Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പണിതിട്ടും പണിതിട്ടും പണി തീരാതെ കുതിരാൻ തുരങ്കം; റോഡും തോടും തമ്മിൽ വ്യത്യാസമില്ലാതെ അപകടം പതിയിരിക്കുന്ന വഴിയിലൂടെ യാത്ര; മണ്ണും പാറയും നീക്കാൻ വനം -പരിസ്ഥിതി വകുപ്പിന് അപക്ഷേ നൽകാതെ ദേശീയ പാത അഥോറിറ്റിയുടെ ഒളിച്ചുകളി; പണി വൈകുന്നതിന് അഥോറിറ്റിയും കെഎംസി കരാറുകമ്പനിയും നാട്ടുകാരെ പഴി പറയുമ്പോൾ എല്ലാറ്റിൽ നിന്നു കൈകഴുകി പൊതുമരാമത്ത് വകുപ്പ്; ഇരട്ടതുരങ്കങ്ങൾ നാടിന് സമർപ്പിക്കാൻ വൈകുന്നതിന്റെ പിന്നാമ്പുറ കഥ ഇങ്ങനെ

പണിതിട്ടും പണിതിട്ടും പണി തീരാതെ കുതിരാൻ തുരങ്കം; റോഡും തോടും തമ്മിൽ വ്യത്യാസമില്ലാതെ അപകടം പതിയിരിക്കുന്ന വഴിയിലൂടെ യാത്ര; മണ്ണും പാറയും നീക്കാൻ വനം -പരിസ്ഥിതി വകുപ്പിന് അപക്ഷേ നൽകാതെ ദേശീയ പാത അഥോറിറ്റിയുടെ ഒളിച്ചുകളി; പണി വൈകുന്നതിന് അഥോറിറ്റിയും കെഎംസി കരാറുകമ്പനിയും നാട്ടുകാരെ പഴി പറയുമ്പോൾ എല്ലാറ്റിൽ നിന്നു കൈകഴുകി പൊതുമരാമത്ത് വകുപ്പ്;  ഇരട്ടതുരങ്കങ്ങൾ നാടിന് സമർപ്പിക്കാൻ വൈകുന്നതിന്റെ പിന്നാമ്പുറ കഥ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: തൃശൂർ-പാലക്കാട് ദേശീയ പാതയിൽ വിസ്മയം തീർക്കുന്ന കുതിരാൻ തുരങ്കം തുറക്കാൻ വൈകുന്നതിന് പിന്നിൽ കടുത്ത അഴിമതിയും കെടുകാര്യസ്ഥതയുമെന്ന് ആരോപണം. ഇരട്ടതുരങ്കത്തിന്റെ നിർമ്മാണം ഏകദേശം പൂർത്തിയായി. ഒരു തുരങ്കം 2018 ഫെബ്രുവരി മാസം അവസാനവും രണ്ടാം തുരങ്കം മാർച്ച് അവസാനത്തോടെയും നാടിന് സമർപ്പിക്കുമെന്നായിരുന്നു അധികൃതരുടെ പ്രഖ്യാപനം. കഴിഞ്ഞ എട്ടു മാസമായും ഇക്കാര്യത്തിൽ ഒരനക്കവുമില്ല.

കുതിരാൻ വഴി തൃശൂർ-പാലക്കാട് റൂട്ടിൽ യാത്ര ചെയ്യുന്നവരുടെ ദുരിതം ഇരട്ടിച്ചിരിക്കുകയാണ്. റോഡും തോടും തമ്മിൽ ഏറെ വ്യത്യാസമില്ലാത്ത അപകടങ്ങൾ പതിയിരിക്കുന്ന വഴിയിലൂടെയാണ് യാത്ര. തുരങ്കത്തിന് ഇനിയും വനം-പരിസഥിതി വകുപ്പിന്റെ അനുവാദം കിട്ടിയിട്ടില്ല. അനുമതി കിട്ടിയാൽ ഒരു തുരങ്കമെങ്കിലും തുറക്കാൻ കഴിയുമെന്ന് കരാറുകാർ പറയുന്നു.

തുരങ്കം തുറക്കാൻ വൈകുന്നതിന് പിന്നിൽ

തുരങ്കം തുറക്കാൻ വൈകുന്നതിന് പിനവ്‌നിൽ ദേശീയ പാത അഥോറിറ്റിയുടെയും കരാറുകാരുടെയും അനാസ്ഥയാണെന്നാണ് നാട്ടുകാരുടെ ആരോപണം.ഇപ്പോഴത്തെ പ്രധാന പ്രതിസന്ധി തുരങ്കത്തിലേക്കുള്ള പ്രവേശന കവാട പരിസരങ്ങളിൽ അപകടത്തിന് സാധ്യതയുള്ള മണ്ണും പാറകളും നീക്കം ചെയ്യുകയാണ്. തുരങ്ക നിർമ്മാണത്തിന്റെ പരിധിയിൽ വരാത്ത ഈ ഭാഗങ്ങളിലെ മണ്ണും പാറകളും നീക്കം ചെയ്യണമെങ്കിൽ ദേശീയ പാത അഥോറിറ്റി വനം-പരിസ്ഥിതി വകുപ്പിന് രേഖാമൂലം അപേക്ഷിക്കേണ്ടതുണ്ട്. എന്നാൽ നാളിതുവരെ അഥോറിറ്റി അത്തരത്തിൽ ഒരപേക്ഷ സമർപ്പിച്ചിട്ടില്ല. വളരെ എളുപ്പത്തിൽ ഓൺ ലൈനായി അപേക്ഷിക്കാവുന്ന ഈ അപേക്ഷ എന്തുകൊണ്ടാണ് അഥോറിറ്റി ഇനിയും സമർപ്പിക്കാത്തത് എന്ന ചോദ്യത്തിന് ഉത്തരമില്ല.

തുരങ്കം അഥോറിറ്റിക്കും കരാറുകാർക്കും പ്രാദേശിക രാഷ്ട്രീയക്കാർക്കും ഒരുകറവപ്പശുവാണെന്നാണ് മറ്റൊരു ആരോപണം. പണിതിട്ടും പണിതിട്ടും പണീ തീരാതെ കുതിരാൻ കിടക്കുന്നതിന് പിന്നിൽ അഴിമതിയുടെ കറ പുരണ്ടിട്ടുണ്ടെന്നാണ് പിന്നാമ്പുറ സംസാരം. ആറുവരിപ്പാത നിർമ്മാണത്തിന് മാത്രം ഏകദേശം 760 കോടി രൂപയാണ് നിലവിൽ വകയിരുത്തിയിരിക്കുന്നത്. ഇതിൽ കുതിരാൻ തുരങ്ക നിർമ്മാണത്തിനുമാത്രം 200 കോടി വകയിരുത്തിയിട്ടുണ്ട്. അതേസമയം പദ്ധതിയുടെ പൂർത്തിയാക്കാൻ കാലതാമസം വരുന്നതോടെ ചെലവ് ഇനിയും ഏറുമെന്ന് ഉറപ്പ്.

അതേസമയം, രണ്ടു കിലോമീറ്റർ ദൂരത്തെ കുതിരാൻ കരിങ്കൽ മലകൾ പൊട്ടിച്ചെടുത്ത പാറകളുടെ മൂല്യം ആരെങ്കിലും കണക്കെടുത്തുവോ എന്ന കാര്യം സംശയമാണ്. ഈ ആറുവരിപ്പാതയുടെ നിർമ്മാണത്തിന്റെ മുഴുവൻ ആവശ്യത്തിനും വേണ്ടിവരുന്നതിലും കൂടുതലും പാറയാണ് ഇവിടെ നിന്ന് കരാറുകാർ പൊട്ടിച്ചെടുത്തത്. ഈ പാറകൾ അവിടെത്തന്നെ നിർമ്മാണാവശ്യത്തിനുതകും വിധം മെറ്റലും കരിങ്കൽ പൊടിയുമായി സംസ്‌കരിച്ചെടുക്കുകയാണ് കരാറു കമ്പനികൾ. ഇവിടെയാണ് ആറുവരിപ്പാത നടത്തിപ്പുകാരായ ദേശീയ ഹൈവേ അഥോറിറ്റിയും, അവരുടെ കരാർ കൂട്ടുകെട്ടായ ഹൈദരാബാദ് ആസ്ഥാനമായുള്ള കെ.എം.സി. കരാറു കമ്പനിയും, തൃശൂർ എക്സ്‌പ്രസ്സ് വേ ലിമിറ്റഡ് എന്ന കമ്പനിയും, പ്രഗതി എഞ്ചിനീയറിങ് റെയിൽവേ പ്രൊജക്റ്റ് എന്ന കമ്പനിയും പ്രതിക്കൂട്ടിൽ നിൽക്കുന്നത്. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുമ്പോൾ ജനങ്ങളെ പിഴിയുന്നതിന്നായി മറ്റൊരു ടോൾ പിരിവുകേന്ദ്രം കൂടി മണ്ണുത്തി-വടക്കാഞ്ചേരി ആറുവരിപ്പാതയിൽ വാരാനുള്ള സാധ്യതയും തെളിയുന്നുണ്ട്. ആയിരം കോടിക്ക് പകരം തൃശൂർ ജില്ലയിലെ പാല്യേക്കര ടോൾ പ്ലാസ്സയിലേതുപോലെ ആറായിരം കോടിയെങ്കിലും ജനങ്ങളിൽ നിന്ന് പിഴിഞ്ഞെടുക്കാനും അവസരം തുറന്നുവരുന്നു.

പൊതുമരാമത്ത് വകുപ്പിന്റെ നിലപാട്

ദേശീയ പാത അഥോറിറ്റിക്കാണ് തുരങ്ക നിർമ്മാണത്തിന്റെ ചുമതലയെന്നതുകൊണ്ട് പൊതുവെ പ്രശ്‌നങ്ങളിൽ കൈകഴുന്ന സമീപനമാണ് പൊതുമരാമത്ത് വകുപ്പിന്. കുതിരാനിവെ ധർമശാസ്താ ക്ഷേത്രം നിലനിർത്തുന്നതുമായി ബന്ധപ്പെട്ട തർക്കം ഉദാഹരണം. ക്ഷേത്രത്തെ ബാധിക്കുന്ന ഒന്നും ഉണ്ടാവില്ലെന്ന് മന്ത്രി ജി.സുധാകരൻ ഉറപ്പുനൽകിയിരുന്നു. ശ്രീധർമ്മ ശാസ്താ ക്ഷേത്ര ഭരണ സമിതിയും ഭക്തരും ചേർന്ന് ഹൈക്കോടതിയിൽ ഫയൽ ചെയ്ത കേസ്സിൽ വിഷയം വനം-പരിസ്ഥിതി വകുപ്പുമായി ചർച്ചയ്ക്കു വച്ചിരുന്നതാണ്. തുടർന്ന് നടന്ന ചർച്ചയിൽ തുരങ്കം നിലനിർത്തിക്കൊണ്ടുതന്നെ ക്ഷേത്രത്തിലേക്കുള്ള വഴിയും അനുവദിച്ചുകൊടുക്കുന്നതിൽ വനം-പരിസ്ഥിതി വകുപ്പുകൾക്കും എതിരഭിപ്രായമില്ല എന്ന് വ്യക്തമാക്കിയിട്ടുമുണ്ട്. ഇതു സംബന്ധിച്ച് ക്ഷേത്രം മാനേജിങ് ട്രസ്റ്റി ശ്രീ. ഷിംജിത്ത് 2017-ൽ സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് സമർപ്പിച്ച കത്തിന് പൊതുമരാമത്ത് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കൊടുത്ത മറുപടിയും വളരെ സ്പഷ്ടമാണ്. കേസിന് അനുബന്ധമായി കേരള ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്ന ഈ കത്തിൽ പറയുന്നതിങ്ങനെ:-

''വഴക്കുംപാറ മതൽ ഇരുമ്പുപാലം വരെയുള്ള തുരങ്ക നിർമ്മാണവും മണ്ണുത്തി മുതൽ വടക്കാഞ്ചേരി വരെയുള്ള ആറുവരിപ്പാതാ നിർമ്മാണവുമായി ബന്ധപ്പെട്ടിട്ടുള്ള എല്ലാ പ്രവർത്തികളും നടത്തുന്നത് ദേശീയ പാത അഥോറിറ്റിയാണ്. തുരങ്കനിർമ്മാണം പൂർത്തിയാകുന്നതോടെ ഭാരവണ്ടികളും ടാങ്കറുകളും തുരങ്കത്തിലൂടെയും അല്ലാത്ത വാഹനങ്ങൾ അമ്പലത്തിനു മുന്നിലൂടെയുള്ള റോഡിലൂടെ പഴയപടി തന്നേയും ഗതാഗതം നടത്തുന്നതിന്നാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഏകദേശം 8 കിലോമീറ്റർ ദൂരത്തിലുള്ള സഞ്ചാരം ഒഴിവാക്കി തുരങ്കത്തിലൂടെ ഏകദേശം 1 കിലോമീറ്റർ ദൂരം യാത്ര ചെയ്ത് ലക്ഷ്യസ്ഥാനത്തിലേക്ക് പോകാൻ സന്നദ്ധരായവർക്ക് തുരങ്കയാത്ര ഉപയോഗിക്കാമെന്നുമാണ് ദേശീയ പാത അധികൃതർ അറിയിച്ചിട്ടുള്ളത്.''

ഇതിൽനിന്നെല്ലാം വ്യക്തമാവുന്നത് വഴക്കുംപാറ മതൽ ഇരുമ്പുപാലം വരെയുള്ള തുരങ്ക നിർമ്മാണവും മണ്ണുത്തി മുതൽ വടക്കാഞ്ചേരി വരെയുള്ള ആറുവരിപ്പാതാ നിർമ്മാണവുമായി ബന്ധപ്പെട്ടിട്ടുള്ള എല്ലാ പ്രശ്‌നങ്ങൾക്കും ഉത്തരവാദികൾ ദേശീയ പാത അഥോറിറ്റിയും ബന്ധപ്പെട്ട കരാറുകാരുമാണെന്നാണ്. അതേസമയം നിലവിൽ എല്ലാ പ്രശ്‌നങ്ങളും സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റേയും ഇവിടുത്തെ ജനങ്ങളുടെയും ഇവിടെ സ്ഥിതിചെയ്യുന്ന കുതിരാൻ ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിന്റെയും തലയിൽ വച്ചുകെട്ടാനുള്ള ശ്രമമാണ് നാഷണൽ ഹൈവേ അഥോറിറ്റിയുടെയും കരാറുകാരുടെയും ഇപ്പോഴത്തെ ശ്രമം.

തുരങ്കം കൊണ്ട് എന്ത് പ്രയോജനം?

ഏതായാലും തുരങ്ക നിർമ്മാണം പൂർത്തിയാകുമ്പോൾ, രണ്ടുസമാന്തരപാതകൾ ഉണ്ടാകുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. ഒന്ന് കുതിരാൻ തുരങ്കം വഴിയും, മറ്റൊന്ന് നിലവിലുള്ള പാതയും. 2016 ജൂണിലാണ് കുതിരാൻ ഇരട്ട തുരങ്കത്തിന്റെ നിർമ്മാണം തുടങ്ങിയത്. തുരങ്കങ്ങൾ തുറക്കുമ്പോൾ അത് നാടിന് വലിയ വികസനം സാധ്യമാക്കുമെന്നാണ് കണക്കാക്കുന്നത്. അതേസമയം ഏറണാകുളത്തുനിന്ന് കോയമ്പത്തൂർക്ക് യാത്ര ചെയ്യുമ്പോൾ മൂന്നു കിലോമീറ്ററിന്റെ സമയലാഭം മാത്രമാണ് ഈ തുരങ്ക നിർമ്മാണം കൊണ്ട് ഉണ്ടാവുന്നതെന്നാണ് വിദഗ്ദ്ധർ പറയുന്നു..

തുരങ്ക നിർമ്മാണം എത്രകണ്ട് സുരക്ഷിതമാണെന്ന് ഇനിയും ഉറപ്പുവരുത്തേണ്ടതുണ്ട്. അടുത്തിടെ, മേൽപാലത്തിൽ വിള്ളൽ കണ്ടെത്തിയതും ആശങ്ക ഉയർത്തിയിരുന്നു. തുരങ്കത്തിനകത്ത് പലയിടത്തും ഇപ്പോഴും മലയിൽനിന്നുള്ള വെള്ളം ഒലിച്ചിറങ്ങുന്നുണ്ട്. അവിടെയെല്ലാം ഡ്രില്ല് ചെയ്ത് പൈപ്പിട്ടുവരികയാണ് അധികൃതർ. എന്നാൽ വേനൽക്കാലത്ത് ഇതാണ് സ്ഥിതിയെങ്കിൽ വർഷക്കാലത്ത് ഇതിൽ കൂടുതൽ വെള്ളം തുരങ്കത്തിനകത്തേക്ക് മലയിൽനിന്നു ഒലിച്ചിറങ്ങാനുള്ള സാധ്യത കൂടുതലാണ്. തുരങ്കങ്ങളുടെ സമീപത്ത് എപ്പോൾ വേണമെങ്കിലും താഴേക്കു ഇടിഞ്ഞുവീഴാൻ പാകത്തിൽ പാറക്കൂട്ടങ്ങൾ നിൽപ്പുണ്ട്. നിരന്തരമായി പാറ പൊട്ടിച്ചതിന്റെ ആഘാതത്തിൽ പാറക്കൂട്ടങ്ങളുടെ നില ഭദ്രമാണോ എന്നും ഉറപ്പുവരുത്തേണ്ടതുണ്ട്. അവിടവിടെ വന്മരങ്ങളും ആപൽക്കരമായി നിൽപ്പുണ്ട്. ഇതെല്ലാം പരിഹരിക്കാതെ തുരങ്കങ്ങൾ തുറന്നാൽ അതും അപകടം വരുത്തി വച്ചേക്കും.

എന്നാൽ കുതിരാൻ കയറ്റങ്ങളും വളവുകളും ദുരന്തങ്ങൾ ഉണ്ടാക്കുന്ന പശ്ചാത്തലത്തിലും വർഷക്കാലത്തെ മലയിടിച്ചലും കണക്കിലെടുക്കുമ്പോൾ കുതിരാൻ തുരങ്കങ്ങൾ അന്തിമമായി ഗതാഗതസൗകര്യം മെച്ചപ്പെടുത്തുമെന്നും പ്രതീക്ഷിക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP