Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലക്ഷ്മി നായരുടെ മുമ്പിൽ ഇനി രാജി മാത്രം ബാക്കി; രാജി വച്ചാലും ഭൂമി പ്രശ്നത്തിന്റെ പിന്നാലെ കൂടാൻ വി എസ്; സിപിഐ(എം) കേന്ദ്ര നേതൃത്വവും വിദ്യാർത്ഥികൾക്കൊപ്പം; ഇപിയെ കൈവിട്ട പിണറായി എന്തുകൊണ്ട് പാചകക്കാരിക്ക് വേണ്ടി ഇമേജ് തകർക്കുന്നുവെന്ന് ചോദിച്ച് സോഷ്യൽ മീഡിയ

ലക്ഷ്മി നായരുടെ മുമ്പിൽ ഇനി രാജി മാത്രം ബാക്കി; രാജി വച്ചാലും ഭൂമി പ്രശ്നത്തിന്റെ പിന്നാലെ കൂടാൻ വി എസ്; സിപിഐ(എം) കേന്ദ്ര നേതൃത്വവും വിദ്യാർത്ഥികൾക്കൊപ്പം; ഇപിയെ കൈവിട്ട പിണറായി എന്തുകൊണ്ട് പാചകക്കാരിക്ക് വേണ്ടി ഇമേജ് തകർക്കുന്നുവെന്ന് ചോദിച്ച് സോഷ്യൽ മീഡിയ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലോ അക്കാദമി സമരത്തിൽ ചർച്ച പരാജയപ്പെട്ടു. പ്രിൻസിപ്പാൾ ലക്ഷ്മി നായർ രാജിവയ്ക്കില്ലെന്ന് മാനേജ്മെന്റ് വ്യക്തമാക്കിയതോടെ സമരങ്ങൾ തുടരുമെന്ന് ഉറപ്പായി. അതിനിടെ ലോ അക്കാദമിയിലെ സമരം പൊളിക്കാൻ പ്രിൻസിപ്പാൾ ലക്ഷ്മി നായർ ഹൈക്കോടതിയിയെ സമീപിച്ചു. അക്കാദമിക്ക് മുന്നിലെ സമര പന്തലുകൾ പൊളിച്ച് നീക്കണമെന്ന് ആവശ്യപ്പെട്ട് ലക്ഷ്മി നായർ ഹൈക്കോടതിയിൽ ഹർജി നൽകി. ചീഫ് സെക്രട്ടറി ഡി.ജി.പി എന്നിവരെ എതിർ കക്ഷികളാക്കിയാണ് ഹർജി. സിപിഎമ്മും എൻഎസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻനായരും പ്രശ്‌നത്തിൽ ഇടപെടാനാകില്ലെന്ന് വ്യക്തമാക്കിയതോടെയാണ് ലക്ഷ്മി നായർ ഹൈക്കോടതിയിൽ അഭയം തേടുന്നത്. ബിജെപി നേതാവ് വി മുരളീധരന്റെ സമരം പൊളിക്കുകയാണ് ഇതിന്റെ ലക്ഷ്യം. മുരളീധരന് പിന്നാലെ മറ്റ് ചില നേതാക്കളും നിരാഹാരത്തിന് തയ്യാറെടുക്കുന്ന പശ്ചാത്തലത്തിൽ കൂടിയാണ് ഇത്.

അതിനിടെ അക്കാദമിയുടെ പേരിൽ ഭൂമി പ്രശ്‌നം ഉന്നിയിക്കുന്ന വി എസ് അച്യുതാനന്ദനും നിലപാട് കടുപ്പിക്കുകയാണ്. സർക്കാർ പാട്ട ഭൂമിയിൽ കോലിയക്കോട് കൃഷ്ണൻനായരും നാരായണൻ നായരും എങ്ങനെ വീടു വച്ച് താമസിക്കുന്നുവെന്ന ചോദ്യവും അവശേഷിക്കുന്നു. അതിനിടെ സോഷ്യൽ മീഡിയിയിൽ പിണറായി സർക്കാരിനെതിരെ വിമർശനം രൂക്ഷമാണ്. ബന്ധുത്വ നിയമന വിവാദത്തിൽ ഇപി ജയരാജനെ വ്യവസായ വകുപ്പ് മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കിയ ആർജ്ജവം ഈ വിഷയത്തിൽ ഉണ്ടാകുന്നില്ലെന്നാണ് കുറ്റപ്പെടുത്തൽ. ഈ സാഹചര്യത്തിൽ സർക്കാരും പ്രതിരോധത്തിലാണ്. ഒത്തുതീർപ്പിന് വഴങ്ങിയില്ലെങ്കിൽ ലോ അക്കാദമി സർക്കാർ ഏറ്റെടുക്കുമെന്ന് മാനേജ്‌മെന്റിന് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥ് ഇക്കാര്യം മാനേജ്‌മെന്റിനെ ഇന്ന് നേരിട്ട് അറിയിക്കും. ലക്ഷ്മി നായരെ മാറ്റി പ്രശ്‌ന പരിഹാരം ഉടനുണ്ടാക്കണമെന്നാണ് ആവശ്യം.

അതിനിടെ ലോ അക്കാദമി പ്രശ്‌നത്തിൽ സിപിഐ(എം) കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടൽ ഉണ്ടായിക്കഴിഞ്ഞു. വിദ്യാർത്ഥികൾ ഉന്നയിക്കുന്ന ആവശ്യത്തിനു ന്യായമായ പരിഹാരം കാണാൻ പാർട്ടി ഒപ്പം നിൽക്കണമെന്നു സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനോട് ആവശ്യപ്പെട്ടതായാണു വിവരം. സംസ്ഥാന കമ്മിറ്റി അംഗങ്ങൾക്കുള്ള പാർട്ടി സ്‌കൂളിൽ ക്ലാസെടുക്കാനായി യച്ചൂരി കഴിഞ്ഞ ദിവസം എകെജി സെന്ററിലുണ്ടായിരുന്നു. മാനേജ്‌മെന്റിനും പ്രിൻസിപ്പൽ ലക്ഷ്മി നായർക്കും സഹായകരമായ നിലപാടാണു സിപിഐ(എം) നേതൃത്വത്തിന്റേത് എന്ന വിമർശനമാണു പാർട്ടി നേരിട്ടത്. ഇടതുപക്ഷത്തു നിന്നു തന്നെ ഉയർന്ന ആ ആക്ഷേപത്തിന് ഇനിയും വഴികൊടുക്കരുത് എന്ന അഭിപ്രായമാണു കേന്ദ്രനേതൃത്വം അനൗപചാരികമായി പങ്കുവച്ചത്. കേന്ദ്രസംസ്ഥാന നേതൃത്വങ്ങളിലുണ്ടായ പുതിയ ധാരണ പാർട്ടി പത്രത്തിലും ഇന്നലെ പ്രതിഫലിച്ചു. 'ലക്ഷ്മി നായർക്കു തുടരാനാകില്ല' എന്നായിരുന്നു ദേശാഭിമാനിയുടെ കഴിഞ്ഞ ദിവസത്തെ വാർത്ത. വിദ്യാർത്ഥി സമരത്തിൽ അവർക്കൊപ്പം നിൽക്കുക, ഭൂമിയുമായി ബന്ധപ്പെട്ട വിവാദത്തിൽ ആലോചിച്ചു നീങ്ങുക എന്ന അഭിപ്രായത്തിനാണ് ഇപ്പോൾ നേതൃത്വത്തിൽ മേൽക്കൈ.

അതിനിടെ ലോ അക്കാദമി ലോ കോളേജ് സമരത്തിൽ തങ്ങൾ ഉന്നയിച്ച 90 ശതമാനം ആവശ്യങ്ങളും മാനേജ്മെന്റ് അംഗീകരിച്ചതായി എസ്എഫ്ഐ അറിയിച്ചു. പ്രിൻസിപ്പൽ ലക്ഷ്മി നായരെ മാറ്റാമെന്ന് മാനേജ്മെന്റ് സമ്മതിച്ചിട്ടുണ്ടെന്നും എന്നാൽ ഇതിന്റെ സമയപരിധി സംബന്ധിച്ച് മാത്രമാണ് അഭിപ്രായ വ്യത്യാസം നിലനിൽക്കുന്നതെന്നും എസ്എഫ്ഐ നേതാവ് വിജിൻ ചർച്ചയ്ക്ക് ശേഷം മാദ്ധ്യമങ്ങളോട് പറഞ്ഞു. മറ്റു വിദ്യാർത്ഥി സംഘടനകൾ ഇറങ്ങിപ്പോന്ന ശേഷവും എസ്എഫ്ഐ ചർച്ച തുടരുകയായിരുന്നു. ലക്ഷ്മി നായരെ ഈ അക്കാദമിക വർഷത്തേക്ക് മാറ്റാമെന്ന നിലപാടിൽ മാനേജ്മെന്റ് ഉറച്ചുനിന്നതോടെയാണ് മറ്റു വിദ്യാർത്ഥി പ്രതിനിധികൾ ചർച്ച ബഹിഷ്‌കരിച്ചത്. യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അഞ്ചു വർഷത്തേക്ക് ഡീബാർ ചെയ്യാൻ നിർദ്ദേശിച്ച ലക്ഷ്മി നായരെ പുറത്താക്കണമെന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടുപോകില്ലെന്ന് വിദ്യാർത്ഥികൾ അറിയിച്ചു. എസ് എഫ് ഐയും മറ്റ് വിദ്യാർത്ഥി സംഘടനകളും രണ്ട് തട്ടിലാണെന്ന സൂചനയാണ് ഇതോടെ ലഭിക്കുന്നത്. ലക്ഷ്മി നായരെ മാറ്റാതെ സമരം പിൻവലിക്കില്ലെന്ന കെ എസ് യുവിന്റേയും എബിവിപിയുടേയും എഐഎഎസ് എഫിന്റേയും നിലപാടുമാണ് മാനേജ്‌മെന്റിനെ കുഴക്കുന്നത്.

അതേസമയം, കോളജിനു സമീപത്ത് വൻ സന്നാഹത്തെ വിന്യസിച്ചതിനെ തുടർന്ന് പൊലീസും വിദ്യാർത്ഥികളും തമ്മിൽ വാക്കേറ്റമുണ്ടായി. ചെറിയ തോതിലുള്ള സംഘർഷത്തിനും കാരണമായിട്ടുണ്ട്. ലക്ഷ്മി നായരെ മാറ്റുന്ന കാര്യം ആലോചനയിലുണ്ടെന്ന് പിതാവും കോളജ് ഡയറക്ടറുമായ നാരായണൻ നായർ പറഞ്ഞിരുന്നു. വിഷയത്തിൽ സർക്കാർ നിലപാടു കടുപ്പിച്ചതോടെയാണ് വിട്ടുവീഴ്ചയ്ക്ക് നാരായണൻ നായർ തയാറായത്. സമർദ്ദം ശക്തമാകുമ്പോൾ ലക്ഷ്മി നായർ പുറത്തേക്ക് പോകുമെന്ന് തന്നെയാണ് വിലയിരുത്തിൽ. അതിനിടെ പ്രശ്‌നപരിഹാരം ഉടനുണ്ടാകണമെന്നു സർക്കാർ നിലപാടെടുത്തിരുന്നു. വിദ്യാർത്ഥിസമരത്തിന് ഉടൻ പരിഹാരം കാണണമെന്നു വി എസ്. അച്യുതാനന്ദനും സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ലോ അക്കാദമിയിലെ വിദ്യാർത്ഥികൾക്കു നീതി കിട്ടിയില്ലെന്ന് ആരോപിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും രംഗത്തുവന്നിട്ടുണ്ട്.

കേരള ലോ അക്കാദമിയുടെ സ്ഥലം ആരുടേതെന്ന് കണ്ടെത്താൻ സംസ്ഥാന സർക്കാരും പരിശോധന തുടങ്ങി. ഇതിൽ സ്ഥലം സംസ്ഥാന സർക്കാരിന്റെതാണെന്ന് ഔദ്യോഗിക രേഖകൾ കിട്ടിയതായി സൂചനയുണ്ട്. എന്നാൽ, ഇതു സംബന്ധിച്ച ഫയൽ സർക്കാർ ഓഫീസുകളിൽനിന്നും കേരള സർവകലാശാലയിൽനിന്നും 'മുക്കി'. ഫയൽ കാണാതായതിനു പിന്നിൽ ദുരൂഹതയുണ്ടെന്നാണ് ആരോപണം. അക്കാദമിക്ക് ഭൂമി നൽകിയതുമായി ബന്ധപ്പെട്ട രേഖ നിയമസഭാ ലൈബ്രറിയിലുണ്ട്. മന്ത്രി എം.എൻ. ഗോവിന്ദൻ നായർ നൽകിയ മറുപടി ഇങ്ങനെ: ''11 ഏക്കർ 49 സെന്റ് സ്ഥലമാണ് നൽകിയത്. ഇതിന് ക്ലിപ്തമായ വാടക നിശ്ചയിച്ചിട്ടില്ല. സർക്കാർ നിശ്ചയിക്കുന്ന വാടക നൽകാൻ ലോ അക്കാദമി സന്നദ്ധമാണെന്ന കരാറുണ്ട്.''എൻ.ഐ. ദേവസ്സിക്കുട്ടിയുടെതായിരുന്നു ചോദ്യം. കൃഷിമന്ത്രിയായിരുന്ന എം.എന്റെ പാർട്ടിക്കാരനായ നാരായണൻ നായർക്ക് സ്ഥലം ചുരുങ്ങിയ പാട്ടത്തിന് നൽകുകയായിരുന്നോ എന്ന ചോദ്യത്തിന് മന്ത്രി നൽകിയ മറുപടിയാണ് പ്രസക്തം. അതിങ്ങനെ: ''ലോ അക്കാദമി ഒരു പ്രത്യേക വ്യക്തിയുടെ വകയല്ല. അതിന്റെ ചീഫ് പേട്രൺ ഗവർണറാണ്. പേട്രൺ ചീഫ് മിനിസ്റ്ററും. റവന്യു മന്ത്രിയും വിദ്യാഭ്യാസമന്ത്രിയും പിന്നെ മൂന്ന് ഹൈക്കോടതി ജഡ്ജിമാരും പ്രമുഖ വക്കീലന്മാരും അംഗങ്ങളാണ്.'' 1968-ലാണ് ഈ ചോദ്യോത്തരം.

അതിന് അപ്പുറത്തേക്ക് തെളിവൊന്നും കിട്ടുന്നുമില്ല. അക്കാദമിയുടെ അഫിലിയേഷനുമായി ബന്ധപ്പെട്ട ഫയൽ സർവകലാശാലയിൽ ലഭ്യമല്ലെന്നാണ് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടി. 1982-ൽ കോടതി ആവശ്യത്തിലേക്കായി സർവകലാശാലാ സ്റ്റാൻഡിങ് കോൺസലിന് കൈമാറിയ ഫയൽ ഇതുവരെ മടക്കിനൽകിയിട്ടില്ല. ഈ വിവരം സിൻഡിക്കേറ്റിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതുസംബന്ധിച്ച് സർവകലാശാലയുടെ മറുപടി ഇങ്ങനെയാണ്. റവന്യൂ അടക്കം വിവിധ സർക്കാർ ഓഫീസുകളിൽ നൽകിയ വിവരാവകാശ ചോദ്യങ്ങൾക്കും ഫയൽ ഇല്ലെന്ന മറുപടിയാണ് ലഭിക്കുന്നത്. ഈ സാഹചര്യത്തിൽ ഗൗരവതരമായ പരിശോധന സർക്കാർ നടത്തും. ലക്ഷ്മി നായർ രാജി വച്ചില്ലെങ്കിൽ ലോ അക്കാദമി സർക്കാർ ഏറ്റെടുക്കും. പാട്ട ഭൂമിയിൽ ആയതിനാൽ ഭുമി വില പോലും നൽകാതെ ഈ കോളേജ് സർക്കാരിന് സ്വന്തമാക്കാം. പ്രതിച്ഛായ നഷ്ടം ഒഴിവാക്കാൻ നാളത്തെ മന്ത്രി സഭാ യോഗം ഇതു പോലും സജീവമായി പരിഗണിക്കുന്നുവെന്നാണ് സൂചന.

ലോ അക്കാദമിയുടെ ബൈലോ പ്രകാരം ഗവർണർ, മുഖ്യമന്ത്രി, ചീഫ് ജസ്റ്റിസ് എന്നിവർ രക്ഷാധികാരികളാണ്. ആദ്യ ഭരണസമിതിയംഗങ്ങൾ പ്രമുഖ നിയമജ്ഞരായിരുന്നു -എസ്. നാരായണൻ പോറ്റി, കളത്തിൽ വേലായുധൻനായർ, എസ്. ഈശ്വരയ്യർ, വി.ആർ. കൃഷ്ണയ്യർ, കെ. ചന്ദ്രശേഖരൻ, സുബ്രഹ്മണ്യം പോറ്റി, എൻ. നാരായണൻനായർ. വിദ്യാഭ്യാസ, നിയമ മന്ത്രിമാർ, അഡ്വക്കേറ്റ് ജനറൽ, കേരള വി സി. എന്നിവരായിരുന്നു ചെയർമാന്മാർ. ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാർ വൈസ് ചെയർമാന്മാരും. വർഷങ്ങൾ കഴിഞ്ഞപ്പോൾ ഇത് അട്ടിമറിക്കപ്പെട്ടു. ഇപ്പോൾ എൻ. നാരായണൻനായർ, സഹോദരൻ കോലിയക്കോട് കൃഷ്ണൻനായർ, മകൻ നാഗരാജൻ, മരുമകൻ അജയ്കൃഷ്ണൻ, സഹോദരിയുടെ മകൻ എൻ.കെ. ജയകുമാർ, അയ്യപ്പൻപിള്ള, കേരള സർവകലാശാലാ നിയമോപദേഷ്ടാവ് തോമസ് എബ്രഹാം എന്നിവർ ഉൾപ്പെടുന്നതാണ് ഭരണസമിതി. വിദ്യാഭ്യാസസ്ഥാപനത്തിന്റെ ഉടമസ്ഥതയിൽ മാറ്റംവരികയാണെങ്കിൽ അക്കാര്യം സർവകലാശാലയെ അറിയിക്കണമെന്നാണ് ചട്ടം. എന്നാൽ, സൊസൈറ്റിയുടെ ഘടനയിൽ മാറ്റംവരുത്തിയതുമായി ബന്ധപ്പെട്ട രേഖകൾ സർവകലാശാലയിൽ ലഭ്യമല്ല. ഈ സാഹചര്യത്തിൽ ഏറ്റെടുക്കലിന് നിയമ പ്രശ്‌നമില്ലെന്നും വിലിയിരുത്തലുണ്ട്.

റവന്യൂ വകുപ്പിലേതടക്കമുള്ള രേഖകളിലും സർക്കാർ ഭൂമി അക്കാദമി സൊസൈറ്റിക്കായി പാട്ടത്തിന് നൽകിയ രേഖകളില്ല. ഇ.എം.എസ്. മന്ത്രിസഭയാണ് സ്ഥലം പാട്ടത്തിന് നൽകിയതെങ്കിൽ '82-ലെ കെ. കരുണാകരൻ മന്ത്രിസഭയാണ് സ്ഥലം പതിച്ചുനൽകിയത്. ഫയലുകൾ മുക്കിയെങ്കിലും ഇതുമായി ബന്ധപ്പെട്ട വിവിധ ഓഫീസുകളിലെ ഫയലുകളും മിനുട്സുംെവച്ച് പുതിയ ഫയൽ സൃഷ്ടിക്കാമെന്ന് വിദഗ്ദ്ധർ പറയുന്നു. 1968-ലാണ് അക്കാദമിക്ക് അഫിലിയേഷൻ നൽകിയതെന്നും '93-ൽ സ്ഥിരം അഫിലിയേഷൻ നൽകിയെന്നും ജി. സുധാകരന്റെ ചോദ്യത്തിനു നിയമസഭയിൽ മറുപടി നൽകിയിട്ടുണ്ട്. അതിനിടെ പ്രശ്‌ന പരിഹാരത്തിന് സിപിഐ(എം) സജീവമായി തന്നെ ഇടപെടുന്നുണ്ട്.

സമരം ഇന്ന് അവസാനിച്ചില്ലെങ്കിൽ കടുത്ത നിലപാടുകൾ സർക്കാരെടുക്കുമെന്ന് സൂചനയുണ്ട്. ദളിത് പീഡനക്കേസിൽ ലക്ഷ്മി നായർക്കെതിരെ കേസെടുത്തത് ഇതിന്റെ ഭാഗമായാണ്. വിഷയം ഭൂമിയിലേക്ക് കേന്ദ്രീകരിക്കാനുള്ള വി എസ് അച്യുതാനന്ദന്റെ ശ്രമത്തെ തടയാനും ഉടൻ ഇടപെടൽ വേണമെന്ന് സിപിഐ(എം) നേതൃത്വവും ആവശ്യപ്പെടുന്നു. ഭൂമി വിഷയം സമരമായി മാറിയാൽ അത് സർക്കാരിനേയും ബാധിക്കും. ഈ സാഹചര്യത്തിലാണ് എങ്ങനേയും പ്രശ്‌നം പരിഹരിക്കാൻ ശ്രമിക്കുന്നത്. ലക്ഷ്മി നായരെ പ്രിൻസിപ്പൽ സ്ഥാനത്ത് നിന്ന് മാറ്റി നീണ്ട അവധിയിൽ പ്രവേശിക്കുന്ന തരത്തിൽ ഒത്തുതീർപ്പ് ഫോർമുല മാത്രമേ നടക്കൂവെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP