Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'പി.മോഹനാ ഓർത്തോളൂ, ഒന്നോ രണ്ടോ ലക്ഷം കിട്ടിയാൽ ഓളേം മക്കളേം വിക്കൂലേ; പ്രസ്ഥാനത്തിന് നേരേ വന്നാൽ, നോക്കി നിൽക്കാനാവില്ല..ഓർത്തുകളിച്ചോ തെമ്മാടി.. ലതിക പെണ്ണേ സൂക്ഷിച്ചോ': കുറ്റ്യാടിയിൽ സിപിഎം പ്രവർത്തകരുടെ പ്രതിഷേധത്തിൽ ജില്ലാ സെക്രട്ടറിയെയും കെ.കെ.ലതികയെയും പേരെടുത്ത് വിമർശിച്ച് തെറിവിളി; തെരുവിലെ ഭാഷ കേട്ട് ഞെട്ടി നേതൃത്വം; ഒടുവിൽ മാപ്പ് പറഞ്ഞ് തലയൂരി പ്രവർത്തകർ

'പി.മോഹനാ ഓർത്തോളൂ, ഒന്നോ രണ്ടോ ലക്ഷം കിട്ടിയാൽ ഓളേം മക്കളേം വിക്കൂലേ; പ്രസ്ഥാനത്തിന് നേരേ വന്നാൽ, നോക്കി നിൽക്കാനാവില്ല..ഓർത്തുകളിച്ചോ തെമ്മാടി.. ലതിക പെണ്ണേ സൂക്ഷിച്ചോ': കുറ്റ്യാടിയിൽ സിപിഎം പ്രവർത്തകരുടെ പ്രതിഷേധത്തിൽ ജില്ലാ സെക്രട്ടറിയെയും കെ.കെ.ലതികയെയും പേരെടുത്ത് വിമർശിച്ച് തെറിവിളി; തെരുവിലെ ഭാഷ കേട്ട് ഞെട്ടി നേതൃത്വം; ഒടുവിൽ മാപ്പ് പറഞ്ഞ് തലയൂരി പ്രവർത്തകർ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കേരള കോൺഗ്രസ് (എം) നു സീറ്റ് വിട്ടുനൽകിയതിനെതിരെ കുറ്റ്യാടിയിൽ നടന്ന സിപിഎം പ്രവർത്തകരുടെ പ്രതിഷേധത്തിൽ കേട്ടത് നേതൃത്വത്തെ നാണിപ്പിക്കുന്ന തെറിവിളികൾ. സിപിഎം മത്സരിച്ചിരുന്ന സീറ്റ് വിട്ടുനൽകിയതിനെതിരെ ആയിരക്കണക്കിന് പ്രവർത്തകരാണ് തെരുവിലിറങ്ങിയത്. സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനനെയും കുടുംബത്തെയും ലാക്കാക്കിയായിരുന്നു അധിക്ഷേപം ചൊരിയൽ. പരസ്യമായ ഈ അസഭ്യം വിളി നാട്ടുകാരെ ഒന്നടങ്കം ഞെട്ടിച്ചു. പി.മോഹനെ മാത്രമല്ല അദ്ദേഹത്തിന്റെ ഭാര്യയും മുൻ എംഎൽഎയുമായ കെ.കെ.ലതികയെയും പ്രകടനക്കാർ വെറുതെ വിട്ടില്ല.

'പി മോഹനാ ഓർത്തോളൂ..

ഒന്നോ രണ്ടോ ലക്ഷം കിട്ടിയാൽ

ഓളേം മക്കളേം വിൽക്കൂലേ..

ഓർത്തു കളിച്ചോ മോഹനൻ മാഷേ

പ്രസ്ഥാനത്തിനു നേരെ വന്നാൽ

നോക്കി നിൽക്കാനാവില്ല..

ഓർത്തു കളിച്ചോ തെമ്മാടി

കൂരിക്കാട്ടെ കുഞ്ഞാത്തൂ

കുഞ്ഞാത്തൂനൊരു പെണ്ണുണ്ട്

ഓർത്ത് കളിച്ചോ ലതികപ്പെണ്ണേ..

പ്രസ്ഥാനത്തിനു നേരെ വന്നാൽ

നോക്കി നിൽക്കാനാവില്ല...

പിന്നീട് സംഭവം വിവാദമായപ്പോൾ പി മോഹനനും ഭാര്യ കെകെ ലതികയ്ക്കുമെതിരെ അധിക്ഷേപകരമായ മുദ്രാവാക്യം വിളിച്ച സിപിഐഎം പ്രവർത്തകൻ ഖേദം പ്രകടിപ്പിച്ചു. പാർട്ടി പ്രവർത്തകനായ ഗിരീഷാണ് സിപിഐഎം പ്രവർത്തകരോടും നേതാക്കളോടും മാപ്പ് പറഞ്ഞത്. 'ഇന്ന് നടന്ന പാർട്ടി പ്രതിഷേധ റാലിയിൽ ഞാൻ വിളിച്ച മുദ്രാവാക്യം തെറ്റായി പോയി. മാപ്പ് പറയുന്നു.''-ഗിരീഷ് പറഞ്ഞു.

വൈകുന്നേരം നാലോടെയാണ് ആയിരക്കണക്കിന് പ്രവർത്തകർ പ്രകടനവുമായി നഗരത്തിലെത്തിയത്. പാർട്ടിയുടെ ആത്മാഭിമാനം വീണ്ടെടുക്കാൻ സീറ്റ് തിരിച്ചെടുക്കണമെന്നാണ് ആവശ്യം. സിപിഎം കുന്നുമ്മൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രകടനം നടന്നത്. ഇത് രണ്ടാം തവണയാണ് കുറ്റ്യാടിക്കുവേണ്ടി പ്രതിഷേധ റാലി നടന്നത്.

സീറ്റ് കേരള കോൺഗ്രസിന് നൽകിയെന്ന അറിയിപ്പ് ഉണ്ടായതിനു പിന്നാലെ വനിതകളടക്കം ഇരുനൂറോളം പ്രവർത്തകർ പാർട്ടി പതാകകളുമായി തെരുവിൽ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ബുധനാഴ്ചത്തെ പ്രകടനവും. കഴിഞ്ഞ ദിവസമുണ്ടായ പ്രതിഷേധത്തേക്കാൾ വലിയ പ്രതിഷേധമാണ് ഇന്നുണ്ടായത്. കുറ്റ്യാടിയുടെ പല ഭാഗങ്ങളിൽ നിന്നായി പ്രവർത്തകർ പ്രതിഷേധത്തിൽ അണിനിരക്കുകയായിരുന്നു. പാർട്ടി കൊടികളുമായാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

നേരത്തെ സിപിഎം കേന്ദ്ര കമ്മിറ്റിക്ക് കുറ്റ്യാടിയിൽ നിന്ന് കത്ത് അയച്ചിരുന്നു. സിപിഎം കുറ്റ്യാടി മണ്ഡലം കമ്മിറ്റിയാണ് കത്ത് നൽകിയത്. കുറ്റ്യാടി സീറ്റിൽ സിപിഎം തന്നെ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കത്ത്. സിപിഎം സ്ഥാനാർത്ഥി തന്നെ കുറ്റ്യാടിയിൽ വേണമെന്നും മണ്ഡലത്തിൽ ജോസ് വിഭാഗത്തിന് സ്വാധീനമില്ലെന്നുമാണ് പ്രവർത്തകർ ചൂണ്ടിക്കാട്ടിയത്.

കഴിഞ്ഞ തവണ കുറ്റ്യാടിയിൽ സിപിഎം പരാജയപ്പെട്ടിരുന്നു. കെ.കെ. ലതിക 1157 വോട്ടിനാണ് പരാജയപ്പെട്ടത്. ഇത്തവണ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.പി.കുഞ്ഞമ്മദ്കുട്ടി സിപിഎം സ്ഥാനാർത്ഥിയായി എത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ പ്രതീക്ഷകളെയെല്ലാം അസ്ഥാനത്താക്കി സീറ്റ് കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന് നൽകി. ഇതോടെ പാർട്ടിക്കുള്ളിൽ പ്രതിഷേധമുയർന്നു. കുഞ്ഞമ്മദ്കുട്ടിയുടെ ചിത്രമുള്ള ബോർഡുകൾ മണ്ഡലത്തിൽ പ്രത്യക്ഷപ്പെട്ടു.

അതിനിടെ, സിപിഎം പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്ന് കുറ്റ്യാടി നിയോജക മണ്ഡലത്തിലെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാതെയാണ് കേരള കോൺഗ്രസ് എം ജോസ് വിഭാഗം പട്ടിക പുറത്തിറക്കിയത്. കുറ്റ്യാടി സീറ്റിൽ സിപിഎം നേതൃത്വവുമായി ആലോചിച്ച് സ്ഥാനാർത്ഥിയെ പിന്നീട് പ്രഖ്യാപിക്കുമെന്ന് പാർട്ടി ചെയർമാൻ ജോസ് കെ മാണി പ്രസ്താവനയിൽ വ്യക്തമാക്കി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP