Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അച്ഛനോട് തുടങ്ങിയ വൈരാഗ്യം മകളോടും തുടർന്നു; സെനറ്റ് മെമ്പർ എന്ന നിലയിൽ ഗ്രാൻഡുകൾ തടഞ്ഞു പ്രതികാരം വീട്ടി; ചാമക്കാലയുടെ നീക്കങ്ങൾ വിജയിച്ചപ്പോൾ സൂചികൊണ്ട് എടുക്കേണ്ട വിഷയം തൂമ്പകൊണ്ട് എടുത്താലും പരിഹരിക്കപ്പെടാത്ത ആശങ്കയിൽ ലക്ഷ്മി നായർ

അച്ഛനോട് തുടങ്ങിയ വൈരാഗ്യം മകളോടും തുടർന്നു; സെനറ്റ് മെമ്പർ എന്ന നിലയിൽ ഗ്രാൻഡുകൾ തടഞ്ഞു പ്രതികാരം വീട്ടി; ചാമക്കാലയുടെ നീക്കങ്ങൾ വിജയിച്ചപ്പോൾ സൂചികൊണ്ട് എടുക്കേണ്ട വിഷയം തൂമ്പകൊണ്ട് എടുത്താലും പരിഹരിക്കപ്പെടാത്ത ആശങ്കയിൽ ലക്ഷ്മി നായർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പാമ്പാടി നെഹ്രു കോളേജിലെ വിഷ്ണു പ്രണോയിയുടെ മരണത്തിന് ശേഷമാണ് ലോ ആക്കാദമിയിൽ പ്രശ്‌നങ്ങൾ തുടങ്ങുന്നത്. പ്രിൻസിപ്പൽ ലക്ഷ്മി നായരെ ഉന്നംവച്ചാണ് ആരോപണമെത്തിയത്. കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചു പൂട്ടേണ്ടിയും വന്നു. അതിനിടെ തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ജ്യോതികുമാർ ചാമക്കാലയെന്ന കോൺഗ്രസ് നേതാവാണ് ലോ അക്കാദമിയിൽ പ്രശ്‌ന പരിഹാരം സാധ്യമാകാത്ത വിധം ഇടപെടൽ നടത്തുന്നതെന്ന ആരോപണം ശക്തമാവുകയാണ്. ലോ അക്കാദമിയുമായി ദീർഘകാല വൈരാഗ്യം ഫലപ്രദമായി ജ്യോതികുമാർ ചാമക്കാല ഉപയോഗിക്കുന്നുവെന്നാണ് ആക്ഷേപം. വിദ്യാർത്ഥികളുടെ ന്യായമായ ആവശ്യങ്ങളെ അനിശ്ചിതകാല സമരത്തിലേക്ക് വഴി തിരിച്ചുവിട്ടത് ചാമക്കാലയാണെന്നാണ് ഉയരുന്ന ആരോപണം.

ലോ അക്കാദമയുമായി ജ്യോതികുമാർ ചാമക്കാലയ്ക്ക് ഭിന്നത തുടങ്ങിയിട്ട് നാളുകൾ ഏറെയായി. കേരളാ യൂണിവേഴ്‌സിറ്റിയുടെ സെനറ്റ് മെമ്പറായിരിക്കുമ്പോൾ തന്നെ നിരവധി ഗ്രാന്റുകൾ അക്കാദമിക്ക് ലഭിക്കുന്നത് തടയാൻ ചാമക്കാല ശ്രമിച്ചിരുന്നു. ലോ അക്കദമിയുടെ സ്ഥാപകൻ നാരായണൻ നായരുമായും ഭിന്നതയുണ്ടായിരുന്നു. ഇത് മകൾ ലക്ഷ്മി നായർ പ്രിൻസിപ്പലായപ്പോഴും തുടരുകയായിരുന്നു. എസ് എഫ് ഐയിൽ നിന്ന് പുറത്താക്കിയ ലോ അക്കാദമി വിദ്യാർത്ഥി ചാമക്കാലയ്ക്ക് സ്ഥാപനവുമായുള്ള എതിർപ്പ് തിരിച്ചറിഞ്ഞ് കരുക്കൾ നീക്കുകയായിരുന്നു. തുടക്കത്തിൽ സമരവുമായി സഹകരിക്കാത്ത എസ് എഫ് ഐയ്ക്കും ഒടുവിൽ വിഷയം ഏറ്റെടുക്കേണ്ട രീതിയിലേക്ക് കാര്യങ്ങളെത്തിച്ചു. ഇതിനുള്ള അണിയറ നീക്കങ്ങളാണ് അക്കാദമിയിൽ നടന്നത്.

അക്കാദമിയുടെ സ്ഥാപകനായ നാരായണൻ നായരെ പൊതുവേദിയിൽ ചാമക്കാല അധിക്ഷേപിച്ച് സംസാരിച്ചിരുന്നു. ഇതിനെതിരെ കെപിസിസിക്ക് നാരായണൻ നായർ പരാതി നൽകി. സിപിഐ(എം) നേതാവ് കോലിയക്കോട് കൃഷ്ണൻ നായരുടെ സഹോദരനാണ് നാരായണൻ നായർ. പക്ഷേ കെ കരുണാകരൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുമായും കോലിയക്കോടിന് അടുത്ത ബന്ധമുണ്ടായിരുന്നു. നിലവിലെ നേതൃത്വത്തോടും അടുപ്പമുണ്ട്. അതുകൊണ്ട് തന്നെ നാരായണൻ നായരെ പരസ്യമായി വിമർശിച്ച ചാമക്കാലയ്ക്ക് കെപിസിസിയുടെ ശാസനയും കിട്ടിയതായാണ് സൂചന. ഇതിന് ശേഷവും ചാമക്കാല വിരോധം തുടർന്നു. സെനറ്റിൽ അക്കാദമിക്ക് എതിരായ നീക്കങ്ങൾ സജീവമാക്കി. ഇതിനിടെയാണ് ചാമക്കാലയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉയരുന്നത്. കോടതി കയറിയ കേസുകൾക്കൊടുവിൽ ചാമക്കാലയ്ക്ക് ബിഎഡ് കോളേജും സെനറ്റ് അംഗത്വവും നഷ്ടമായി.

സിൻഡിക്കേറ്റ് അംഗം കൂടിയായ ജ്യോതികുമാർ ചാമക്കാല മാനേജരായ കൊല്ലം അർക്കന്നൂരിലെ കോളജ് ഓഫ് ടീച്ചർ എജ്യുക്കേഷന്റെ അഫിലിയേഷൻ റദ്ദാക്കാൻ കേരള സർവകലാശാലാ സിൻഡിക്കേറ്റ് തീരുമാനം പുറത്തുവന്നു. ഇല്ലാത്ത മൂന്നേക്കർ ഭൂമി കാട്ടി ജ്യോതികുമാർ ട്രസ്റ്റിന്റെ പേരിൽ ബി.എഡ് കോളജ് സ്വന്തമാക്കുകയും പിന്നീട് ഭൂമി മറിച്ചുവിൽക്കുകയും ചെയ്തുവെന്ന ആരോപണം ശരിയെന്ന് കണ്ടെത്തിതോടെയാണ് അംഗീകാരം പിൻവലിക്കാൻ വൈസ് ചാൻസിലർ തീരുമാനിച്ചത്. എന്നാൽ, അഫിലിയേഷൻ റദ്ദാക്കുന്നതിനെതിരേ ജ്യോതികുമാർ ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ നേടിയിരുന്നു. ഹൈക്കോടതി സ്റ്റേക്കെതിരേ കേരള സർവകലാശാല അപ്പീൽ നൽകി. ഈ കേസ് വാദിച്ചത് ലോ അക്കാദമി പ്രിൻസിപ്പൽ ലക്ഷ്മി നായരുടെ സഹോദരൻ നാഗരാജനായിരുന്നു. ഇതും വൈരാഗ്യം ഇരട്ടിക്കാൻ കാരണമായി.

1992ൽ രൂപീകൃതമായ ചാമക്കാല എജ്യുക്കേഷണൽ ട്രസ്റ്റ് 2004ലാണ് ബി.എഡ് കോളജിന് അപേക്ഷിച്ചത്. ബി.എഡ് കോളജ് തുടങ്ങാൻ നാല് ഏക്കർ ആവശ്യമാണെന്നിരിക്കേ ഇതിനായി 1.29ഏക്കർ മാത്രം കൈവശമുണ്ടായിരുന്ന ട്രസ്റ്റ് സമീപത്തെ മൂന്നേക്കർ കൂടി വ്യാജമായി ചേർത്ത് അപേക്ഷിച്ചതായാണ് കണ്ടെത്തിയത്. ഇത്തരത്തിൽ കാണിച്ച മൂന്നേക്കർ ഭൂമി സ്വകാര്യ വ്യക്തിക്ക് മറിച്ചുവിറ്റതായും കണ്ടെത്തിയിരുന്നു. സർവകലാശാലയുടെ അംഗീകാരം നേടുന്നതിനായി കാട്ടിയിട്ടുള്ള ഭൂമി പിന്നീട് വിൽക്കാൻ പാടില്ലെന്നാണ് ചട്ടം. ഈ കുരുക്ക് മുറുക്കിയത് സിപിഐ(എം) നേതൃത്വമായിരുന്നു. ഇതിന് എല്ലാ സഹായവും നാരായണൻ നായർ നൽകിയെന്നാണ് ചാമക്കാലയുടെ പക്ഷം. ഇതിനിടെ ലക്ഷ്മി നായർക്കെതിരെ ചില ഫെയ്‌സ് ബുക്ക് പോസ്റ്റുകളും ചാമക്കാല ഇട്ടു. ഇതും നിയമപോരാട്ടത്തിന് കാരണമായി. ഈ വിഷയത്തിൽ ലക്ഷ്മി നായരുടെ പരാതിയിൽ പൊലീസ് അന്വേഷണം നടക്കുകയാണ്.

ഈ വൈരാഗ്യമാണ് ലോ അക്കാദമിയിലെ പ്രശ്‌നങ്ങൾക്ക് കാരണമെന്നാണ് ലഭിക്കുന്ന സൂചന. വിദ്യാർത്ഥികൾക്കിടിയിലെ പ്രശ്‌നങ്ങൾ സമർത്ഥമായി വിനിയോഗിക്കാൻ ചാമക്കാല പിന്നണിയിൽ ഉണ്ട്. പമ്പാടി കോളേജ് വിഷയത്തെ തന്റെ ശത്രുവിനെതിരെ സമർത്ഥമായി വിനിയോഗിക്കുകയായിരുന്നു അദ്ദേഹം. കോളേജിൽ പ്രശ്‌നങ്ങൾ വിദ്യാർത്ഥികളുമായി ചർച്ച ചെയ്തു പരിഹരിച്ചിരുന്നു. എന്ത് ന്യായമായ ആവശ്യവും അംഗീകരിക്കും. എന്നാൽ സമരക്കാരുടെ ആവശ്യം പ്രിൻസിപ്പലിന്റെ രാജിയാണ്. ഇത് വിദ്യാർത്ഥികളുടെ അജണ്ടയായിരുന്നില്ല. മറിച്ച്, മറ്റൊരാളുടെ ആവശ്യമാണ്. കോളേജിലെ പ്രശ്‌ന പരിഹാരം ഉടൻ സാധ്യമാക്കണമെന്നാണ് ആവശ്യം ഒരു പ്രമുഖ സിപിഐ(എം) നേതാവ് മറുനാടനോട് പ്രതികരിച്ചത് ഇങ്ങനെയാണ്.

എന്നാൽ ലോ അക്കാദമിയിലെ സമാധാനപരമായ സമരം പിന്നീട് അക്രമത്തിന് വഴിമാറിയതിലും ചില സന്ദേഹങ്ങൾ ഉയരുന്നുണ്ട്. പാമ്പാടി നെഹ്‌റു കോളേജിൽ ജിഷ്ണു പ്രണോയ് എന്ന വിദ്യാർത്ഥി മരിക്കാനിടയായ സാഹചര്യത്തെ തുടർന്നാണ് സ്വാശ്രയ മാനേജ്‌മെന്റുകൾക്കെതിരെ സമരം സംസ്ഥാനത്തൊട്ടാകെ വിദ്യാർത്ഥി സംഘടനകൾ ആരംഭിച്ചിട്ടുള്ളത്. ഈ സംഭവംവരെ തന്റെ കഴിവില്ലായ്മയെ കുറിച്ച് ആർക്കും ആക്ഷേപം ഇല്ലായിരുന്നെന്നും ഇപ്പോൾ അവർ സമരവുമായി രംഗത്തിറങ്ങിയത് എന്തുകൊണ്ടാണെന്നും പ്രിൻസിപ്പൾ ലക്ഷ്മി നായർ ചോദിക്കുന്നു.

ഡെപ്പോസിറ്റോ, മാനേജ്‌മെന്റ് ക്വാട്ടയിലെ പ്രവേശനത്തിന് ഫീസോ ഈടാക്കിയല്ല അക്കാഡമി പ്രവർത്തിക്കുന്നതെന്നും കോളേജിൽ ക്യാമറ സ്ഥാപിച്ചത് യൂണിവേഴ്‌സിറ്റിയുടെ നിബന്ധനകൾ പാലിക്കുന്നതിന്റെ ഭാഗമായാണെന്നും വ്യക്തമാക്കിയാണ് തുറന്നകത്ത്. വിദ്യാർത്ഥികൾ സമരം പ്രഖ്യാപിച്ചതോടെ കഴിഞ്ഞ ബുധനാഴ്ച മുതൽ ലോ അക്കാഡമി അടച്ചിട്ടിരിക്കുകയാണ്. ലക്ഷ്മി നായരുടെ രാജി ആവശ്യപ്പെട്ടാണ് പ്രക്ഷോഭം തുടങ്ങിയിട്ടുള്ളത്. ഇതോടെയാണ് ഇപ്പോൾ ഇത്തരമൊരു സമരം തുടങ്ങിയത് സംശയകരമാണെന്നും ഗൂഢോദ്ദേശ്യമാണ് സമരക്കാർക്കുള്ളതെന്നും വ്യക്തമാക്കി അക്കാഡമി പ്രിൻസിപ്പൽ ലക്ഷ്മി നായർ പ്രതികരിക്കുന്നത്.

രാഷ്ട്രീയ പ്രവർത്തനത്തിന് സ്വാതന്ത്ര്യം നൽകിയിട്ടുള്ള കാമ്പസാണ് ലോ അക്കാഡമിയേലതെന്നും അഞ്ച് സംഘടനകൾ ഒരു നിരോധനവുമില്ലാതെ പ്രവർത്തിക്കുന്നുണ്ടെന്നും അവർ ഓർമിപ്പിക്കുന്നു. മുമ്പ് പലപ്പോഴും ക്യാമ്പസിൽ പല വിഷയങ്ങൽും പ്രതിഷേധങ്ങളും ഉയർന്നിട്ടുണ്ട്. എന്നാൽ അപ്പോഴൊന്നും തന്റെ മിസ് മാനേജ്‌മെന്റിനെ പറ്റി ആരും വിഷയം ഉന്നയിച്ചിരുന്നില്ല. ഇപ്പോൾ നെഹ്‌റു കോളേജ് വിഷയത്തിന് ശേഷം ഇത്തരമൊരു ആരോപണം ഉയരുന്നത് സംശയകരമാണെന്നും അവർ വ്യക്തമാക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP