Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കോവിഡ്19 വിശദീകരണവുമായി കേരളത്തിൽ തിളങ്ങി നിൽക്കുന്നത് പിണറായിയെങ്കിൽ ഇന്ത്യയുടെ മുഖമായി മാറിയിരിക്കുന്നത് ലവ് അ​ഗർവാൾ എന്ന ഐഎഎസുകാരൻ; ഇന്ത്യയിലെ കോവിഡ് ബാധയുടെ കണക്കുമായി നാലുമണിക്ക് ലവ് എത്തുന്നതും കാത്ത് ടിവിക്ക് മുമ്പിൽ ലക്ഷങ്ങൾ; കൊറോണക്കാലത്ത് ഇന്ത്യ ഇഷ്ടപ്പെടുന്ന ഒരു ഐഎഎസുകാരന്റെ കഥ

കോവിഡ്19 വിശദീകരണവുമായി കേരളത്തിൽ തിളങ്ങി നിൽക്കുന്നത് പിണറായിയെങ്കിൽ ഇന്ത്യയുടെ മുഖമായി മാറിയിരിക്കുന്നത് ലവ് അ​ഗർവാൾ എന്ന ഐഎഎസുകാരൻ; ഇന്ത്യയിലെ കോവിഡ് ബാധയുടെ കണക്കുമായി നാലുമണിക്ക് ലവ് എത്തുന്നതും കാത്ത് ടിവിക്ക് മുമ്പിൽ ലക്ഷങ്ങൾ; കൊറോണക്കാലത്ത് ഇന്ത്യ ഇഷ്ടപ്പെടുന്ന ഒരു ഐഎഎസുകാരന്റെ കഥ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതിഛായ വർധിപ്പിച്ചതുകൊവിഡ് കാലത്തെ വാർത്താ സമ്മേളനങ്ങളാണ്. കോവിഡ് രോ​ഗികളെ കുറിച്ചുള്ള അറിയിപ്പുകൾ മാത്രമല്ല, സംസ്ഥാനത്തെ മനുഷ്യർ മുതൽ തെരുവ് നായകൾ വരെയുള്ളവർ ലോക് ഡൗൺ കാലത്ത് അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ അഡ്രസ് ചെയ്താണ് പിണറായി താരമാകുന്നത്. കൃത്യമായി കാര്യങ്ങൾ വിശദീകരിച്ചും ആരോപണങ്ങളെ നേരിട്ടും മറുപടി പറഞ്ഞാൽ പ്രശ്നമാകുന്ന ചോദ്യങ്ങളെ തന്ത്രത്തിൽ ഒഴിവാക്കിയുമെല്ലാം പിണറായി കേരളത്തിൽ താരമായി. ഇതേ സമയം ഇന്ത്യയിൽ കോവിഡ് പ്രതിരോധത്തിന്റെ മുഖമായി മാറുകയാണ് ഒരു ഐഎഎസുകാരൻ. കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറിയായ ലവ് അ​ഗർവാളാണ് കേന്ദ്ര സർക്കാരിന്റെ കോവിഡ് പ്രതിരോധത്തിലെ മാധ്യമ മുഖം. തന്നെ ഉത്തരവാ​ദിത്തം കൃത്യമായി ചെയ്യാൻ തുടങ്ങിയതോടെ ഇന്ത്യൻ ജനതയും ഈ ഐഎഎസുകാരനെ ഹൃദയത്തിൽ പ്രതിഷ്ഠിച്ചു.

കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറിയായ ലവ് ആണ് കോവിഡ് പ്രതിസന്ധിയിൽ കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക വക്താവ്. കഴിഞ്ഞ 40 ദിവസത്തിലേറേയായി വൈകിട്ട് നാല് മണിയാകുമ്പോൾ ഈ മുഖം ടിവി സ്ക്രീനുകളിൽ തെളിയും. കോവിഡ് വ്യാപനത്തിൽ രാജ്യത്തിന്റെ തൽസ്ഥിതിയെക്കുറിച്ചു വിശദീകരിക്കും. 24 മണിക്കൂറിനുള്ളിലെ പുതിയ രോഗികൾ, മരണങ്ങൾ, ലോക്ഡ‍ൗൺ തുടങ്ങിയവയുടെ സമഗ്ര വിവരങ്ങൾ ഒരു മണിക്കൂറിലധികമുള്ള ഈ വാർത്താസമ്മേളനത്തിൽ ഉണ്ടാകും. ലവ് അഗർവാൾ എന്ന ഐഎഎസുകാരൻ കോവിഡ് പ്രതിരോധത്തിൽ ഇപ്പോൾ രാജ്യത്തിന്റെ മുഖമായി മാറിക്കഴിഞ്ഞു.

1996 ബാച്ച് ആന്ധ്രപ്രദേശ് കേഡർ ഐഎഎസ് ഉദ്യോസ്ഥനായ ലവ് അഗർവാളിനെ സംബന്ധിച്ചിടത്തോളം ഈ വാർത്താസമ്മേളനങ്ങൾ ഓഫിസിലെ തന്റെ പതിവ് ജോലിയുടെ ഭാഗം മാത്രമണ്. എന്നാൽ നൂറ്റാണ്ടിലെ ഏറ്റവും വലിയ ആരോഗ്യ അടിയന്തരാവസ്ഥയിൽ, ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യത്ത് അതു പരിഹരിക്കാനുള്ള നരേന്ദ്ര മോദി സർക്കാരിന്റെ ശ്രമങ്ങളുടെ മുഖവും ശബ്ദവുമാണ് ഇപ്പോൾ ലവ് അഗർവാൾ എന്ന് ഏവരും അം​ഗീകരിക്കുന്നു

ചാർട്ടേഡ് അക്കൗണ്ടാകാൻ തീരുമാനിച്ചയാൾ വഴിമാറി നടന്നപ്പോൾ ചരിത്രമായി

ഉത്തർപ്രദേശിലെ സഹാറൻപുർ ജില്ലയിൽ നിന്നുള്ളയാളാണ് ലവ് അഗർവാൾ. സിവിൽ സർവീസിൽ എത്തുന്നതിനു മുൻപ് ഡൽഹി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദമെടുത്തു. 2016ൽ കേന്ദ്രത്തിൽ എത്തുന്നതിനു മുൻപു കേഡർ സംസ്ഥാനമായ ആന്ധ്രപ്രദേശിൽ വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകളിൽ വിവിധ സ്ഥാനങ്ങൾ വഹിച്ചു. അപ്രതീക്ഷിതമായാണ് ലവ് സിവിൽ സർവീസിലേക്ക് എത്തുന്നത്. അച്ഛന്റെ പാത പിന്തുടർന്ന് ചാർട്ടേർഡ് അക്കൗണ്ടന്റിൽ ഭാവി കണ്ടെത്താനായിരുന്നു പന്ത്രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ ലവിന്റെ തീരുമാനം. അച്ഛൻ കെ.ജി.അഗർവാളിനും അതുതന്നെയായിരുന്ന ആഗ്രഹം.

ഇതിന്റെ ഭാഗമായി അച്ഛന്റെ ഓഫിസിൽ സ്ഥിരമായി പോയി ലവ് കാര്യങ്ങൾ മനസ്സിലാക്കി. പക്ഷേ ഒരു ദിവസം ലവ് അച്ഛനോടു പറഞ്ഞു, ‘പപ്പാ, എനിക്ക് ഇത് രസകരമായി തോന്നുന്നില്ല… എനിക്ക് ഐഐടിയിലേക്ക് പോകണം’ - കെ.ജി.അഗർവാൾ ഓർമിച്ചു. ഐഐടി പ്രവേശനപരീക്ഷ എളുപ്പമല്ലെന്ന് പിതാവ് പറഞ്ഞപ്പോൾ ലവ് പറഞ്ഞു, ‘എന്നെ വിലകുറച്ച് കാണരുത്… ഞാൻ ശ്രമിക്കട്ടെ, ഐഐടിയിൽ അഡ്‌മിഷൻ കിട്ടിയില്ലെങ്കിൽ ഞാൻ സിഎ ആയിക്കോളാം.’ ആദ്യ ശ്രമത്തിൽ തന്നെ ലവ് പരീക്ഷയിൽ ജയിക്കുകയും മെക്കാനിക്കൽ എൻജിനീയറിങ്ങിന് ഐഐടി ഡൽഹിയിൽ ചേരുകയും ചെയ്തു.

എൻജിനീയറിങ്ങിനു ശേഷം വിദേശത്ത് പോയി ഉന്നതപഠനം നടത്താനായിരുന്നു ലവിന്റെ തീരുമാനം. പക്ഷേ ഇത്തവണ അച്ഛനാണ് ഒരാഗ്രഹം മുൻപോട്ടുവച്ചത്– സിവിൽ സർവീസിൽ ചേരുക. ലക്ഷ്യം എന്തായാലും അതു നേടണമെന്നു വാശിയുള്ള ലവ് പറഞ്ഞു: ‘പരീക്ഷ എഴുതിയാൽ വിജയിച്ചിരിക്കും.’ 1996-ൽ മൂന്നാമത്തെ ശ്രമത്തിലാണ് ലവ് ഐഎഎസ് നേടുന്നത്. ദേശീയ തലത്തിൽ 21–ാം റാങ്കോടെ. ആദ്യ രണ്ടു തവണയും എഴുത്തു പരീക്ഷയിൽ വിജയച്ചിരുന്നെങ്കിലും ഇന്റർവ്യൂ കടമ്പ കടക്കാൻ സാധിച്ചില്ല.

പക്ഷേ മൂന്നാം തവണ ലവിന്റെ നിശ്ചയദാർഢ്യത്തിനു മുൻപിൽ ആ വെല്ലുവിളിയും മുട്ടുവളച്ചു. ആന്ധ്രപ്രദേശ് കേഡറിൽ പോസ്റ്റിങ് കിട്ടിയ ലവ് അഗർവാൾ, ഹൈദരാബാദിലും സംസ്ഥാനത്തെ മറ്റു ജില്ലകളിലും വർഷങ്ങളോളം ജോലി ചെയ്തു. ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകളിലാണ് കൂടുതലും സേവനമനുഷ്ഠിച്ചത്. 2016ൽ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയ ജോയിന്റ് സെക്രട്ടറിയായി ലവ് തട്ടകം ഡൽഹിയിലേക്ക് മാറ്റി. 2021വരെയാണ് കാലാവധി. കേന്ദ്രത്തിൽ ആഗോള ആരോഗ്യം, മാനസികാരോഗ്യം, സാങ്കേതികവിദ്യ, പൊതുജനാരോഗ്യം തുടങ്ങിയ നിർണായക വകുപ്പുകൾ ലവ് കൈകാര്യം െചയ്യുന്നുണ്ട്.

കോവിഡ് പ്രതിരോധത്തിലെ ഹീറോ

‘എല്ലാ പ്രതിസന്ധിയിലും ഒരു ഹീറോ ഉണ്ടാകും. കോവിഡ് ലവിനെ ഒരു ഹീറോയാക്കി’– ലവ് അഗർവാളിനെക്കുറിച്ചു ഒരു സഹപ്രവർത്തകന്റെ വാക്കുകളാണ് ഇത്. കാർഗിൽ യുദ്ധസമയത്ത് കേണൽ ബിക്രം സിങ് (പിന്നീട് കരസേനാ മേധാവി), 2001-02ൽ ഇന്ത്യ-പാക്കിസ്ഥാൻ ആണവയുദ്ധം എല്ലാവരും പ്രതീക്ഷിച്ചിരുന്ന സമയത്ത് വിദേശകാര്യ മന്ത്രാലയ വക്താവ് നിരുപമ റാവു (പിന്നീട് വിദേശകാര്യ സെക്രട്ടറി) തുടങ്ങിയവരുടെ വാർത്താസമ്മേളനങ്ങളുടെ കൂട്ടത്തിലേക്കാണ് ഇപ്പോൾ ലവ് അഗർവാളിന്റെ ദിവസേനയുള്ള വിവരണവും ചേർത്തുവയ്ക്കുന്നത്. എങ്കിലും ലവ് തന്റെ പിതാവ് കെ.ജി.അഗർവാൾ ഉൾപ്പെടെയുള്ളവരോട് ഇപ്പോഴും പറയുന്നു: ‘ഞാൻ ഹീറോ ആകാൻ ആഗ്രഹിക്കുന്നില്ല,’

കോവിഡ് പ്രതിസന്ധി വരുന്നതു വരെ മന്ത്രാലയത്തിലെ 10 ജോയിന്റ് സെക്രട്ടറിമാരിൽ ഒരാൾ മാത്രമായിരുന്ന ലവ് അഗർവാൾ. എന്നാൽ ഇന്നു രാജ്യത്തെ ഏറ്റവും ജനപ്രിയനായ ഐഎഎസ് ഉദ്യോഗസ്ഥനാണെന്ന് ഒരു സഹപ്രവർത്തകൻ സാക്ഷ്യപ്പെടുത്തുന്നു. ചുരുക്കം ചില ഐഎഎസ് ഉദ്യോഗസ്ഥർ മാത്രമാണ് പ്രശസ്തരും മാധ്യമശ്രദ്ധ പിടിച്ചുപറ്റുന്നവരുമാകുന്നത്. അവരുടെ കൂട്ടത്തിൽ ലവ് അഗർവാളിന്റെ പേരുമുണ്ട്. ഇതു ചിലർക്കെങ്കിലും ഒരു എതിർപ്പ് ഉണ്ടാക്കിയേക്കാം. എന്നാൽ കേന്ദ്രത്തിന്റെ വക്താവാക്കുന്നതിൽ ലവ് കൈകാര്യം ചെയ്യുന്ന വകുപ്പുകളാണ് മാനദണ്ഡമായതെന്നും മറ്റൊന്നുമില്ലെന്നും അടുത്ത സുഹൃത്തുക്കൾ പറയുന്നു.

ആഗോള ആരോഗ്യം കൈകാര്യ ചെയ്യുന്ന ഉദ്യോഗസ്ഥൻ എന്ന നിലയ്ക്ക് ലവ് അഗർവാൾ സഞ്ചരിക്കാത്ത രാജ്യങ്ങൾ ഇല്ലെന്നു തന്നെ പറയാം. ഒരുപക്ഷേ ആരോഗ്യ മന്ത്രാലയത്തിൽ ഏറ്റവും കൂടുതൽ വിദേശയാത്രകൾ നടത്തിയ വ്യക്തി. ലോകാരോഗ്യ സംഘടനയുമായി (ഡബ്ല്യുഎച്ച്ഒ) നിരന്തരം ഇടപെടുന്ന ഉദ്യോഗസ്ഥൻ. രാജ്യത്തു കോവിഡ് സ്ഥിരീകരിച്ചതിന്റെ അദ്യ ദിനങ്ങളിൽ വിമാനത്താവളങ്ങളിലെ പരിശോധനകളിലും ക്വാറന്റീൻ ഉൾപ്പെടെയുള്ള നടപടികളിലും മേൽനോട്ടം വഹിച്ചിരുന്നതും ലവ് ആയിരുന്നു. ഈ കാരണങ്ങൾ കൊണ്ടു തന്നെ സർക്കാരിന്റെ വക്താവായി ആരുവരണമെന്ന ചോദ്യത്തിന് അധികമൊന്നും ആർക്കും തലപുകയ്ക്കേണ്ടി വന്നില്ല.

മറുപടി മാത്രമല്ല, ചോദ്യങ്ങളെ ഒഴിവാക്കാനുമറിയാം

ചോദ്യങ്ങളിൽ നിന്നു കൃത്യമായി ഒഴിഞ്ഞുമാറാൻ ലവ് പ്രഗത്ഭനാണെന്ന ധാരണ വാർത്താസമ്മേളനങ്ങൾ റിപ്പോർട്ടു ചെയ്യുന്ന മാധ്യമപ്രവർത്തകർക്കുണ്ട്. ഓരോരുത്തരുടേയും ചോദ്യങ്ങൾ ക്ഷമയോടെ കേട്ടിട്ടു അത് ഒഴിവാക്കാനുള്ള പ്രത്യേക വൈഭവം തന്നെ ലവിനുണ്ടെന്ന് അവർ പറയുന്നു. ഓരോ വാർത്താസമ്മേളനത്തിലും, അടുത്ത ദിവസം കൂടുതൽ വിശദാംശങ്ങളോ വിവരങ്ങളോ പങ്കുവയ്ക്കുമെന്ന് ലവ് വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും ‘ആ ദിവസം’ ഒരിക്കലും വരുന്നില്ലെന്നാണ് റിപ്പോട്ടർമാരുടെ പരാതി.

അടുത്തിടെ മറ്റൊരു വാർത്താസമ്മേളനത്തിൽ, നിരവധി ചോദ്യങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നപ്പോൾ, അഗർവാൾ കൈകൾകൂപ്പി മാധ്യമപ്രവർത്തകരോട് പറഞ്ഞു: ‘ഈ പാവത്തോടു ക്ഷമിക്കുക, എനിക്ക് ഇത്രമാത്രമേ പറയാൻ കഴിയൂ.’ മാധ്യമപ്രവർത്തകരുടെ പരാതികളോടു യോജിച്ചുകൊണ്ടു സഹപ്രവർത്തകരും പറയുന്നു ‘ഇത്തരം സാഹചര്യങ്ങളിൽ, അറിയുന്ന എല്ലാ കാര്യങ്ങളെക്കുറിച്ചും സംസാരിക്കുന്ന ആളെയല്ല സർക്കാരിനു വേണ്ടത്. പ്രതിസന്ധിഘട്ടത്തിൽ, ഏറ്റവും അനുയോജ്യമായ സർക്കാർ വക്താവാണ് ലവ് അഗർവാൾ.’

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP