Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജെർമൻ ഷെപ്പേഡുകളും ലാബ്രഡോർ റിട്രീവറുകളും അടക്കിവാഴുന്ന ഡോഗ് സ്‌ക്വാഡിലേക്ക് കുവി വന്നത് തല ഉയർത്തി പിടിച്ച്; ഇടുക്കി സ്‌ക്വാഡിലെ കുത്തിത്തിരിപ്പിൽ പെട്ട് അപ്രതീക്ഷിതമായി പടിയിറങ്ങിയതും തല ഉയർത്തി പിടിച്ച്; പെട്ടിമുടി ദുരന്തഭൂമിയിൽ കളിക്കൂട്ടുകാരി ധനുഷ്‌കയുടെ മൃതദേഹം കണ്ടെത്തിയ കുവി മികച്ച ട്രാക്കർ ഡോഗെന്ന് പേരെടുത്തിട്ടും പുകച്ചുപുറത്താക്കി; കുവിയെ തെറിപ്പിച്ചത് ആര്?

ജെർമൻ ഷെപ്പേഡുകളും ലാബ്രഡോർ റിട്രീവറുകളും അടക്കിവാഴുന്ന ഡോഗ് സ്‌ക്വാഡിലേക്ക് കുവി വന്നത് തല ഉയർത്തി പിടിച്ച്; ഇടുക്കി സ്‌ക്വാഡിലെ കുത്തിത്തിരിപ്പിൽ പെട്ട് അപ്രതീക്ഷിതമായി പടിയിറങ്ങിയതും തല ഉയർത്തി പിടിച്ച്; പെട്ടിമുടി ദുരന്തഭൂമിയിൽ കളിക്കൂട്ടുകാരി ധനുഷ്‌കയുടെ മൃതദേഹം കണ്ടെത്തിയ കുവി മികച്ച ട്രാക്കർ ഡോഗെന്ന് പേരെടുത്തിട്ടും പുകച്ചുപുറത്താക്കി; കുവിയെ തെറിപ്പിച്ചത് ആര്?

മറുനാടൻ മലയാളി ബ്യൂറോ

 മൂന്നാർ: ചില കാഴ്ചകൾ അങ്ങനെയാണ്. മറക്കാനാവില്ല. രാജമല പെട്ടിമുടിയിലെ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ നിന്നും കളിക്കൂട്ടുകാരി ധനുഷ്‌കയുടെ ചേതനയറ്റ മൃതദേഹം കണ്ടെത്തിയ കുവിയെന്ന വളർത്തുനായയുടെ ദൃശ്യം അത്ര പെട്ടെന്ന് മറക്കാനാവില്ലല്ലോ. പെട്ടിമുടിയിൽ മനുഷ്യനും വളർത്തു നായയുമായുള്ള സ്‌നേഹത്തിന്റെയും അത്മബന്ധത്തിന്റെയും പ്രതീകമായ കാഴ്ച. രണ്ടാമത്തെ കാഴ്ച കുവിക്ക് പെട്ടിമുടി നിവാസികൾ നൽകിയ സ്‌നേഹാർദ്രമായ യാത്ര അയപ്പായിരുന്നു. ദുരന്തഭൂമിയിൽ തളർന്നുറങ്ങുന്ന കുവിയെ ശ്രദ്ധയിൽപ്പെട്ട ജില്ല ഡോഗ് സ്‌ക്വാഡിലെ പരിശീലകനും സിവിൽ പൊലീസ് ഓഫീസറുമായ അജിത് മാധവൻ കുവിയെ പൊലീസിലെടുക്കാൻ കാരണക്കാരനായി. ഇപ്പോൾ അവൾ വീണ്ടും നാട്ടിലേക്ക് മടങ്ങിയിരിക്കുകയാണ്. എട്ടുമാസത്തിന് ശേഷം വീണ്ടും ഒരു യാത്ര. ഈ മടക്കത്തിൽ കുവിയുടെ ഭാവി സുരക്ഷിതമോ? ആ ചോദ്യമാണ് മൃഗസ്‌നേഹികളെ അലട്ടുന്നത്.

പളനിയമ്മയുടെ ആഗ്രഹപ്രകാരമോ കുവിയുടെ മടക്കം?

ഇടുക്കി ചെറുതോണിയിലെ ശ്വാനസംരക്ഷണ കേന്ദ്രത്തിലായിരുന്നു ഇതുവരെ കുവിയുടെ താമസം. ശ്വാനസേനയിലെ മറ്റ് അംഗങ്ങൾക്കൊപ്പം തുല്യപ്രാധാന്യവും പരിചരണവും നൽകിയാണ് പൊലീസ് കുവിയെ സംരക്ഷിച്ചിരുന്നത്. കുടുംബത്തിലെ ഭൂരിഭാഗം പേരെയും കവർന്ന ഉരുൾപൊട്ടലിൽ ബാക്കിയായ ധനുഷ്‌കയുടെ മുത്തശ്ശി പളനിയമ്മയുടെ ആഗ്രഹ പ്രകാരമാണ് കുവിയെ കേരളാ പൊലീസ് തിരികെ നൽകിയതാണ് പറയുന്നത്. ദുരന്തത്തിൽ ഒറ്റപ്പെട്ട് മൂന്നാർ ടൗണിൽ താമസിക്കുന്ന പളനിയമ്മ തനിക്ക് തണലാകാൻ കുവിയെ തിരിച്ചുകിട്ടുമോ എന്ന് അന്വേഷിച്ചിരുന്നതായും പറയുന്നു.

ഒരു ഇംഗ്ലീഷ് ഓൺലൈൻ മാധ്യമത്തിൽ ഇതു സംബന്ധിച്ചുവന്ന വാർത്ത ശ്രദ്ധയിൽപെട്ട ഡിജിപി ലോക് നാഥ് ബെഹ്‌റ കുവിയെ തിരികെ ബന്ധുക്കൾക്ക് നൽകുന്ന കാര്യം പരിഗണിക്കാൻ ഇടുക്കി ജില്ലാ പൊലീസ് മേധാവിയോട് നിർദ്ദേശിച്ചു. തുടർന്നാണ് മൂന്നാർ ഡിവൈഎസ്‌പി സുരേഷ് ആർ, ഇടുക്കി ഡോഗ് സ്‌ക്വാഡ് ഇൻചാർജ് എസ്‌ഐ റോയ് തോമസ് എന്നിവരടങ്ങിയ പൊലീസ് സംഘം മൂന്നാറിൽ പളനിയമ്മ താമസിക്കുന്ന വീട്ടിൽ കുവിയെ എത്തിച്ചു നൽകിയത്. മറ്റ് പൊലീസ് നായ്ക്കളോടൊപ്പം കൂട്ടുകൂടി കഴിഞ്ഞിരുന്നതിനാൽ വീടിന്റെ അന്തരീക്ഷവുമായി ഇണങ്ങി വരാൻ സമയമെടുക്കും.

കളിക്കൂട്ടുകാരിയുടെ മൃതദേഹം തേടിപ്പിടിച്ചപ്പോൾ സ്റ്റാറായി

പെട്ടിമുടി ദുരന്തമുണ്ടായി എട്ടാം ദിവസമാണ് ധനുഷ്‌കയെന്ന രണ്ട് വയസുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. ധനുഷ്‌കയുടെ വീട്ടിലുണ്ടായിരുന്ന കുവിയാണ് ആദ്യം കുട്ടിയെ കണ്ടെത്തിയത്. പാലത്തിനു കീഴെ ചപ്പുചവറുകൾക്കിടയിൽ അകപ്പെട്ടിരുന്ന കുട്ടിയുടെ മൃതദേഹം ഒട്ടേറെ ഏജൻസികളുടെ രക്ഷാപ്രവർത്തകർക്കും പൊലീസ് നായ്ക്കൾക്കും 4 ദിവസം തിരഞ്ഞിട്ട് കണ്ടെത്താൻ സാധിച്ചിരുന്നില്ല. പെട്ടിമുടിയിലൂടെ ഒഴുകുന്ന പുഴയിൽ കുറുകെ കിടന്നിരുന്ന മരത്തിൽ തങ്ങിനിന്ന നിലയിലായിരുന്നു മൃതദേഹം. ഫയർഫോഴ്സും പൊലീസും പെട്ടിമുടിയിൽ നിന്ന് നാലു കിലോമീറ്റർ ദൂരെയുള്ള ഗ്രാവൽ ബങ്ക് എന്ന സ്ഥലത്താണ് തിരച്ചിൽ നടത്തിയിരുന്നത്. ഇതിന് സമീപത്തുള്ള പാലത്തിനു അടി വശത്തായിരുന്നു കുട്ടി വെള്ളത്തിൽ താഴ്ന്നു കിടന്നത്.

പടിയിറങ്ങിയത് അടുത്ത വർഷം മത്സരത്തിനിറങ്ങാനിരുന്ന കുവി

മിടുക്കിയായ കുവിയുടെ ഭാവി ഇരുളടയ്ക്കുന്ന തീരുമാനമാണ് പൊലീസ് സ്വീകരിച്ചതെന്നാണ് മൃഗസ്‌നേഹികളുടെ പരാതി. കുവിയെ ആദ്യം ശ്രദ്ധയിൽ പെട്ട ഉദ്യോഗസ്ഥൻ അന്ന് കുവിയെ ഏറ്റെടുക്കാൻ തയ്യാറായിരുന്നു. എന്നാൽ, അദ്ദേഹത്തിന് നൽകാതെ ശ്വാസസേനയിലേക്ക് ദത്തെടുക്കുകയായിരുന്നു. എട്ടുമാസം പരിശീലിച്ച ശേഷം മിടുമിടുക്കിയായി വരുന്നതിനിടെയാണ് അപ്രതീക്ഷിതമായി സേനയിൽ നിന്ന് പടിയിറക്കം. ഒബീഡിയൻസ്, ഹീൽവാക്ക്, സ്മെല്ലിങ് തുടങ്ങിയവയെല്ലാം പഠിച്ചെടുത്ത കുവിയെ അടുത്ത വർഷം ദേശീയ മത്സരത്തിന് ഇറക്കാൻ തീരുമാനിച്ചിരിക്കുകയായിരുന്നു പരിശീലകൻ. എന്നാൽ ശ്വാനസേനയിലെ തൊഴുത്തിൽകുത്തിന്റെ ഭാഗമായി പരിശീലകന് ഉഗ്രൻ പാര വന്നു. പരിശീലകൻ മാധ്യമ വാർത്തകളിൽ ഇടം പിടിച്ചതിൽ അസൂയ പൂണ്ട ചിലരാണ് കുവിയെ പുറത്താക്കാൻ ചരട് വലിച്ചതെന്നും സൂചനയുണ്ട്.

മൂന്നാറിൽ പളനിയമ്മ സംരക്ഷണം ഏറ്റെടുത്തെങ്കിലും, പ്രായാധിക്യം മൂലം നായയെ ശരിയായ രീതിയിൽ പരിപാലിക്കാൻ കഴിയുമോയെന്ന കാര്യത്തിൽ ശങ്കയുണ്ട്. പൊലീസ് ശ്വാനസേനയുടെ ഭാഗമായി മികവ് തെളിയിച്ച കുവി പഴയ കോളനി ജീവിതത്തിലേക്ക് മടങ്ങുന്നതോടെ കഴിവുകൾ നിഷ്ഫലമാകുമെന്നും അഭിപ്രായമുയർന്നിട്ടുണ്ട്. നാടൻ നായ്ക്കളോട് ഡോഗ് സ്്ക്വാഡിലെ ചിലർ പക്ഷഭേദം കാട്ടുന്നുവെന്നും പലർക്കും വിദേശിനായ്ക്കളോട് മാത്രാണ് പ്രിയമെന്നും ആരോപണമുണ്ട്. വിദേശ ഇനം നായ്ക്കൾ മാത്രമാണ് മുന്തിയതെന്നുള്ള മുൻവിധിയും വലിയ തടസ്സമാണ്.

2019 മാർച്ചിൽ കൊൽക്കത്ത പൊലീസിന്റെ ഭാഗമായ ആഷ എന്ന നായയെ ആരും മറന്നിട്ടില്ല. വിദഗ്ധ പരിശീലനം കിട്ടിയതോടെ ആഷ ഇപ്പോൾ സ്‌ഫോടക വസ്തുക്കൾ കണ്ടുപിടിക്കുന്നതിൽ വിദഗ്ധയാണ്. ഉത്തരാഖണ്ഡ് പൊലീസിലെ ടങ്കയും സ്ഫോടകവസ്തുക്കൾ കണ്ടെത്തുന്നതിൽ വിദഗ്ധനാണ്. നാടൻ നായ്ക്കൾക്ക് പരിശീലനം കിട്ടിയാൽ വിദേശികൾക്കൊപ്പം നിൽക്കുമെന്ന് തെളിയിച്ച സാഹചര്യത്തിൽ കുവിയെ പെട്ടെന്ന് കൈയൊഴിഞ്ഞത് എന്തുകൊണ്ടെന്ന് ചോദ്യം ഉയരുന്നു.

ഇനി ഒരുതിരിച്ചുവരവ് ഉണ്ടാകുമോ?

കുവിയെ ഇടുക്കി ശ്വാന സേനയിൽ എടുത്തത് ഓഗസ്റ്റ് 21 നാണ്. അഞ്ച് ട്രാക്കർ ഡോഗുകളും സ്്‌നിഫർ ഡോഗുകളുമാണ് ജില്ലാ സ്‌ക്വാഡിലുള്ളത്. ഇതാദ്യമായിട്ടായിരുന്നു നാടൻ നായയെ സ്‌ക്വാഡിലേക്ക് എടുത്ത് പരിശീലിപ്പിച്ചത്. പെഡിഗ്രി ഒക്കെ നോക്കി വളരെ ചെറുപ്രായത്തിലാണ് സാധാരണ നായ്ക്കളെ ഡോഗ് സ്‌ക്വാഡിലേക്ക് എടുക്കാറുള്ളത്. ജർമൻ ഷെപ്പേഡുകളും ലാബ്രഡോർ റിട്രീവറുകളുമാണ് മുൻഗണനാ വിഭാഗത്തിൽ പെട്ടവ.

കുവിയെ സ്‌ക്വാഡിലെടുക്കാൻ പ്രത്യേക ഉത്തരവ് വേണ്ടി വന്നിരുന്നു. ഒരുട്രാക്കർ എന്ന നിലയിലുള്ള കുവിയുടെ ശേഷി പരിശീലകൻ അജിത് മാധവൻ തിരിച്ചറിഞ്ഞതോടെയാണ് തീരുമാനമുണ്ടായത്. മൂന്നുഘട്ടങ്ങളായി തിരിച്ചാണ് പരിശീലനം. ഹീൽ വിത്ത് ടൈറ്റ് ബെൽറ്റ്, ഹീൽ വിത്ത് ലൂസ് ബെൽറ്റ്, ഹീൽ വിത്തൗട്ട് ബെൽറ്റ്. കുവി ഹീൽ വാക്കിന്റെ ആദ്യഘട്ടം മൂന്നുദിവസത്തിനകം പൂർത്തിയാക്കിയെന്ന് അജിത് പറയുന്നു.

അതേ, പൊലീസ് ശ്വാന സേനയിൽ കുവിയെ തിരിച്ചെത്തിച്ചാൽ, അത് മൂന്നാറിലെ ഈ സ്റ്റാറിന് മാത്രമല്ല പൊലീസ് സേനയ്ക്കാകെ, നേട്ടമാകുമെന്ന കാര്യത്തിൽ സംശയമില്ല. മൃഗസ്‌നേഹി കൂടിയായ ഡിജിപി ലോക് നാഥ് ബെഹ്‌റ ഇക്കാര്യം ശ്രദ്ധിച്ചാൽ തെളിയുക കുവിയുടെ ഭാവിയായിരിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP