Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Aug / 202215Monday

പുറത്തിറങ്ങുമ്പോൾ ബെൻസ് കാറുകൾ നിർബന്ധം; താമസിക്കാൻ പഞ്ചനക്ഷത്ര ഹോട്ടലിലെ ഒരു ഫ്ളോർ മുഴുവൻ ബുക്ക് ചെയ്യും; കൊച്ചി ടസ്‌കേഴ്‌സിനെയും തറപറ്റിക്കാൻ ശ്രമിച്ചു സ്വയം തകർന്നു; ലളിത് മോദിയുടെ ഐപിഎൽ കളികൾ വിവരിച്ച് പുസ്തകം; ലളിതിന് ലണ്ടനിൽ ഇപ്പോഴും അടിപൊളി ജീവിതം

പുറത്തിറങ്ങുമ്പോൾ ബെൻസ് കാറുകൾ നിർബന്ധം; താമസിക്കാൻ പഞ്ചനക്ഷത്ര ഹോട്ടലിലെ ഒരു ഫ്ളോർ മുഴുവൻ ബുക്ക് ചെയ്യും; കൊച്ചി ടസ്‌കേഴ്‌സിനെയും തറപറ്റിക്കാൻ ശ്രമിച്ചു സ്വയം തകർന്നു; ലളിത് മോദിയുടെ ഐപിഎൽ കളികൾ വിവരിച്ച് പുസ്തകം; ലളിതിന് ലണ്ടനിൽ ഇപ്പോഴും അടിപൊളി ജീവിതം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: മുൻ ഐ.പി.എൽ കമീഷണർ ലളിത് മോദിയുടെ ജീവിത കഥ വിവരിക്കുന്ന പുസ്തകം ശ്രദ്ധ നേടുകയാണ്. മാധ്യമപ്രവർത്തകൻ ബോറിയ മജുംദാർ രചിച്ച 'മാവ്റിക് കമ്മിഷണർ ദ് ഐപിഎൽലളിത് മോദി സാഗ' എന്ന പുസ്തകം എങ്ങനെയാണ് ആഡംബരത്തിൽ മോദി അഭിരമിച്ചത് എന്ന് വ്യക്തമാക്കുന്നതാണ്. ഐപിഎല്ലിലേക്ക് കൊച്ചി ടസ്‌കേഴ്‌സ് ടീമിന്റെ പ്രവേശനം തടയാൻ ഐപിഎൽ ചെയർമാനായിരുന്ന ലളിത് മോദി പരമാവധി ശ്രമിച്ചെന്നും പുസ്തകത്തിൽ വെളിപ്പെടുത്തുന്നു.

കൊച്ചിയുമായുള്ള രസക്കേടിൽ തുടങ്ങിയ വിവാദം എങ്ങനെ ലളിത് മോദിയെ ബിസിസിഐയിൽ നിന്നു പുറത്താക്കുന്നതിലേക്കു നയിച്ചെന്നും പുസ്തകം വ്യക്തമാക്കുന്നു. 2010 ലാണ് കൊച്ചി ആസ്ഥാനമായി പുതിയ ടീം ഐപിഎലിലെത്തുന്നത്. എന്നാൽ ടീമിനെ അംഗീകരിച്ചു കൊണ്ടുള്ള രേഖകളിൽ ഒപ്പു വയ്ക്കാൻ അവസാനനിമിഷം വരെ, ഐപിഎൽ കമ്മിഷണർ ലളിത് മോദി തയാറായില്ല. അവസാനം ബിസിസിഐ ചെയർമാൻ ശശാങ്ക് മനോഹറിൽനിന്ന് അർധരാത്രി ഒരു ഫോൺ കോൾ വന്നതിനു ശേഷമാണ് ലളിത് മോദി അയഞ്ഞത്. പുലർച്ചെ 3 മണിക്കായിരുന്നു രേഖകളിൽ ഒപ്പുവയ്ക്കൽ.

പല യോഗങ്ങൾ ചേർന്നെങ്കിലും ഓരോ തവണയും കടലാസ് പണികളിൽ മാറ്റം വരുത്താൻ മോദി ആവശ്യപ്പെട്ടു. 2010 ഏപ്രിൽ 10ന് കൊച്ചി ടീം സംഘാടകർ മുംബൈയിലെ ഫോർ സീസൺസ് ഹോട്ടലിൽ മോദിയെ കണ്ടിരുന്നു. നിരന്തരം മാറ്റങ്ങൾ ആവശ്യപ്പെട്ട് കരാറിൽ ഒപ്പിടുന്നത് വൈകിപ്പിക്കുന്നതിനിടെയുണ്ടായ നിരവധി കൂടിക്കാഴ്ചകളിലൊന്നായിരുന്നു അത്.

മോദി തങ്ങളെ ഭ്രാന്ത് പിടിപ്പിച്ചുവെന്നാണ് കൊച്ചി ടീമിന്റെ ഉടമകളിലൊരാൾ പറഞ്ഞത്. അദ്ദേഹത്തിന്റെ അടവുകൾ മനസ്സിലാക്കിയ ശശാങ്ക് മനോഹർ കടലാസുകളിൽ ഒപ്പ് വെക്കാൻ ആജ്ഞാപിക്കുകയായിരുന്നു. ചെയർമാന്റെ ശാസനയുടെ ഫലമായി പിറ്റേ ദിവസം പുലർച്ചെ മൂന്ന് മണിക്ക് ഒപ്പ് വെച്ചു. ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന് കൊച്ചി ടീമിന്റെ ഉടമസ്ഥരിലൊന്നായ റെന്ദേവൂ സ്പോർട്സ് വേൾഡിൽ പങ്കാളിത്തമുണ്ടെന്നടക്കം പല വിവാദ ട്വീറ്റുകളും പിന്നീട് മോദി നടത്തി. ലളിത് മോദിക്ക് ബി.സി.സിഐയിൽനിന്നും ശശി തരൂരിന് കേന്ദ്രമന്ത്രിസഭയിൽനിന്നും പുറത്തേക്കുള്ള വഴിയാണ് അത് തുറന്നിട്ടത്.

2010 ഐ.പി.എൽ സീസണോടെ സാമ്പത്തിക ക്രമക്കേടുകളും അച്ചടക്കലംഘനവുമടക്കം കുറ്റങ്ങൾ ചുമത്തി ബി.സി.സിഐയിൽനിന്ന് ലളിത് മോദിയെ സസ്‌പെൻഡ് ചെയ്യുകയായിരുന്നു. കുറ്റക്കാരനെന്ന് തെളിഞ്ഞതിനെ തുടർന്ന് 2013 മുതൽ ആജീവനാന്ത വിലക്കും ഏർപ്പെടുത്തി. നിയമനടപടികളിൽനിന്ന് രക്ഷപ്പെടാൻ വിദേശത്തേക്ക് കടന്ന മോദി നിലവിൽ ലണ്ടനിൽ അഭയം പ്രാപിച്ചിരിക്കുകയാണ്. 2011 സീസൺ മാത്രം കളിച്ച കേരളത്തിന്റെ കൊമ്പന്മാർക്കും ലളിത് മോദിയുടെ ഗതിയുണ്ടായി. വാർഷിക ബാങ്ക് ഗാരന്റി നൽകിയില്ലെന്ന കാരണത്താൽ ബി.സി.സിഐ ഐ.പി.എല്ലിൽനിന്ന് പുറത്താക്കുകയായിരുന്നു.

ബെൻസ് നിർബന്ധം, ഒരു ഫ്ളോർ മുഴുവൻ ബുക്ക് ചെയ്യും

ലളിത് മോദിയുടെ ആഡംബര ജീവിതവും പുസ്തകം വിവരിക്കുന്നുണ്ട്. തന്റെ ആവശ്യത്തിന് രണ്ട് മെഴ്സിഡീസ് ബെൻസ് എസ് ക്ലാസ് കാറുകൾ ഡൽഹിയിൽ നിന്നു ഹിമാചൽ പ്രദേശിലെ ധരംശാലയിലെത്തിക്കുക. താമസിക്കുന്നതിനായി പഞ്ചനക്ഷത്ര ഹോട്ടലിലെ ഒരു ഫ്ളോർ മുഴുവൻ ബുക്ക് ചെയ്യുക ഇങ്ങനെ ഒന്നാന്തരം ധൂർത്തിന്റെ അവസാനവാക്കായിരുന്നു ലളിത് മോദി.

മെഴ്സിഡീസ് ബെൻസ് എസ് ക്ലാസ് കാറുകളുടെ കടുത്ത ആരാധകനായിരുന്നു ലളിത് മോദിയെന്നു പുസ്തകത്തിൽ പറയുന്നു. ഹിമാചൽ പ്രദേശിലെ ധരംശാലയിൽ ലളിത് മോദിക്കു യാത്ര ചെയ്യാൻ വേണ്ടി 2 എസ് ക്ലാസ് കാറുകളാണ് ഡൽഹിയിൽനിന്ന് ഓടിയെത്തിയത്. ധരംശാലയിൽ എസ് ക്ലാസ് കാറുകൾ കിട്ടാനില്ലത്തതുകൊണ്ടാണ് ലളിത് മോദിയുടെ ഓഫിസ് ഡൽഹിയിൽനിന്ന് ഇവ ധരംശാല വരെ റോഡ് മാർഗം ഓടിച്ചെത്തിക്കാൻ നിർദ്ദേശം നൽകിയത്.

മറ്റൊരിക്കൽ നാഗ്പുരിൽ ഐപിഎൽ മത്സരം കാണാനെത്തുന്ന ലളിത് മോദിക്കു വേണ്ടി അദ്ദേഹത്തിന്റെ ഓഫിസ് മെഴ്സിഡീസ് എസ് ക്ലാസ് എത്തിച്ചതു ഹൈദരാബാദിൽനിന്നാണ്. നാഗ്പുരിൽ കാർ ലഭ്യമല്ലാത്തതായിരുന്നു കാരണം.ഐപിഎലിന്റെ ആദ്യ 2 സീസണുകളുടെ വൻ വിജയം ലളിത് മോദിയെ വേറൊരു ലോകത്തെത്തിച്ചു. താൻ താമസിച്ചിരുന്ന പഞ്ചനക്ഷത്ര ഹോട്ടലുകളുടെ ഒരു ഫ്ളോർ മുഴുവനായാണ് അദ്ദേഹം ബുക്ക് ചെയ്തിരുന്നത്. 'ലളിത് മോദിയെ ചോദ്യം ചെയ്യുകയെന്നാൽ ഐപിഎലിനെ ചോദ്യം ചെയ്യുന്ന നിലയിലായിരുന്നു അന്നു കാര്യങ്ങൾ.

ബിസിസിഐയ്ക്കു വലിയ വരുമാനം നൽകിത്തുടങ്ങിയ ഐപിഎലിനെ വിമർശിക്കാൻ ആരും തയാറായില്ല. ഐപിഎൽ കമ്മിഷണറായിരുന്ന ലളിത് മോദി സാമ്പത്തിക തിരിമറികളുടെ പേരിൽ 2010ൽ ഇന്ത്യ വിടുകയായിരുന്നു. ലണ്ടനിൽ ഇപ്പോഴും സുഖജീവിതം നയിക്കുകയാണ് മോദി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP