Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിർദ്ധന കുടുംബത്തിന്റെ വഴി അയൽവാസി കെട്ടിയടച്ച സംഭവത്തിൽ കൊല്ലം കളക്ടറുടെ ഇടപെടൽ; സംഭവത്തിന്റെ നിജ സ്ഥിതി ബോധ്യപ്പെട്ട് വേണ്ട നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം; കരുനാഗപ്പള്ളി തഹസിൽദാരോട് സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് നൽകാൻ ഉത്തരവ്; ക്രൂരനടപടി നടത്തിയത് അയൽവാസിയും വ്യാപാരിയുമായ വൈകുണ്ഠം വിജയൻ; കരുനാഗപ്പള്ളിയിലെ ക്രൂര സംഭവത്തിൽ കളക്ടറുടെ ഇടപെടൽ മറുനാടൻ വാർത്തയ്ക്ക് പിന്നാലെ

ആർ പീയൂഷ്

കൊല്ലം: നിർദ്ധന കുടുംബത്തിന്റെ വീടിന് മുന്നിലെ വഴി അയൽവാസി കെട്ടിയടച്ച സംഭവത്തിൽ കൊല്ലം ജില്ലാ കളക്ടർ ഇടപെട്ടു. മറുനാടൻ വാർത്തയെ തുടർന്നാണ് കൊല്ലം ജില്ലാ കളക്ടർ ബി.അബ്ദുൾ നാസർ ഐ.എ.എസ് ആർ.ഡി.ഒയോട് വിശദീകരണം ചോദിച്ചിരിക്കുന്നത്. എത്രയും വേഗം സംഭവത്തിന്റെ നിജ സ്ഥിതി ബോധ്യപ്പെട്ട് വേണ്ട നടപടികൾ സ്വീകരിക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.

കളക്ടറുടെ നിർദ്ദേശ പ്രകാരം ആർ.ഡി.ഒ ശിഖാ സുരേന്ദ്രൻ കരുനാഗപ്പള്ളി തഹസിൽദാരോട് സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് നൽകാൻ ഉത്തരവിട്ടു. തിങ്കളാഴ്ച സ്ഥലം സന്ദർശിക്കുമെന്നാണ് ലഭിക്കുന്ന വിവരം. തഹസിൽദാരുടെ റിപ്പോർട്ട് ലഭിച്ചാലുടൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നാണ് ആർ.ഡി.ഒ ശിഖാ സുരേന്ദ്രൻ മറുനാടനോട് പറഞ്ഞത്.

കരുനാഗപ്പള്ളി തൊടിയൂർ പഞ്ചായത്തിലെ മൂന്നാം വാർഡിലാണ് നിർമ്മാണത്തിലിരിക്കുന്ന വീടിന് മുന്നിൽ വഴി മതിൽ കെട്ടിയടച്ച് അയൽവാസി സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞത്. തൊടിയൂർ പുലിയൂർ വഞ്ചി വടക്ക് ശിവാലയത്തിൽ ശ്രീദേവി(83)യുടെ നിർമ്മാണത്തിലിരിക്കുന്ന വീടിന് മുന്നിലാണ് അയൽക്കാരനായ വിജയാ ഫിനാൻസ് ഉടമ വൈകുണ്ഠം വിജയൻ മതിൽ കെട്ടി അടച്ചത്. ശ്രീദേവിയും മകൻ സജു കൃഷ്ണനും ഭാര്യയും മക്കളുമാണ് ഇവിടെ വീട് നിർമ്മിക്കുന്നത്.

വർഷങ്ങളായി ഇവർ നടന്നു പോകുന്ന വഴിയാണ് അയൽക്കാരനായ വിജയൻ അടച്ചത് എന്ന് ശ്രീദേവിയും കുടുംബവും പറയുന്നു. വീടിന്റെ അവസാന ഘട്ട നിർമ്മാണ പ്രവർത്തികൾ നടക്കുമ്പോഴാണ് ക്രൂരത. ഇതിന്റെ വീഡിയോ റിപ്പോർട്ട് മറുനാടൻ എക്‌സ്‌ക്ലൂസീവ് ചാനലിൽ ദിവസങ്ങൾക്ക് മുൻപ് സംപ്രേഷണം ചെയ്തിരുന്നു. വീഡിയോ റിപ്പോർട്ട് പുറത്ത് വന്നതിനെ തുടർന്ന് നിരവധി പേർ സംഭവത്തിൽ ഉടപെട്ട് ഒത്തു തീർപ്പിന് ശ്രമിച്ചെങ്കിലും അയൽക്കാരൻ യാതൊരു വിട്ടു വീഴ്ചയ്ക്കും തയ്യാറായിട്ടില്ല. 10 ലക്ഷം രൂപ തരികയാണെങ്കിൽ വഴി തുറന്നു കൊടുക്കാമെന്നാണ് ഇയാളുടെ പക്ഷം. എന്നാൽ 10 ലക്ഷം പോയിട്ട് 10 രൂപ എടുക്കാൻ മാർഗ്ഗമില്ലാത്ത അവസ്ഥയിലാണ് ഇവർ.

വാർത്ത കളക്ടറുടെ ശ്രദ്ധയിൽപെട്ടതോടെയാണ് ആർ.ഡി.ഒയോട് വിശദീകരണം ചോദിച്ചത്. തഹസിൽദാർക്ക് കുടുംബം പരാതി നേരത്തെ നൽകിയിരുന്നതിന്റെ അടിസ്ഥാനത്തിൽ തൊടിയൂർ വില്ലേജ് ഓഫീസർ സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ റിപ്പോർട്ട് തൃപ്തികരമല്ലാത്തതിനാൽ ഇന്നലെ മടക്കി അയച്ചിരുന്നു. ആർ.ഡി.ഒ നിർദ്ദേശിച്ചതനുസരിച്ച് തഹസിൽദാർ നേരിട്ടെത്തി വിവരങ്ങൾ ശേഖരിക്കും. വഴി കെട്ടിയടച്ചതാണെന്ന് ബോദ്ധ്യപ്പെട്ടാൽ അയൽക്കാരനെതിരെ കേസെടുക്കുകയും മതിൽ പൊളിച്ച് സഞ്ചാര സ്വാതന്ത്ര്യം ഉറപ്പു വരുത്തുകയും ചെയ്യും. ഇതിനിടയിൽ മറുനാടൻ തുടർച്ചയായി വാർത്ത നൽകിയതിനെ തുടർന്ന് ഇയാളുടെ വസ്തുവിൽ ആരും കയറാതിരിക്കാനായി കോടതിയിൽ നിന്നും നിരോധന ഉത്തരവ് വാങ്ങിയിരിക്കുകയാണ്.

ശ്രീദേവിയുടെ മകൻ സജു കൃഷ്ണൻ വിദേശത്താണ് ജോലി ചെയ്തിരുന്നതെങ്കിലും തുശ്ചമായ ശമ്പളമായിരുന്നു ലഭിച്ചിരുന്നത്. വിദേശത്ത് നിന്നും സ്വരൂപിച്ച പണവും നാട്ടുകാരിൽ നിന്നും ബന്ധുക്കളിൽ നിന്നും കടംവാങ്ങിയ പണവും ഉപയോഗിച്ചാണ് രണ്ട് മുറിയും അടുക്കളയുമുള്ള ഒരു ചെറിയ വീട് ഇവർ നിർമ്മിക്കാൻ തുടങ്ങിയത്. കൊറോണ വ്യാപിക്കുന്നതിന് മുൻപ് നാട്ടിലെത്തിയ സജുവിന് പിന്നീട് തിരികെ വിദേശത്തേക്ക് പോകാനും കഴിഞ്ഞില്ല. നിർമ്മാണം അവസാന ഘട്ടത്തിലെക്ക് അടുക്കുമ്പോഴായിരുന്നു അയൽക്കാരനായ വിജയൻ കൊടും ചതി ചെയ്തത്. ഇതോടെ വീടിന്റെ നിർമ്മാണം അവതാളത്തിലായി. നിർമ്മാണം മുടങ്ങിയതോടെ സമയത്ത് ഗൃഹപ്രവേശനം നടത്താൻ കഴിയാതെ വന്നു. ഇതോടെ പണം കടംകൊടുത്തവരെല്ലാം തിരികെ ചോദിക്കാൻ തുടങ്ങി. പല രീതിയിൽ അയൽക്കാരനുമായി ചർച്ച നടത്തിയെങ്കിലും 10 ലക്ഷം രൂപ വേണം എന്ന നിലപാടിലാണ്.

കുടുംബത്തിന്റെ ദുരവസ്ഥ നാടുമുഴുവൻ അറിഞ്ഞിട്ടും വാർഡ് മെമ്പർ സ്ഥലത്തേക്ക് തിരിഞ്ഞു പോലും നോക്കിയില്ല. വാർഡ് മെമ്പറുടെ ഭർത്താവ് സ്ഥലത്തെത്തി വിവരങ്ങൾ തിരക്കിയതായി പറയപ്പെടുന്നു. എന്നാൽ ഇയാളും മതിൽ കെട്ടിയ വിജയനും അടുത്ത ബന്ധമുള്ളവരാണ്. അതിനാൽ ആ വഴിക്കും യാതൊരു നീതിയും ഇവർക്ക് ലഭിച്ചില്ല. മറുനാടൻ മെമ്പറുമായി ബന്ധപ്പെട്ടെങ്കിലും ഭർത്താവാണ് ഇക്കാര്യങ്ങൾ സംസാരിച്ചിരിക്കുന്നത് എന്ന വിചിത്രമായി മറുപടിയാണ് ലഭിച്ചത്. ഒരു വാർഡ് പ്രതിനിധി എന്ന നിലയിൽ ഇവിടെ എത്തി സംഭവം എന്താണെന്ന് അന്വേഷിക്കേണ്ട ചുമതല ഇല്ലേ എന്ന ഞങ്ങളുടെ ചോദ്യത്തിന് ഇപ്പോൾ സ്ഥലത്തില്ലെന്നും സ്വന്തം വീടായ വള്ളിക്കാവിലാണെന്നുമായിരുന്നു വിശദീകരണം. എന്നാൽ അന്നേ ദിവസം ഒരു പൊതു പരിപാടിയിൽ ഈ മെമ്പർ പങ്കെടുത്തിരുന്നതായി നാട്ടുകാർ പറയുന്നു.

തഴവാ വട്ടപറമ്പിൽ വിജയാ ഫിനാൻസ് എന്ന സ്ഥാപനം നടത്തുന്നയാളാണ് അയൽവായിയായ വൈകുണ്ഠം വിജയൻ. ഇയാൾ വാങ്ങിയ വഴിയാണ് എന്നും മൂന്ന് സെന്റ് ഉള്ളതിനാൽ സെന്റിന് 7 ലക്ഷം രൂപ വച്ച് 21 ലക്ഷം രൂപ വിലമതിപ്പുള്ള സ്ഥലമാണ് ഇതെന്നും അതിനാൽ 10 ലക്ഷം രൂപ ഇവർ നൽകണമെന്നുമാണ് വിജയൻ പറയുന്നത്. കൂടാതെ ഇവർ തന്റെ വഴിയിൽ കൂടിയല്ല നടന്നിരുന്നതെന്നും ശ്രീദേവിയുടെ ബന്ധുവിന്റെ സ്ഥലത്തുകൂടിയാണ് നടന്നതെന്നും പറയുന്നു. എന്നാൽ വിജയൻ വാങ്ങിയ വഴിയുടെ മുൻ ഉടമസ്ഥൻ ഈ ഭാഗത്ത് വഴിയുണ്ടായിരുന്നു എന്നും ആ വഴി താൻ ആർക്കും വിറ്റിട്ടില്ല എന്നും പറഞ്ഞു. എന്തായാലും കൊല്ലം ജില്ലാ കളക്ടർ ഇടപെട്ട് വഴി തുറന്ന് തരുമെന്ന വിശ്വാസത്തിലാണ് കുടുംബം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP