Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202328Tuesday

വയനാട്ടിലേക്കുള്ള പാത ഇനി സുഗമമാകും; ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയ്ക്കുള്ള ഭൂമിയേറ്റെടുക്കൽ ആരംഭിച്ചു; പാതയൊരുക്കുക നോർവീജിയൻ സാങ്കേതികവിദ്യ ഉൾപ്പെടുത്തി; താമരശ്ശേരി ചുരം റോഡിന്റെ വികസനം സാധ്യമാക്കുന്നതിനും സർക്കാർ ശ്രമം

വയനാട്ടിലേക്കുള്ള പാത ഇനി സുഗമമാകും; ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയ്ക്കുള്ള ഭൂമിയേറ്റെടുക്കൽ ആരംഭിച്ചു; പാതയൊരുക്കുക നോർവീജിയൻ സാങ്കേതികവിദ്യ ഉൾപ്പെടുത്തി; താമരശ്ശേരി ചുരം റോഡിന്റെ വികസനം സാധ്യമാക്കുന്നതിനും സർക്കാർ ശ്രമം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വയനാട്ടിലേക്കുള്ള ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയ്ക്കുള്ള ഭൂമിയേറ്റെടുക്കൽ ആരംഭിച്ചു. വനഭൂമി ഉപയോഗിക്കുന്നതിനുള്ള അപേക്ഷ വനം വകുപ്പിന്റെ പരിഗണനയിലാണ്. പൊതുമരാമത്ത് വകുപ്പ് മന്ത്രി നിയമസഭയെയാണ് ഇക്കാര്യം അറിയിച്ചത്.പദ്ധതിയുടെ പാരിസ്ഥിതിക ആഘാതപഠനം പുരോഗമിക്കുകയാണ്.

നോർവീജിയൻ സാങ്കേതിക വിദ്യ കൂടി തുരങ്കനിർമ്മാണത്തിന് ഉപയോഗിക്കുമെന്ന് മന്ത്രി അറിയിച്ചു. ഇതിനായി നോർവെയിൽ നിന്നുള്ള വിദഗ്ധ സംഘം സ്ഥലം സന്ദർശിച്ചു. നിലവിൽ വയനാട്ടിലേക്കുള്ള പ്രധാന പാതയായ താമരശ്ശേരി ചുരം റോഡിന്റെ വികസനം സാധ്യമാക്കുന്നതിനും സർക്കാർ ശ്രമിക്കുന്നുണ്ട്.

ദേശീയപാത 766ന്റെ ഭാഗമാണ് താമരശ്ശേരി ചുരം. കോഴിക്കോട് മലാപ്പറമ്പ് മുതൽ മുത്തങ്ങ വരെയുള്ള റോഡിന്റെ വികസനത്തിനുള്ള നിർദ്ദേശം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന് സംസ്ഥാനം സമർപ്പിച്ചിട്ടുണ്ട്. ഇതിൽ പുതുപ്പാടി മുതൽ മുത്തങ്ങ വരെയുള്ള മേഖലയിൽ ഡിപിആർ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. വനഭൂമി ലഭ്യമായാൽ മാത്രമേ വികസനം പൂർത്തിയാക്കാൻ കഴിയൂ.

6,7,8 വളവുകൾ വികസിപ്പിക്കാൻ കഴിയുമോയെന്ന കാര്യം പരിശോധിക്കുകയാണ്. ഘട്ടംഘട്ടമായി ചുരും റോഡ് വികസിപ്പിക്കാനാണ് സർക്കാരിന്റെ പദ്ധതി. പർവത് മാല പദ്ധതിയിൽ ഉൾപ്പെടുത്തി അടിവാരം-ലക്കിടി റോപ്പ് വേ നിർമ്മിക്കാനുള്ള നിർദ്ദേശം കേന്ദ്രത്തിനു മുന്നിൽ സമർപ്പിച്ചിട്ടുണ്ട്. അനുമതി ലഭ്യമാക്കാനുള്ള പ്രവർത്തനവുമായി മുന്നോട്ടു പോകുകയാണ്. പദ്ധതി നടപ്പാക്കാൻ വനഭൂമി വലിയ തോതിൽ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.

വയനാട് തുരങ്കപാതയ്ക്ക് 2134.50 കോടി രൂപയുടെ ധനാനുമതി കിഫ്ബി നേരത്തെ നൽകിയിരുന്നു. കള്ളാടിയിൽ നിന്നും ആനക്കാംപൊയിൽ മറിപ്പുഴ സ്വർഗ്ഗം കുന്നിലേക്കാണ് തുരങ്കപാത നിർമ്മിക്കുന്നത്. 7.82 കിലോമീറ്റർ നീളുന്നതാണ് തുരങ്കം. സ്വർഗ്ഗം കുന്നിൽ നിന്നും കള്ളാടി വരെയുള്ള തുരങ്കത്തിന് 6.8 കിലോമീറ്റർ നീളമുണ്ടാകും. പദ്ധതി നടപ്പായാൽ സംസ്ഥാനത്തെ ഏറ്റവും നീളമേറിയ തുരങ്കപാതയായിരിക്കുമിത്.

2020 സെപ്റ്റംബറിലാണ് നിർദ്ദിഷ്ട പാതയുടെ സർവേ ആരംഭിച്ചത്. കഴിഞ്ഞ പിണറായി സർക്കാർ കിഫ്ബിയിൽ നിന്നും 658 കോടി രൂപ അനുവദിച്ച് ഭരണാനുമതി നൽകിയിരുന്നു. നിർമ്മാണം തുടങ്ങി മൂന്ന് വർഷത്തിനുള്ളിൽ പാതയുടെ നിർമ്മാണം പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP