Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്താണ് ലേബി സംസാരിച്ചത് എന്ന വ്യാജേന ഒരു ഓഡിയോ ചിലർ പ്രചരിപ്പിച്ചത്; തൊട്ടടുത്ത ദിവസം തന്നെ ഇതിനെതിരെ സൈബർ സെല്ലിൽ പരാതി നൽകി; എന്നാൽ സൈബർ ആക്രമണത്തിൽ പതറിപ്പോയ ലേബി തൊട്ട് പിറ്റേന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; പ്രിയപ്പെട്ട നിഷ, ഷാനി, കമലേഷ്, പ്രജുല, അജയ് ഘോഷ്, അയ്യപ്പദാസ്, പ്രമീളാ ഗോവിന്ദ്... നിങ്ങളുടെ വേദന എനിക്ക് മനസ്സിലാകും; വിപി സജീന്ദ്രന്റെ കുറിപ്പ് വൈറലാകുമ്പോൾ

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്താണ് ലേബി സംസാരിച്ചത് എന്ന വ്യാജേന ഒരു ഓഡിയോ ചിലർ പ്രചരിപ്പിച്ചത്; തൊട്ടടുത്ത ദിവസം തന്നെ ഇതിനെതിരെ സൈബർ സെല്ലിൽ പരാതി നൽകി; എന്നാൽ സൈബർ ആക്രമണത്തിൽ പതറിപ്പോയ ലേബി തൊട്ട് പിറ്റേന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; പ്രിയപ്പെട്ട നിഷ, ഷാനി, കമലേഷ്, പ്രജുല, അജയ് ഘോഷ്, അയ്യപ്പദാസ്, പ്രമീളാ ഗോവിന്ദ്... നിങ്ങളുടെ വേദന എനിക്ക് മനസ്സിലാകും; വിപി സജീന്ദ്രന്റെ കുറിപ്പ് വൈറലാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മാധ്യമപ്രവർത്തകർക്കു നേരെയുണ്ടായ സൈബർ ആക്രമണത്തിൽ പ്രതികരണവുമായി വി.പി. സജീന്ദ്രൻ എംഎൽഎ. ഈ കുറിപ്പ് വൈറലാകുകയാണ്. ഭാര്യയും മാധ്യമപ്രവർത്തകയുമായ ലേബി സജീന്ദ്രൻ നേരിട്ട സൈബർ ആക്രമണത്തെ കുറിച്ചാണ് സജീന്ദ്രൻ കുറിപ്പിൽ പറയുന്നത്. മാതൃഭൂമി ന്യൂസിലായിരുന്നു ലോബിയുടെ ജോലി. പിന്നീട് ഇത് രാജിവച്ചു. സൈബർ ആക്രമണം നേരിടുന്ന മാധ്യമപ്രവർത്തകരുടെ വേദന മനസ്സിലാകും. താനും കുടുംബവും ഒരിക്കൽ ഇത്തരം ക്രൂരമായ ആക്രമണം നേരിടേണ്ടി വന്നിട്ടുണ്ടെന്നും സജീന്ദ്രൻ കുറിക്കുന്നു.

കുന്നത്തുനാട്ടിലെ യുഡിഎഫ് സ്ഥാനാർത്ഥിയും എംഎൽഎയുമായ സജീന്ദ്രനെ വിജയപ്പിക്കാൻ ഭാര്യയും മാതൃഭൂമി ചാനലിലെ ലേഖികയുമായ ലേബി സജീന്ദ്രൻ നടത്തിയ ഇടപെടലുകളുടെ ഓഡിയോ സോഷ്യൽ മീഡിയയിൽ വൈറാലായിരുന്നു. ഇത് ഏറെ രാഷ്ട്രീയ ചർച്ചകൾക്കും ഇടനൽകി. അതിനിടെ ഫെയ്സ് ബുക്കിലൂടെ ഈ വിവാദത്തിന് പിന്നിൽ സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റീസ് കെജി ബാലകൃഷ്ണന്റെ മരുമകൻ ശ്രീനിജനാണെന്ന സൂചനകളുമായി ലേബി രംഗത്തെത്തുകയും ചെയ്തു. പിന്നാലെ താൻ മാധ്യമപ്രവർത്തനം അവസാനിപ്പിക്കുകയാണെന്നും ലേബി സജീന്ദ്രൻ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു. അതിന് ശേഷമായിരുന്നു ആത്മഹത്യാ ശ്രമം. ഇതിൽ നിന്നും ലേബി രക്ഷപ്പെട്ടു.

മാതൃഭൂമി കൊച്ചി ബ്യൂറോയിലെ ലേഖിക ലേബി സജീന്ദ്രന്റെ ഫോൺ സംഭാഷണമാണ് സോഷ്യൽ മീഡിയ വഴി അന്ന് പ്രചരിച്ചത്. കൊച്ചിയിലെ തന്റെ സഹപ്രവർത്തകനെ നിരീക്ഷിക്കാനും പ്രാദേശിക ലേഖകർക്ക് പണം കൊടുക്കാനും ഈ ലേഖിക നിർദ്ദേശിക്കുന്നതായി കേൾക്കാം. ഒമ്പത് മിനിറ്റോളം വരുന്ന ഫോൺ സംഭാഷണം സോഷ്യൽ മീഡിയയിൽ വൈറലായി. ഭർത്താവിനെ കാലുവാരുമെന്ന് സംശയമുള്ള കോൺഗ്രസ് പ്രവർത്തകരെ നിരീക്ഷിക്കാൻ ഏർപ്പാടാക്കിയ ആളുമായുള്ള സംഭാഷണമാണ് പുറത്തായത്. ആരോടാണ് സംഭാഷണമെന്ന് വ്യക്തമല്ല. പല കോളുകൾ ഒരുമിച്ച് എഡിറ്റ് ചെയ്ത ക്ലിപ്പാണ് തിരുവനന്തപുരത്തെ മാധ്യമ പ്രവർത്തകർക്ക് ലഭിച്ചത്. മാധ്യമ പ്രവർത്തകരുടെ വാട്സാപ്പ് ഗ്രൂപ്പിൽ ചർച്ചയായതോടെ സോഷ്യൽ മീഡിയകളിൽ വൈറലാവുകയായിരുന്നു. ഈ വിഷയമാണ് വീണ്ടും സജീന്ദ്രൻ ചർച്ചയാക്കുന്നത്.

വി.പി. സജീന്ദ്രന്റെ കുറിപ്പിന്റെ പൂർണരൂപം

പ്രിയപ്പെട്ട നിഷ, ഷാനി, കമലേഷ്, പ്രജുല, അജയ് ഘോഷ്, അയ്യപ്പദാസ്, പ്രമീളാ ഗോവിന്ദ്... നിങ്ങളുടെ വേദന എനിക്ക് മനസ്സിലാകും; ഇതേ അവസ്ഥയിലൂടെ ഒരിക്കൽ ഞാനും എന്റെ കുടുംബവും കടന്നുപോയിട്ടുണ്ട്

ഒരിക്കൽ ഞാനും എന്റെ കുടുംബവും അനുഭവിച്ചിട്ടുണ്ട് ആ വേദന. ദിവസങ്ങളോളം രാത്രിയും പകലും എന്നില്ലാതെ കരയുന്ന ഭാര്യ. അമ്മയെ ആശ്വസിപ്പിക്കാൻ ബുദ്ധിമുട്ടിയ എന്റെ മക്കൾ. ഒരു മാധ്യമ പ്രവർത്തകയായതുകൊണ്ട് മാത്രം വേട്ടയാടപ്പെട്ട സ്ത്രീ. വേട്ടയാടിയ സൈബർ ഗുണ്ടകൾ ഒരു കാര്യം മറന്നു. അവൾ ഒരു സ്ത്രീയാണെന്ന്, ഭാര്യയാണെന്ന്, അമ്മയാണെന്ന്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എന്റെ തോൽവിയായിരുന്നു അവരുടെ ലക്ഷ്യം. പക്ഷെ എന്റെ കുന്നത്തുനാട്ടുകാർ സൈബർ ഗുണ്ടകളുടെ നുണപ്രചരണം വിശ്വസിച്ചില്ല. പ്രതിസന്ധിയിലും കൂടെ നിന്ന കുന്നത്തുനാട്ടുകാരാണ് എന്റെ കരുത്ത്. ഈ എളിയവന്റെ ഹൃദയത്തിൽ അവർ അന്ന് തന്ന സ്‌നേഹം എന്നുമുണ്ടാകും.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയം, 2016 മെയ് 8 നാണ് ലേബി സംസാരിച്ചത് എന്ന വ്യാജേന ഒരു ഓഡിയോ ചിലർ പ്രചരിപ്പിച്ചത്. തൊട്ടടുത്ത ദിവസം തന്നെ ഇതിനെതിരെ ലേബി സൈബർ സെല്ലിൽ പരാതി നൽകുകയും ചെയ്തു. എന്നാൽ സൈബർ ആക്രമണത്തിൽ പതറിപ്പോയ ലേബി തൊട്ട് പിറ്റേന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു. വെന്റിലേറ്റർ സഹായത്തോടെ നിലനിർത്തിയ ആ ജീവൻ എന്റെ മക്കളുടേയും പ്രിയപ്പെട്ടവരുടേയും കണ്ണീരിൽ കുതിർന്ന പ്രാർത്ഥന കൊണ്ടാണ് ദിവസങ്ങൾക്കു ശേഷം ഞങ്ങൾക്ക് തിരിച്ചുകിട്ടിയത്. അന്ന് നൽകിയ പരാതിയിൽ സൈബർ സെല്ല് നടത്തിയ ശാസ്ത്രീയ പരിശോധനയിൽ

ആ ഓഡിയോ കൃത്രിമമായി നിർമ്മിച്ചതാണ് എന്ന് കണ്ടെത്തി.അതായത് പിണറായി വിജയന്റെ പൊലീസാണ് ആ ഓഡിയോയുടെ കൃത്രിമത്വം കണ്ടെത്തിയത് എന്ന് മറക്കരുത്! അതിന്റെ രേഖകൾ എന്റെ കൈവശമുണ്ട്. ആ ഓഡിയോ അടുത്തിടെ വീണ്ടും ഉപയോഗിച്ചവർക്കെതിരെ ക്രിമിനൽ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് ഞാൻ പൊലീസിലും സൈബർ സെല്ലിലും പരാതി നൽകിയിട്ടുമുണ്ട്. പക്ഷെ പിണറായി പൊലീസ് എന്ത് നടപടി സ്വീകരിക്കുമെന്ന് അറിയില്ല.

ഇന്നും സൈബർ ഗുണ്ടകൾ ഞങ്ങൾക്ക് പിന്നാലെയുണ്ട്. പക്ഷെ വ്യാജപ്രചരണങ്ങളെ പുച്ഛത്തോടെ തള്ളുന്ന പ്രബുദ്ധരായ മലയാളി ജനത സൈബർ ആക്രമണങ്ങളെ വിശ്വസിക്കില്ലെന്നറിയാം. പക്ഷെ തെരഞ്ഞെടുപ്പിൽ ജയിക്കാൻ എന്ത് നെറികെട്ട പ്രവർത്തനവും നടത്തുന്ന സൈബർ സഖാക്കളേ, നിങ്ങൾക്കും ഒരു കുടുംബമുണ്ടെന്ന് ഓർക്കണം.

പ്രിയപ്പെട്ടവരായ നിഷ, ഷാനി, കമലേഷ്, പ്രജുല, അജയ് ഘോഷ്, അയ്യപ്പദാസ്, പ്രമീളാ ഗോവിന്ദ്... ലേബിയെ അന്ന് വേട്ടയാടിയവർ തന്നെയാണ് ഇന്ന് നിങ്ങളെയും വേട്ടയാടുന്നത്. മറ്റൊരു പേരിൽ അവർ എത്തിയെന്ന് മാത്രം. നിങ്ങളുടെ വേദന മറ്റാരേക്കാളും എനിക്ക് നന്നായി മനസ്സിലാകും. കാരണം ദിവസങ്ങളോളം ഈ സൈബർ ആക്രമണങ്ങൾക്കും, പലരുടെയും ചോദ്യങ്ങൾക്കും മുന്നിൽ മറുപടി പറയേണ്ടി വന്നവരാണ് ഞങ്ങൾ. വിങ്ങുന്ന മനസ്സുമായി കഴിഞ്ഞ എന്റെ ഭാര്യ ലേബിക്ക് ഉറക്കം പോലും നഷ്ടപ്പെട്ട രാത്രികളുണ്ട്. പക്ഷെ അന്ന് ലേബിയെയും എന്റെ കുടുംബത്തെയും ആശ്വസിപ്പിക്കാൻ നിങ്ങൾ ഒന്നടങ്കം രംഗത്തെത്തിയിരുന്നു. നിങ്ങളും അങ്ങനെയുള്ള ദിനരാത്രങ്ങളിൽ കൂടിയാകും ഇപ്പോൾ മുന്നോട്ടു പോകുന്നത്. എന്റെ ഭാര്യയായതുകൊണ്ടു കൂടിയാണ് ലേബി അന്ന് വേട്ടയാടപ്പെട്ടത്. ഇനി ഒരാൾക്കും ഈ ഗതിവരരുതെന്ന് പ്രാർത്ഥിച്ചവരാണ് ഞങ്ങൾ.

സിപിഎമ്മിന്റെ തെറ്റിനെ ചൂണ്ടിക്കാണിക്കുന്നവരെയും ചോദ്യം ചെയ്യുന്നവരെയും ആക്രമിക്കുന്ന നടപടിയിൽ അത്ഭുതമില്ല. 51 വെട്ടുവെട്ടി ടി.പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ നിങ്ങൾ ഒരു സ്ത്രീയെ വിധവയാക്കി. ഒരുകാലത്ത് ആക്രമണത്തിന് ക്വട്ടേഷൻ സംഘങ്ങളെ ചുമതലപ്പെടുത്തിയിരുന്ന മാർക്‌സിസ്റ്റുകാർ ഇപ്പോൾ സൈബർ ഗുണ്ടകളെയാണ് പണി ഏൽപിച്ചിരിക്കുന്നത്. കുടുംബങ്ങളെ ലക്ഷ്യമിട്ടും സദാചാര ഗുണ്ടായിസവുമാണ് സിപിഎമ്മിന്റെ പുതിയ രീതി. സൈബർ വേട്ടയാടൽ കാരണം തൊഴിൽ ഉപേക്ഷിക്കേണ്ടി വന്നു എന്റെ ഭാര്യ ലേബിക്ക്. അന്ന് അവൾക്കത് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP