Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202026Monday

പിഡബ്ല്യുഡിക്കും കെഡബ്ല്യുഎക്കും പദ്ധതിനൽകി ചെലവാക്കും മുമ്പ് 100 ശതമാനം സർട്ടിഫിക്കേറ്റ് നേടുക; രണ്ട് കോടിയുടെ ബജറ്റിൽ രണ്ട് കോടിയും ചെലവിട്ടു 100 ശതമാനം നേടുക; 10 കോടിയിൽ എട്ടുകോടി ചെലവാക്കി പരാജയപ്പെടുക; 152 ബ്ലോക്ക് പഞ്ചായത്തുകളിൽ 133ാം സ്ഥാനത്തേക്ക് രമ്യ ഹരിദാസിന്റെ ഭരണകാലത്ത് കുന്ദമംഗലം കൂപ്പുകുത്തിയെന്ന് പ്രചരിപ്പിക്കുന്ന സഖാക്കൾ വിവരം ഉള്ളവർ പറയുന്നത് കേൾക്കുക

പിഡബ്ല്യുഡിക്കും കെഡബ്ല്യുഎക്കും പദ്ധതിനൽകി ചെലവാക്കും മുമ്പ് 100 ശതമാനം സർട്ടിഫിക്കേറ്റ് നേടുക; രണ്ട് കോടിയുടെ ബജറ്റിൽ രണ്ട് കോടിയും ചെലവിട്ടു 100 ശതമാനം നേടുക; 10 കോടിയിൽ എട്ടുകോടി ചെലവാക്കി പരാജയപ്പെടുക; 152 ബ്ലോക്ക് പഞ്ചായത്തുകളിൽ 133ാം സ്ഥാനത്തേക്ക് രമ്യ ഹരിദാസിന്റെ ഭരണകാലത്ത് കുന്ദമംഗലം കൂപ്പുകുത്തിയെന്ന് പ്രചരിപ്പിക്കുന്ന സഖാക്കൾ വിവരം ഉള്ളവർ പറയുന്നത് കേൾക്കുക

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ആലത്തൂർ ലോക്‌സഭാ മണ്ഡലത്തിൽ മുമ്പെങ്ങും ഇല്ലാത്ത വിധത്തിൽ കടുത്ത മത്സരമാണ് ഇക്കുറി നടക്കുന്നത്. സിപിഎമ്മിന്റെ സിറ്റിങ് എംപി പി കെ ബിജു ഇടതു സ്ഥാനാർത്ഥിയായി രംഗത്തുള്ളപ്പോൾ മറുവശത്ത് യുഡിഎഫ് സ്ഥാനാർത്ഥിയായി കോൺഗ്രസിലെ പുതുമുഖം രമ്യ ഹരിദാസാണ് രംഗത്തുള്ളത്. രാഹുൽ ഗാന്ധി ടാലന്റ് ഹണ്ടിലൂടെ കണ്ടെടുത്ത രമ്യ ഹരിദാസിൽ മണ്ഡലത്തിൽ വിലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇതോടെ സൈബർ ലോകത്തും അവർക്കെതിരെ സഖാക്കൾ പ്രചരണം ആരംഭിച്ചു കഴിഞ്ഞു. ഇതിലൂടെ വ്യക്തമാകുന്ന കാര്യം ആലത്തൂരിൽ ശക്തമായ മത്സരം നടക്കുന്നു എന്നുതന്നെയാണ്.

പാട്ടുപാടിയും മികച്ച പ്രസംഗം നടത്തിയും രാഹുൽ ബ്രിഗേഡിലെ ചുറുചുറുക്കുമുള്ള വ്യക്തിയായും അറിയപ്പെടുന്ന രമ്യ ഹരിദാസിനെ പിന്തുണച്ച് വലിയ തോതിൽ സൈബർ ലോകത്തുള്ളവർ രംഗത്തുണ്ട്. ഏകതാ പരിഷത്തിന്റെ പ്രവർത്തകയായ രമ്യ ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ സേവനം അനുഷ്ടിക്കുകയും ചെയ്തിരുന്നു. ഇതുവഴി ഇന്ത്യയെ വ്യക്തമായി അറിയാവുന്ന ദളിത് വനിത സ്ഥാനാർത്ഥിയായിട്ടു കൂടി തെറ്റിദ്ധാരണ പരത്തും വിധമാണ് സൈബർ സഖാക്കൾ പ്രചരണം നടത്തുന്നത്.

കേരളത്തിൽ ആകെയുള്ള 152 ബ്ലോക്ക് പഞ്ചായത്തുകളിൽ കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം പഞ്ചായത്ത് ഫണ്ട് വിനിയോഗത്തിൽ 133ാം സ്ഥാനത്താണ് എന്നാണ് ഇക്കൂട്ടരുടെ പ്രചരണം. ഇത് രമ്യഹരിദാസിന്റെ ഭരണത്തിന്റെ പിടിപ്പുകേടായും സൈബർ സഖാക്കൾ ചൂണ്ടിക്കാട്ടുന്നു. മൂന്ന് വർഷവും അഞ്ച് മാസവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പദവിയിൽ ചിലവഴിച്ച രമ്യ ഭരണപരാജയമെന്ന് പറഞ്ഞാണ് ഇവരുടെ കണക്കു നിരത്തലുകൾ. ചിലവഴിക്കാതെ ലാപ്‌സായതിൽ പട്ടികജാതി- വർഗ്ഗ ക്ഷേമ ഫണ്ടുമുണ്ടെന്നും ഇക്കൂട്ടർ പ്രചരിപ്പിക്കുന്നു. അതേസമയം, ദീപാ നിശാന്ത് അടക്കമുള്ളവർ ഈ പ്രചരണം കൊഴുപ്പിക്കുമ്പോൾ ഇതിന്റെ വാസ്തവം എന്താണെന്ന് ആരെങ്കിലും പരിശോധിച്ചിട്ടുണ്ടോ?

സൈബർ സഖാക്കളുടെ പ്രചരണങ്ങളുടെ മുനഒടിക്കുന്നതാണ് ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥർക്ക് പരിശീലനം നല്കുന്ന മണ്ണുത്തിയിലെ കില സെന്ററിലെ ജീവനക്കാരന്റെ ഫേസ്‌ബുക്ക് കുറിപ്പ്. ബ്ലോക്ക് പഞ്ചായത്തിൽ പ്ലാൻ സെക്ഷൻ കൈകാര്യം ചെയ്തിട്ടുള്ള പരിചയ സമ്പത്തിന്റെ അടിസ്ഥാനത്തിലാണ് രാംദാസ് എന്ന വ്യക്തി പദ്ധതി ഫണ്ട് വിനിയോഗം കണക്കിലെ കള്ളത്തരങ്ങൾ എടുത്തുപറയുന്നത്. ബ്ലോക്ക് പഞ്ചായത്തിന് എങ്ങനെയാണ് ഫണ്ട് ലഭിക്കുന്നത് എന്നതും അതിന്റെ വിനിയോഗം എന്താണെന്നും പറഞ്ഞു കൊണ്ടാണ് രാംദാസിന്റെ പോസ്റ്റ്. ഉദ്യോഗസ്ഥരുടെ ഇടപെടലും അടക്കം അദ്ദേഹം എടുത്തുപറയുന്നു.

പദ്ധതി ഫണ്ട് വിനിയോഗത്തിന്റെ 100 ശതമാനം നേടുന്നതിന് പിന്നിലെ ഗിമിക്കുകളെ അക്കിമിട്ടു നിരത്തുകയാണ് രാംദാസ്. ഇടതു പ്രചരണങ്ങളുടെ മുനയൊടിക്കുന്നതാണ് അദ്ദേഹത്തിന്റെ വാക്കുകൾ. ഡെപ്പോസിറ്റ് വർക്കുകളുടെ പേരിലാണ് ഫണ്ട് വിനിയോഗത്തിൽ മുന്നിലെത്തുന്നതെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. ബ്ലോക്ക് പഞ്ചായത്ത് നേരിട്ട് പ്രവൃത്തി നിർവഹിക്കുന്നതിനു പകരം പിഡബ്ല്യുഡി, വാട്ടർ അഥോറിറ്റി തുടങ്ങിയ ഏജൻസികളെക്കൊണ്ട് ചെയ്യിക്കുകയാണ് ഇതിൽ പ്രധാനമായ ഒരു വഴി. ആ സാഹചര്യങ്ങളിൽ പണം അവർക്ക് കൈമാറിയാൽ തന്നെ പദ്ധതി വിഹിതം ചെലവായതായി കണക്കാക്കും. പ്രവൃത്തി അതാത് ഏജൻസി ടെൻഡർ വിളിച്ച് പിന്നീടായിരിക്കും നടത്തുന്നത്. പല പഞ്ചായത്തിലും സംഭവിക്കുന്നത് ഇതാണെന്ന് രാംദാസ് ചൂണ്ടിക്കാട്ടുന്നു.

മറ്റു പ്രവത്തികൾക്കുള്ള തുക സർക്കാർ അനുമതിയോടെ ഭവന നിർമ്മാണ പദ്ധതികൾക്ക് വകയിരുത്തുന്ന സന്ദർഭങ്ങളും ഉണ്ടാകാറുണ്. ഈ തുക പെട്ടന്നു ചെലവാകുന്നതാണെന്നും രാംദാസ് ചൂണ്ടിക്കാട്ടുന്നു. ഇത് കൂടാതെ, ഒരു ബ്ലോക്കിൽ എൻജിനീയറിങ് പ്രവൃത്തികൾ ആണ് കൂടുതലെങ്കിൽ പദ്ധതി പ്രവർത്തനങ്ങൾ അത്ര വേഗതയിലായിരിക്കില്ല. ഇ ടെൻഡറിംഗും സാങ്കേതിക പ്രശ്‌നങ്ങളും കാരണം പ്രവൃത്തികൾ തുടങ്ങുന്നത് തന്നെ വൈകി ആയിരിക്കും. ചിലത് ആ വർഷം പൂർത്തിയാവാതെ അടുത്ത വർഷത്തേക്ക് നീണ്ടു പോയെന്നും വരാം. അത്തരം പ്രവൃത്തികളെ സ്പിൽ ഓവർ പദ്ധതികളായി അടുത്ത വർഷവും തുടരാറുണ്ടെന്നും രാംദാസ് ചൂണ്ടിക്കാട്ടുന്നു.

ശതമാനക്കണക്കല്ല യഥാർത്ഥ വികസന രേഖയെന്നും അദ്ദേഹം എടുത്തു പറയുന്നു. 2 കോടി രൂപയുടെ ബഡ്ജറ്റിൽ 2 കോടി ചെലവഴിച്ചാൽ 100 ശതമാനം ആയി. പട്ടികയിൽ ഒന്നാം സ്ഥാനം കിട്ടും. 10 കോടിയുടെ ബഡ്ജറ്റിൽ 8 കോടി ചെലവഴിച്ചാൽ 80 % മാത്രമേ ആവുന്നുള്ളൂ. ഇതോടെ ഒരു പക്ഷേ 152 ആമത് ആവാനും സാധ്യതയുണ്ട്. അതായത് 50 ലക്ഷം ചെലവഴിച്ചാൽ ഒന്നാമതും 50 കോടി ചെലവഴിച്ചാൽ അവസാനവും എത്താൻ സാധ്യതയുള്ള ഒരു കണക്കിലെ കളിയാണ് 152 ൽ 138 ആക്കി നിർത്തുന്നതിനു പിന്നിലും ഉള്ളത്. 2 കോടിയുടെ ബഡ്ജറ്റ് ചെലവഴിക്കാനും 10 കോടിയുടെ ബഡ്ജറ്റ് ചെലവഴിക്കാനും ഒരേ ഉദ്യോഗസ്ഥ സംവിധാനം ആണുള്ളതെന്നതും പ്രസക്തമാണ്.- അദ്ദേഹം വ്യക്തമാക്കി.

സൈബർ പ്രചരണങ്ങളിലെ പൊള്ളത്തരം തുറന്നു കാണിക്കുന്ന രാംദാസിന്റെ കുറിപ്പ് ഇങ്ങനെയാണ്:

എങ്ങനെയാണ് ഒരു ബ്ലോക്ക് പഞ്ചായത്ത് 152 ൽ 138 -ാം സ്ഥാനത്ത് എത്തുന്നത്.

കഴിഞ്ഞ കുറച്ചു ദിവസമായി സാമൂഹിക മാധ്യമങ്ങളിൽ ഉയരുന്ന ഒരു വിഷയമാണ്. വിഷയങ്ങളെ ആധികാരികമായും അത്യാവശ്യം വസ്തുനിഷ്ഠമായും സമീപിച്ച് പ്രതികരിക്കുന്ന സെബിൻ പോലും പോസ്റ്റിൽ അത് ആവർത്തിച്ചതു കൊണ്ടും ദീപ നിശാന്തിനെപോലെ സാമൂഹ്യമാധ്യമങ്ങളിലെ താരം അത് ഷെയർ ചെയ്തതു കൊണ്ടും അതിന്റെ യാഥാർത്യം പലർക്കും മനസിലായിക്കാണില്ല എന്ന് തോന്നിയതുകൊണ്ടാണ് ഈ ഒരു കുറിപ്പ്.

ഞാൻ ഒരു ഗ്രാമ വികസന വകുപ്പ് ഉദ്യോഗസ്ഥനാണ്. ബ്ലോക്ക് പഞ്ചായത്തിൽ പ്ലാൻ സെക്ഷൻ കൈകാര്യം ചെയ്തിട്ടുമുണ്ട്. ഇതിന്റെ അനുഭവത്തിൽ നിന്നുള്ള കാര്യങ്ങളാണ് കുറിക്കുന്നത്. എന്റെ അനുഭവ പരിചയത്തിനപ്പുറത്തെ കാര്യങ്ങളും ഉണ്ട്. അതുകൊണ്ട് ഇത് ഈ വിഷയവുമായി ബന്ധപ്പെട്ട സമഗ്രമായ കുറിപ്പാണെന്ന് കരുതുകയും ചെയ്യരുത്.

ഒരു ബ്ലോക്ക് പഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം സ്വന്തമായി നികുതി പിരിക്കാൻ അവകാശമില്ലാത്തതുകൊണ്ട് പ്രധാന വരുമാനം എന്ന് പറയുന്നത് സർക്കാർ ബഡ്ജറ്റിൽ ഉൾപ്പെടുത്തി നൽകുന്ന ഫണ്ടാണ്. അത് തന്നെ എല്ലാ ബ്ലോക്ക് പഞ്ചായത്തിനും ഒരേ തുകയല്ല അനുവദിക്കുന്നത്. പലപ്പോഴും പോയ വർഷത്തെ അതേ തുകയോ അതിൽ നിന്നും 10% വർധിപ്പിച്ച തുകയോ ആണ് സർക്കാർ അനുവദിക്കുന്നത്. ഇത് മൂന്നു മേഖല തിരിച്ചാണ് ചെലവഴിക്കേണ്ടത്. ഉത്പാദന മേഖല, പാശ്ചാത്തല മേഖല, സേവന മേഖല എന്നിങ്ങനെ. ഓരോ മേഖലക്കും കുറഞ്ഞത് ഇത്ര ശതമാനം തുക നീക്കി വക്കണം എന്ന നിബന്ധനയുണ്ട്. കൂടാതെ ഓരോ മേഖലയിലും വീണ്ടും ജനറൽ, പട്ടിക ജാതി-വർഗം, വനിത-ശിശു-വയോജനങ്ങൾ എന്നിങ്ങനെ ഉപ വർഗീകരണങ്ങളും ഉണ്ട്. അതൊക്കെ കണക്കിലെടുത്താണ് അനുവദിച്ച തുക കൊണ്ട് പദ്ധതി രേഖ ഉണ്ടാക്കുന്നത്.

ഇനി ആരൊക്കെയാണ് ഈ തുക ചെലവഴിക്കുന്നതെന്ന് നോക്കാം. ബ്ലോക്ക് പഞ്ചായത്തിൽ നിരവധി നിർവഹണ ഉദ്യോഗസ്ഥരുണ്ട്. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയെ കൂടാതെ, എൻജിനീയറിങ് പ്രവൃത്തികൾക്കായി അസി. എക്‌സിക്യുട്ടീവ് എൻജിനീയർ, കാർഷിക മേഖലയിലെ പ്രവൃത്തികൾക്കായി കൃഷി അസി. ഡയറക്ടർ, പിന്നെ സാമൂഹികാരോഗ്യ കേന്ദ്രം സൂപ്രണ്ട്, ക്ഷീര വികസന ഓഫീസർ, പട്ടികജാതി വികസന ഓഫീസർ, വനിത-ശിശു മേഖലയിലെ പ്രവർത്തനങ്ങൾക്കായി CDPO അങ്ങനെ നിരവധി ഓഫീസർമാരാണ് ഒരു ബ്ലോക്ക് പഞ്ചായത്തിലെ പ്രവർത്തനങ്ങൾ നിർവഹിക്കേണ്ടത്.

ഇനി പദ്ധതി പ്രവർത്തനങ്ങളിൽ മുന്നിലെത്തുന്നതിനുള്ള ചില കുറുക്കു വഴികൾ കൂടി പറയാം.
1. ഡെപോസിറ്റ് വർക്ക് എന്നൊരു പരിപാടിയുണ്ട്. അതായത് ബ്ലോക്ക് നേരിട്ട് പ്രവൃത്തി നിർവഹിക്കുന്നതിനു പകരം PWD, വാട്ടർ അഥോറിറ്റി തുടങ്ങിയ ഏജൻസികളെക്കൊണ്ട് ചെയ്യിക്കുക. ആ സാഹചര്യങ്ങളിൽ പണം അവർക്ക് കൈമാറിയാൽ തന്നെ പദ്ധതി വിഹിതം ചെലവായതായി കണക്കാക്കും. പ്രവൃത്തി അതാത് ഏജൻസി ടെൻഡർ വിളിച്ച് പിന്നീടായിരിക്കും നടത്തുന്നത്.

2. മറ്റു പ്രവത്തികൾക്കുള്ള തുക സർക്കാർ അനുമതിയോടെ ഭവന നിർമ്മാണ പദ്ധതികൾക്ക് വകയിരുത്തുന്ന സന്ദർഭങ്ങളുണ്ട്. തുക പെട്ടെന്ന് തന്നെ ചെലവാകും.
3. ഒരു ബ്ലോക്കിൽ എൻജിനീയറിങ് പ്രവൃത്തികൾ ആണ് കൂടുതലെങ്കിൽ പദ്ധതി പ്രവർത്തനങ്ങൾ അത്ര വേഗതയിലായിരിക്കില്ല. ഇ ടെൻഡറിംഗും സാങ്കേതിക പ്രശ്‌നങ്ങളും കാരണം പ്രവൃത്തി കളി ഡ തുടങ്ങുന്നത് തന്നെ വൈകി ആയിരിക്കും. ചിലത് ആ വർഷം പൂർത്തിയാവാതെ അടുത്ത വർഷത്തേക്ക് നീണ്ടു പോയെന്നും വരാം. അത്തരം പ്രവൃത്തികളെ സ്പിൽ ഓവർ പദ്ധതികളായി അടുത്ത വർഷവും തുടരാറുണ്ട്.

ഇനി ഈപ്രവർത്തനങ്ങളിൽ ഭരണ സമിതിയുടേയും നിർവഹണ ഉദ്യോഗസ്ഥരുടേയും റോൾ.

നിർവഹണം പൂർണ്ണമായും നിർവഹണ ഉദ്യോഗസ്ഥരാണ് ചെയ്യുന്നത്. പദ്ധതി രൂപകൽപനയും മോണിറ്ററിംഗും അനുമതികളും ആണ് ഭരണസമിതിയുടെ ചുമതലകളായി വരുന്നത്. പദ്ധതി നിർവഹണം വൈകുന്നതിന് പല കാരണങ്ങളുണ്ട്. പദ്ധതി രൂപീകരണത്തിൽ വരുന്ന പിഴവ്. പ്രായോഗികമല്ലാത്ത പ്രവൃത്തികൾ പദ്ധതി രേഖയിൽ ഉൾപെട്ടാൽ അവ പൂർത്തീകരിക്കാൻ കഴിയില്ല. എന്നാലും അവ മാറ്റി പുതിയ പ്രവൃത്തികളാക്കാൻ കഴിയമെന്നതിനാൽ അത് അത്ര ബാധിക്കില്ല. അടുത്തത് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുള്ള വൈകൽ. പ്രധാനമായും പദ്ദതികൾ വൈകുന്നത് അവിടെയാണ്. ഭരണസമിതിയുടെ നിർദ്ദേശങ്ങൾ വില കൽപിക്കാതെ പ്രവർത്തിക്കുന്ന നിരവധി ഉദ്യോഗസ്ഥരുണ്ട്. പലപ്പോഴും ഭരണസമിതി അവിടെ നിസഹായരാണ്. ഉദ്യോഗസ്ഥർക്ക് പ്രവൃത്തികൾ വൈകിക്കാൻ നിയമത്തിനുള്ളിൽ നിന്നു കൊണ്ടു തന്നെ കഴിയും. അത്തരം ഉദ്യോഗസ്ഥരെ മാറ്റാൻ സംസ്ഥാന ഭരണം കൈയിലുണ്ടെങ്കിൽ എളുപ്പം കഴിയും. എന്നാണ് മറിച്ചാണെങ്കിൽ ബുദ്ധിമുട്ടാണ്. ഭരണസമിതിയുമായി യോജിച്ചു പോകുന്ന ഉദ്യോഗസ്ഥരാണ് യഥാർത്ഥത്തിൽ പ്രവർത്തന മികവിന്റെ ആണിക്കല്ല്.

അടുത്തതായി എൻജിനീയറിങ് പ്രവൃത്തികളുടെ ടെൻഡർ നടപടികൾ നീളുന്നത് പ്രവൃത്തിയുടെ പുരോഗതി മന്ദീഭവിക്കുന്നതിന് കാരണമാകാറുണ്ട്. ഞാൻ ആ സെക്ഷൻ കൈകാര്യം ചെയ്യുന്ന സമയത്ത് തൃശൂർ-ആലത്തൂർ എം പി മാരുടെ മണ്ഡലങ്ങളിലെ NCFRW പ്രവൃത്തികൾ മൂന്നും നാലും തവണ ടെൻഡർ വിളിച്ചിട്ടും ആരും എടുക്കാത്ത സാഹചര്യം ഉണ്ടായിരുന്നു. റീ ടെൻഡർ നടപടികൾ ശരിക്കും സമയം നാട്ടിക തന്നെ ചെയ്യും. പിന്നെ പ്രവർത്തനങ്ങൾ നടത്തുന്നതിനിടയിൽ ഉണ്ടാവുന്ന ഭൗതിക തടസങ്ങളും അതിനൊരു കാരണമാണ്. പ്രത്യേകിച്ച് വയനാട് കാസർഗോഡ് ഇടുക്കി അട്ടപ്പാടി മുതലായ മേഖലകളിലെ ഭൗതിക-ഭൂമി ശാസ്ത്ര സാഹചര്യങ്ങളും പദ്ധതി പുരോഗതിക്ക് തടസമാവാറുണ്ട്.

ഇതിനെല്ലാം ഉത്തരവാദി ആ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആണെന്ന് പറയുന്നവർ ഒന്ന് മനസിലാക്കുക. ഈ ശതമാനക്കണക്കല്ല യഥാർത്ഥ വികസന രേഖ. 2 കോടി രൂപയുടെ ബഡ്ജറ്റിൽ 2 കോടി ചെലവഴിച്ചാൽ 100 ശതമാനം ആയി. പട്ടികയിൽ ഒന്നാം സ്ഥാനം കിട്ടും. 10 കോടിയുടെ ബഡ്ജറ്റിൽ 8 കോടി ചെലവഴിച്ചാൽ 80 % മാത്രമേ ആവുന്നുള്ളൂ. ഒരു പക്ഷേ 152 ആമത് ആവാനും സാധ്യതയുണ്ട്. അതായത് 50 ലക്ഷം ചെലവഴിച്ചാൽ ഒന്നാമതും 50 കോടി ചെലവഴിച്ചാൽ അവസാനവും എത്താൻ സാധ്യതയുള്ള ഒരു കണക്കിലെ കളിയാണ് 152 ൽ 138 ആക്കി നിർത്തുന്നതിനു പിന്നിലും ഉള്ളത്. 2 കോടിയുടെ ബഡ്ജറ്റ് ചെലവഴിക്കാനും 10 കോടിയുടെ ബഡ്ജറ്റ് ചെലവഴിക്കാനും ഒരേ ഉദ്യോഗസ്ഥ സംവിധാനം ആണുള്ളതെന്നതും പ്രസക്തമാണ്.

കണക്കുകളിലല്ല, ജനങ്ങളുടെ കണ്ണിലാണ് ഒരു ഭരണസമിതി മുന്നിലും പിന്നിലും ആവുന്നത്. കണക്കുകൾ എങ്ങനെ വേണമെങ്കിലും ഉണ്ടാക്കാവുന്നതാണ്. ഒരു എംപി 1750 കോടിയുടെ വികസനം കൊണ്ടു വന്നു എന്നൊക്കെ പറയുന്നത് കണ്ടു. ആ നില നോക്കിയാൽ ഭരണസമിതികളും അത് ചെയ്യുന്നുണ്ട്. ബഡ്ജറ്റ് അല്ലെങ്കിൽ പദ്ധതി രേഖ എന്നത് തന്നെ അതാണല്ലോ. പാലക്കാട് കോച്ച് ഫാക്ടറിയുടെ കാര്യം ഓർക്കാം. അത് നടപ്പാവാത്തത് ആരുടെ പ്രവർത്തനകുറവു കൊണ്ടാണ്. എം. പി. വികസനം കൊണ്ടു വരുന്നു എന്ന് പറയുന്നത് സർക്കാർ പദ്ധതികളിലൂടെ ആണ്. അല്ലാതെ ഒരു ജനപ്രതിനിധിയും സ്വന്തം പോക്കറ്റിൽ നിന്ന് ഒരു വികസനവും കൊണ്ടു വരുന്നില്ല.( 5 വർഷം കൂടുമ്പോൾ മത്സരിക്കാൻ അവർ നാമനിർദ്ദേശം കൊടുക്കുമ്പോൾ സ്വത്ത് വിവരത്തിൽ വരുന്ന വികസനമല്ല ഉദ്ദേശിച്ചത്.)

Out come, out put എന്നിവ എന്താണെന്ന് അറിയാത്തവരല്ല ആരും. പക്ഷേ അറിയില്ല എന്ന് നടിക്കുകയേ ഉള്ളൂ. ഒരാളെ കഴിവില്ലാത്തവളായി കാണിക്കാൻ ഇത്തരം കണക്കുകളിലെ അക്കങ്ങൾ കൊണ്ട് കഴിഞ്ഞാലും അവരുടെ കഴിവിനെ ഇല്ലാതാക്കാൻ അതിനാവില്ല എന്നതാണ് യാഥാർത്യം.

അവസാനമായി ഒരു കാര്യം കൂടെ. ഈ സ്ഥിതി വിവര കണക്കെടുക്കുന്നവർ ഒന്ന് കൂടെ എടുത്തു നോക്കുക. കഴിഞ്ഞ മൂന്നു വർഷങ്ങളിൽ കേന്ദ്ര-സംസ്ഥാന സർക്കാർ ബഡ്ജറ്റിൽ വികസന പ്രവർത്തനങ്ങൾക്കായി എത്ര തുക അലോകേറ്റ് ചെയ്തു എന്നും യഥാർത്ഥത്തിൽ എത്ര ശതമാനം തുക ചെലവഴിച്ചു എന്നും. അവസാനമായി ഒന്നുകൂടെ പറഞ്ഞ് നിർത്താം. വികസനം എന്നത് തുക ചെലവഴിച്ചതിന്റെ സ്റ്റേറ്റ്‌മെന്റിൽ അല്ല അവിടത്തെ ജനങ്ങളുടെ ജീവിതനിലവാരത്തിൽ അവർക്കുള്ള സംതൃപ്തിയിലാണ് തെളിയുക. കണക്കിൽ 138-ാം സ്ഥാനത്തുള്ള പ്രദേശത്തെ ജനങ്ങൾ പറയട്ടെ തങ്ങൾ 137 ബ്ലോക്കുകളേക്കാൾ അസംതൃപ്തരാണെന്ന്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP