Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡിജിപി ആയിരുന്നപ്പോൾ മുന്നിലിരുന്ന കീഴുദ്യോഗസ്ഥർ ചെയ്യേണ്ടിയിരുന്നതുപോലെ പഞ്ചപുച്ഛം അടക്കി ഇരിക്കാൻ വേറെ ആളെ നോക്കണം; ഏത് സെൻകുമാറിന് മുന്നിലും എത്ര കള്ളക്കേസുകൾക്ക് മുന്നിലും കീഴടങ്ങാൻ ഉദ്ദേശിച്ചിട്ടില്ല; വാർത്താസമ്മേളനം നടത്തുന്നത് ട്രംപ് ആയാലും മാധ്യമ പ്രവർത്തകർ ചോദിക്കും; കടവിൽ റഷീദിനും പിജി സുരേഷ് കുമാറിനുമെതിരെ പൊലീസ് കേസ് എടുത്തതിൽ ശക്തമായ പ്രതിഷേധവുമായി പത്രപ്രവർത്തക യൂണിയൻ

ഡിജിപി ആയിരുന്നപ്പോൾ മുന്നിലിരുന്ന കീഴുദ്യോഗസ്ഥർ ചെയ്യേണ്ടിയിരുന്നതുപോലെ പഞ്ചപുച്ഛം അടക്കി ഇരിക്കാൻ വേറെ ആളെ നോക്കണം; ഏത് സെൻകുമാറിന് മുന്നിലും എത്ര കള്ളക്കേസുകൾക്ക് മുന്നിലും കീഴടങ്ങാൻ ഉദ്ദേശിച്ചിട്ടില്ല; വാർത്താസമ്മേളനം നടത്തുന്നത് ട്രംപ് ആയാലും മാധ്യമ പ്രവർത്തകർ ചോദിക്കും; കടവിൽ റഷീദിനും പിജി സുരേഷ് കുമാറിനുമെതിരെ പൊലീസ് കേസ് എടുത്തതിൽ ശക്തമായ പ്രതിഷേധവുമായി പത്രപ്രവർത്തക യൂണിയൻ

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: പ്രസ് ക്ലബിൽ മാധ്യമ പ്രവർത്തകൻ കടവിൽ റഷീദിനെ മുൻ ഡിജിപി സെൻകുമാറിനൊപ്പം ഉണ്ടായിരുന്നവർ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച കേസ് പുതിയ തലങ്ങളിലേക്ക്. സെൻകുമാറിനെതിരെ കടവിൽ റഷീദ് പരാതി നൽകിയതിന് പിന്നാലെ സെൻകുമാറും കടവിൽ റഷീദിനും, പി.ജി.സുരേഷ് കുമാറിനും എതിരെ പരാതി നൽകിയിരുന്നു. ഈ പരാതിയിൽ പൊലീസ് കേസെടുത്തിരിക്കുകയാണ്. പ്രസിക്ലബ്ബിൽ കടവിലിന് കൈകൊടുത്ത് പിരിഞ്ഞതിന് ശേഷമുണ്ടായ സംഭാവങ്ങളിൽ ഗൂഢാലോചന ഉണ്ടായെന്നാണ് സെൻകുമാറിന്റെ ആരോപണം. ഇതുമായി ബന്ധപ്പെട്ടാണ് പിജിക്കെതിരെ കേസെടുത്തത്. മാധ്യമപ്രവർത്തകർക്കെതിരെ കേസെടുത്ത സംഭവത്തിൽ കേരള പത്ര പ്രവർത്തക യൂണിയൻ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. ആടിനെ പട്ടിയാക്കുന്ന കുത്സിത തന്ത്രമാണ് കേരള പൊലീസ് മാധ്യമപ്രവർത്തകർക്ക് നേരേ പ്രയോഗിക്കുന്നതെന്ന് കെയുഡബ്ലുജെ സംസ്ഥാന പ്രസിഡന്റ് കെ.പി.റജി പറഞ്ഞു.

റെജിയുടെ പോസ്റ്റ് ഇങ്ങനെ:

കടവിൽ റഷീദിനും പി ജി സുരേഷ്‌കുമാറിനും എതിരെ കള്ളക്കേസെടുത്തതിലൂടെ ആടിനെ പട്ടിയാക്കുന്ന കുത്സിത തന്ത്രം കേരള പൊലീസ് മാധ്യമ പ്രവർത്തകർക്ക് നേരെയും പ്രയോഗിക്കുകയാണ്. ടി.പി സെൻകുമാറിന്റെ തട്ടിപ്പ് പരാതിയിലാണ് തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് കള്ളക്കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

കടവിൽ റഷീദിന്റെ കാര്യത്തിൽ വാർത്താസമ്മേളനത്തിൽ ചോദ്യം ചോദിച്ചത് ആണ് ക്രിമിനൽ കേസെടുക്കാൻ കാരണമായത്! സഹജീവിക്ക് ഉണ്ടായ ദുരനുഭവത്തിന്റെ വേദന സഹപ്രവർത്തകരുടെ വാട്‌സ് ആപ് കൂട്ടായ്മയിൽ പങ്കുവെച്ചതിനാണ് മുതിർന്ന മാധ്യമ പ്രവർത്തകൻ പി.ജി സുരേഷ്‌കുമാറിന് എതിരെ ക്രിമിനൽ ഗൂഢാലോചന നടത്തി എന്ന കള്ളക്കേസ് എടുത്തിരിക്കുന്നത്..!

വാർത്താസമ്മേളനത്തിൽ ചോദ്യം ചോദിക്കുന്നത് കുറ്റമാവുന്ന അത്യപൂർവ 'ജനാധിപത്യ കീഴ്‌വഴക്കം' കൂടിയാണ് കേരളാ പൊലീസ് ഇതിലൂടെ സൃഷ്ടിച്ചുവെച്ചിരിക്കുന്നത്. ഇത്തരം ഉപജാപങ്ങൾക്ക് കുഴലൂതുന്ന ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർ ഒരു കാര്യം മനസ്സിലാക്കേണ്ടതുണ്ട്. പി.ജി സുരേഷ് കുമാറും കടവിൽ റഷീദും ഒറ്റയ്ക്കല്ല. കേരളത്തിലെ മുഴുവൻ മാധ്യമ സമൂഹവും ഒറ്റക്കെട്ടായി അവർക്കൊപ്പമുണ്ട്, തോളോടു തോൾ ചേർന്ന്.

ഞങ്ങൾ ഇനിയും അപ്രിയ സത്യങ്ങൾ ചൂണ്ടിക്കാട്ടിക്കൊണ്ടെയിരിക്കും. നീതിക്കു വേണ്ടി പ്രതികരിച്ചുകൊണ്ടിരിക്കും. അനീതിക്കെതിരെ വിരൽ ചൂണ്ടുകയും ചെയ്യും. ഏത് സെൻകുമാറിന് മുന്നിലും എത്ര കള്ളക്കേസുകൾക്ക് മുന്നിലും ഞങ്ങൾ കീഴടങ്ങാൻ ഉദ്ദേശിച്ചിട്ടില്ല.
വാർത്താസമ്മേളനം നടത്തുന്നത് ഡൊണാൾഡ് ട്രംപ് ആയാലും മാധ്യമ പ്രവർത്തകർ ചോദിക്കും. എതിർ ശബ്ദങ്ങളെ സിംഹക്കൂട്ടിൽ എറിയുന്ന സ്വേച്ഛാധിപതികളുടെ നാട്ടിലേ ചോദ്യങ്ങൾ ഇല്ലാതിരിക്കൂ.

കടവിൽ റഷീദ് ടി.പി സെൻകുമാറിനോട് ചോദ്യം ചോദിക്കാൻ ശ്രമിച്ചപ്പോൾ എന്താണ് നടന്നതെന്ന് ലോകം മുഴുവൻ കണ്ടതാണ്. രാഷ്ട്രീയം പറയാൻ ആഗ്രഹിക്കുന്ന ഒരാൾ ചെയ്യുന്ന കാര്യമാണോ ശ്രീ. സെൻകുമാറിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്?. കടുത്ത രോഗിയും അതു മൂലമുള്ള ശാരീരിക വൈഷമ്യങ്ങൾ ഉള്ള ആളും ആണ് എന്നറിഞ്ഞിട്ടും ഇത്ര നികൃഷ്ടമായി ഒരാളോട് പെരുമാറാൻ രാഷ്ട്രീയത്തിന്റെ അർത്ഥമെങ്കിലും അറിയുന്ന ഒരു മനുഷ്യന് കഴിയുമോ?

പണ്ട് പൊലീസ് മേധാവി ആയിരുന്നപ്പോൾ മുന്നിലിരുന്ന കീഴുദ്യോഗസ്ഥർ ചെയ്യേണ്ടിയിരുന്നതുപോലെ പഞ്ചപുച്ഛം അടക്കി ഇരിക്കാൻ വേറെ ആളെ നോക്കണം. മാധ്യമ പ്രവർത്തകരെ കിട്ടില്ല. അതു മനസ്സിലാവാൻ മുൻ ഡി.ജി. പി ഇനിയും ഒരുപാട് രാഷ്ട്രീയം പഠിക്കേണ്ടതുണ്ട്.

കേരളത്തിലെ വിവിധ പ്രസ് ക്‌ളബ്ബുകളിൽ ദിവസവും എത്രയോ വാർത്താസമ്മേളനങ്ങൾ നടക്കുന്നു. വ്യത്യസ്ത രാഷ്ട്രീയക്കാരായ എത്രയോ പേർ അവരുടെ ഭാഗം വിശദീകരിക്കുന്നു. ചോദ്യങ്ങൾക്ക് ഉത്തരം പറയുന്നു. ചിലപ്പോൾ തിരികെ ചോദ്യങ്ങൾ ചോദിക്കുന്നു. മറ്റു ചിലപ്പോൾ ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ വിസമ്മതിക്കുന്നു. ഇതൊക്കെ സ്വാഭാവികം.ഇങ്ങനെയൊന്നുമല്ലാതെ, ചോദ്യം ചോദിക്കുന്നവരെ ഗുണ്ടകളെ ഉപയോഗിച്ചു കയ്യേറ്റം ചെയ്യിച്ചും മാധ്യമപ്രവർത്തകരെ കേട്ടാൽ അറയ്ക്കുന്ന ഭാഷയിൽ സാമൂഹികമാധ്യമങ്ങളിൽ അധിക്ഷേപിച്ചും സെൻകുമാർ കൊണ്ടുവരാൻ ശ്രമിക്കുന്ന പുതുരീതി കയ്യിൽത്തന്നെ വെക്കുന്നതാകും നല്ലത്. അത് കേരളത്തിൽ ചെലവാകില്ല.

നാടറിഞ്ഞ രാഷ്ട്രീയ നേതാക്കളുടെ പ്രവർത്തനവും ഏതു കൊലകൊമ്പനു മുന്നിലും നെഞ്ചിടറാതെ, നട്ടെല്ല് വളയാതെ ചങ്കുറപ്പോടെ നിലനിന്ന മാധ്യമ പ്രവർത്തകരുടെ കഥയും കൂടി സെൻകുമാർ വല്ലപ്പോഴും അന്വേഷിച്ചറിയുന്നത് നന്നാകും.

ലോകത്തിലെ തന്നെ ഏറ്റവും മികച്ച കുറ്റാന്വേഷണ വിഭാഗം എന്ന് വിശേഷണം ഉള്ള കേരള പൊലീസിന്റെ തലപ്പത്ത് ഇരിക്കുന്നവരുടെ 'അതിബുദ്ധി' കൊള്ളാം. ഒരു കൗണ്ടർ കേസെടുത്ത് സമാസമം പാലിക്കാൻ ഇത് രാഷ്ട്രീയ സംഘട്ടനമൊന്നുമല്ല. പട്ടാപ്പകൽ ഒരു മാധ്യമപ്രവർത്തകനെ വാർത്താസമ്മേളനത്തിൽ അധിക്ഷേപിക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്ത സംഭവമാണ്. അതിനെതിരെ പ്രതികരിച്ചവർക്കെതിരെ നിന്ദ്യമായ പ്രചാരണം നടത്തിയ സംഭവമാണ്.

കേരള പിറവിക്ക് മുമ്പ് പോലും ഏതു കൊടി കെട്ടിയ വമ്പനു മുന്നിലും മാധ്യമപ്രവർത്തകർ ചോദ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്. അപ്രിയകരമായ സത്യങ്ങൾ പറഞ്ഞിട്ടുണ്ട്. അവിടെയൊന്നും കൊടിയുടെ നിറമോ സമുദായമോ തടസം ആയിട്ടില്ല. ഞങ്ങളെ നിശ്ശബ്ദരാക്കാൻ ഈ കള്ളക്കേസ് ഒന്നും മതിയാവില്ല മിസ്റ്റർ സെൻകുമാർ..! സെൻകുമാറിന്റെ ശിങ്കിടികൾ ഇപ്പോഴും കേരളാ പൊലീസിൽ ഉണ്ടെങ്കിൽ അവരും അത് മനസിലാക്കുന്നത് നന്നാവും.

കെ.യുഡബ്ല്യുജെ ജില്ലാ കമ്മിറ്റിയും സംഭവത്തെ ശക്തമായി അപലപിച്ചു. മാധ്യമ പ്രവർത്തകരായ പി ജി സുരേഷ് കുമാർ. കടവിൽ റഷീദ് എന്നിവർക്കെതിരെ മുൻ ഡിജിപി നൽകിയ കള്ള പരാതിയിന്മേൽ കേസെടുത്ത പൊലീസ് നടപടി അപലപനീയവും മലയാളികൾക്ക് മാനക്കേടും ആണ്. മാധ്യമ പ്രവർത്തകരുടെ തൊഴിൽ സ്ഥലമായ പ്രസ് ക്ലബ്ബിൽ ചോദ്യം ചോദിച്ചതിനും മാധ്യമ പ്രവർത്തകരുടെ ഗ്രൂപ്പിൽ അഭിപ്രായം പറഞ്ഞതിനുമാണ് പൊലീസ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. ഇത് അഭിപ്രായ സ്വാതന്ത്ര്യത്തിനും തൊഴിൽ സ്വാതന്ത്ര്യത്തിനും നേരെയുള്ള കടന്നുകയറ്റമാണ്. മുൻ ഡി ജി പി എന്ന നിലയിൽ പൊലീസിൽ സ്വാധീനം ചെലുത്തിയാണ് ഇയാൾ പരാതി നൽകിയതും കേസ് എടുപ്പിച്ചതും. സുരേഷ് കുമാറിനും റഷീദിനും നിയമപരവും ധാർമികവും ആയ പിന്തുണ സൗംഷ ഉറപ്പ് നൽകുന്നു. മികച്ച മാധ്യമ പ്രവർത്തകർ എന്ന് പേരെടുത്തവരെ തിരഞ്ഞു പിടിച്ചു അവർക്കെതിരെ ജാതി പറഞ്ഞ് പ്രസംഗങ്ങളിലൂടെയും സാമൂഹ്യ മാധ്യമങ്ങളിലൂടെയും ആക്ഷേപം ചൊരിയുന്ന മലിന മനസിന്റെ ഉടമയാണ് ഈ മുൻ ഡിജിപി. ഇയാളുടെ അടിസ്ഥാന രഹിത മായ പരാതിയിൽ കേസെടുത്ത പൊലീസ് നടപടിയെ യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ശക്തമായി അപലപിക്കുന്നു. ശക്തമായ നിയമ നടപടിയുമായി യൂണിയൻ മുന്നോട്ടു പോകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP