Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202028Saturday

കുവൈറ്റ് അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് അന്തരിച്ചു; അന്ത്യം അമേരിക്കയിൽ ചികിത്സയിലിരിക്കെ 91മത്തെ വയസ്സിൽ; വിട പറഞ്ഞത് സാമൂഹിക-രാഷ്ട്രീയ മേഖലയിൽ പതിറ്റാണ്ടുകളുടെ പ്രവർത്തനപാരമ്പര്യമുള്ള നേതാവ്; മാനുഷിക സേവനത്തിന്റെ ലോക നായക പട്ടം നൽകി ഐക്യരാഷ്ട്ര സഭ ആദരിച്ച ഭരണാധികാരി; കുവൈറ്റ് ജനതക്ക് നഷ്ടമായത് തങ്ങളുടെ പ്രിയങ്കരനായ നേതാവിനെ

കുവൈറ്റ് അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് അന്തരിച്ചു; അന്ത്യം അമേരിക്കയിൽ ചികിത്സയിലിരിക്കെ 91മത്തെ വയസ്സിൽ; വിട പറഞ്ഞത് സാമൂഹിക-രാഷ്ട്രീയ മേഖലയിൽ പതിറ്റാണ്ടുകളുടെ പ്രവർത്തനപാരമ്പര്യമുള്ള നേതാവ്; മാനുഷിക സേവനത്തിന്റെ ലോക നായക പട്ടം നൽകി ഐക്യരാഷ്ട്ര സഭ ആദരിച്ച ഭരണാധികാരി; കുവൈറ്റ് ജനതക്ക് നഷ്ടമായത് തങ്ങളുടെ പ്രിയങ്കരനായ നേതാവിനെ

മറുനാടൻ ഡെസ്‌ക്‌

കുവൈറ്റ് സിറ്റി∙ കുവൈറ്റ് അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് അന്തരിച്ചു. 91 വയസ്സായിരുന്നു. അമേരിക്കയിൽ ചികിത്സയിലിരിക്കെയാണ് അദ്ദേഹത്തിന്റെ അന്ത്യം. രണ്ടുമാസമായി യുഎസിൽ ചികിത്സയിലായിരുന്നു അദ്ദേഹം. അമേരിക്കയിലെ റോച്ചസ്റ്ററിലെ മയോ ക്ലിനിക്കിൽ വച്ചാണ് അന്ത്യം സംഭവിച്ചത്‌. 

കുവൈറ്റ് ടെലവിഷൻ ആണു മരണ വിവരം ഔദ്യോഗികമായി പുറത്ത്‌ വിട്ടത്‌. മൃതദേഹം ഉടൻ തന്നെ കുവൈറ്റിലേക്ക്‌ എത്തിക്കും. സഹോദരനും നാഷനൽ ഗാർഡ്‌ ഉപ മേധാവിയുമായ ഷൈഖ്‌ മിഷ്‌ അൽ അഹമദിന്റെ നേതൃത്വത്തിലുള്ള സംഘം മൃതദേഹത്തെ അനുഗമിക്കും. ഭാര്യ പരേതയായ ഫാതുവ ബിന്ത്‌ സൽമാൻ അൽ സബാഹ്‌. മക്കൾ മുൻ പ്രതിരോധ മന്ത്രി ഷൈഖ്‌ നാസർ അൽ സബാഹ്‌ അൽ അഹമ്മദ്‌ ,ഷൈഖ്‌ ഹമദ്‌ സബാഹ്‌ അൽ അഹമ്മദ്‌ , പരേതരായ ഷൈഖ്‌ അഹമദ്‌ അൽ സബാഹ്‌ അൽ അഹമദ്‌ , ഷൈഖ സൽവ.

ജൂലായ്‌ 17 നു കുവൈത്തിൽ വെച്ച്‌ അമീർ   ശസ്ത്രക്രിയക്ക്‌ വിധേയനായിരുന്നു. ഇതിനു ശേഷം  തുടർ ചികിൽസക്കായി ജൂലായ്‌ 19 നാണു അദ്ദേഹത്തെ  അമേരിക്കയിലേക്ക്‌ കൊണ്ടു പോയത്‌. യു.എസ്‌. വ്യോമ സേനയുടെ പ്രത്യേക വിമാനമാണു യാത്രക്കായി ഉപയോഗിച്ചത്‌. അദ്ദേഹത്തിന്റെ  ആരോഗ്യ നിലയിൽ ആശങ്കാകരമായ സാഹചര്യം ഉടലെടുത്തതിനെ തുടർന്ന് ഭരണ ഘടനാ പരമായി അമീറിൽ നിക്ഷിപ്തമായ ചില പ്രത്യേക അധികാരങ്ങൾ താൽക്കാലികമായി കിരീടാവകാശിയും അർദ്ധ സഹോദരനുമായ ഷൈഖ്‌ നവാഫ്‌ അൽ അഹമദ്‌ അൽ സബാഹിനെ  ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ സഹോദരൻ കിരീടാവകാശി ഷെയ്ഖ് നവാഫ് അൽ അഹ്മദ് അൽ സബയാണ് അദ്ദേഹത്തിന്റെ നിയുക്ത പിൻഗാമി.

യുഎഇ പ്രസിഡന്റ് ശെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ, യുഎഇയിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ശൈഖ് സ്വബാഹ് അൽ അഹ്മദിനോടുള്ള ബഹുമാനാർത്ഥം രാജ്യത്തെ ദേശീയ പതാകകൾ പകുതി താഴ്‌ത്തിക്കെട്ടും. അബുദാബിയിലെ കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അമീറിന്റെ നിര്യാണത്തിൽ അനുശോചിച്ചു. അൽ സബ കുടുംബത്തിനും കുവൈത്തിലെ ജനങ്ങൾക്കും ഞങ്ങളുടെ ആത്മാർത്ഥ അനുശോചനം. ജ്ഞാനം, സഹിഷ്ണുത, സമാധാനം എന്നിവയുടെ പ്രതീകമായി ഷെയ്ഖ് സബ ഗൾഫ് സഹകരണത്തിന്റെ മികച്ച പയനിയറായിരുന്നു. ബഹുമാനത്തോടും കൃപയോടുംകൂടെ അദ്ദേഹം കുവൈത്തിനെ സേവിച്ചു, അദ്ദേഹത്തിന്റെ പ്രവൃത്തി ഒരിക്കലും മറക്കില്ല. ദൈവം അവനോട് കരുണ കാണിക്കട്ടെ- അദ്ദേഹം ട്വീറ്റ് ചെയ്തു

1929 ജൂൺ 16 നു മുൻ കുവൈത്ത്‌ അമീർ ഷൈഖ്‌ അഹമദ്‌ അൽ ജാബിർ അൽ സബാഹിന്റെയും മുനീറ ഉസ്മാൻ അൽ ഹമദ്‌ അൽ സ ഈദിന്റെയും നാലാമത്തെ പുത്രനായി കുവൈത്ത്‌ സിറ്റിയിലെ ഷർഖ്‌ ജില്ലയിൽ ആണു ജനനം. കുവൈത്തിൽ തന്നെ വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം ഏഷ്യൻ യൂറോപ്യൻ രാജ്യങ്ങളിലും ഭരണ പരമായ പരിശീലനം നേടി.1953 ൽ തൊഴിൽ സാമൂഹിക മന്ത്രാലയങ്ങളിലും പ്രവർത്തിച്ചു.1963ൽ സ്വതന്ത്ര കുവൈത്തിലെ ആദ്യ വാർത്താ വിതരണ മന്ത്രിയായാണു അദ്ദേഹം ഭരണ രംഗത്ത്‌ പ്രവേശിക്കുന്നത്‌. പിന്നീട്‌ 1963 മുതൽ 2003 വരെയുള്ള ദീർഘമായ 40 വർഷകാലം രാജ്യത്തിന്റെ വിദേശകാര്യ മന്ത്രിയായി സേവനം അനുഷ്ടിക്കുകയും ചെയ്തു.1991 ൽ ഇറാഖ്‌ അധിനിവേശത്തിൽ നിന്നും രാജ്യം മോചിതമായതോടെ വിദേശകാര്യ മന്തി പദവിക്കു പുറമെ ഉപ പ്രധാനമന്ത്രിയായും അദ്ദേഹം നിയമിതനായി.

2003 ൽ അന്നത്തെ അമീറും അർദ്ധ സഹോദരനുമായ ഷൈഖ്‌ ജാബർ അഹമദ്‌ അൽ സബാഹ്‌ അദ്ദേഹത്തെ പ്രധാനമന്ത്രിയായി നിയമിച്ചു. പ്രധാന മന്ത്രി പദവി കിരീടവകാശി വഹിച്ചു വരുന്ന കീഴ്‌വഴക്കമാണു അത്‌ വരെ രാജ്യത്ത്‌ നില നിന്നിരുന്നത്‌. ഇതോടെ ഉപ പ്രധാന മന്ത്രി പദവിയിൽ നിന്നും നേരിട്ട്‌ പ്രധാന മന്ത്രി പദവിയിൽ എത്തുന്ന ആദ്യ വ്യക്തി എന്നതിലൂടെ അദ്ദേഹം ചരിത്രത്തിൽ ഇടം പിടിച്ചു. 2006 ജനുവരി 9 നു അന്നത്തെ അമീർ ഷൈഖ്‌ ജാബിർ അൽ അഹമദ്‌ അൽ സബാഹിന്റെ ദേഹ വിയോഗത്തെ തുടർന്ന് കിരീടാവകാശിയായ ഷൈഖ്‌ സ അദ്‌ അബ്ദുല്ല സാലെം അമീറിന്റെ ചുമതല ഏറ്റെങ്കിലും ആരോഗ്യ പരമായ കാരണങ്ങളാൽ പാർലമെന്റിൽ എത്തി സത്യ പ്രതിജ്ഞ ചെയ്യാൻ സാധിക്കാതെ വന്നു. ഇതേ തുടർന്നു ഭരണ ഘടനാ പ്രതിസന്ധി ഉടലെടുത്തതോടെ അടിയന്തിരമായി ചേർന്ന പാർലമന്റ്‌ സമ്മേളനത്തിലാണു ഷൈഖ്‌ സബാഹ്‌ അൽ അഹമ്മദിനെ അമീറായി തെരഞ്ഞെടുത്തത്‌.

ഇതേ തുടർന്ന് 2006 ജനുവരി 29 നു കുവൈത്തിന്റെ പതിനഞ്ചാമത്തേതും സ്വതന്ത്ര കുവൈത്തിന്റെ അഞ്ചാമത്തെയും അമീറായി ഷൈഖ്‌ സബാഹ്‌ സത്യ പ്രതിജ്ഞ ചെയ്ത്‌ അധികാരമേറ്റു. ഇതോടെ കിരീടവകാശി പദവിയിൽ നിന്നല്ലാതെ അമീർ പദവിയിൽ എത്തുന്ന ആദ്യ കുവൈത്ത്‌ അമീർ എന്ന ബഹുമതിയും അദ്ദേഹം സ്വന്തമാക്കി.മാത്രവുമല്ല അർദ്ധ സഹോദരനായ ഷൈഖ്‌ നവാഫ്‌ അൽ അഹമദ്‌ അൽ സബാഹിനെ അദ്ദേഹം കിരീടവകാശിയായി നിയമിക്കുകയും ചെയ്തു. ഇതോടെ സബാഹ്‌ കുടുംബത്തിലെ ജാബിർ , സാലിം താവഴിയിൽ നിന്നും അമീർ , കിരീടാവകാശി പദവികൾ വിഭജിച്ചെടുക്കുന്ന കീഴ്‌വഴക്കത്തിനാണു അവസാനമായത്‌. ഇതേ തുടർന്ന് സാലിം കുടുംബത്തിൽ നിന്നും ഉയർന്ന് വന്ന അസ്വസ്ഥതകൾ രാജ്യ സുരക്ഷയെ ബാധിക്കാത്ത തരത്തിൽ രമ്യമായി പരിഹരിക്കാൻ കഴിഞ്ഞതും അമീറിന്റെ നയതന്ത്ര ചാരുത വ്യക്തമാക്കുന്ന സംഭവമായാണു ചരിത്രത്തിൽ രേഖപ്പെടുത്തുക.

സാമൂഹിക-രാഷ്ട്രീയ മേഖലയിൽ പതിറ്റാണ്ടുകളുടെ പ്രവർത്തനപാരമ്പര്യമാണു ഷെയ്ഖ് സബാഹിന്റേത്. മുബാറകിയ സ്കൂളിൽനിന്നു പ്രാഥമിക വിദ്യാഭ്യാസം നേടിയ അദ്ദേഹം സർക്കാർ നടപടികൾ നിയന്ത്രിക്കുന്നതിനായുള്ള സമിതിയിൽ അംഗമെന്നനിലയിൽ 1954ൽ പൊതുപ്രവർത്തനത്തിനു തുടക്കമിട്ടു. ഒരു വർഷത്തിനുശേഷം സാമൂഹിക-തൊഴിൽ വകുപ്പ് ഡയറക്ടറായി. തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് അക്കാലത്ത് അദ്ദേഹം തുടക്കമിടുകയും ചെയ്തു.

സ്പോർട്സ് ക്ലബുകളുടെ രൂപീകരണത്തിനു പിന്നിലും അദ്ദേഹത്തിന്റെ കരങ്ങളുണ്ട്. 1957ൽ പബ്ലിക്കേഷൻസ് വകുപ്പ് ഡയറക്ടറായി നിയമിതനായ അദ്ദേഹം അപൂർവ പുസ്തകങ്ങളും രേഖകളും സം‌രക്ഷിക്കുന്നതിനുള്ള പദ്ധതി ആവിഷ്കരിച്ചു. ശക്തമായ പ്രസാധക നിയമത്തിനു രൂപംനൽകിയ അദ്ദേഹത്തിന്റെ കാഴ്ചപ്പാടിന്റെ ഫലമാണു രാജ്യത്തു നിലവിലുള്ള മാധ്യമസ്വാതന്ത്ര്യം.

ലോകതലത്തിൽ സേവന മേഖലകളിൽ സംഭാവനകൾ അർപ്പിച്ചതിന് ഐക്യരാഷ്​ട്ര സഭ അദ്ദേഹത്തിന്​ 2014ൽ മാനുഷിക സേവനത്തിന്റെ ലോക നായക പട്ടം നൽകി ആദരിച്ചു. ഈ സെപ്റ്റംബർ 18ന്​ അമേരിക്കൻ പ്രസിഡൻറിന്റെ 'ദി ലീജിയൻ ഓഫ്​ മെറിറ്റ്​ ഡിഗ്രി ചീഫ്​ കമാൻഡർ' ബഹുമതി അദ്ദേഹത്തിന്​ ലഭിച്ചിരുന്നു. അദ്ദേഹത്തിന്റെ അഭാവത്തിൽ മകൻ ശൈഖ്​ നാസർ സബാഹ്​ അൽ അഹ്​മദ്​ അസ്സബാഹ്​ ആണ്​ ഏറ്റുവാങ്ങിയത്​.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP