Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202031Saturday

ആശയറ്റ അമ്മൂമ്മമാർക്ക് ഒരു ആശ്രയമായി അമ്മൂമ്മത്തിരി; വെള്ളപ്പൊക്കത്തിൽ എല്ലാം നഷ്ടപ്പെട്ട കൈത്തറിക്കാർക്ക് പുതുജീവൻ നൽകി ചേർക്കുട്ടി; വൃക്ഷങ്ങൾ നട്ടുവളർത്തി പ്രകൃതി സംരക്ഷണത്തിന് എൻട്രീ; മുൻതലമുറയുടെ കൈപ്പുണ്യം പുത്തൻ തലമുറയ്ക്ക് പരിചയപ്പെടുത്താൻ ''ഗ്രാൻഡ് മാർക്ക്''; വേറിട്ട വഴികളിലൂടെ അശരണരുടെ കണ്ണുനീരൊപ്പുന്ന ലക്ഷ്മീ മേനോൻ എന്ന യുവതിയുടെ സാമൂഹ്യ സേവന കഥ

ആശയറ്റ അമ്മൂമ്മമാർക്ക് ഒരു ആശ്രയമായി അമ്മൂമ്മത്തിരി; വെള്ളപ്പൊക്കത്തിൽ എല്ലാം നഷ്ടപ്പെട്ട കൈത്തറിക്കാർക്ക് പുതുജീവൻ നൽകി ചേർക്കുട്ടി; വൃക്ഷങ്ങൾ നട്ടുവളർത്തി പ്രകൃതി സംരക്ഷണത്തിന് എൻട്രീ; മുൻതലമുറയുടെ കൈപ്പുണ്യം പുത്തൻ തലമുറയ്ക്ക് പരിചയപ്പെടുത്താൻ ''ഗ്രാൻഡ് മാർക്ക്''; വേറിട്ട വഴികളിലൂടെ അശരണരുടെ കണ്ണുനീരൊപ്പുന്ന ലക്ഷ്മീ മേനോൻ എന്ന യുവതിയുടെ സാമൂഹ്യ സേവന കഥ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ചിലരങ്ങനെയാണ്, തന്നെക്കുറിച്ച് എപ്പോഴും നിശബ്ദത പുലർത്തും. അവർക്ക് ചുറ്റും തിളങ്ങുന്ന ഫ്ളാഷ് ലൈറ്റുകളോ ജനക്കൂട്ടങ്ങളോ ഉണ്ടാകില്ല. കർമ്മത്തിന്റെ വഴിയിലൂടെ ഏകനായി തുടരുന്ന യാത്രയാണ് അവരുടെ ജീവിതം. കർമ്മങ്ങൾക്കപ്പുറമുള്ള ഒരു ലോകത്തെ കുറിച്ച് അവർ ചിന്തിക്കുക പോലുമില്ല. പേരും പെരുമയുമൊക്കെ അവർക്കെന്നും അന്യമായിരിക്കും. പക്ഷെ അപ്പോഴും നന്മനിറഞ്ഞ കുറച്ചു മനസ്സുകൾ അവരെ അറിയും, അവരോടൊപ്പം നടക്കും, ഒരിക്കലുമവസാനിക്കാത്ത കർമ്മകാണ്ഡത്തിലൂടെ. അത്തരത്തിലൊരു നന്മമരമാണ് കാഞ്ഞിരമറ്റം സ്വദേശിയായ ലക്ഷ്മി മേനോൻ.

ഓരോ പ്രതിസന്ധിയും ഒരു അവസരമാക്കി മാറ്റുകയാണ് ലക്ഷ്മി മേനോൻ എന്ന ഈ യുവതി. അമേരിക്കയിലെ ജോലി ഉപേക്ഷിച്ച് കേരളത്തിലേക്ക് മടങ്ങിയത് നാടിനോടുള്ള ഹൃദയബന്ധം കൊണ്ടായിരുന്നു. സാമാന്യം സാമ്പത്തിക ശേഷിയുള്ള കുടുംബത്തിൽ ജനിച്ച ലക്ഷ്മിയോട് പിതാവ് ആവശ്യപ്പെട്ടത് ലഭിച്ച വിദ്യാഭ്യാസം സമൂഹത്തിന്റെ നന്മയ്ക്കായി ചെലവഴിക്കണം എന്നായിരുന്നു. ആ വാക്കുകളാണ് എന്നും ലക്ഷ്മിയുടെ പ്രചോദനവും.

ഡിസൈനിഗിലും സാമൂഹിക സംരംഭകത്വത്തിലും തന്റെ കഴിവു തെളിയിച്ച ലക്ഷ്മി മേനോൻ അവിചാരിതമായി ഒരു വൃദ്ധ സദനം സന്ദർശിച്ചതോടെയാണ് കാര്യങ്ങൾ മാറിമറിയുന്നത്. അവിടത്തെ അന്തേവാസിയായ ഒരു വൃദ്ധയോട് അമ്മൂമ്മക്ക് എന്താണ് വേണ്ടതെന്ന് ചോദിച്ചപ്പോൾ ഒരു പരിപ്പുവട വേണമെന്നായിരുന്നു മറുപടി. ഇത്ര നിസാരമായ ഒരു ആവശ്യം പോലും സാധിക്കാനാകാത്ത നിരാശ്രയരെ കുറിച്ചുള്ള ചിന്ത ലക്ഷ്മിയെ അലട്ടാൻ തുടങ്ങിയത് അപ്പോൾ മുതലായിരുന്നു.

അന്ന്, വീട്ടിൽ തിരിച്ചെത്തിയ ലക്ഷ്മി കാണുന്നത സന്ധ്യാദീപം തെളിയിക്കുവാൻ തിരി തെറുക്കുന്ന സ്വന്തം അമ്മൂമ്മയേയാണ്. അത് അവരിൽ ഒരു പുതിയ ആശയത്തിന് രൂപം നൽകി. അവിടെനിന്നാണ് ഇപ്പോൾ നിരവധി നിരാശ്രയരായ വൃദ്ധജനങ്ങൾക്ക് വരുമാനം ഉറപ്പുവരുത്തുന്ന അമ്മൂമ്മത്തിരിയുടെ ഉദ്ഭവം. വിപണിയിൽ നിന്നും നൂലുകൾ വാങ്ങിച്ച്, വിവിധ വൃദ്ധ സദനങ്ങളിലും വീടുകളിലും ഉള്ള വൃദ്ധകൾക്ക് നൽകി അവരെ കൊണ്ട് തിരി തെറുപ്പിക്കലായിരുന്നു പരിപാടി.

ഇങ്ങനെ തെറുക്കുന്ന തിരികൾ 30 തിരികളുടെ ഒരു പാക്കറ്റിന് 5 രൂപയ്ക്കാണ് വിൽക്കുന്നത്. അതിൽ 3 രൂപ വീതം തെറുക്കുന്നവർക്ക് ലഭിക്കും. പ്രതിദിനം 30 മുതൽ 40 പാക്കറ്റുകൾ വരെ ഒരാൾക്ക് തെറുക്കാൻ സാധിക്കും. അതായത്, പ്രതിദിനം 100 രൂപവരെ ഇവർക്ക് സമ്പാദിക്കാനാകും. പലർക്കും ഇത് നിസാരമായ തുകയാണെങ്കിലും അശരണരായ വൃദ്ധമാർക്ക് ഇത് വലിയൊരു സഹായം തന്നെയാണ്. ലക്ഷ്മിയുടെ കുടുംബ ട്രസ്റ്റായ ഗുഡ് കർമ്മ ഫൗണ്ടേഷനാണ് ഇതിനാവശ്യമായ നൂലുകൾ സൗജന്യമായി നൽകുന്നത്.

ഈ ഉദ്പന്നങ്ങളുടെ മാർക്കറ്റിംഗും ലക്ഷ്മിയുടെ ചുമതലയാണ്. മെല്ലെ മെല്ലെ ഇതിനെ കുറിച്ച് കൂടുതൽ പേർ അറിയുവാൻ തുടങ്ങിയതോടെ ചിന്മയാ മിഷൻ, ഏറ്റുമാനൂർ ക്ഷേത്രം ഭരണ സമിതി തുടങ്ങിയവർ ഇതിന് പിന്തുണയുമായെത്തി. ഡി. സി ബുക്ക്സ് പ്രസിദ്ധീകരിച്ച രാമായണം പരമ്പരയിലെ ഓരോ പുസ്തകത്തിനൊപ്പവും സൗജന്യമായി നൽകുവാൻ രവി ഡി. സി 10,000 പാക്കറ്റ് തിരികളാണ് ഇവരിൽ നിന്നും വാങ്ങിയത്.

ഒരു മാസത്തിനുള്ളിൽ 10,000 പാക്കറ്റ് തിരികൾ നൽകുക എന്നത് വളരെ ബുദ്ധിമുട്ടുള്ള ഒന്നായിരുന്നു എന്നാണ് ലക്ഷ്മി മേനോൻ പറയുന്നത്. ഏകദേശം 5000 പാക്കറ്റുകൾ അമ്മൂമ്മമാർ തെറുത്തെടുത്തപ്പോൾ ഗുദ് കർമ്മ ഫൗണ്ടേഷന്റെ തന്നെ ഒരു പ്രൊജക്ടായ സ്നേഹാദ്രിയിലെ സന്നദ്ധ പ്രവർത്തകരും കൊച്ചിയിലെ ഒരു ഐ ടി സ്ഥാപനത്തിലെ ജീവനക്കാരും ചേർന്നാണ് ബാക്കി 5000 പാക്കറ്റുകൾ തെറുത്തെടുത്തത്. ഐ ടി സ്ഥാപനത്തിലെ ജീവനക്കാർ ഇത് തങ്ങളുടെ വെള്ളിയാഴ്‌ച്ച ഉച്ചകഴിഞ്ഞുള്ള സമയത്തെ പ്രൊജക്ടായി ഏറ്റെടുക്കുകയായിരുന്നു.

വാർത്ത കൂടുതൽ പരക്കാൻ തുടങ്ങിയതോടെ പല പ്രമുഖരുടെ ചെവിയിലും ഇതെത്തി. ഇതറിഞ്ഞ മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ, അമ്മൂമ്മത്തിരിയുടെ പരസ്യത്തിനായി സജന്യമായി എത്തി. മോഹൻലാലിന്റെ ശബ്ദത്തിലൂടെയാണ് കേരള ജനത ആദ്യമായി അമ്മൂമ്മത്തിരിയെ കുറിച്ച് അറിയുന്നത്. അമ്മൂമ്മത്തിരി പ്രശസ്തമായതോടെ കേരളത്തിന്റെ പല ഭാഗങ്ങളിൽ നിന്നും വിളികളെത്തി. തങ്ങളുടെ അമ്മൂമ്മമാർ നിർമ്മിക്കുന്ന വിഭവങ്ങൾ വിൽക്കുവാൻ സഹായിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ടായിരുന്നു വിളികൾ.

അതിൽ കൈകൊണ്ട് എംബ്രോയ്ഡറി ചെയ്ത വസ്ത്രങ്ങൾ മുതൽ, കുട്ടികൾക്കായുള്ള കണ്മഷി, വിവിധതരം അച്ചാറുകൾ മുതലായവ ഉണ്ടായിരുന്നു. ഇതെല്ലാം വിൽക്കുക എന്നുപറഞ്ഞാൽ നമ്മുടെ സംസ്‌കാരം കാത്തുസൂക്ഷിക്കുക എന്നതിന് തുല്യമാണെന്നാണ് ലക്ഷ്മി മേനോൻ പറയുന്നത്. അതുകൊണ്ടു തന്നെ അതിനായി ഒരു പ്രത്യേക ലോഗോ രൂപപ്പെടുത്തി. ഗ്രാൻഡ് മാർക്ക് എന്ന ഈ ലോഗോ മുത്തശ്ശിമാർ ഉണ്ടാക്കുന്ന ഉദ്പന്നങ്ങൾക്കായി ഉള്ളതാണ്. ഇത് ഐ എസ് ഐ മാർക്ക് പോലെ ഒരു അറിയപ്പെടുന്ന മാനദണ്ഡമാക്കി മാറ്റുവാനുള്ള ശ്രമത്തിലാണ് ലക്ഷ്മി മേനോൻ ഇപ്പോൾ.

അമ്മൂമ്മത്തിരിയിൽ ഒതുങ്ങുന്നില്ല ലക്ഷ്മി മേനോന്റെ അനന്യസാധാരണമായ ആശയങ്ങൾ. റീസൈക്കിൾ ചെയ്ത പേപ്പർ ഉപയോഗിച്ച് ഉണ്ടാക്കുന്ന പേപ്പർ പേനകളായി അടുത്ത ലക്ഷ്യം. ഇതിന്റെ പിൻ ഭാഗത്ത് അഗസ്ത്യമരം, മുളക്, ചീര, കുമ്പളം, തുടങ്ങി നിരവധി സസ്യങ്ങളുടെ വിത്തുകൾ സൂക്ഷിച്ചിട്ടുണ്ടാകും. ഉപയോഗം കഴിഞ്ഞാൽ ഈ പേനകൾ മുറ്റത്തേക്ക് വലിച്ചെറിയാം. മണ്ണിൽ ഈ വിത്തുകൾ മുളപൊട്ടും. പ്ലാസ്റ്റിക് മാലിന്യത്തിൽ നിന്നും രക്ഷനേടുക മാത്രമല്ല, മറ്റൊരു വരുമാനത്തിനുള്ള മാർഗ്ഗവും ഈ കടലാസു പേനകളിൽ നിന്നുണ്ടാക്കാം. എൻട്രീ (എന്റെ ട്രീ എന്നതിന്റെ ചുരുക്കം) എന്ന് പേരിട്ടിരിക്കുന്ന ഈ പ്രൊജക്ടിനു കീഴിൽ നിർമ്മിക്കുന്ന പേനകൾക്ക് ഒന്നിന് 12 രൂപയാണ് വില.

ഇത്തരത്തിൽ രണ്ടു പ്രൊജക്ടുകളുമായി വൃദ്ധരായവരുടെ ക്ഷേമത്തിനായുള്ള പ്രവർത്തനം പുരോഗമിക്കുമ്പോഴായിരുന്നു കേരളത്തിൽ 2018-ലെ മഹാ പ്രളയമെത്തുന്നത്. എറണാകുളം ജില്ലയിലെ ചേന്ദമംഗലം എന്ന കൈത്തറി ഗ്രാമത്തിന് ഏറെ നഷ്ടമുണ്ടാക്കിയ ഒന്നായിരുന്നു ഈ പ്രളയം. അലറിപ്പാഞ്ഞുവന്ന പെരിയാറിലെ വെള്ളത്തിൽ നെയ്തുവച്ച തുണീകൾ മുഴുവൻ ഉപയോഗശൂന്യമായി.

പ്രതിസന്ധികളെ എന്നും അവസരങ്ങളായി കാണുന്ന ലക്ഷ്മി മേനോൻ അവിടെയും തികച്ചും അസാധാരണമായ ഒരു പരിഹാരമാർഗ്ഗവുമായി എത്തി. വെള്ളപ്പൊക്കത്തിലെ ചെളിവെള്ളത്തിൽ നശിച്ച ചേന്ദമംഗലം സാരികൾ റീസൈക്കിൾ ചെയ്ത് അതുകൊണ്ട് അതിമനോഹരമായ പാവകൾ ഉണ്ടാക്കുകയായിരുന്നു അവർ ചെയ്തത്. ചേറ് അഥവ ചെളിപുരണ്ട വസ്ത്രങ്ങളിൽ നിന്നുണ്ടാക്കിയതിനാൽ അവയ്ക്ക് ചേക്കുട്ടിപ്പാവകൾ എന്നാണ് പേര് നല്കിയത്. ഒരു പാവയ്ക്ക് 25 രൂപ വച്ചായിരുന്നു വിറ്റത്. ഒരു സാരിയിൽ നിന്നും ഏകദേശം 360 പാവകൾ ഉണ്ടാക്കാനായി എന്നാണ് അവർ പറയുന്നത്. അങ്ങനെ 1500 രൂപക്ക് വിറ്റിരുന്ന സാരി ചെളിവെള്ളത്തിൽ നശിച്ചപ്പോൾ കൈത്തറിക്കാർക്ക് ലഭിച്ചത് പാവ വിറ്റ വകയിൽ ഒരു സാരിയിൽ നിന്നും 9000 രൂപയായിരുന്നു.

അതുപോലെ വെള്ളപ്പൊക്കക്കാലത്ത് നടപ്പിലാക്കിയ മറ്റൊരു പദ്ധതിയായിരുന്നു ഫ്രണ്ട്ഷിപ്പ് എന്ന മത്സ്യത്തൊഴിലാളികൾക്കായുള്ള ഇൻഷുറൻസ് പരിരക്ഷാ പരിപാടി. അപകടത്തിനും മരണത്തിനും 1 ലക്ഷം രൂപ വരെ കവറേജ് നൽകുന്ന ഈ പദ്ധതി ന്യു ഇന്ത്യാ ലൈഫ് അഷ്വറൻസ് കമ്പനിയുമായി ചേർന്നാണ് നടപ്പിലാക്കുന്നത്. ഇതിന് പ്രീമിയമായി ഒരാൾക്ക് 24 രൂപ വീതം അടയ്ക്കണം. ക്രൗഡ് ഫംണ്ടിംഗിലൂടെയാണ് ഇതിനുള്ള തുക കണ്ടെത്തിയത്. വെള്ളപ്പൊക്കക്കാലത്ത് കേരളത്തിന്റെ സ്വന്തം നാവികസേനയായി ആയിരക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിച്ച മത്സ്യത്തൊഴിലാളികൾക്ക് ഇൻഷുറൻസ് കവറേജ് നൽകാൻ ആരെങ്കിലും ആഗ്രഹിക്കുന്നു എങ്കിൽ 24 രൂപ നൽകി അത് ചെയ്യുവാനാകും.

തയ്യൽവേലകളിൽ ബാക്കി വരുന്ന തുണിക്കഷ്ണങ്ങൾകൊണ്ട് കിടക്കകൾ ഉണ്ടാക്കുന്ന ഒരു പരിപാടി ലക്ഷ്മിയുടെ പരിഗണനയിലുണ്ടായിരുന്നു. ആയിടക്കാണ് കേരളത്തിൽ കോവിഡ് വ്യാപനം ശക്തമാകുന്നത്. ഓരോ പഞ്ചായത്തിലും50 കിടക്കകൾ വീതമുള്ള കെയർ സെന്ററുകൾ ഒരുക്കാനുള്ള നടപടി തുടങ്ങി. ആയിടക്കാണ് കോട്ടയത്തെ പി പി ഇ ഗൗണുകൾ നിർമ്മിക്കുന്ന ഒരു നിർമ്മാണ യൂണിറ്റ് അവിടെ ബാക്കിവരുന്ന ഉപയോഗ ശൂന്യമായ കഷണങ്ങൾ നല്കാൻ തയ്യാറായി മുന്നോട്ടു വന്നത്.

ഒട്ടും താമസിച്ചില്ല, തന്റെ ശയ്യ എന്ന പദ്ധതിയും സാക്ഷാത്ക്കരിക്കാൻ ലക്ഷ്മി മേനോൻ മുന്നിട്ടിറങ്ങി. വിവിധ പഞ്ചായത്തുകളിലെ കെയർ സെന്ററുകളിലും പാവപ്പെട്ടവർക്കും ഈ കിടക്കകൾ വിതരണം ചെയ്യാൻ ആരംഭിച്ചു. ഇതിനെ കുറിച്ചുള്ള സോഷ്യൽ മീഡിയ പോസ്റ്റുകൾ വൈറലായതോടെ നിരവധി കോർപ്പറേറ്റുകൾ ഈ കിടക്കകൾ വാങ്ങി സൗജന്യമായി വിതരണം ചെയ്യുവാനുള്ള സമ്മതമറിയിച്ച് മുന്നോട്ടെത്തി. ഇന്ന് കോർപ്പറേറ്റുകൾക്ക് 335 രൂപക്കാണ് ഈ കിടക്ക് നൽകുന്നത്. അവർ, കേരളത്തിലങ്ങോളമിങ്ങോളം സൗജന്യമായി വിതരണം ചെയ്യുന്നു.

അങ്ങനെ അന്ന് സ്വന്തം അമ്മൂമ്മ തെറുത്തു നൽകിയ തിരിയിലെ നാളം കേരളത്തിലങ്ങോളമിങ്ങോളം നിരവധി അമ്മൂമ്മർക്ക് മുന്നിൽ പ്രത്യാശയുടെ അഗ്‌നിനാളമായി ജ്വലിക്കുകയാണ്. വേറിട്ട വഴി തിരഞ്ഞെടുത്ത് ലക്ഷ്യം നേടാനുള്ള നിശ്ചയദാർഢ്യവുമായി, നിശബ്ദമായി ലക്ഷ്മി മേനോനും പുതിയ പുതിയ പദ്ധതികളുമായി മുന്നോട്ട് പോകുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP