Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ലക്ഷ്മി നായർ മനസ്സുവച്ചാലും ഇനി എസ് എഫ് ഐയും സിപിഎമ്മും രാജി അനുവദിക്കില്ല; സമരം നിർത്താതെ ബിജെപിയും കോൺഗ്രസും; അന്റണിയെ വരെ ഇറക്കിയത് അവസാന അടവായി; ലോ അക്കാദമി അനിശ്ചിതമായി അടച്ചിട്ടതോടെ കുഴപ്പത്തിലായത് വിദ്യാർത്ഥികൾ; ആകെ പ്രതീക്ഷ ആദായ നികുതി വകുപ്പിന്റെ ഇടപെടൽ മാത്രം

ലക്ഷ്മി നായർ മനസ്സുവച്ചാലും ഇനി എസ് എഫ് ഐയും സിപിഎമ്മും രാജി അനുവദിക്കില്ല; സമരം നിർത്താതെ ബിജെപിയും കോൺഗ്രസും; അന്റണിയെ വരെ ഇറക്കിയത് അവസാന അടവായി; ലോ അക്കാദമി അനിശ്ചിതമായി അടച്ചിട്ടതോടെ കുഴപ്പത്തിലായത് വിദ്യാർത്ഥികൾ; ആകെ പ്രതീക്ഷ ആദായ നികുതി വകുപ്പിന്റെ ഇടപെടൽ മാത്രം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഒരു കാരണവശാലും രാജിവയ്ക്കരുതെന്ന് ലോ അക്കാദമി പ്രിൻസിപ്പൽ ലക്ഷ്മി നായർക്ക് സിപിഐ(എം) നിർദ്ദേശം നൽകിയെന്ന് സൂചന. അക്കാദമി വിഷയത്തിൽ സർക്കാരും പാർട്ടിയും കൈവിടാതിരിക്കണമെങ്കിൽ രാജി വയ്ക്കരുതെന്നാണ് ആവശ്യം. എസ് എഫ് ഐയുടെ ഒത്തുതീർപ്പ് ഫോർമുലയിലേക്ക് കാര്യങ്ങളെത്തും വരെ സമരക്കാർക്ക് മുന്നിൽ മുട്ടുമടക്കരുതെന്നാണ് ലോ അക്കാദമിയോട് സിപിഐ(എം) നിർദ്ദേശിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ പ്രിൻസിപ്പൽ സ്ഥാനത്ത് നിന്ന് ലക്ഷ്മി നായരുടെ രാജിയെന്ന പ്രതിഷേധക്കാരുടെ ആവശ്യം ഇനി നടക്കാനിടയില്ല. ഇനി ഈ വിഷയത്തിൽ സർക്കാർ തലത്തിൽ ചർച്ചയും നടത്തില്ല. സിൻഡിക്കേറ്റ് തീരുമാനം ആകും നിർണ്ണായകം. ലക്ഷ്മി നായരെ പുറത്താക്കാൻ സിൻഡിക്കേറ്റ് തീരുമാനിച്ചാൽ സമരം നിർത്തുമെന്നും സൂചനയുണ്ട്. എന്നാൽ ഹൈക്കോടതിയിൽ സിൻഡിക്കേറ്റ് തീരുമാനത്തെ ചോദ്യം ചെയ്ത് അനുകൂല വിധി ലക്ഷ്മി നായർ വാങ്ങുമെന്നാണ് ലഭിക്കുന്ന വിവരം. ഏതായാലും ലക്ഷ്മി നായർ രാജിവയ്ക്കില്ല.

ലോ അക്കാദമിയുടെ തുടക്കം മുതൽ എസ് എഫ് ഐയ്ക്കാണ് മുൻതൂക്കം. നാരായണൻ നായരുടെ ബന്ധം മൂലം എഐഎസ്എഫിന് കൂടുതൽ സീറ്റുകൾ വർഷാ വർഷം ലഭിക്കും. കെ എസ് യു, എബിവിപി, എംഎസ്എഫ് പാർട്ടികൾക്കും സീറ്റ് നൽകാറുണ്ട്. ഇങ്ങനെയാണെങ്കിലും യൂണിയനിലെന്നും എസ് എഫ് ഐയെ ജയിക്കാറുള്ളൂ. കോലിയക്കോട് കൃഷ്ണൻ നായരുടെ സഹോദരനാണെങ്കിലും നാരായണൻ നായരെ സിപിഐക്കാരനായാണ് എസ് എഫ് ഐ പരിഗണിച്ചിരുന്നത്. എന്നാൽ ഇപ്പോഴത്തെ വിഷയത്തിൽ സിപിഎമ്മിന്റെ നിർദ്ദേശ പ്രകാരം ലക്ഷ്മി നായർ സമരത്തിൽ എസ് എഫ് ഐ പങ്കെടുത്തില്ല. അധികാരത്തിൽ പിണറായി ആയതു കൊണ്ടായിരുന്നു ഇത്. എന്നാൽ വിഷയം ചൂടായതോടെ സമരത്തിന്റെ മുൻനിരയിൽ എസ് എഫ് ഐ എത്തി. അങ്ങനെ സമരം ചൂടു പിടിച്ചു. ബിജെപി നേതാവ് വി മുരളീധരൻ നിരാഹാരത്തിന് എത്തിയതോടെ കാര്യങ്ങൾ പുതിയ തലത്തിലെത്തി. ലക്ഷ്മി നായരെ അഞ്ച് കൊല്ലം മാറ്റുകയെന്ന പ്രായോഗിക തീരുമാനം മാനേജ്‌മെന്റ് എടുത്തതോടെ സമരത്തിൽ നിന്ന് എസ് എഫ് ഐ പിന്മാറി.

എന്നാൽ ഈ ചർച്ചയിൽ എസ് എഫ് ഐ മാത്രമാണ് പങ്കെടുത്തത്. ഇതോടെ ഈ ഫോർമുല മറ്റുള്ളവർ അംഗീകരിച്ചില്ല. എസ് എഫ് ഐ സമരം നിർത്തിയെങ്കിലും മറ്റുള്ളവർ തുടർന്നു. രാജി വച്ചാലെ സമരം നിർ്തതുവെന്നാണ് അവരുടെ വാദം. കേരളത്തിലെ വിദ്യാർത്ഥി പ്രക്ഷോഭങ്ങളിൽ ബഹുഭൂരിപക്ഷത്തിനും നേതൃത്വം നൽകിയത് എസ് എഫ് ഐ ആയിരുന്നു. സമര പോരാട്ടങ്ങളിൽ വിജയം മാത്രം അവകാശപ്പെടുന്ന സംഘടന. അതുകൊണ്ട് തന്നെ എസ് എഫ് ഐ സമരം നിർത്തിയിട്ടും മറ്റുള്ളവർ തുടരുന്നത് അവർക്ക് ക്ഷീണമാണ്. സിപിഐ(എം) നിർദ്ദേശ പ്രകാരമാണ് ലക്ഷ്മി നായരുടെ രാജിയെന്ന ആവശ്യത്തിൽ നിന്ന് എസ് എഫ് ഐ പിന്മാറിയത്. സിപിഐ(എം) ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ എസ് എഫ് ഐ നേതൃത്വത്തെ ഇക്കാര്യം അറിയിച്ചിരുന്നു. വിവാദമായപ്പോൾ എസ് എഫ് ഐ അത് നിഷേധിച്ചിങ്കിലും ഫോർമുലയിൽ തെളിയുന്നത് സിപിഐ(എം) ഇടപെടൽ തന്നെയായിരുന്നു.

ഈ സാഹചര്യത്തിൽ ലക്ഷ്മി നായർ രാജി വച്ചാൽ നാണക്കേട് എസ് എഫ് ഐ്ക്കാണ്. സിപിഎമ്മിന്റെ നിർദ്ദേശ പ്രകാരം വിദ്യാർത്ഥി സംഘടന എടുത്ത തീരുമാനം പാളാനും പാടില്ല. അതുകൊണ്ട് കൂടിയാണ് ലക്ഷ്മി നായരോട് ഒരുകാരണവശാലും രാജിവയ്ക്കരുതെന്ന് നിർദ്ദേശിച്ചത്. അതിനിടെ തന്റെ രാഷ്ട്രീയ അടുപ്പം സിപിഎമ്മിനോടാണെന്ന് അവരും വ്യക്തമാക്കി കഴിഞ്ഞു.താൻ രാഷ്ട്രീയത്തിൽ ഇറങ്ങാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ അത്തരമൊരു തീരുമാനം എടുത്താൽ അത് സിപിഎമ്മിൽ ചേരാനായിരിക്കുമെന്ന് അവർ ഇന്ന് ഒരു അഭിമുഖത്തിൽ പറഞ്ഞു കഴിഞ്ഞു. ലക്ഷ്മി നായരും സിപിഎമ്മും തമ്മിലുള്ള ധാരണയുടെ സൂചനയായി ഇതിനെ വിലയിരുത്തുന്നു. തന്നെ കൊന്നാലും രാജിവയ്ക്കില്ലെന്ന് അവരും പറയുന്നു. അതിനിടെ കോളേജ് തുടർന്നാൽ എസ് എഫ് ഐ സഹകരിക്കാമെന്നും വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ കോൺഗ്രസിനെ പിണക്കി അതു വേണ്ടെന്നാണ് നാരായണൻ നായരുടെ നിലപാട്. കോൺഗ്രസ് നേതൃത്വത്തെ അനുനയിപ്പിക്കാൻ നാരായണൻ നായർ ശ്രമം തുടങ്ങിയിട്ടുണ്ട്.

ഇന്നലെ കെ മുരളീധരന്റെ സമരപന്തലിൽ ആന്റണി എത്തിയിരുന്നു. മാനേജ്‌മെന്റിനെ കടന്നാക്രമിക്കുകയായിരുന്നു ആന്റണി ചെയ്തത്. ഈ സാഹചര്യത്തിലാണ് കോൺഗ്രസ് നേതാവിനെ നാരായണൻ നായർ വീട്ടിലെത്തി കണ്ടത്. സമരത്തിന് പിന്നിൽ ബിജെപിയാണെന്നാണ് നാരായണൻ നായർ വിശദീകരിച്ചത്. എന്നാൽ വിദ്യാർത്ഥി സമരം എത്രയും വേഗം അവസാനിപ്പിക്കണമെന്നും സിപിഎമ്മുമായി ഒത്തുകളിക്കരുതെന്നും നാരായണൻ നായർക്ക് ആന്റണി നിർദ്ദേശം നൽകി. സമരം വഷളാക്കിയത് മാനേജ്‌മെന്റിന്റെ പിടിവാശിയാണെന്നും ആന്റണി പറഞ്ഞതായാണ് സൂചന. എസ് എഫ് ഐ പാലം വലിച്ചതിന് പിന്നിലെ രാഷ്ട്രീയം തന്നെയാണ് ഇപ്പോൾ സമരത്തിന് കാരണമെന്ന് നാരായണൻ നായർക്കും അറിയാം. അതുകൊണ്ടാണ് കോൺഗ്രസിനെ സ്വാധീനിക്കാൻ ശ്രമിക്കുന്നത്.

അതിനിടെ എസ് എഫ് ഐ സമരം തുടർന്നിരുന്നുവെങ്കിൽ ഇപ്പോൾ സമരം തീരുമായിരുന്നുവെന്ന അഭിപ്രായം സമരക്കാർക്കുമുണ്ട്. ഹോസ്റ്റൽ വിദ്യാർത്ഥികളുടെ പ്രതിഷേധമായിരുന്നു സമരത്തിലേക്ക് കാര്യങ്ങൾ എത്തിച്ചത്. ഇവർക്ക് എസ് എഫ് ഐയോടായിരുന്നു താൽപ്പര്യം. എന്നാൽ എസ് എഫ് ഐ സമരത്തിൽ നിന്ന് പിന്മാറിയിട്ടും പെൺകുട്ടികൾ സമരം ചെയ്യുകായണ്. ഇവർ എസ് എഫ് ഐയെ വിമർശിക്കുകയും ചെയ്യുന്നു. അതും സിപിഎമ്മിന് ക്ഷീണമാണ്. എങ്ങനേയും ലോ അക്കാദമിയിൽ യൂണിയനിൽ നിർണ്ണായക സ്വാധീനമുണ്ടാക്കാനാണ് എ ഐ എ എസ് എഫിന്റെ ശ്രമം. അതിനുള്ള ശ്രമമാണ് സിപിഐയും നടത്തുന്നത്. സമരത്തിന്റെ മുന്നിൽ ബിജെപിയുണ്ടെങ്കിലും എബിവിപിക്ക് കോളേജിൽ കാര്യമായ സ്വാധീനമുണ്ടാക്കാൻ കഴിയില്ലെന്നത് വസ്തുതയാണ്. അതുകൊണ്ട് കൂടിയാണ് സിപിഐയുടെ എ ഐ എ എസ് എഫ് സമരത്തിൽ തുടരുന്നത്. ഒപ്പം സിപിഎമ്മിനോടുള്ള കാനം രാജേന്ദ്രന്റെ വിദ്വേഷവും ഈ തീരുമാനത്തിലെത്താൻ കാരണമായി.

ഇതെല്ലാം തിരിച്ചറിഞ്ഞാണ് രാജി വയ്ക്കരുതെന്ന് ലക്ഷ്മി നായരോട് സിപിഐ(എം) നിർദ്ദേശിച്ചത്. ഈ സാഹചര്യത്തിൽ സമരം തുടരാൻ തന്നെയാണ് ബിജെപി തീരുമാനം. വി മുരളീധരൻ സമരം നടത്തി. അരോഗ്യം മോശമായപ്പോൾ വിവി രാജേഷ് എത്തി. വേണ്ടി വന്നാൽ അടുത്ത നേതാവ് നിരാഹാരം കിടക്കും. ഇങ്ങനെ സമരം നീട്ടികൊണ്ട് പോകാനാണ് തീരുമാനം. എന്നാൽ കെ മുരളീധരന്റെ സമരം കോൺഗ്രസിനെ വെട്ടിലാക്കിയിട്ടുണ്ട്. മുരളിക്ക് മാറേണ്ടി വന്നാൽ മറ്റൊരു പ്രധാന നേതാവ് നിരാഹാരം കിടക്കേണ്ടി വരും. രമേശ് ചെന്നിത്തലയോ വി എം സുധീരനോ വേണം ഇനി നിരാഹാരം കിടക്കാനെന്ന ആവശ്യം ശക്തമാണ്. അതിനിടെ ഉമ്മൻ ചാണ്ടി സമരം ഏറ്റെടുക്കാൻ നിരാഹാരത്തിന് തയ്യാറാകുമെന്ന സൂചനയുമുണ്ട്. ഇത്തരം ചർച്ചകൾ കോൺഗ്രസിലെ ഗ്രൂപ്പ് പോരൂം സജീവമാക്കും.

പ്രശ്‌നം അതിരൂക്ഷമാണെന്ന് ബിജെപിക്കും അറിയാം. സമരം ഒത്തുതീർപ്പിലെത്തിക്കാൻ ഫോർമുലയ്ക്ക് മാനേജ്‌മെന്റിനെ സമ്മർദ്ദം ചെലുത്താൻ ആദായ നികുതി വകുപ്പിന്റെ സഹായമാണ് ബിജെപി പ്രതീക്ഷിക്കുന്നത്. ലോ അക്കാദമി സഹകരണ കോളേജിൽ നിക്ഷേപിച്ച രണ്ടരക്കാടിയിലാണ് പ്രതീക്ഷ. ഈ അന്വേഷണത്തിലൂടെ അക്കാദമിയെ പെടുത്തുക. ഇതിനൊപ്പം ലോ അക്കാദമിയിലെ ഭൂവിഷയവും ചർച്ചയാക്കും. നിയമ പോരാട്ടത്തിന് വിവി രാജേഷും വി മുരളീധരനും നീങ്ങിയത് ഈ സാഹചര്യത്തിലാണ്. ഇൻകം ടാക്‌സ് റെയ്ഡിനും കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്. കേന്ദ്രത്തിന്റെ ഇടപെടൽ ലക്ഷ്മി നായരെ സമ്മർദ്ദത്തിലാക്കുമെന്നും അവർ രാജിവയ്ക്കുമെന്നുമാണ് ബിജെപിയുടെ പ്രതീക്ഷ. ഇതിനുള്ള നീക്കം സജീവമാണ്. കോലിയക്കോട് കൃഷ്ണൻനായരുടെ സ്വത്തുക്കളെ കുറിച്ച് ആദായ നികുതി വകുപ്പിനെ കൊണ്ട് അന്വേഷണത്തിനും ബിജെപി ശ്രമിക്കും.

ഈ സമരം നീളുമ്പോൾ കുഴയുന്നത് വിദ്യാർത്ഥികളാണ്. പരീക്ഷ പടി വാതിലിലാണ്. ക്ലാസ് നടത്താനാവത്തതിനാൽ പരീക്ഷയൊന്നും എഴുതാനാകില്ല. എന്നാൽ മറ്റ് നിയമ പഠന കേന്ദ്രങ്ങളിൽ പ്രശ്‌നമില്ലാത്തതുകൊണ്ട് കേരള സർവ്വകലാശാല പരീക്ഷ നടത്തുകയും ചെയ്യും. ഫലത്തിൽ ലോ അക്കാദമിയിലുള്ളവർക്ക് ഈ വർഷം നഷ്ടമാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP