Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വയനാട്ടിലെ മേപ്പാടിയിൽ വൻ ഉരുൾപൊട്ടൽ; പുതുമലയിലെ രണ്ട് എസ്റ്റേറ്റ് പാടികളും പള്ളിയും അമ്പലവും വീടുകളും വാഹനങ്ങളും ഒലിച്ചു പോയതായി റിപ്പോർട്ട്; നിരവധി പേരെ കാണാതായതായി നാട്ടുകാർ വെളിപ്പെടുത്തുന്ന വീഡിയോയും പുറത്ത്; പ്രദേശത്തേക്കുള്ള ഗതാഗതം തടസ്സപ്പെട്ട നിലയിൽ ആയതിനാൽ രക്ഷാപ്രവർത്തകർക്കും എത്താൻ സാധിക്കുന്നില്ല; ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി സൈന്യം എത്തും

വയനാട്ടിലെ മേപ്പാടിയിൽ വൻ ഉരുൾപൊട്ടൽ; പുതുമലയിലെ രണ്ട് എസ്റ്റേറ്റ് പാടികളും പള്ളിയും അമ്പലവും വീടുകളും വാഹനങ്ങളും ഒലിച്ചു പോയതായി റിപ്പോർട്ട്; നിരവധി പേരെ കാണാതായതായി നാട്ടുകാർ വെളിപ്പെടുത്തുന്ന വീഡിയോയും പുറത്ത്; പ്രദേശത്തേക്കുള്ള ഗതാഗതം തടസ്സപ്പെട്ട നിലയിൽ ആയതിനാൽ രക്ഷാപ്രവർത്തകർക്കും എത്താൻ സാധിക്കുന്നില്ല; ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി സൈന്യം എത്തും

മറുനാടൻ മലയാളി ബ്യൂറോ

കൽപ്പറ്റ: വയനാട്ടിലെ മേപ്പാടിയിൽ വൻ ഉരുൾപൊട്ടൽ ഉണ്ടായതായി റിപ്പോർട്ട്. മേപ്പാടി പത്തുമലയിലാണ് വൻ ഉരുൾപൊട്ടൽ ഉണ്ടായത്. രണ്ട് എസ്റ്റേറ്റ് പാടികളും പള്ളിയും കാന്റീനും ഏതാനും വീടുകളും ഒലിച്ചുപോയതായാണ് പുറത്തുവരുന്ന റിേേപ്പാർട്ടുകൾ. പ്രദേശത്ത് നിന്ന് പലരെയും കാണാതായതായി വെളിപ്പെടുത്തുന്ന വീഡിയോ ദൃശ്യം വയനാട് പ്രാദേശിക ഫേസ്‌ബുക്ക് പേജുകളിൽ ഷെയർ ചെയ്തിട്ടുണ്ട്. എന്നാൽ, ഇതേക്കുറിച്ച് കൃത്യമായ സ്ഥിരീകരണമില്ല. സംഭവത്തെ കുറിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടില്ലെന്ന് സ്ഥലം എംഎൽഎ സി കെ ശശീന്ദ്രൻ അറിയിച്ചു.

ഉരുൾപൊട്ടലിൽ നിരവധി പേരെ കാണാതായതായി നാട്ടുകാർ പറയുന്നു. രക്ഷാപ്രവർത്തകർക്ക് ഇതുവരെ സ്ഥലത്തേക്ക് എത്താൻ സാധിച്ചിട്ടില്ല. രക്ഷാപ്രവർത്തനത്തിനായി വയനാട്ടിലെത്തിയ സൈന്യത്തിനും ദുരന്തനിവാരണസേനയ്ക്കും വിവരം നൽകിയതായും അവർ സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ ലഭ്യമായി വരുന്നതേയുള്ളൂ. കിട്ടാവുന്ന വഴിയിലൂടെ സംഭവസ്ഥലത്ത് എത്താൻ രക്ഷാപ്രവർത്തകർ ശ്രമിക്കുകയാണ്.

ഒരു അമ്പലവും പള്ളിയും നിന്ന പ്രദേശം ഒന്നാകെ ഒലിച്ചു പോയെന്നാണ് മനസ്സിലാവുന്നത്. ഈ പരിസരത്ത് നിന്നവരെല്ലാം ഒലിച്ചു പോയെന്നും പറയുന്നു. 16-ഓളം പേർ പുത്തുമലയിലെ രണ്ട് പാടികളിലായി കഴിയുന്നുണ്ടെന്നും ഇവരെ കുറിച്ച് ഒരു വിവരമില്ലെന്നും പ്രദേശത്തുള്ള ചിലർ നേരത്തെ അറിയിച്ചിരുന്നു. ഇതേക്കുറിച്ച് സ്ഥിരീകരിക്കേണ്ട അവസ്ഥയുണ്ട്. ഒരു അമ്പലം, പള്ളി, ഒരു ക്യാന്റീൻ എന്നിവ സ്ഥിതി ചെയ്യുന്ന പ്രദേശത്തിന് മുകളിൽ ആകെ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലുമുണ്ടായി എന്നാണ് തനിക്ക് കിട്ടിയ വിവരമെന്ന് കൽപറ്റ എംഎൽഎ സികെ ശശീന്ദ്രൻ പറഞ്ഞു. അവിടേക്ക് പോകാൻ സാധിക്കുന്നില്ല എന്നതാണ് പ്രധാനപ്രശ്‌നം.

അങ്ങോട്ട് എങ്ങനെയും എത്തിപ്പെടാൻ ശ്രമിക്കുന്നുണ്ടെന്നും മുഖ്യമന്ത്രിയെ വിളിച്ച് സൈന്യത്തിന്റെ സഹായം അഭ്യർത്ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഭവസ്ഥലത്തുള്ളവരുടെ സുരക്ഷയിൽ ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുത്തുമലയ്ക്ക് ചുറ്റുമുള്ള പ്രദേശങ്ങളിൽ നിന്നെല്ലാം ഇന്നലെ തന്നെ ആളുകളെ ഒഴിപ്പിച്ചിരുന്നുവെന്നും അദ്ദേഹം പറയുന്നു. സ്ഥലം പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവർ അവിടെ കുടുങ്ങി കിടക്കുകയാണെന്നും അദ്ദേഹത്തിന് ഇങ്ങോട്ട് വരാനോ തങ്ങൾക്ക് അങ്‌ഹോട്ട് എത്തിച്ചേരാനോ സാധിക്കുന്നില്ലെന്നും ശശീന്ദ്രൻ കൂട്ടിച്ചേർത്തു.

കഴിഞ്ഞ മൂന്ന് ദിവസമായി ഈ മേഖലയിൽ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ട അവസ്ഥയിലാണ് അതിനാൽ പ്രദേശത്തെ ഭൂരിപക്ഷം പേരുടേയും ഫോണുകൾ സ്വിച്ച്ഡ് ഓഫാണ്. പ്രദേശത്തുള്ള ആരേയും ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്നും എല്ലാവരുടേയും ഫോണുകൾ സ്വിച്ച്ഓഫാണെന്നും ഒആർ കേളു എംഎൽഎയും വ്യക്തമാക്കി. നിലവിൽ ഉള്ള ആളുകൾ അവിടെ രക്ഷാപ്രവർത്തനം നടത്തുന്നുണ്ടെന്നാണ് വിവരമെന്നും എന്നാൽ സൈന്യത്തിന്റെ അടക്കം സഹായം വേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം വയനാട് നീലഗിരിയിൽ റോഡിൽ വെള്ളം കയറി. കൽപ്പറ്റയിൽ ദേശീയ പാതയിൽ വെള്ളം കയറി. കബനീ നദി കരകവിഞ്ഞൊഴുകിയതിനാൽ ബീച്ചനഹള്ളി ഡാമിന്റെ ഷട്ടർ തുറന്നിട്ടുണ്ട്. കാരാപ്പുഴ ഡാമിന്റെ ഷട്ടർ തുറക്കുമെന്ന് റിപോർട്ടുണ്ട്. 73 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ഇതുവരെ 4976 പേരെ മാറ്റിപ്പാർപ്പിച്ചു.

കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളിൽ വെള്ളപ്പൊക്കം രൂക്ഷമാണ്. വയനാട്ടിൽ രക്ഷാപ്രവർത്തനത്തിന് സൈന്യം ഉടൻ എത്തും. നൂറിലധികം ദുരിതാശ്വാസ കേന്ദ്രങ്ങളിലായി ആയിരത്തിലധികംപേരെ മാറ്റിപ്പാർപ്പിച്ചു. റോഡുകളിൽ മണ്ണിടിഞ്ഞുവീണതോടെ പലയിടത്തും ഗതാഗതം തടസപ്പെട്ടു. പത്തനംതിട്ട ജില്ലയിലും കനത്ത മഴ തുടരുകയാണ്.

കനത്ത നാശം വിതച്ച് സംസ്ഥാനത്ത് മഴ തുടരുയാണ്. കണ്ണൂർ മട്ടന്നൂർ കുഴിക്കലിൽ തോട്ടിൽവീണ് കെ.പത്മനാഭൻ, അട്ടപ്പാടിയിൽ വീടിനുമുകളിൽ മരംവീണ് ഷോളയൂർ ഊരിലെ കാര, വെള്ളംകയറിയ വീട് ഒഴിയുന്നതിനിടെ തളർന്നുവീണ് പനമരത്ത് മുത്തു, എന്നിവർ മരിച്ചു. ഇടുക്കി ചിന്നക്കനാലിൽ ലയത്തിനുമുകളിൽ മണ്ണിടിഞ്ഞ് രാജശേഖരൻ നിത്യ ദമ്പതികളുടെ ഒരുവയസായ മകൾ മരിച്ചു. കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളിൽ വെള്ളപ്പൊക്കം രൂക്ഷമാണ്. മൂന്നാറും മാങ്കുളവും മറയൂരും കോഴിക്കോട് തെങ്ങിലക്കടവും ഒറ്റപ്പെട്ടു. മുക്കം, മാവൂർ , നിലമ്പൂർ, ഇരിട്ടി, മൂന്നാർ ടൗണുകൾ വെള്ളത്തിൽ മുങ്ങി. ഭൂതത്താൻകെട്ട്, മലങ്കര, കല്ലാർകുട്ടി, പെരിങ്ങൽകുത്ത്, മംഗലം ഡാമുകൾ തുറന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP