Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ബജറ്റ് ഹൈലൈറ്റ് രേഖകൾ ചോർന്നുകിട്ടുന്നത് പ്രതിപക്ഷ നേതാവിന്റെ പിഎയ്ക്ക്; സഭയ്ക്കുപുറത്തിറങ്ങിയ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ രേഖകൾ ഏൽപിച്ചത് ചെന്നിത്തലയുടെ പിഎ ഹബീബ്; ഉമ്മൻ ചാണ്ടി ഇക്കാര്യം സതീശനുമായി ചർച്ചചെയ്യുമ്പോൾ എത്തിനോക്കി ബൽറാമും അനിൽ അക്കരെയും; ബജറ്റു ചോർച്ച പ്രതിപക്ഷം ആയുധമാക്കിയത് എങ്ങനെയെന്ന് വ്യക്തമാക്കി ചിത്രങ്ങൾ

ബജറ്റ് ഹൈലൈറ്റ് രേഖകൾ ചോർന്നുകിട്ടുന്നത് പ്രതിപക്ഷ നേതാവിന്റെ പിഎയ്ക്ക്; സഭയ്ക്കുപുറത്തിറങ്ങിയ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ രേഖകൾ ഏൽപിച്ചത് ചെന്നിത്തലയുടെ പിഎ ഹബീബ്; ഉമ്മൻ ചാണ്ടി ഇക്കാര്യം സതീശനുമായി ചർച്ചചെയ്യുമ്പോൾ എത്തിനോക്കി ബൽറാമും അനിൽ അക്കരെയും; ബജറ്റു ചോർച്ച പ്രതിപക്ഷം ആയുധമാക്കിയത് എങ്ങനെയെന്ന് വ്യക്തമാക്കി ചിത്രങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബജറ്റിലെ ഹൈലൈറ്റുകൾ അവതരണം പൂർത്തിയാകുംമുമ്പ് ധനമന്ത്രിയുടെ ഓഫീസിൽ നിന്ന് മാധ്യമപ്രവർത്തകർക്ക് അയച്ചുകൊടുക്കുകയും ഇത് പ്രതിപക്ഷത്തിന്റെ കയ്യിൽ കിട്ടുകയുമായിരുന്നുവെന്ന് ഇന്നലെ സഭയിൽ പ്രതിപക്ഷ ബഹളം തുടങ്ങിയതിന് പിന്നാലെ തന്നെ മറുനാടൻ റിപ്പോർട്ടു ചെയ്തിരുന്നു. ധനമന്ത്രിയുടെ അസി. പ്രൈവറ്റ് സെക്രട്ടറി മനോജ് കെ പുതിയവിളയുടെ മെയിലിൽ നിന്നാണ് ഇത് അയച്ചതെന്നും ഇതിന്റെ കോപ്പി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കൈവശമാണ് ലഭിച്ചതെന്നും മറുനാടൻ റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

സർക്കാരിനെ വെട്ടിലാക്കിയ ബജറ്റ് ചോർച്ചാ വിവാദത്തിന് തിരികൊളുത്തിയതും ബജറ്റ് രേഖകൾ ചോർന്നെന്ന് പറഞ്ഞ് ഭരണപക്ഷത്തെ നിർത്തിപ്പൊരിക്കാമെന്നും കണ്ടെത്തുന്നതും പ്രതിപക്ഷ നിരയിലെ കുശാഗ്ര ബുദ്ധിക്കാരനായ മുൻ മുഖ്യമന്ത്രി തന്നെയെന്ന് മനോരമ പത്രത്തിൽ പ്രസിദ്ധീകരിച്ച ചിത്രങ്ങളും അടിവരയിട്ട് വ്യക്തമാക്കുന്നു. ചെന്നിത്തലയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗം ഹബീബാണ് ഈ രേഖകളുടെ പ്രിന്റൗട്ട് എടുത്ത് ഉമ്മൻ ചാണ്ടിയെ ഏൽപ്പിച്ചതെന്നാണ് ലഭിക്കുന്ന വിവരം.

രാവിലെ ഒമ്പതുമണിക്കാണ് തോമസ് ഐസക് ബജറ്റ് പ്രസംഗം സഭയിൽ തുടങ്ങുന്നത്. 10.26നാണ് ധനമന്ത്രിയുടെ അസി. പ്രൈവറ്റ് സെക്രട്ടറി മനോജിന്റെ മെയിലിൽ നിന്നും [email protected] എന്ന മെയിൽ ഐഡിയിൽ നിന്നും മാധ്യമപ്രവർത്തകർക്ക് ലഭിക്കുന്നത്. ഇതേ അവസരത്തിൽ തന്നെ ഇതിന്റെ കോപ്പി ചെന്നിത്തലയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗമായ ഹബീബിനും ലഭിക്കുന്നു. ഇതിന്റെ പ്രിന്റൗട്ടുമാിയി സഭാ കവാടത്തിലെത്തിയ ഹബീബ് കാണുന്നത് ബജറ്റ് അവതരണ വേളയ്ക്കിടെ പുറത്തിറങ്ങിയ ഉമ്മൻ ചാണ്ടിയേയാണ്.

ഉടനെ ഇത് അദ്ദേഹത്തെ ഹബീബാണ് ഏൽപിക്കുന്നത്. ഹബീബാണ് തന്നെ കോപ്പി ഏൽപിച്ചതെന്ന് സഭയിലെ ബഹളമെല്ലാം കഴിഞ്ഞ് പിന്നീട് ചേർന്ന എംഎൽഎമാരുടെ യോഗത്തിലും ഉമ്മൻ ചാണ്ടി വ്യക്തമാക്കിയിരുന്നു. ചെന്നിത്തലയുടെ പേഴ്‌സണൽ സ്റ്റാഫായ അദ്ദേഹം ഒരു കോപ്പി ചെന്നിത്തലയ്ക്കും എത്തിച്ചതായാണ് വിവരം.

ബജറ്റ് ഹൈലറ്റ്‌സ് ചോർന്നുകിട്ടിയെന്ന് വ്യക്തമായതോടെ ഉമ്മൻ ചാണ്ടി ഉടൻ സഭയിലേക്ക് തിരിച്ചുകയറുകയും കയ്യിൽ കുറച്ചു കടലാസുകളുമായി വി ഡി സതീശൻ ഇരിക്കുന്ന നിരയിലേക്ക് എത്തുകയും ചെയ്യുന്നത് മനോരമ പ്രസിദ്ധീകരിച്ച ദൃശ്യങ്ങളിൽ വ്യക്തമാണ്.

തുടർന്ന് നാലു സീറ്റ് അപ്പുറത്ത് ഇരിക്കുന്ന സതീശനെ ഉമ്മൻ ചാണ്ടി തന്റെ സമീപത്തേക്ക് വിളിക്കുന്നു. ഇരുവരും ചേർന്ന് ഇക്കാര്യം സംസാരിക്കുകയും ചെയ്യുന്നതും പിൻനിരയിൽ ഇരുന്നിരുന്ന വി ടി ബൽറാമും അനിൽ അക്കരയെും ഉൾപ്പെടെയുള്ളവർ എഴുന്നേറ്റുനിന്ന് ഈ രേഖകൾ നോക്കുന്നതും ദൃശ്യത്തിൽ കാണാം.

ഈ ചർച്ചകൾക്കു പിന്നാലെ സതീശൻ ഉമ്മൻ ചാണ്ടിയുമായി സംസാരിച്ചതു പ്രകാരം രേഖകൾ പ്രതിപക്ഷ നേതാവിനെ ഏൽപിക്കുന്നതും കാര്യങ്ങൾ വിവരിച്ചുകൊടുക്കുകയും ചെയ്യുന്നതാണ് അടുത്ത ദൃശ്യം. ബജറ്റ് അവതരണം പോലെ ഒരു പ്രധാന സംഭവം സഭയിൽ നടക്കുമ്പോൾ എഴുന്നേറ്റ് എന്തെങ്കിലും കാര്യം പറയാൻ പ്രതിപക്ഷ നേതാവിനേ അവകാശമുള്ളൂ. അദ്ദേഹത്തിന് മാത്രമേ സ്പീക്കർ മൈക്ക് നൽകൂ. ഇത് മുൻകൂട്ടി കണ്ടാണ് ഉമ്മൻ ചാണ്ടി വിവരം ചെന്നിത്തലയെ അറിയിക്കാനും രേഖകൾ നൽകാനും സതീശനെ ചുമതലപ്പെടുത്തിയതെന്നാണ് വിവരം.

ഉമ്മൻ ചാണ്ടിയും സതീശനും തമ്മിലെ അസ്വാഭാവികമായ ചർച്ച പ്രതിപക്ഷത്തെ എംഎൽഎമാരിലും കൗതുകമുണ്ടാക്കി. പരസ്പരം നോക്കുന്ന രേഖയിൽ എന്തെന്ന് അറിയാൻ എംഎൽഎമാർ ശ്രമിക്കുകയും ചെയ്തു. ഇതിനിടെ ഇരുവർക്കും രേഖയുടെ ആധികാരികത ബോധ്യപ്പെട്ടു. ഇതോടെ വിഷയം പ്രതിപക്ഷ ബഞ്ചുകളിലാകെ ചർച്ചയായി. ഇത് രമേശ് ചെന്നിത്തലയ്ക്ക് കൈമാറാൻ ഉമ്മൻ ചാണ്ടി നിർദ്ദേശിച്ചു. ഇതോടെയാണ് സംഭവത്തിലെ ഗൗരവം സതീശൻ ഇടപെട്ട് ചെന്നിത്തലയെ ബോധ്യപ്പെടുത്തുന്നത്.

ഇതോടെ രേഖകളുടെ ഗൗരവം മനസ്സിലാക്കി ചെന്നിത്തല എഴുന്നേറ്റ് നിന്ന് ബജറ്റ് ചോർന്നെന്നും വിശ്വാസ്യത നഷ്ടമായെന്നുമെല്ലാം വ്യക്തമാക്കുകയായിരുന്നു. യുവ എംഎൽഎമാരുടെ ബഹളത്തിനിടെ എണീറ്റ രമേശ് ചെന്നിത്തലയ്ക്ക് സ്പീക്കർ മൈക്ക് അനുവദിച്ചു. തന്റെ ഓഫീസിൽ കിട്ടിയ രേഖയെന്ന് പറഞ്ഞാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രശ്‌നം നിയമസഭയിൽ അവതരിപ്പിച്ചത്. ഉമ്മൻ ചാണ്ടി വഴിയാണ് ഇത് ചെന്നിത്തലയിലേക്ക് എത്തിയതെങ്കിലും ചെന്നിത്തലയുടെ പേഴ്‌സണൽ സ്റ്റാഫംഗം ഹബീബ് തന്നെയാണ് ഈ രേഖകൾ സഭയ്ക്ക് പുറത്തിറങ്ങിയ ഉമ്മൻ ചാണ്ടിയെ ഏൽപിക്കുന്നത്.

ചെന്നിത്തല വിവരം അറിയും മുമ്പുതന്നെ പ്രതിപക്ഷ നിരയിൽ ഉമ്മൻ ചാണ്ടിയും സതീശനുമായി നടന്ന ചർച്ചയ്ക്കിടെ വിവരമറിഞ്ഞ അംഗങ്ങൾ ബഹളം തുടങ്ങിയിരുന്നു. ഇതിനു പിന്നാലെ സതീശൻ രേഖകൾ നൽകിയതോടെ ചെന്നിത്തല ഇക്കാര്യം ഉന്നയിച്ചതിന് പിന്നാലെ ഒരു വിഭാഗം എംഎൽഎമാർ എഴുന്നേറ്റ് സ്പീക്കറുടെ അടുത്തേക്ക് നീങ്ങുകയും നടുത്തളത്തിൽ നിന്ന് ബഹളവും മുദ്രാവാക്യം വിളിയും തുടങ്ങുകയുമായിരുന്നു.

ഈ സാഹചര്യത്തിലും എന്താണ് സംഭവിച്ചതെന്ന് മുഖ്യമന്ത്രിക്കോ ധനമന്ത്രിക്കോ മനസ്സിലായിരുന്നില്ല. അതുകൊണ്ടുതന്നെ ഇക്കാര്യം അന്വേഷിക്കാമെന്ന ഉറപ്പുമാത്രമാണ് ധനമന്ത്രി നൽകുന്നത്. തുടർന്ന് പ്രതിപക്ഷം സഭ ബഹിഷ്‌കരിക്കുകയും വൈകീട്ട് ഗവർണറെ കണ്ട് ബജറ്റ് ചോർന്നുവെന്ന പരാതി നൽകുകയുമായിരുന്നു. ബജറ്റ് ചോർന്നതിന്റെ അടിസ്ഥാനത്തിൽ ധനമന്ത്രി തോമസ് ഐസക് രാജിവയ്ക്കണമെന്ന ആവശ്യമാണ് പ്രതിപക്ഷം ഉയർത്തുന്നത്. എന്നാൽ ബജറ്റ് പൂർണമായും ചോർന്നുവെന്ന വാദം ഉയർത്താനാവില്ലെന്നു വ്യക്തമാക്കിയ സർക്കാർ ബജറ്റിലെ പ്രധാന ഹൈലൈറ്റ്‌സ് അവതരണം തീരുന്നതിന് മുമ്പ് നേരത്തെ തന്നെ മാധ്യമപ്രവർത്തകർക്ക് അയച്ച അസി. പ്രൈവറ്റ് സെക്രട്ടറി മനോജ് പുതിയവിളയെ ആ സ്ഥാനത്തുനിന്ന് പുറത്താക്കുകയുമായിരുന്നു.

മനോജ് പുതിയവിളയുടെ മെയിൽ ഐഡിയിൽ നിന്നാണ് മാധ്യമ പ്രവർത്തകർക്ക് ബജറ്റ് വിശദാംശങ്ങൾ കിട്ടിയതെന്നും ഉമ്മൻ ചാണ്ടിയുടെ കൈവശമാണ് രേഖകൾഎത്തിയതെന്നും മറുനാടൻ സംഭവം ഉണ്ടായതിന് പി്ന്നാലെ തന്നെ റിപ്പോർട്ടു ചെയ്തിരുന്നു. ഇത് സത്യമാണെന്ന് ബോധ്യപ്പെട്ടതോടെയാണ് വൈകുന്നേരം തന്നെ മനോജിനെതിരെ നടപടിയുണ്ടായത്. ബജറ്റ് അവതരണത്തിന് പിന്നാലെ പത്രലേഖകർക്ക് നൽകാനായി രണ്ട് ഫയലുകളായിരുന്നു ഉണ്ടായിരുന്നത്.

ഇതിൽ ഒന്ന് പിഡിഎഫും മറ്റേത് വേർഡ് ഫയലും. പിആർഡി ഉദ്യോഗസ്ഥനായ മനോജ് പുതിയവിള തോമസ് ഐസക്കുമായുള്ള വ്യക്തിബന്ധം മൂലം മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിൽ എത്തിയതാണ്. മാധ്യമങ്ങൾ അയക്കാനായി തയ്യാറാക്കിയ കുറിപ്പ് അബദ്ധത്തിൽ പോയതാണെന്ന വിശദീകരണമാണ് ഇതു സംബന്ധിച്ച അന്വേഷണത്തിൽ മറുനാടന് ലഭിച്ചത്. ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങളാണ് അവതരണ സമയത്ത് പുറത്തുവന്നത്.

സമൂഹമാധ്യമങ്ങൾ വഴി പ്രചരിച്ചവയെക്കുറിച്ച് പ്രതിപക്ഷമാണ് സഭയിലുന്നയിച്ചത്. ധനമന്ത്രിയുടെ ഓഫീസിൽനിന്നാണ് ബജറ്റ് ചോർന്നതെന്ന് ആരോപിച്ച് പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോകുകയും പിന്നീട് മീഡിയാ റൂമിൽ ചെന്നിത്തല സമാന്തരമായി ബജറ്റ് അവതരിപ്പിക്കുകയും ചെയ്തിരുന്നു.

(ചിത്രങ്ങൾക്ക് കടപ്പാട്: മലയാള മനോരമ)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP