Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഫ്‌ളോട്ടുകളും വാദ്യമേളങ്ങളും മാർഗം കളിയും തിരുവാതിരയുമായി തെരുവ് നിറഞ്ഞാടി; ദേശിയ പാത അടക്കം സകല റോഡുകളും മണിക്കൂറുകൾ നിശ്ചലമായി; തുല്യ നീതിയും അധികാരത്തിൽ പങ്കാളിത്തവും ആവശ്യപ്പെട്ട് ലത്തീൻ സമുദായക്കാർ നടത്തിയ പടുകൂറ്റൻ റാലിയിൽ ശ്വാസം മുട്ടി നെയ്യാറ്റിൻകര; മുന്നോക്കക്കാർക്ക് പത്ത് ശതമാനം സംവരണം ഉള്ളപ്പോൾ പാവപ്പെട്ട മത്സ്യത്തൊളിലാളികൾ അടങ്ങുന്ന വിഭാഗത്തിന് എന്തുകൊണ്ട് വെറും ഒരു ശതമാനം എന്ന ചോദ്യം ഉയർത്തി ലത്തീൻ സമുദായം

ഫ്‌ളോട്ടുകളും വാദ്യമേളങ്ങളും മാർഗം കളിയും തിരുവാതിരയുമായി തെരുവ് നിറഞ്ഞാടി; ദേശിയ പാത അടക്കം സകല റോഡുകളും മണിക്കൂറുകൾ നിശ്ചലമായി; തുല്യ നീതിയും അധികാരത്തിൽ പങ്കാളിത്തവും ആവശ്യപ്പെട്ട് ലത്തീൻ സമുദായക്കാർ നടത്തിയ പടുകൂറ്റൻ റാലിയിൽ ശ്വാസം മുട്ടി നെയ്യാറ്റിൻകര; മുന്നോക്കക്കാർക്ക് പത്ത് ശതമാനം സംവരണം ഉള്ളപ്പോൾ പാവപ്പെട്ട മത്സ്യത്തൊളിലാളികൾ അടങ്ങുന്ന വിഭാഗത്തിന് എന്തുകൊണ്ട് വെറും ഒരു ശതമാനം എന്ന ചോദ്യം ഉയർത്തി ലത്തീൻ സമുദായം

മറുനാടൻ മലയാളി ബ്യൂറോ

നെയ്യാറ്റിൻകര: ഫ്‌ളോട്ടുകളും വാദ്യമേളങ്ങളും മാർഗം കളിയും തിരുവാതിരയുമായി തെരുവ് നിറഞ്ഞാടി ലത്തീൻ സമുദായക്കാർ നെയ്യാറ്റിൻകരയെ ഉത്സവ ലഹരിയിലാക്കി. നെയ്യാറ്റിൻകര സമീപ കാലത്തെങ്ങും ദർശിക്കാത്ത ജനസഞ്ചയമാണ് ഇന്നലെ റാലിയിൻ പങ്കെടുക്കാനായി എത്തിയത്. സമനീതി, അധികാരത്തിൽ പങ്കാളിത്തം എന്ന മുദ്രാവാക്യവുമായി നെയ്യാറ്റിൻകരയിൽ സംഘടിപ്പിച്ച ലത്തീൻ സമുദായസംഗമം അക്ഷരാർത്ഥത്തിൽ ശക്തി തെളിയിക്കുന്നതായി. അരലക്ഷത്തോളംപേർ അണിനിരന്ന പടുകൂറ്റൻ റാലി നെയ്യാറ്റിൻകര പട്ടണത്തിൽ നടന്ന ഏറ്റവും വലിയ റാലിയായി.

ആറുമണിക്കൂർ അക്ഷരാർത്ഥത്തിൽ നെയ്യാറ്റിൻകര പട്ടണത്തെ നിശ്ചലമാക്കി വെള്ളയും മഞ്ഞയും നിറത്തിലുള്ള പതാകകളും നീലയും മഞ്ഞയും നിറത്തിലുള്ള കെഎൽസിയെ പതാകകളുമായി ലത്തീൻ കത്തോലിക്കർ അണി നിരന്നപ്പോൾ ലത്തീൻ കത്തോലിക്ക സമുദായ സംഗമവും റാലിയും പുതിയൊരു ചരിത്രമായി. നെയ്യാറ്റിൻകരയിൽ സമീപകാലത്തൊന്നും ദർശിക്കാത്ത ജനസഞ്ചയമാണ് റാലിയിൽ പങ്കെടുക്കാനായി എത്തിയത്. കെ.എൽ.സി.എ. സംസ്ഥാന സമ്മേളനത്തിനു സമാപനംകുറിച്ചാണ് നെയ്യാറ്റിൻകര നഗരസഭാ സ്റ്റേഡിയത്തിൽനിന്നു റാലി തുടങ്ങിയത്.

കെ.എൽ.സി.എ. സംസ്ഥാന സമ്മേളന പ്രതിനിധികളും നെയ്യാറ്റിൻകര ലത്തീൻ രൂപതയിലെ നെയ്യാറ്റിൻകര, കാട്ടാക്കട, നെടുമങ്ങാട് താലൂക്കുകളിലെ വിശ്വാസികളും മറ്റു രൂപതകളിൽനിന്നുള്ള വിശ്വാസികളും റാലിയിൽ അണിനിരന്നു. മൂന്ന് മണിക്ക് നെയ്യാറ്റിൻകര രൂപത വികാരി ജനറൽ മോൺ.ജി.ക്രിസ്തുദാസ് മുനിസിപ്പൽ സ്റ്റേഡിയത്തിൽ ഫ്‌ളാഗ് ഓഫ് ചെയ്ത റായിലിയുടെ മുൻ നിരയിൽ സംസ്ഥാന നേതാക്കളും കേരളത്തിലെ 12 ലത്തീൻ രൂപതകളിലെ കെഎൽസിഎ പ്രതിനിധികളും അതിന് പിന്നിലായി നെയ്യാറ്റിൻകര രൂപതയിലെ നെയ്യാറ്റിൻകര, കാട്ടാക്കട, നെടുമങ്ങാട് താലൂക്കുളിലെ 11 ഫൊറോനകളിലെ വിശ്വാസികളും അണി നരന്നപ്പോൾ റാലി വൈകിട്ട് 8 വരെ നീണ്ടു. റാലിയുടെ മുൻനിര അക്ഷയ കോപ്ലക്‌സ് പരിസരത്ത് എത്തിയപ്പോൾ ആരംഭിച്ച പൊതു സമ്മളനവും റാലി അവസാനിക്കും വരെ തുടർന്നു.

അണമുറിയാതെയാണ് റാലി സമുദായസംഗമം നടക്കുന്ന നെയ്യാറ്റിൻകര ബസ് സ്റ്റാൻഡ് കവലയിൽ അക്ഷയ വാണിജ്യസമുച്ചയ അങ്കണത്തിലേക്ക് ഒഴുകിയത്. ഫ്‌ളോട്ടുകൾ, വാദ്യമേളം, മാർഗംകളി, തിരുവാതിര, ചവിട്ടുനാടകം എന്നിവ റാലിക്കു കൊഴുപ്പേകി. നെയ്യാറ്റിൻകര സ്റ്റേഡിയത്തിൽനിന്നു പൊതുസമ്മേളന വേദിയായ അക്ഷയ വാണിജ്യസമുച്ചയത്തിലേക്കു അണമുറിയാതെ റാലി നീങ്ങി. വൈകീട്ട് മൂന്നിന് തുടങ്ങിയ റാലി മണിക്കൂറുകൾക്കുശേഷമാണ് അവസാനിച്ചത്.

നഗരത്തിലേയ്ക്കുള്ള വാഹനഗതാഗതം പൂർണമായി നിയന്ത്രിച്ച ശേഷമാണ് റാലി നടന്നത്. റാലിയിൽ ലത്തീൻ കത്തോലിക്കാ സമുദായം ഉയർത്തുന്ന വിവിധ ആവശ്യങ്ങൾ പ്ലക്കാർഡുകളിൽ എഴുതി വിശ്വാസികൾ റാലിയിൽ ഉയർത്തിക്കാട്ടി. പടുകൂറ്റൻ റാലി കാരണം നെയ്യാറ്റിൻകര നഗരം അക്ഷരാർഥത്തിൽ സ്തംഭിച്ചു. ബാലരാമപുരം, ഉദിയൻകുളങ്ങര എന്നിവിടങ്ങളിൽവെച്ച് വാഹനഗതാഗതം പൊലീസ് വഴിതിരിച്ചുവിട്ടു.

രൂപതയിലെ വിവിധ സ്‌കൂളുകളിൽ നിന്നുള്ള പ്‌ളോട്ടുകളും, ഇടവകകളിൽ നിന്നുള്ള പ്‌ളോട്ടുകളും അണി നിരന്നതോടെ റാലി വർണ്ണാഭമായി. പൊതു സമ്മേളനം നെയ്യാറ്റിൻകര ബിഷപ്പ് ഡോ.വിൻസെന്റ് സാമുവൽ ഉദ്ഘാടനം ചെയ്തു. കെഎൽസിഎ സംസ്ഥാന പ്രസിഡന്റ് ആന്റണി നെറോണ അധ്യക്ഷത വഹിച്ച പരിപാടിയിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ, പ്രതിപക് ഷനേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവർ മുഖ്യാതിഥികളായി പങ്കെടുത്തു.

കെഎൽസിഎ രൂപത പ്രസിഡന്റ് ഡി.രാജു, സമുദായത്തിന്റെ വക്താവ് ഷാജിജോർജ്ജ്, കെഎൽസിഎ സംസ്ഥാന ജനറൽ സെക്രട്ടറി ഷെറി ജെ തോമസ്, ശശിതരൂർ എംപി, മുൻ കേന്ദ്രമന്ത്രി കെവി തോമസ്, ഫാ.ഫ്രാൻസിസ് സേവ്യർ എംഎൽഎ മാരായ എം.വിൻസെന്റ് കെ.എസ്.ശബരീനാഥൻ, ടി.ജെ.വിനോദ്, മുൻ സ്പീക്കർ എൻ.ശക്തൻ, നഗരസഭാ ചെയർപേഴ്‌സൺ ഡബ്ല്യൂ.ആർ.ഹീബ, സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, ഡിസിസി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ജെ.സഹായദാസ്, സംസ്ഥാന സമിതി അംഗം എസ്.ഉഷകുമാരി, മുൻ എംഎൽഎ ആർ സെൽവരാജ്, കൊച്ചി മുൻ മേയർ ടോണി ചെമ്മണി തുടങ്ങിയവർ പ്രസംഗിച്ചു


ലത്തീൻ സമുദായത്തിന്റെ പിന്നാക്കാവസ്ഥ പഠിക്കാൻ കമ്മിഷനെ നിയമിക്കാത്തത് രഹസ്യ അജൻഡയുടെ ഭാഗമാണെന്ന് നെയ്യാറ്റിൻകര രൂപതാ അധ്യക്ഷൻ വിൻസെന്റ് സാമുവൽ ആരോപിച്ചു. കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ(കെ.എൽ.സി.എ.) സംസ്ഥാന സമ്മേളനത്തിനു സമാപനംകുറിച്ചു നടന്ന സമുദായ സംഗമം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. വ്യക്തിപരമായ വിഷയങ്ങൾക്കുപോലും കമ്മിഷനെ നിയമിച്ച് പഠിക്കാൻ താത്പര്യം കാട്ടുകയാണ് സർക്കാർ. അപ്പോഴാണ് ഒരു സമുദായത്തിന്റെ മുഴുവൻ ആവശ്യത്തോട് സർക്കാർ അലംഭാവം കാട്ടുന്നത്. പിന്നാക്കാവസ്ഥ പഠിക്കാൻ കമ്മിഷനെ നിയമിക്കണമെന്ന ആവശ്യം സർക്കാർ ലാഘവത്തോടെയാണ് കാണുന്നത്.

മറ്റു പിന്നാക്ക സമുദായങ്ങൾക്കു സംവരണാനുകൂല്യം നേടാൻ സർക്കാർ നടപടി സ്വീകരിച്ചപ്പോഴും പരമ്പരാഗത മത്സ്യത്തൊഴിലിൽ ഏർപ്പെടുന്ന സമുദായത്തോട് സർക്കാർ അവഗണന കാട്ടുകയാണ്. സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന മുന്നാക്കക്കാർക്കു വിദ്യാഭ്യാസരംഗത്ത് പത്ത് ശതമാനം സംവരണം നൽകുമ്പോൾ ലത്തീൻ സമുദായത്തിന് ഒരു ശതമാനമാണ് സംവരണം നൽകുന്നത്. വിദ്യാഭ്യാസരംഗത്ത് നാല് ശതമാനം സംവരണം ലത്തീൻ സമുദായത്തിനു ലഭിക്കണമെന്നും ബിഷപ്പ് ആവശ്യപ്പെട്ടു.

ലത്തീൻ സമുദായത്തിന് ജാതി സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് രൂപത ബിഷപ്പുമാർ നൽകുന്ന സാക്ഷ്യപത്രം അംഗീകരിക്കാത്ത സർക്കാർ നടപടി നീതിനിഷേധമാണ്. സമുദായ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട തടസ്സങ്ങൾ നീക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണം. ബോണക്കാട് കുരിശുമല തീർത്ഥാടനത്തിനുള്ള വിലക്ക് നീക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഓഖി ദുരന്തത്തിൽ ഇരയായവർക്കുള്ള ധനസഹായം പൂർണമായും നൽകാൻ സർക്കാർ നടപടി സ്വീകരിക്കണം. ഓഖി പുനരധിവാസം ഇരുപത് ശതമാനംപോലും പൂർത്തിയാക്കാൻ കഴിഞ്ഞില്ലെന്നും ബിഷപ്പ് വിൻസെന്റ് സാമുവൽ കുറ്റപ്പെടുത്തി.

കെ.എൽ.സി.എ. സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ അധ്യക്ഷനായി. രൂപത പ്രസിഡന്റ് ഡി.രാജു സ്വാഗതം പറഞ്ഞു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ മുഖ്യാതിഥിയായി. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ശശി തരൂർ എംപി., വികാരി ജനറൽ മോൺ. ജി.ക്രിസ്തുദാസ്, എംഎ‍ൽഎ.മാരായ എം.വിൻസെന്റ്, കെ.എസ്.ശബരീനാഥൻ, ടി.ജെ.വിനോദ്, സിപിഎം. ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, നഗരസഭാധ്യക്ഷ ഡബ്ല്യു.ആർ.ഹീബ, കെ.വി.തോമസ്, ഷാജി ജോർജ്, ഷെറി ജെ.തോമസ്, റവ. ഫ്രാൻസിസ് സേവ്യർ തുടങ്ങിയവർ സംസാരിച്ചു. 15 ഇന ആവശ്യങ്ങൾ ഉൾപ്പെടുത്തിയ അവകാശപത്രിക ജനപ്രതിനിധികൾക്കു കൈമാറി. സമാപനസമ്മേളനത്തിന്റെ ഭാഗമായി അരലക്ഷത്തോളംപേർ പങ്കെടുത്ത റാലിയും നടന്നു.

ലത്തീൻ സമുദായത്തിന്റെ ആവശ്യങ്ങൾ സർക്കാർ പരിഗണിക്കും- മന്ത്രി കടകംപള്ളി സുരേന്ദ്രൻ
നെയ്യാറ്റിൻകര: ലത്തീൻ സമുദായത്തിന്റെ ആവശ്യങ്ങൾ സർക്കാർ പരിഗണിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ലത്തീൻ സമുദായസംഗമത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലത്തീൻ സമുദായത്തിന്റെ 15 ഇന ആവശ്യങ്ങൾ മുഖ്യമന്ത്രിയുമായി ചർച്ചചെയ്യും. സർക്കാരിനു സാധ്യമായ കാര്യങ്ങളിൽ നടപടി സ്വീകരിക്കും. ഓഖി ദുരന്തത്തിൽ മരിച്ചവരോ, കാണാതായവരോ ആയ മത്സ്യത്തൊഴിലാളികൾക്ക് സംസ്ഥാന സർക്കാർ ഇരുപതു ലക്ഷം രൂപ വീതമാണ് വിതരണംചെയ്തത്. രണ്ടു ലക്ഷം രൂപ മാത്രമാണ് കേന്ദ്രസർക്കാർ നൽകിയത്. വീട് നഷ്ടപ്പെട്ട 72 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് പത്തുലക്ഷം വീതം ഭവനനിർമ്മാണത്തിനായി നൽകിയെന്നും മന്ത്രി പറഞ്ഞു.

മത്സ്യത്തൊഴിലാളികൾക്ക് സാറ്റലൈറ്റ് ഫോൺ നൽകുന്ന നടപടി അവസാനഘട്ടത്തിലാണ്. 3.6 കോടി രൂപ ചെലവഴിച്ച് നടപ്പാക്കുന്ന പദ്ധതി അടുത്തമാസം ഉദ്ഘാടനംചെയ്യും. ഓഖി ദുരന്തത്തിൽ ഇനിയെന്തെങ്കിലും കാര്യങ്ങൾ മത്സ്യത്തൊഴിലാളികൾക്കായി നടപ്പാക്കാനുണ്ടെങ്കിൽ അക്കാര്യം വകുപ്പു മന്ത്രിയുമായി കൂടിയാലോചിച്ചു നടപ്പാക്കും. ഇക്കാര്യത്തിൽ തിരുവനന്തപുരം അതിരൂപതാധ്യക്ഷനുള്ള പരാതി നേരിൽക്കണ്ട് ചോദിച്ചറിയുമെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP