(58), കല്ലായ് അശ്വനി ഹൗസിൽ രവി(59) എന്നിവരും രോഗം മൂലം ഇന്ന് മരിച്ചവരിൽ ഉൾപ്പെടുന്നു.

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണു ജോസഫ് മാത്യു മരിച്ചത്. ഇതോടെ സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം ഇതോടെ 35 ആയി. വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ച 68 പേരിൽ 33 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്.തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗലക്ഷണങ്ങളോടെ 54 പേർ ചികിൽസയിലുണ്ട്. ഇന്നലെ മാത്രം 32 പേരെ പ്രവേശിപ്പിച്ചു. ഇതുവരെ 14 പേർക്കു രോഗം സ്ഥിരീകരിച്ചു. മലപ്പുറത്ത് ഒരു മാസത്തിനിടെ മരിച്ചരുടെ എണ്ണം ഏഴായി. 14 പേർക്കു രോഗം സ്ഥിരീകരിച്ചു. 44 പേർക്കു കൂടി സംശയിക്കുന്നു. ആലപ്പുഴയിൽ മൂന്നു പേർക്കും കോട്ടയത്തു രണ്ടുപേർക്കും കാസർകോട്ട് ഒരാൾക്കും കൂടി രോഗം സ്ഥിരീകരിച്ചു. തിങ്കളാഴ്ച വരെ 515 പേരാണ് രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയത്.

കോഴിക്കോട് ജില്ലയിലാണ് പനി ഏറ്റവും അധികം ആശങ്ക പരത്തുന്നത്. 196 പേരാണ് ജില്ലയിൽ എലിപ്പനി ബാധിച്ച് ചികിത്സയിലുള്ളത്. തൊട്ടടുത്ത ജില്ലയായ മലപ്പുറത്തിന്റെ വിവിധ മേഖലകളിലും എലിപ്പനി ലക്ഷണങ്ങളോട് നിരവധി പേർ ചികിത്സ തേടിയിട്ടുണ്ട്. എലിപ്പനി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ വരുന്ന മൂന്നാഴ്ച കനത്ത ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. പ്രളയ ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിനും ശുചീകരണത്തിനും വെള്ളത്തിലിറങ്ങിയവർ നിർബന്ധമായും പ്രതിരോധ മരുന്ന് കഴിക്കണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്. എലിപ്പനി പ്രതിരോധത്തിന് ആരോഗ്യവകുപ്പ് അലോപ്പതി ചികിത്സയാണ് നിർദ്ദേശിക്കുന്നതെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

എലിപ്പനി പ്രതിരോധ നടപടികൾ കൂടുതൽ കാര്യക്ഷമമാക്കാൻ മന്ത്രിയുടെ അധ്യക്ഷതയിൽ കോഴിക്കോട്ട് ചേർന്ന യോഗം തിരുമാനിച്ചു. എലിപ്പനി പ്രതിരോധ മരുന്ന് ശരീരത്തിന് ദോഷം ചെയ്യുമെന്ന തരത്തിലുള്ള വ്യാജ പ്രതികരണങ്ങൾക്കെതിരെ ആരോഗ്യവകുപ്പ് രംഗത്ത് വന്നിട്ടുണ്ട്. ആരോഗ്യസേന സംസ്ഥാനത്ത് പുനഃസ്ഥാപിക്കാനും എല്ലാ താലൂക്ക് ആശുപത്രികളെയും എലിപ്പനി ചികിത്സയ്ക്ക് സജ്ജമാക്കാനുമാണ് സർക്കാർ ഇന്നു ചേർന്ന യോഗത്തിൽ തീരുമാനമെടുത്തു. എലിപ്പനി രോഗലക്ഷണങ്ങളോടെ വരുന്ന ഒരാളെയും ചികിത്സ നൽകാതെ തിരിച്ചയയ്ക്കരുതെന്ന് ആശുപത്രികൾക്ക് സർക്കാർ നിർദ്ദേശത്തിൽ പറയുന്നു.

ഈർപ്പമുള്ള മണ്ണിലും രോഗകാരിയായ ബാക്ടിരീയ ഉള്ളതിനാൽ മൂന്ന് ആഴ്ച കൂടി എലിപ്പനിക്കെതിരകെ ജാഗ്രത പാലിക്കണം. എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിൻ കഴിക്കുകയാണ് ഏറ്റവും പ്രധാന പ്രതിരോധ മാർഗം. എലിപ്പനിയുടെ ലക്ഷണങ്ങളുള്ള രോഗങ്ങളുമായി ചികിത്സക്കെത്തുന്നവരെ വിശദമായ പരിശോധിച്ച് അടിയന്തിര ചികിത്സ ലഭ്യമാക്കാൻ ഡോക്ടർമാർക്ക് നിർദ്ദേശം നൽകി.

ആവശ്യത്തിന് മരുന്ന് ലഭ്യമാകും. മരുന്ന് ഇല്ലാത്തതിന്റെ പേരിൽ ഒരാൾ പോലും എലിപ്പനി വന്ന് മരിക്കുന്നില്ലെന്ന് ഡോക്ടർമാർ ഉറപ്പു വരുത്തണം. മരുന്ന് എല്ലാ ആശുപത്രികളിലും ഉറപ്പ് വരുത്തണം. താലൂക്ക് ആശുപത്രിയിൽ തന്നെ ഡോക്‌സി കോർണർ ഉണ്ടാകണം. കൂടുതൽ ചികിത്സാ ആവശ്യമായ ഘട്ടങ്ങളിൽ മാത്രം മെഡിക്കൽ കോളേജിലേക്ക് മാറ്റണം. പ്രളയജലത്തിൽ ഇറങ്ങിയ സന്നദ്ധ പ്രവർത്തകരും ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരും എല്ലാം പ്രതിരോധ ഗുളിക കഴിക്കണം. എലിപ്പനിയുടെ ലക്ഷണമുള്ള എല്ലാ പനിയും എലിപ്പനിയായി കരുത്തി ചികിത്സ നടത്തണം.

ഓരോ ജീവനും വിലപ്പെട്ടതായി കരുതി പ്രവർത്തിക്കണം. ഡെങ്കിപനി വരാതിരിക്കാൻ കൊതുക് നശീകരണം ശക്തമാക്കണം. പഞ്ചായത്ത് വാർഡ് തലത്തിൽ ആരോഗ്യ സേനയുടെ പ്രവർത്തനം പുനഃസ്ഥാപിക്കണം. വെള്ളപ്പൊക്കം കുടൂതലുണ്ടായ പ്രദേശങ്ങളിൽ പ്രത്യേകം ശ്രദ്ധ പുലർത്തണം. ജലജന്യരോഗങ്ങളായ കോളറയും മഞ്ഞപിത്തവും വരാതെയിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കണം. ആരോഗ്യവകുപ്പിന്റെ തീരുമാനങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന ജീവനക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന മന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP