Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ത്രില്ലറുകളെ വെല്ലുന്ന ലേഡികില്ലർമാർ ദൈവത്തിന്റെ സ്വന്തം നാട്ടിലും; ജാരന്റെ കൊലക്കത്തിയിൽ ഉറ്റവർ ചോരയിൽ പിടയുമ്പോഴും തുള്ളി പൊഴിക്കില്ല കണ്ണീർ; ടെലിവിഷൻ ക്യാമറകൾക്ക് മുമ്പിൽ തെല്ലുമില്ല കൂസൽ; ഷെറിനും അനുശാന്തിയും ഷീജയും തുറന്ന് വയ്ക്കുന്ന ആശങ്കയുടെ കനലുകൾ എന്തെല്ലാം?

ത്രില്ലറുകളെ വെല്ലുന്ന ലേഡികില്ലർമാർ ദൈവത്തിന്റെ സ്വന്തം നാട്ടിലും; ജാരന്റെ കൊലക്കത്തിയിൽ ഉറ്റവർ ചോരയിൽ പിടയുമ്പോഴും തുള്ളി പൊഴിക്കില്ല കണ്ണീർ; ടെലിവിഷൻ ക്യാമറകൾക്ക് മുമ്പിൽ തെല്ലുമില്ല കൂസൽ; ഷെറിനും അനുശാന്തിയും ഷീജയും തുറന്ന് വയ്ക്കുന്ന ആശങ്കയുടെ കനലുകൾ എന്തെല്ലാം?

മറുനാടൻ മലയാളി ഡസ്‌ക്

തിരുവനന്തപുരം:ജാരൻ കൊന്നുതള്ളിയ ഉറ്റവരുടെ ജീവനെ കുറിച്ച് തെല്ലും കുറ്റബോധമില്ലാതെ, കണ്ണീർ പൊഴിക്കാതെ, കൂസലില്ലായ്മയുടെ ആൾരൂപങ്ങളായി ക്യാമറയെ ഉറ്റുനോക്കുന്ന സ്ത്രീകുറ്റവാളികളുടെ ദൃശ്യങ്ങളാണ് അടുത്തിടെയായി നമ്മെ അലട്ടുന്നത്. കുറ്റകൃത്യങ്ങളിൽ സ്ത്രീകൾ ഉൾപ്പെടുന്നത് കെട്ടുകഥയായി പോലും വിശ്വസിക്കാത്ത കാലത്താണ് കാമുകനെ വെട്ടിനുറുക്കിയ ഡോ.ഓമനയുടെ കഥ നമ്മെ ഞെട്ടിച്ചത്. പാലക്കാട് തോലന്നൂരെ ഇരട്ടക്കൊലപാതകത്തിലെ മുഖ്യകഥാപാത്രവും ഒരു സ്ത്രീ തന്നെ, ഒരു മരുമകൾ. പുരുഷന്മാരെ തോൽപിക്കുന്ന തന്ത്രങ്ങളുമായി സ്ത്രീകളും കുറ്റകൃത്യങ്ങളിൽ മുൻപന്തിയിലുണ്ടെന്ന് തെളിയിക്കുന്ന സംഭവവികാസങ്ങളാണ് കഴിഞ്ഞ കുറച്ച് കാലയളവിനുള്ളിൽ കേരളത്തിൽ നടന്നു കൊണ്ടിരിക്കുന്നത്. സ്വത്തിനും,സുഖത്തിനും വേണ്ടി ജാരനെ ഉപയോഗിച്ച് കുറ്റക്യത്യങ്ങൾ ചെയ്യുന്ന സ്ത്രീകുറ്റവാളികളുടെ എണ്ണം ഏറുകയാണ്.സിനിമാ ത്രില്ലറുകളെ വെല്ലുന്ന കൃത്യതയോടായണ് ലേഡികില്ലർമാർ ദൈവത്തിന്റെ സ്വന്തം നാടിനെ ഞെട്ടിച്ചുകൊണ്ടിരിക്കുന്നത്.

കാമുകനെ വെട്ടി നുറുക്കിയ ഡോ.ഓമന

കുറ്റകൃത്യങ്ങളിൽ സ്ത്രീകൾ ഉൾപ്പെടുന്നത് കെട്ടുകഥയായി പോലും വിശ്വസിക്കാത്ത ഒരു കാലത്ത് കേരളം സാക്ഷ്യം വഹിക്കേണ്ടി വന്ന ഒരു കേസായിരുന്നു ഡോ. ഓമനയുടേത്. 1996 ജൂലൈ 11ന് പയ്യന്നൂരിലെ കോൺട്രാക്ടറായ കാമുകൻ മുരളീധരനെ ഊട്ടിയിലെ ലോഡ്ജിൽ വച്ചു വെട്ടിനുറുക്കിയശേഷം സ്യൂട്ട്‌കേസിലാക്കി ടാക്‌സികാറിൽ വനത്തിൽ ഉപേക്ഷിക്കാൻ പോകുന്നതിനിടയിലാണ് ഡോ. ഓമന പിടിയിലാവുന്നത്. വെട്ടി നുറുക്കി പല പാക്കറ്റുകളാക്കി ഡിക്കിയിൽ സൂക്ഷിച്ചിരുന്ന ശരീര ഭാഗങ്ങൾ എടുക്കുന്നതിനിടയിൽ ഡിക്കിയിൽ രക്തക്കറ കണ്ട ഡ്രൈവറാണ് വിവരം പൊലീസിനെ അറിയിക്കുന്നത്.


2001 ജനുവരി 21 ന് ജാമ്യത്തിലിറങ്ങിയ ഡോ.ഓമന ഇന്നും നിയമത്തിന്റെ കണ്ണുകളിൽ നിന്ന് അകന്നു നിൽക്കുന്നു. സംഭവം നടക്കുമ്പോൾ 43 വയസുണ്ടായിരുന്ന ഓമനയ്ക്ക് ഇപ്പോൾ 59 വയസാണ്. ചെൽസ്റ്റിൻ മേബൽ, മുംതാസ്, ഹേമ, റോസ്‌മേരി, സുലേഖ, താജ്, ആമിന ബിൻ, അബ്ദുള്ള സാറ എന്നീ പേരുകളിൽ ഒളിവിൽ കഴിയുണ്ടെന്ന വിവരങ്ങൾ പൊലീസിന് ലഭിച്ചെങ്കിലും ഡോ. ഓമനയെ പിന്നീടൊരിക്കലും പിടികൂടാൻ പൊലീസിനായില്ല. ഒരു ഡോക്ടർ തന്റെ കാമുകനെ വിഷം കുത്തി വച്ച് കൊന്നിട്ട് രക്തം കട്ടപിടിക്കാതിരിക്കാനുള്ള ഇൻഞ്ചക്ഷൻ നൽകി പല കഷണങ്ങളായി വെട്ടി മുറിച്ച് വാർത്ത അന്ന് കേരളത്തിലുണ്ടാക്കിയ നടുക്കം ചെറുതായിരുന്നില്ല.
അവിഹിതബന്ധം പുറത്തറിയുമെന്ന സാഹചര്യത്തിലാണ് കാമുകനെ എന്നെന്നേക്കുമായി ഇല്ലാതാക്കാൻ ഡോ. ഓമന തീരുമാനിച്ചത്.


കാരണവർ കേസിലെ വില്ലത്തി

ചെറിയനാട് കാരണവേഴ്‌സ് വില്ലയിൽ ഭാസ്‌കര കാരണവരെ കാലപുരിക്കയച്ച മരുമകൾ ഷെറിനാണ് ഈ കേസിലെ വില്ലത്തി. ഇരുപത്തിയേഴുകാരിയായ ഷെറിൻ മറ്റു മൂന്നു പേരുമായി ചേർന്ന് ഭർത്താവിന്റെ അച്ഛനെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. 2009 നവംബർ എട്ടിനു രാവിലെയായിരുന്നു കേസിന് ആധാരമായ സംഭവം നടന്നത്.
കാരണവരെ കിടപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കാണപ്പെടുകയായിരുന്നു. മകൻ ബിനു, മരുമകൾ ഷെറിൻ, കൊച്ചുമകൾ ഐശ്വര്യ എന്നിവരുടെ പേരിൽ കാരണവർ ആദ്യം രജിസ്റ്റർ ചെയ്ത ആധാരം റദ്ദുചെയ്തതിനെ തുടർന്നാണ് മരുമകൾ ഷെറിൻ കാമുകനുമായി ഗൂഢാലോചന നടത്തി കൊലപാതകം നടത്തുകയായിരുന്നു. അമേരിക്കയിൽ നിന്നെത്തി നാട്ടിൽ വിശ്രമജീവിതം നയിച്ചിരുന്ന ഭാസ്‌കര കാരണവരെ ഉറക്കത്തിനിടെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. കേസിലെ ഒന്നാം പ്രതിയായ ഷെറിന് ജീവപര്യന്തം തടവിന് ശിക്ഷിച്ചു.


മരണം നടന്ന് ദിവസങ്ങൾക്കുള്ളിൽ തന്നെ പൊലീസ് കാരണവരുടെ മകൻ ബിനു പീറ്ററുടെ ഭാര്യ ഷെറിനെ (27) അറസ്റ്റു ചെയ്തു. ഇവർക്കൊപ്പം കൃത്യത്തിൽ പങ്കെടുത്ത മൂന്നുപേർ കൂടിയുണ്ടായിരുന്നു.കുറിച്ചി സചിവോത്തമപുരം കാലായിൽ ബിബീഷ് ബാബു എന്ന ബാസിത് അലി (25), കളമശ്ശേരി ബിനാനിപുരം കുറ്റിനാട്ടുകര നിധിൻ നിലയത്തിൽ നിധിൻ (ഉണ്ണി 28), കൊച്ചി ഏലൂർ പാതാളം പാലത്തിങ്കൽ ഷാനു റഷീദ് (24) എന്നിവരായിരുന്നു മറ്റു പ്രതികൾ.

നിർദ്ധന കുടുംബത്തിലെ അംഗമായ ഷെറിനെ ഭാസ്‌കര കാരണവർ മരുമകളാക്കിയത് ബുദ്ധിമാന്ദ്യമുള്ള മകനെ ശുശ്രൂഷിക്കുമെന്നോർത്താണ്. 2001ൽ വിവാഹത്തെ തുടർന്ന് ഷെറിനെയും ബിനുവിനെയും കാരണവർ ന്യൂയോർക്കിലേക്ക് കൊണ്ടുപോയെങ്കിലും മരുമകളുടെ സ്വഭാവദൂഷ്യം കാരണം കൊലപാതകം നടക്കുന്നതിനു മൂന്നു വർഷം മുമ്പ് നാട്ടിലേക്ക് തിരിച്ചയച്ചിരുന്നു. ഭർത്താവിന്റെ പണത്തിൽ ധൂർത്തടിച്ച് നടക്കാനും ഇഷ്ടമുള്ളവർക്കൊപ്പം കഴിയാനുമായിരുന്നു ഷെറിനു താത്പര്യം. മകന്റെ കാര്യത്തിൽ തന്റെ കണക്കു കൂട്ടലുകൾ തെറ്റിയെന്ന് മനസിലാക്കിയ കാരണവർ പ്രവാസി ജീവിതം മതിയാക്കി നാട്ടിലെത്തുകയായിരുന്നു. ഇതോടെ സ്വൈര്യവിഹാരം നഷ്ടപ്പെട്ട ഷെറിൻ അസ്വസ്ഥയായി. തന്റെ ആവശ്യങ്ങൾക്ക് പണ നിയന്ത്രണം വച്ചപ്പോൾ പക കടുത്തു. സ്വത്ത് വിഹിതം വച്ച ആധാരത്തിൽ നിന്ന് തന്റെ പേര് ഒഴിവാക്കിയെന്ന് അറിഞ്ഞതോടെയാണ് കൊലപാതകം എന്ന രീതിയിൽ കാര്യങ്ങൾ നടത്തിയത്.
സുഹൃത്തും കാമുകനുമായ ബാസിത് അലിയെയും ഒപ്പം കൂട്ടി. മോഷണത്തിനിടെ മരണം നടന്നുവെന്ന് കാണിക്കാനുള്ള ഒരുക്കങ്ങൾ നടത്തിയെങ്കിലും അതെല്ലാം പാളിപ്പോയി. കൊലപാതകത്തിനിടെ വീട്ടുകാരെ ചോദ്യം ചെയ്യവേ ഷെറിൻ നൽകിയ മൊഴിയിലെ വൈരുദ്ധ്യമാണ് പ്രതികളെ വേഗം പിടികൂടാൻ സഹായകമായത്. നാലു പ്രതികൾക്കും കോടതി ജീവപര്യന്തം ശിക്ഷ വിധിക്കുകയായിരുന്നു. വിവിധ കുറ്റങ്ങൾക്കായി മൂന്ന് ജീവപര്യന്തമാണ് ഷെറിന് ലഭിച്ചത്. അട്ടക്കുളങ്ങര വനിതാ ജയിലിൽ ശിക്ഷയനുഭവിക്കുന്ന ഷെറിൻ ജോലികൾ ചെയ്യാതെ വിലസുന്നതായി വാർത്തകൾ വന്നിരുന്നു. കേസിൽ ശിക്ഷിക്കപ്പെട്ടിട്ടും ഉന്നത ബന്ധങ്ങളുപയോഗിച്ച് തനിക്കാവശ്യമായ സൗകര്യങ്ങളെല്ലാം ജയിലിൽ ഒരുക്കിയെടുക്കുകയായിരുന്നു ഷെറിൻ. ഷെറിൻ പിടിയിലാകുമ്പോൾ മകൾക്ക് നാലു വയസായിരുന്നു. ഇപ്പോഴവൾ ഷെറിന്റെ മാതാപിതാക്കൾക്കൊപ്പമാണ്. ബിനുവിനെ സഹോദരങ്ങൾ വിദേശത്തേക്ക് കൊണ്ടുപോവുകയും ചെയ്തു.

ആറ്റിങ്ങൽ ഇരട്ടക്കൊല

വിദ്യാഭ്യാസമില്ലാത്ത പെൺകുട്ടി പെട്ടെന്നൊരുനാൾ കോടീശ്വരിയായതിന്റെ വിപത്താണ് കാരണവർ കൊലക്കേസിൽ കണ്ടതെങ്കിൽ വിദ്യാ സമ്പന്നരായ രണ്ടുപേരുടെ ചപല മോഹങ്ങളാണ് ആറ്റിങ്ങൽ ഇരട്ടക്കൊലയിൽ കലാശിച്ചത്. കാമുകനൊപ്പം പോകാനായി ഭർത്താവ് ലിജീഷിനെ കൊല്ലാനാണ് ടെക്‌നോപാർക്ക് ജീവനക്കാരിയായ അനുശാന്തി കാമുകനും സഹപ്രവർത്തകനുമായ നിനോ മാത്യുവുമായി കൂട്ടുചേർന്നത്. താനും നിനോയുമായുള്ള അവിഹിതം ഭർത്താവ് കണ്ടുപിടിച്ചതോടെയാണ് കൊലപാതകം എന്ന ആശയത്തിൽ അനുശാന്തി എത്തിയത്.
2014 ഏപ്രിൽ 16 കൃത്യമായി പറഞ്ഞാൽ വിഷുവിന്റെ അടുത്ത ദിവസം ആണ് നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം നടന്നത്. അതിൽ ഒന്ന് അനുശാന്തി ലിജീഷ് ദമ്പതികളുടെ ഏകമകൾ നാലു വയസുകാരി സ്വാസ്ഥികയായിരുന്നു. മറ്റൊന്ന് ലിജേഷിന്റെ മാതാവ് ഓമനയും. ഇരുവരെയും അതിക്രൂരമായാണ് നിനോ മാത്യു കൊലപ്പെടുത്തിയത്. അതിന്റെ ദൃശ്യങ്ങൾ കാമുകിക്ക് അയച്ചുകൊടുക്കുകയും ചെയ്തു. ?

സ്‌നേഹനിധിയായ ഭർത്താവുണ്ടായിട്ടും അനുശാന്തി എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ പോലെ നിനോ മാത്യുവിനു പിന്നാലെ പോയി. ഇരുവരുടെയും കേളീരംഗങ്ങൾക്ക് ഇരുവരുടെയും സഹപ്രവർത്തകയുമായ നിനോയുടെ ഭാര്യ മൂകസാക്ഷിയായി. ലിജീഷ് അവിഹിതം കണ്ടെത്തിയതോടെ നാടുവിടാനാണ് ഇരുവരും പദ്ധതിയിട്ടത്. അതിനു മുമ്പ് കൊല നടത്താം. ലിജീഷിനെ ലക്ഷ്യമിട്ട് ചെന്ന നിനോയ്ക്കു മുന്നിൽ പെട്ടത് പാവം ഓമനയും നാലുവയസുകാരി സ്വാസ്ഥികയും.
സംഭവം നടന്നതറിഞ്ഞ അനുശാന്തി നേരെ പോയത് സ്വന്തം വീട്ടിലേക്കായിരുന്നു. മകളുടെ മുഖം അവസാനമായി കാണാൻ പോലും ആ അമ്മ എത്തിയില്ല. കണ്ണീരും ഒഴുക്കിയില്ല. ഇതെല്ലാം പൊലീസിന്റെ ജോലി എളുപ്പത്തിലാക്കുകയായിരുന്നു.

റാണിയുടെ ക്രൂരത

കാമുകനോടൊന്നിച്ചുള്ള ജീവിതത്തിന് നാല് വയസുള്ള കുട്ടിയെ കൊലപ്പെടുത്തിയാണ് ചോറ്റാനിക്കര സ്വദേശിയായ റാണി തന്റെ ക്രൂരത തെളിയിച്ചത്. അമ്മമാരെ നാണംകെടുത്തി സംഭവത്തിൽ അമ്മയെയും കാമുകനെയും സഹായിയെയും ചോറ്റാനിക്കര പൊലീസ് അറസ്റ്റുചെയ്തു.
ഭർത്താവ് ഉപേക്ഷിച്ചതോടെ ഡ്രൈവർ രഞ്ജിത്തുമായി അടുപ്പത്തിലായിരുന്നു റാണി. എന്നാൽ കുട്ടിയെ ഉപേക്ഷിക്കണമെന്ന രഞ്ജിത്തിന്റെ നിർബന്ധത്തെ തുടർന്ന് മകളെ കൊല്ലാൻ അനുമതി നൽകി. ഇതെ തുടർന്ന് കാമുകനും കൂട്ടുകാരനും കൂടി കുട്ടിയെ കൊന്ന് റബർ തോട്ടത്തിൽ കുഴിച്ചിട്ടു. പിറ്റേന്ന് കുട്ടിയെ കാണുന്നില്ലെന്നും പറഞ്ഞ് സ്റ്റേഷനിൽ റാണി പരാതിയും നൽകിയിരുന്നു. എന്നാൽ റാണിയുടെ പരസ്പര വിരുദ്ധമായ മറുപടികളാണ് സംഭവത്തിന്റെ ചുരുൾ നിവർത്തിയത്.

ദീപ വിനയൻ എന്ന നാൽപ്പത്തിമൂന്നുകാരിയെ പറവൂർ പൊലീസ് അറസ്റ്റ് ചെയ്യുന്നത് തട്ടിപ്പ് കേസിലാണ് . എന്നാൽ ദീപാ വിനയൻ പിടിയിലായതറിഞ്ഞ് എറണാകുളം ജില്ലയിലെ സ്റ്റേഷനുകളിലേക്ക് ഫോൺ വിളികളുടെ പ്രവാഹത്തെ തുടർന്നാണ് ദീപ നെത്തോലി മീനല്ലന്ന് പൊലീസ് മനസിലാക്കുന്നത്. മലയാളത്തിലെ പ്രമുഖ സംവിധായകന്റെ ഭാര്യ, സീരിയൽ നടി, ഹോംസ്‌റ്റേ ഉടമ, ഇങ്ങനെ ഫോണിന്റെ അങ്ങേതലക്കൽ നിന്നും കേട്ടത് സിനിമയെ വെല്ലുന്ന കഥകൾ. ആഡംബര ജീവിതത്തിന് തട്ടിപ്പാണ് ദീപയുടെ പ്രധാന വരുമാനമാർഗം. മാക്ടയിലെ ജോലി മറയാക്കിയാണ് പലരെയും പറ്റിച്ചിരുന്നത്.

സ്തീ ആസൂത്രണം ചെയ്ത മറ്റൊരു കൊലപാതകവും കേരളത്തിൽ നടന്നു. പ്രണയ സാക്ഷാത്കാരത്തിന് വീട്ടുകാർ എതിരു നിന്നപ്പോൾ ചെന്നൈ സ്വദേശിയായ ശ്രീവിദ്യയെന്ന 24കാരി വാശി പിടിച്ചില്ല, പട്ടിണി കിടന്നില്ല. പകരം മാതാപിതാക്കൾ ചൂണ്ടിക്കാട്ടിയ ആൾക്ക് കഴുത്തു നീട്ടിക്കൊടുത്തു. പമ്മൽ ശങ്കർ നഗർ സ്വദേശി അനന്തരാമൻ 2006 ജൂൺ 5ന് അവളുടെ കഴുത്തിൽ താലി ചാർത്തി. അതിനു മുൻപു തന്നെ അവൾ എല്ലാം പ്‌ളാൻ ചെയ്തിരുന്നു. കമ്പ്യൂട്ടർ എൻജിനിയറായ ഭർത്താവിന്റെ മരണത്തീയതി അവൾ ഉറപ്പിച്ചിരുന്നു. ഭാര്യയുടെ ആദ്യ ആഗ്രഹമെന്ന നിലയിൽ അനന്തപത്മനാഭൻ (30) ഹണിമൂണിനായി ജൂൺ 18ന് കേരളത്തിലെത്തി. 20ന് മൂന്നാറിലും. മരണം കാത്തിരിക്കുന്നത് അയാൾ അറിഞ്ഞതേയില്ല. ഭാര്യയുമൊത്ത് കുണ്ടളയിലെത്തിയ അനന്തപത്മനാഭൻ മടങ്ങിയത് ജീവനില്ലാത്ത ശരീരമായി. മോഷണ ശ്രമം ചെറുത്ത ഭർത്താവിനെ രണ്ടുപേർ ചേർന്ന് കൊന്നുവെന്ന് അലറി വിളിച്ചു. വിനോദയാത്രയ്‌ക്കെത്തിയ മറ്റുള്ളവരും നാട്ടുകാരും ആ അന്യനാട്ടുകാരിക്ക് സഹായവുമായി കൂടെയെത്തി. ഓട്ടോറിക്ഷാക്കാരായ രണ്ടുപേരാണ് ഇതു ചെയ്തതെന്ന് ശ്രീവിദ്യ പൊലീസിനോട് പറഞ്ഞ

അന്നു വൈകിട്ട് തന്നെ സംശയം തോന്നി ചെന്നൈ സ്വദേശികളായ ആനന്ദ്, അൻപുരാജ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അവിടെ കഥയാകെ മാറി. ശ്രീവിദ്യ പറഞ്ഞിട്ടാണ് തങ്ങൾ വന്നതെന്നും എല്ലാം അവരുടെ അറിവോടെയാണെന്നും താനും ശ്രീവിദ്യയും വർഷങ്ങളായി പ്രണയത്തിലാണെന്നും ആനന്ദ് പറഞ്ഞു. ഒരുമിച്ചുള്ള ചോദ്യം ചെയ്യലിൽ ശ്രീവിദ്യ എല്ലാം സമ്മതിച്ചു. ഭർത്താവിനെ കൊന്ന് കാമുകനുമായി രക്ഷപെടുകയായിരുന്നു പദ്ധതി.

തോലന്നൂരിന്റെ ദുരന്തം

പാലക്കാട് തോലന്നൂരിൽ, ക്രിമിനലായ സദാനന്ദനെ പ്രണയച്ചതിയിൽ വീഴ്‌ത്തി ഷീജ ക്വട്ടേഷൻ നൽകുകയായിരുന്നുവെന്നാണ് പ്രതി പൊലീസിനു നൽകിയിരിക്കുന്ന മൊഴി. ഭർത്താവിന്റെ മാതാപിതാക്കളിൽ ആരെയെങ്കിലും ഒരാളെ വധിച്ചാൽ ഓട്ടോറിക്ഷ വാങ്ങി നൽകാമെന്നായിരുന്നു വാഗ്ദാനം.
സദാനന്ദന് പ്രതിഫലമായി 15 പവൻ ആഭരണങ്ങളും 25,000 രൂപയും ഷീജ നൽകിയിരുന്നു. മോഷണത്തിനിടെയാണ് കൊലപാതകം നടന്നതെന്ന് വരുത്താൻ കൂടിയാണ് ആഭരണവും പണവും നൽകിയത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP