Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മുള്ളു കൊണ്ട് എടുക്കേണ്ട വിദ്യാർത്ഥി സമരത്തെ തൂമ്പ കൊണ്ട് എടുക്കേണ്ട അവസ്ഥയിൽ എത്തിച്ചത് ലക്ഷ്മി നായരുടെ പിടിവാശി; പ്രിൻസിപ്പൽ സ്ഥാനത്തു നിന്നും അഞ്ച് വർഷത്തേക്ക് മാറ്റി നിർത്തിയെങ്കിലും കോളേജുമായുള്ള ബന്ധം തുടരും; സെലബ്രിറ്റി ഷെഫിന്റെ പുതിയ റോൾ ലോ അക്കാദമി റിസേർച്ച് സെന്ററിന്റെ ഡയറക്ടറായി

മുള്ളു കൊണ്ട് എടുക്കേണ്ട വിദ്യാർത്ഥി സമരത്തെ തൂമ്പ കൊണ്ട് എടുക്കേണ്ട അവസ്ഥയിൽ എത്തിച്ചത് ലക്ഷ്മി നായരുടെ പിടിവാശി; പ്രിൻസിപ്പൽ സ്ഥാനത്തു നിന്നും അഞ്ച് വർഷത്തേക്ക് മാറ്റി നിർത്തിയെങ്കിലും കോളേജുമായുള്ള ബന്ധം തുടരും; സെലബ്രിറ്റി ഷെഫിന്റെ പുതിയ റോൾ ലോ അക്കാദമി റിസേർച്ച് സെന്ററിന്റെ ഡയറക്ടറായി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നെഹ്രു ഗ്രൂപ്പ് ഓഫ് കോളജിലെ വിദ്യാർത്ഥിയായിരുന്ന ജിഷ്ണു കോപ്പിയടി ആരോപണത്തെത്തുടർന്ന് ആത്മഹത്യ ചെയ്ത സംഭവത്തിനു പിന്നാലെ കേരളത്തിലുടനീളമുള്ള സ്വാശ്രയ കോളജുകളിൽ അലയടിച്ച വിദ്യാർത്ഥി പ്രക്ഷോഭത്തിന്റെ ഭാഗമായിരുന്നു പേരൂർക്കട ലോ അക്കാദമി ലോ കോളജിലെ സമരവും. ഇന്റേണൽ മാർക്ക് അടക്കമുള്ള വിഷയങ്ങളിൽ വിദ്യാർത്ഥികൾ ഉന്നയിച്ച ആവശ്യങ്ങൾ പരിഗണിക്കാൻ പോലും പ്രിൻസിപ്പൽ ലക്ഷ്മി നായർ കൂട്ടാക്കാതിരുന്നപ്പോൾ സമരം കേരള സമൂഹത്തിലെ പ്രധാന ചർച്ചാ വിഷയമായി. മൂന്നാഴ്ച നീണ്ട സമരം അവസാനിപ്പിക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്നുവരെ നടപടികൾ ഉണ്ടായെങ്കിലും പ്രിൻസിപ്പൽ ലക്ഷ്മി നായരുടെ കടുംപിടുത്തം മൂലം എല്ലാം വിഫലമാകുകയായിരുന്നു. ഒടുക്കം മുള്ളുകൊണ്ട് എടുക്കേണ്ടത് തൂമ്പകൊണ്ട് എടുക്കേണ്ട ഗതികേടിലെത്തി ലക്ഷ്മി നായരും ലോ അക്കാദമി മാനേജ്‌മെന്റും.

ലക്ഷ്മി നായർ പ്രിൻസിപ്പൽ സ്ഥാനത്തു നിന്ന് മാറി നിൽക്കുന്നതുകൊണ്ട് ലോ അക്കാദമി വിഷയം കെട്ടടങ്ങുകയില്ല. കേരളത്തിലെ പ്രഥമ സ്വാശ്രയ സ്ഥാപനമായ ഈ കോളജിന് സർക്കാർ അനുവദിച്ച ഭൂമി ദുരുപയോഗം ചെയ്യുന്നുവെന്നതടക്കമുള്ള ആരോപണങ്ങളിൽ അന്വേഷണം തുടങ്ങിയിട്ടേയുള്ളൂ. ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാനും മുതിർന്ന സഖാവുമായ വി എസ്. അച്യുതാനന്ദൻ പ്രത്യേക താത്പര്യം ലോ അക്കാദമി വിഷയത്തിൽ എടുത്തിട്ടുണ്ട്. ഭൂമി തിരിച്ചെടുക്കണമെന്നതടക്കമുള്ള ആവശ്യങ്ങളാണ് അദ്ദേഹം ഉന്നയിച്ചിരിക്കുന്നത്.

അതേസമയം, വിദ്യാർത്ഥി പ്രക്ഷോഭത്തിനൊടുവിൽ ലോ അക്കാദമി പ്രിൻസിപ്പൽ സ്ഥാനത്തുനിന്നു മാറിനിൽക്കാൻ നിർബന്ധിതയായ ലക്ഷ്മി നായർ കോളജുമായുള്ള ബന്ധം പൂർണമായും ഉപേക്ഷിക്കില്ല. ലോ അക്കാദമിയുടെ കീഴിൽ പ്രവർത്തിക്കുന്ന റിസേർച്ച് സെന്ററിന്റെ ഡയറക്ടറായി ലക്ഷ്മി നായരെ നിമയിച്ചേക്കുമെന്നാണ് അറിയാൻ കഴിയുന്നത്. റിസേർച്ച് സെന്റർ കാമ്പസിനു പുറത്തായതിനാൽ ലക്ഷ്മി നായരെ ഇവിടെ നിമയിക്കുന്നതിൽ സാങ്കേതികമായോ, വിദ്യാർത്ഥി സംഘടനകൾക്കു നല്കിയ ഉറപ്പിന്റെ ഭാഗമായോ ഒരു വിധ തടസ്സവും മാനേജ്‌മെന്റിനു മുന്നിൽ ഉണ്ടാകില്ല.

എസ്എഫ്‌ഐയുമായി കോളജ് മാനേജ്‌മെന്റ് നടത്തിയ ഒത്തുതീർപ്പു ചർച്ചയിലാണ് ലക്ഷ്മി നായരെ ലോ അക്കാദമി ലോ കോളജിന്റെ പ്രിൻസിപ്പൽ സ്ഥാനത്തുനിന്ന് അഞ്ചു വർഷത്തേക്കു മാറ്റി നിർത്താൻ ധാരണയായത്. ഇക്കാര്യത്തിൽ എഴുതികിട്ടിയ ഉറപ്പിനെത്തുടർന്ന് എസ്എഫ്‌ഐ സമരം അവസാനിപ്പിക്കുകയും ചെയ്തു. അഞ്ചു വർഷ കാലത്തേക്ക് ലക്ഷ്മി നായർ കോളജിൽ അദ്ധ്യാപികയായി എത്തില്ലെന്നും മാനേജ്‌മെന്റ് ഉറപ്പു നല്കിയിട്ടുണ്ട്.

വിദ്യാർത്ഥികൾക്കു നല്കിയ ഉറപ്പിന്റെ അടിസ്ഥാനത്തിൽ ലോ അക്കാദമിയിലെ അധ്യയന വിഭാഗത്തിൽനിന്നു മാത്രമാണ് ലക്ഷ്മി നായർ മാറ്റി നിർത്തപ്പെടുന്നത്. അക്കാദമിയുടെ കീഴിൽ പ്രവർത്തിക്കുന്ന റിസേർച്ച് സെന്ററിന്റെ ഡയറക്ടർ സ്ഥാനത്തേക്ക് അവരെ നിയോഗിക്കാൻ, വിദ്യർത്ഥിസംഘടനയ്ക്കു നല്കിയ വാഗ്ദാനങ്ങളും ഉറപ്പുമൊന്നും തടസമാകില്ല. റിസേർച്ച് സെന്റർ പ്രവർത്തിക്കുന്നത് പേരൂർക്കടയിലെ ലോ അക്കാദമി കാമ്പസിലല്ല എന്നതാണ് ഇതിന്റെ കാരണം.

തിരുവനന്തപുരം നഗരഹൃദയത്തിൽ സെക്രട്ടേറിയറ്റിന് സമീപം പുന്നം റോഡിലെ ഫ്‌ളാറ്റിലാണ് ലോ അക്കാഡമിയുടെ ഗവേഷണ വിഭാഗമായ റിസേർച്ച് സെന്റർ പ്രവർത്തിക്കുന്നത്. സെന്റർ ഫോർ അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് അൻഡ് റിസേർച്ച്(സിഎഎൽഎസ്എആർ) എന്നാണ് മുഴുവൻ പേര്. ലോ അക്കാദമിക്കു കീഴിലുള്ള സ്വതന്ത്ര സ്ഥാപനമായിട്ടാണ് ഇത് പ്രവർത്തിക്കുന്നത്. സർക്കാരിന്റെ നോമിനികളും ലോ കോളജ് പ്രതിനിധികളും സാമൂഹിക ശാസ്ത്രജ്ഞരും ഉൾപ്പെട്ട എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് റിസേർച്ച് സെന്ററിനെ നിയന്ത്രിക്കുന്നത്.

അതേസമയം ലോ അക്കാദമിക്കു പണ്ട് സർക്കാർ അനുവദിച്ച ഭൂമിയിൽ ആവശ്യത്തിനല്ലാതെ ഉപയോഗിക്കപ്പെടുന്ന ഭൂമി തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് വി എസ്. അച്യുതാനന്ദൻ നല്കിയ കത്തിൽ റിസേർച്ച് സെന്റർ ഇരിക്കുന്ന ഫ്‌ളാറ്റും പരാമർശിക്കുന്നുണ്ട്. സ്വകാര്യ റിയൽ എസ്റ്റേറ്റ് കൺസ്ട്രക്ഷൻ കമ്പനിയുമായി ചേർന്ന് പുന്നം റോഡിലുള്ള സ്ഥലത്ത് ഫ്‌ളാറ്റ് കെട്ടി വിൽപ്പന നടത്തുന്നത് നിയമപരമാണോയെന്ന് അന്വേഷിക്കണമെന്നാണ് വി എസ് കത്തിലൂടെ ആവശ്യപ്പെട്ടത്. വിഎസിന്റെ കത്തിന്റെ അടിസ്ഥാനത്തിൽ റവന്യൂ മന്ത്രി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. റവന്യൂ സെക്രട്ടറിയായിരിക്കും അന്വേഷണം നടത്തുക.

ലോ അക്കാദമിക്കു പാട്ടത്തിനു നല്കിയ 11 ഏക്കർ 49 സെന്റ് സ്ഥലം ദുരുപയോഗം ചെയ്യുന്നുവെന്നാണ് വി എസ് ആരോപിച്ചിരിക്കുന്നത്. സിപിഐ(എം) സംസ്ഥാന സമിതിയിൽ തനിക്കെതിരേ തിരിഞ്ഞ കോലിയക്കോട് കൃഷ്ണൻ നായരെ ലക്ഷ്യമിട്ടാണ് വി എസ് കത്ത് നല്കിയത്. ലോ അക്കാദമി ഡയറക്ടറും ലക്ഷ്മി നായരുടെ പിതാവുമായ നാരായണൻ നായരുടെ സഹോദരനാണ് കോലിയക്കോട്. പിണറായിയും കേന്ദ്ര കമ്മറ്റിയും തമ്മിലുണ്ടാക്കിയ ധാരണ പ്രകാരമാണ് വിഎസിനെ സംസ്ഥാന സമിതിയിൽ എടുക്കാനും നടപടി താക്കീതിൽ ഒരുക്കാനും തീരുമാനിച്ചത്. എന്നാൽ കോലിയക്കോട് സംസ്ഥാന സമിതിയിൽ വിഎസിനെതിരേ വിമർശം ഉന്നയിക്കുകയുണ്ടായി. ഇത് വിഎസിനെ അമ്പരപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ ലോ അക്കാദമി വിഷയത്തിൽ നിലപാട് കടുപ്പിച്ചിരിക്കുകയാണു വി എസ്. തനിക്ക് ലഭിച്ച ഏറ്റവും നല്ല അവസരം ഇതാണെന്ന തിരിച്ചറിവിൽ കൂടിയാണ് വിഎസിന്റെ നീക്കങ്ങൾ.

1967ലാണ് തിരുവനന്തപുരത്ത് സംസ്ഥാനത്തെ ആദ്യത്തെ സ്വാശ്രയ നിയമ വിദ്യാഭ്യാസ സ്ഥാപനമായ കേരള ലോ അക്കാദമി സ്ഥാപിക്കപ്പെട്ടത്. പേരൂർക്കടയിൽ സർക്കാർ പാട്ടത്തിനു നൽകിയ 11 ഏക്കർ 49 സെന്റ് സ്ഥലത്താണു പ്രവർത്തനം ആരംഭിച്ചത്. ചട്ടപ്രകാരം മൂന്ന് ഏക്കർ ഭൂമി മതി കോളേജിന്. എന്നാൽ പതിനൊന്ന് ഏക്കർ നാരായണൻ നായർ കൈവശം വച്ചിരിക്കുന്നു. ഇതിൽ എട്ട് ഏക്കറോളം ഭൂമിയിൽ നാരായണൻ നായരുടെ വീടാണ്. ഇതിനോട് ചേർന്ന് കോലിയക്കോടിനും വീടുണ്ട്. സഹോദരങ്ങൾ രണ്ടു പേരും ആഡംബര വീടുണ്ടാക്കി തിരുവനന്തപുരത്തെ കണ്ണായ പേരൂർക്കടയിൽ കഴിയുന്നു. ഇതിനെ ചോദ്യം ചെയ്യാൻ തന്നെയാ്ണ് വിഎസിന്റെ നീക്കം. സംസ്ഥാന സമിതിയിൽ തനിക്കെതിരെ ശബ്ദമുയർത്തിയ കോലിയക്കോടിനെ വീട്ടിൽ നിന്നും ഇറക്കി വിടാൻ ഉറപ്പിച്ചു തന്നെയാണ് വിഎസിന്റെ നീക്കവും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP