Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സർവ മാധ്യമങ്ങളെയും വിഡ്ഡികളാക്കി കിർഗിസ്ഥാൻ സൈന്യാധിപനെന്നു പറഞ്ഞു ചാനലുകൾക്ക് അഭിമുഖങ്ങൾ നല്കി ഞെളിഞ്ഞുനടന്ന മലയാളി വെറും തട്ടിപ്പുക്കാരൻ എന്നു സ്ഥിരീകരിച്ചു കിർഗിസ്ഥാൻ; പട്ടാള യൂണിഫോം അണിഞ്ഞ് രാജ്യത്തിന്റെ പേരിൽ നുണ പ്രചരിപ്പതിനു റഫീഖിന്റെ പൗരത്വം റദ്ദാക്കി കിർഗിസ്ഥാൻ പ്രസിഡന്റ്; കോഴിക്കോട് സ്വദേശിക്കെതിരേ സൗദിയിൽ തട്ടിപ്പു കേസുകളും

സർവ മാധ്യമങ്ങളെയും വിഡ്ഡികളാക്കി കിർഗിസ്ഥാൻ സൈന്യാധിപനെന്നു പറഞ്ഞു ചാനലുകൾക്ക് അഭിമുഖങ്ങൾ നല്കി ഞെളിഞ്ഞുനടന്ന മലയാളി വെറും തട്ടിപ്പുക്കാരൻ എന്നു സ്ഥിരീകരിച്ചു കിർഗിസ്ഥാൻ; പട്ടാള യൂണിഫോം അണിഞ്ഞ് രാജ്യത്തിന്റെ പേരിൽ നുണ പ്രചരിപ്പതിനു റഫീഖിന്റെ പൗരത്വം റദ്ദാക്കി കിർഗിസ്ഥാൻ പ്രസിഡന്റ്; കോഴിക്കോട് സ്വദേശിക്കെതിരേ സൗദിയിൽ തട്ടിപ്പു കേസുകളും

മറുനാടൻ മലയാളി ബ്യൂറോ

 റിയാദ്: കോഴിക്കോടുകാരനായ ഗൾഫ് വ്യവസായി ഷെയ്ഖ് റഫീഖ് മുഹമ്മദ് കിർഗിസ്ഥാന്റെ മേജർ ജനറലായി നിയമിതനായെന്ന വാർത്ത സർവ മലയാളികൾക്കും ആവേശവും അഭിമാനവും പകരുന്നതായിരുന്നു. ദേശീയ മാധ്യമങ്ങളും മലയാളത്തിലെ പ്രമുഖ മാധ്യമങ്ങളും റഫീഖ് മുഹമ്മദിനെ പറ്റി പ്രത്യേക ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു. എന്നാൽ ഈ വാർത്ത വെറും തട്ടിപ്പാണെന്ന് മറുനാടൻ പുറത്തുകൊണ്ടുവന്നു. ഇപ്പോഴിതാ കിർഗിസ്ഥാനിൽ ഉന്നതസൈനിക പദവിയിലെന്ന് പറഞ്ഞു നടക്കുന്ന മലയാളി തട്ടിപ്പുകാരനെന്ന് സൗദിയിലെ സ്ഥാനപതിയും വ്യക്തമാക്കിയിരിക്കുന്നു. ഇദ്ദേഹത്തിന് കിർഗിസ്ഥാൻ അനുവദിച്ച പൗരത്വവും അവിടുത്തെ പ്രസിഡന്റ് റദ്ദാക്കിയിരിക്കുന്നു.

ഗൾഫിലെ പ്രമുഖ മാധ്യമമായ ഖലീജ് ടൈംസ് ആയിരുന്നു മലയാളിയെ കിർഗിസ്ഥാനിലെ മേജർ ജനറലായി നിയമിച്ച കാര്യം ആദ്യം പുറത്തുവിട്ടത്. ഡിസംബർ 31നാണ് ഖലീജ് ടൈംസ് പ്രസിദ്ധീകരിക്കുന്നത്. തൊട്ടുപിന്നാലെയാണ് ടൈംസ് ഓഫ് ഇന്ത്യ അടക്കമുള്ള മാധ്യമങ്ങളും വാർത്ത പ്രസിദ്ധീകരിച്ചത്. ഒരു ഇന്ത്യക്കാരൻ മറ്റൊരു രാജ്യത്തിന്റെ സൈന്യത്തിലെ ഉന്നത പദവിയിലെത്തുന്നകാര്യം ദേശീയ മാധ്യമങ്ങൾ ആഘോഷിച്ചു. തൊട്ടു പിന്നാലെ മാതൃഭൂമി അടക്കമുള്ള പത്രങ്ങളും ലേഖനം പ്രസിദ്ധീകരിച്ചു.

കിർഗിസ്ഥാന്റെ സൈനിക വേഷം അണിഞ്ഞ് റഫീഖ് അഹമ്മദ് നിൽക്കുന്ന ചിത്രങ്ങൾ പോലും നവ മാധ്യമങ്ങളിൽ നിറച്ചായിരുന്നു അപൂർവ്വ നേട്ടത്തിന്റെ പ്രചരണം. ഔദ്യോഗിക ചടങ്ങിൽ കിർഗിസ്ഥാൻ പ്രതിരോധ മന്ത്രി അലി മിസ്രയാണ് റഫീഖിനെ രാജ്യത്തിന്റെ മേജർ ജനറൽ പദവിയിൽ നിയമിച്ചതെന്നായിരുന്നു വാർത്ത. കിർഗിസ്ഥാന്റെ സാമ്പത്തിക പുരോഗതിക്ക് റഫീഖിന്റെ പ്രവർത്തനം വലിയ കരുത്തായി. ഇതോടെ ഉന്നത പദവി നൽകി കിർഗിസ്ഥാൻ അദ്ദേഹത്തെ അംഗീകരിച്ചതെന്നായിരുന്നു പ്രചരണം.

എന്നാൽ വാർത്ത ആദ്യം പുറത്തുവിട്ട ഖലീജ് ടൈംസ് തന്നെ സംഭവത്തിൽ ആദ്യം മാപ്പുപറഞ്ഞു തടിയൂരി. ഗൽഫിലെ പ്രമുഖ മാധ്യമമായ ഖലീജ് ടൈംസിന്റെ അധികൃതർക്ക് കിർഗിസ്ഥാന്റെ യുഎഇ അംബാസഡർ അയച്ച കത്താണ് കള്ളി പുറത്തു കൊണ്ടുവന്നത്്. വാർത്ത തെറ്റാണെന്നും തിരുത്തു നല്കണമെന്നുമാണ് കിർഗിസ് അംബാസിഡർ ഖലീജ് ടൈംസിനോട് ആവശ്യപ്പെട്ടത്. ഇത് അംഗീകരിച്ച് അവർ തിരുത്തു നല്കി.

റഫീഖ് അഹമ്മദ് വെറും തട്ടിപ്പുകാരൻ മാത്രമാണെന്ന് സൗദിയിലെ അംബാസഡറായ അബ്ദു ലത്തീഫ് ജുമാബേവും ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുന്നു. ഇയാളുടെ പൗരത്വം റദ്ദാക്കി കിർഗിസ്ഥാൻ പ്രസിഡന്റ് പ്രത്യേക സർക്കുലറും പുറത്തിറക്കിയിട്ടുണ്ട്. ഇക്കാര്യവും സൗദി അംബാസിഡർ സ്ഥിരീകരിച്ചിട്ടുണ്ട്.

കിർഗിസ്ഥാൻ സർക്കാറിലും സൈന്യത്തിലും വലിയ സ്വാധീനമുള്ളയാൾ എന്ന് അവകാശപ്പെട്ടാണ് കോഴിക്കോട് സ്വദേശിയായ മുഹമ്മദ് റഫീഖ് പ്രവർത്തിച്ചിരുന്നത്. ഇതേത്തുടർന്നാണ് ഇയാളുടെ പൗരത്വം റദ്ദാക്കിയത്. ഏപ്രിൽ 15 മുതൽ പൗരത്വം റദ്ദാക്കിക്കൊണ്ടാണ് പ്രസിഡന്റ് അൽമാസ്‌ബെക് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. മുഹമ്മദ് റഫീഖ് വലിയ തട്ടിപ്പുകാരനാണെന്ന വാർത്തകൾ ഉയർന്നിരുന്നു. ഇയാൾക്കെതിരെ സൗദിയിൽ നിന്നും ഇന്ത്യയിൽ നിന്നും പരാതി ഉയർന്നിരുന്നു. പരാതി ശരിയാണെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടതിനെ തുടർന്നാണ് കിർഗിസ്ഥാൻ സർക്കാറിന്റെ നടപടി. റഫീഖ് മുഹമ്മദിന് കിർഗിസ്ഥാന്റെ പാസ്‌പോർട്ട് ഉണ്ടായിരുന്നു എന്നതല്ലാതെ സൈന്യവുമായോ സർക്കാറുമായോ യാതൊരു ബന്ധവുമില്ലെന്നാണ് സൗദി അംബാസിഡർ വ്യക്തമാക്കിയിരിക്കുന്നത്.

റഫീഖിന് കിർഗിസ്ഥാൻ സൈന്യത്തിലെ മേജർ ജനറൽ പദവി ലഭിച്ച വാർത്ത ഖലീജ് ടൈംസ് പുറത്തുവിട്ടതിനു പിന്നാലെ ഇന്ത്യയിലെ മാധ്യമങ്ങളും ആഘോഷിക്കുകയായിരുന്നു. പ്രമുഖ ദേശീയ മാധ്യമങ്ങളായ ടൈംസ് ഓഫ് ഇന്ത്യയും ഹിന്ദുസ്ഥാൻ ടൈംസും എൻഡി ടിവിയും എല്ലാം മലയാളി വിദേശരാജ്യത്തെ ഉന്നത സൈനിക പദവിയിൽ നിയമിതനായ വാർത്ത പ്രാധാന്യത്തോടെ നല്കുകയുണ്ടായി. കേരളത്തിൽ മാതൃഭൂമി ഇത് കവർ സ്റ്റോറി ആക്കി. റഫീഖ് മുൻ കിർഗിസ്ഥാൻ പ്രസിഡന്റായ സലിയേവിച്ച് ബാക്കിയേവിന്റെ മുഖ്യ ഉപദേശകനായിരുന്നുവെന്നും പ്രചരണമുണ്ടായി.

മലയാളി കിർഗിസ്ഥാനിൽ മേജർ ജനറലായി നിയമിതനായി എന്ന വാർത്ത ഡിസംബർ 31നാണ് ഖലീജ് ടൈംസ് പ്രസിദ്ധീകരിക്കുന്നത്. എ്ന്നാൽ ഇത് തെറ്റായ വാർത്തയാണെന്ന് കിർഗിസ്ഥാൻ സർക്കാർ ഖലീജ് ടൈംസിനെ അറിയിച്ചു. വാർത്തയുടെ ഉള്ളടക്കം പൂർണമായും സത്യത്തിനു നിരക്കാത്തതും വ്യാജവുമാണെന്ന് കിർഗിസ് അംബാസിഡർ ഖലീജ് ടൈംസിലെ വിനയ് കാമത്തിന് അയച്ച കത്തിൽ വ്യക്തമാക്കി. കിർഗിസ് റിപ്പബ്ലിക് ഷെയ്ഖ് റഫീഖ് മുഹമ്മദിന് ഒരുവിധ സൈനിക പദവിയും നല്കിയിട്ടില്ല. വിശ്വാസ യോഗ്യമായ കേന്ദ്രങ്ങളിൽനിന്നായിരിക്കില്ല ഖലീജ് ടൈംസ് ലേഖകന് വാർത്ത ലഭിച്ചിരിക്കുകയെന്നും അംബാസിഡർ കത്തിൽ ചൂണ്ടിക്കാട്ടി. ഇതോടെയാണ് ഖലീജ് ടൈംസ് തിരുത്തു വാർത്ത പ്രസിദ്ധീകരിക്കുന്നത്.

യുഎഇ-സൗദി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗാമൺ ഗ്രൂപ്പിന്റെ ചെയർമാനാണ് വിവാദത്തിലായ ഷെയ്ഖ് റഫീഖ് മുഹമ്മദ്. ഷെയ്ഖ് റഫീഖ് രാജ്യത്തിന് നൽകിയ സേവനം വലുതാണെന്നും മറ്റുരാജ്യങ്ങളുമായി കിർഗിസ്താനെ ബന്ധിപ്പിക്കുന്നതിൽ മുഖ്യപങ്കാണ് വഹിച്ചതെന്നും മേജർ ജനറൽ പദവി ഔദ്യോഗികമായി നൽകിക്കൊണ്ട് കിർഗിസ്ഥാൻ മന്ത്രി മിർസാ അലി പറഞ്ഞതായും വാർത്ത വന്നിരുന്നു. ദൈവത്തിനും പിറന്ന കേരള മണ്ണിനും എന്റെ ഉമ്മയ്ക്കും എന്റെ എല്ലാ സ്റ്റേഹിതർക്കും നന്ദി രേഖപ്പെടുത്തുന്നതായി റഫീഖ് സ്ഥാനലബ്ധിക്ക് ശേഷം പത്രസമ്മേളനത്തിലും അറിയിച്ചു. ഇതെല്ലാം വാർത്തയായി. ഇതെല്ലം എങ്ങനെ സംഭവിച്ചുവെന്നതിൽ ഇനിയും ആർക്കും ഒരു വ്യക്തതയുമില്ല.

അഞ്ചാം ക്ലാസ് പഠനം പൂർത്തിയാകും മുമ്പ് കോഴിക്കോടു നിന്ന് മുംബൈയ്ക്കു വണ്ടി കയറിയ ഷെയ്ഖ് റഫീഖ് ബിസിനസിന്റെ എല്ലാ പാഠങ്ങളും പഠിച്ചത് മുംബൈയിൽ വച്ചാണ്. അവിടെനിന്നു ഗൾഫിലേക്കു ചേക്കേറി. യുഎഇയും ഇറാനും സൗദി അറേബ്യയും കിർഗിസ്ഥാനുമൊക്കെയായിരുന്നു തുടർന്നു തട്ടകങ്ങൾ. എരവന്നൂരിലെ പരേതനായ അബ്ദുൽഹമീദിന്റെയും ഫാത്തിമയുടെയും മക്കളിൽ മൂന്നാമനാണ് ഷെയ്ഖ് റഫീഖ് മുഹമ്മദ്. ഇറാൻ സ്വദേശിയായ ഡോ. ഖാദിയയാണ് ഭാര്യ. റോബിൻ ഏകമകനാണ്.

ഇറാനിൽ സ്റ്റീൽ പ്ലാന്റ് വികസിപ്പിച്ചുകൊണ്ടിരിക്കെ കിർഗിസ്ഥാൻ ഗവർണറായിരുന്ന കുർമാൻബെക് സാലിയേവിച്ച് ബാക്യേവുമായി കണ്ടുമുട്ടിയതാണ് കിർഗിസ്ഥാൻ ബന്ധത്തിനു തുടക്കം. റഫീഖിന്റെ കുടുംബം അന്നു ദുബൈയിലായിരുന്നു. ഇറാൻ സർക്കാരിനു പ്രോജക്ട് വിജയകരമായി കൈമാറിക്കഴിഞ്ഞപ്പോൾ കുർമാൻ ബെകിനെ സന്ദർശിച്ച് റഫീഖ് സമാന പ്രോജക്ട് അവതരിപ്പിച്ചു. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മൽസരത്തിനു തയ്യാറെടുക്കുകയായിരുന്നു കുർമാൻബെക് അപ്പോൾ. പ്രസിഡന്റായതോടെ അദ്ദേഹം റഫീഖിനു കിർഗിസ്ഥാൻ പൗരത്വം നൽകുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP