Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202117Sunday

ടിപിയെ കൊടി സുനിയും കിർമ്മാണി മനോജും വെട്ടിവീഴ്‌ത്തുന്ന സ്‌കെച്ച് വരച്ച ക്രൂരത; സോഷ്യലിസത്തിനും പരിവാറിനും ചോര കൊണ്ട് മറുപടി നൽകി പാനൂരിൽ വിപ്ലവം നിറച്ച സഖാവ്; എതിരാളികളെ അരിഞ്ഞു വീഴ്‌ത്തി കുന്നോത്തുപറമ്പിലെ കരുത്തനായ പഴയ ലോക്കൽ സെക്രട്ടറി; പാർട്ടി ഗൂഢാലോചനകൾ രഹസ്യമാക്കിയ വിശ്വസ്തൻ; കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ ക്രിമിനലിന് കൊറോണക്കാലത്ത് സിപിഎം നൽകുക വിരോചിത യാത്ര അയപ്പ്; കുഞ്ഞനന്തന്റെ മരണത്തിലൂടെ സിപിഎമ്മിന് ഒഴിവാകുന്നത് വലിയ തലവേദന

ടിപിയെ കൊടി സുനിയും കിർമ്മാണി മനോജും വെട്ടിവീഴ്‌ത്തുന്ന സ്‌കെച്ച് വരച്ച ക്രൂരത; സോഷ്യലിസത്തിനും പരിവാറിനും ചോര കൊണ്ട് മറുപടി നൽകി പാനൂരിൽ വിപ്ലവം നിറച്ച സഖാവ്; എതിരാളികളെ അരിഞ്ഞു വീഴ്‌ത്തി കുന്നോത്തുപറമ്പിലെ കരുത്തനായ പഴയ ലോക്കൽ സെക്രട്ടറി; പാർട്ടി ഗൂഢാലോചനകൾ രഹസ്യമാക്കിയ വിശ്വസ്തൻ; കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ ക്രിമിനലിന് കൊറോണക്കാലത്ത് സിപിഎം നൽകുക വിരോചിത യാത്ര അയപ്പ്; കുഞ്ഞനന്തന്റെ മരണത്തിലൂടെ സിപിഎമ്മിന് ഒഴിവാകുന്നത് വലിയ തലവേദന

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മലയാളിക്ക് ടിപി ചന്ദ്രശേഖരൻ കൊലക്കേസിലെ പ്രധാന പ്രതിയാണ് പികെ കുഞ്ഞനന്തൻ. എന്നാൽ സിപിഎമ്മിന് രക്തസാക്ഷിയും. കോടതി കുറ്റക്കാരനെന്ന് വിധിച്ചിട്ടും സിപിഎമ്മിന് കണ്ണൂർ രാഷ്ട്രീയത്തിലെ ക്രൂരതയുടെ മുഖമായ കുഞ്ഞനന്തൻ പ്രിയപ്പെട്ടവനാണ്. രാഷ്ട്രീയ ക്രിമിനലുകളിൽ ക്വട്ടേഷൻ സംഘത്തെ നിയന്ത്രിച്ച കുഞ്ഞനന്തൻ. സ്‌കെച്ച് വരച്ച് ആരേയും വകവരുത്തുന്നതിൽ വിരുതൻ. ക്വട്ടേഷൻ കൊടുക്കുന്നവരെ ഒറ്റാത്ത വിശ്വസ്തൻ. മലയാളിയെ ഏറെ കരയിച്ച 51 വെട്ടിന് പിന്നിലെ യഥാർത്ഥ വില്ലനാണ് കുഞ്ഞനന്തൻ. എന്നാൽ കൊറോണക്കാലത്ത് കുഞ്ഞനന്തൻ മരിക്കുമ്പോഴും സിപിഎം കൊലയാളിക്കൊപ്പമാണ്.

ടിപി കേസിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന ആവശ്യം ഇപ്പോഴും സജീവമാണ്. സിബിഐയെ കൊണ്ട് ഇത് അന്വേഷിച്ചാലും ഇനി ഗൂഢാലോചന പുറം ലോകത്ത് എത്തില്ല. ടിപിയെ വെട്ടി വീഴ്‌ത്തിയ കിർമ്മാണി മനോജിനും കൊടി സുനിക്കും പിന്നെ ഗൂഡാലോചകർക്കും ഇടയിലെ പ്രധാന കണ്ണി കുഞ്ഞനന്തനായിരുന്നു. അതുകൊണ്ട് തന്നെ ഇനി ഗൂഢാലോചന അന്വേഷിക്കുക അസാധ്യവും. ഒരിക്കലും ആരോടും പറയാത്ത കുഞ്ഞനന്തന്റെ മനസ്സിലെ രഹസ്യം ഇനി ആർക്കും ചൂഴ്‌ന്നെടുക്കാനാകില്ല. അങ്ങനെ ടിപി കേസിലെ അന്വേഷണ സാധ്യതകളും കുഞ്ഞനന്തന്റെ മരണത്തോടെ ഇല്ലാതാവുകയാണ്. ഇത് സിപിഎമ്മിനും ആശ്വാസമാകും.

മുതിർന്ന സിപിഐ (എം) നേതാവും പാനൂർ ഏരിയ കമ്മിറ്റിയംഗവുമായ പി.കെ. കുഞ്ഞനന്തൻ അന്തരിച്ചുവെന്നാണ് പാർട്ടി തന്നെ പറയുന്നത്. അവർ ടിപിയെ കൊന്ന കേസ് മനപ്പൂർവ്വം മറക്കുന്നു. തിരുവനന്തപുരം മെഡി.കോളജിൽ ഇന്നലെ രാത്രി ഒമ്പതോടെയായിരുന്നു അന്ത്യം. 73 വയസായിരുന്നു. കഴിഞ്ഞ രണ്ടു വർഷത്തിലേറെയായി ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ 8 മണി മുതൽ 9 മണി വരെ സിപിഐ (എം) ഏരിയ കമ്മിറ്റി ഓഫീസായ രാജു മാസ്റ്റർ സ്മാരക മന്ദിരത്തിൽ പൊതുദർശനത്തിന് വെക്കും. 9.30 മുതൽ 11 മണി വരെ പാറാട് ടൗണിലും തുടർന്ന് 12 മണിക്ക് വീട്ടു വളപ്പിൽ സംസ്‌കരിക്കും. കൊറോണക്കാലത്ത് പൊതുദർശനങ്ങൾക്ക് വിലക്കുണ്ട്. പക്ഷേ കണ്ണൂരിലും പാനൂരിലും കുഞ്ഞനന്തന് വേണ്ടി പാർട്ടി എന്തും ചെയ്യും. ആളുകൾ കോവിഡ് മാനദണ്ഡം മറികടന്ന് എത്തിയാലും ഒന്നും ചെയ്യില്ല. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊറോണ വ്യാപനമുള്ള കണ്ണൂർ അങ്ങനെ കുഞ്ഞനന്തന് വിട നൽകാൻ ഒരുങ്ങുകയാണ്.

ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞിരുന്ന കുഞ്ഞനന്തൻ ചികിത്സാർത്ഥം ജാമ്യത്തിലായിരുന്നു. മൂന്ന് മാസത്തേക്കാണ് ഹൈക്കോടതി കുഞ്ഞനന്തന് ജാമ്യം അനുവദിച്ചിരുന്നത്. വിദഗ്ധ ചികിത്സ ആവശ്യമാണെന്ന മെഡിക്കൽ ബോർഡ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു് ജാമ്യം. ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ 13-ാം പ്രതിയാണ് പി.കെ കുഞ്ഞനന്തൻ. ടി.പി വധവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിലാണ് പി.കെ കുഞ്ഞനന്തനെ വിചാരണക്കോടതി ശിക്ഷിച്ചത്. ജീവപര്യന്തം തടവും 1 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. പിണറായി സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ ടി.പി കേസ് പ്രതികൾക്ക് ഇഷ്ടം പോലെ പരോൾ അനുവദിക്കപ്പെട്ടത് വിവാദമായിരുന്നു. അതിൽ ഏറ്റവും അധികം പരോൾ ദിവസങ്ങൾ അനുവദിക്കപ്പെട്ടതും കുഞ്ഞനന്തനാണ്. ഇത് ഏറെ വിവാദമായിരുന്നു. ഇതിനിടെ ഏര്യാ കമ്മറ്റി സമ്മേളനത്തിൽ പോലും പരോളിലെത്തിയ കുഞ്ഞനന്തൻ പങ്കെടുത്തു.

ആരോഗ്യപരമായ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. ജയിലിലെ ചികിത്സ ഫലപ്രദമാകുന്നില്ലെന്നും കുഞ്ഞനന്തൻ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. 2014 ജനുവരി 24 നാണ് ഗൂഢാലോചന കേസിൽ പി.കെ കുഞ്ഞനന്തനെ വിചാരണക്കോടതി ശിക്ഷിച്ചത്. ജാമ്യത്തിനായി കുഞ്ഞനന്തൻ വാദിച്ചത് അസുഖ കാരണങ്ങൾ പറഞ്ഞാണ്. അത് ശരിയാണെന്ന് മരണം ചർച്ചയാക്കുന്നു. അതുകൊണ്ടാണ് രക്തസാക്ഷി പരിവേഷവുമായി കുഞ്ഞനന്തന് അന്ത്യയാത്ര ഒരുക്കാൻ സിപിഎം തയ്യാറെടുക്കുന്നത്. ഇല്ലാ... ഇല്ല... മരിക്കില്ല... ജീവിക്കും ഞങ്ങളിലൂടെ... എന്ന സിപിഎം മുദ്രാവാക്യം വീണ്ടും കണ്ണൂരിൽ ഇന്ന് മുഴങ്ങും. അതാണ് കണ്ണൂർ രാഷ്ട്രീയത്തിലെ ക്രിമിനലിസത്തിന് പുതിയ മാനം നൽകിയ കുഞ്ഞനന്തന്റെ പാർട്ടിയിലെ രാഷ്ട്രീയ കരുത്ത്.

കുഞ്ഞനന്തന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അഗാധമായ ദുഃഖം രേഖപ്പെടുത്തിയിരുന്നു. പാർട്ടിയെ അകമഴിഞ്ഞ് സ്‌നേഹിക്കുകയും പാർട്ടി പ്രവർത്തകരോടും സമൂഹത്തോടും കരുതൽ കാണിക്കുകയും ചെയ്ത സഖാവാണ് കുഞ്ഞനന്തൻ. പൊതു പ്രവർത്തകൻ എന്ന നിലയിൽ സമൂഹത്തിന്റെ അംഗീകാരം ഏറ്റുവാങ്ങിയ അദ്ദേഹം പാനൂർ മേഖലയിലെ എല്ലാ വിഭാഗം ജനങ്ങളാലും ആദരിക്കപ്പെട്ടു. സന്തപ്ത കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നതായി മുഖ്യമന്ത്രി പറഞ്ഞു. അതായതുകൊലക്കേസ് പ്രതിയെ കുറിച്ച് മുഖ്യമന്ത്രി നടത്തിയ അനുസ്മരണമാണ് ഇത്. കോടതി വിധിയെ ഈ ഘട്ടത്തിലും കുഞ്ഞനന്തന്റെ കാര്യത്തിൽ പാർട്ടി അംഗീകരിക്കുന്നില്ല.

കുഞ്ഞനന്തൻ നിര്യാതനായ വാർത്ത ദുഃഖിപ്പിക്കുന്നതെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറയുന്നു. യുഡിഎഫ് കാലത്തെ ഭരണകൂട ഭീകരതയുടെ രക്തസാക്ഷിയാണ് കുഞ്ഞനന്തനെന്നും അദ്ദേഹത്തെ കേസിൽ കുടുക്കുകയായിരുന്നുവെന്നും കോടിയേരി പറഞ്ഞു. പാനൂർ ഏരിയയിൽ നിറഞ്ഞു നിന്ന് പ്രവർത്തിച്ച നിർഭയനായ ഒരു പോരാളിയായിരുന്നു കുഞ്ഞനന്തനെന്നും കോടിയേരി ഫേസ്‌ബുക്ക് കുറിപ്പിൽ പറഞ്ഞു. എന്നാൽ കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ ക്രിമിനലായിരുന്നു കുഞ്ഞനന്തൻ എന്നതാണ് കേരളം ചർച്ച ചെയ്ത മറ്റൊരു വസ്തുത.

ഒരു കാലത്ത് പാർട്ടി ദുർബ്ബലമായിരുന്ന പാനൂരിലെ സിപിഎമ്മിനെ ഈ മേഖലയിൽ വളർത്തിയത് കുഞ്ഞനന്തനായിരുന്നു. ഇതിന് വേണ്ടി രാഷ്ട്രീയ എതിരാളികളെ ഉന്നം വച്ചു. പല പാർട്ടി രഹസ്യങ്ങളും കുഞ്ഞനന്തന് അറിയാമായിരുന്നു. ടിപി കേസിലെ ഗൂഢാലോചന പോലും. ടിപി കേസിൽ പതിമൂന്നാം പ്രതിയായി ശിക്ഷിക്കപ്പെട്ട ശേഷവും പാർട്ടിപദവികളിൽ നിന്ന് ഒഴിവാക്കാതെ സിപിഎം കുഞ്ഞനന്തനോട് അനുഭാവം കാണിച്ചത് രഹസ്യങ്ങളുടെ കലവറ പുറത്തു വരാതിരിക്കാനായിരുന്നു. കമ്യൂണിസ്റ്റ് പാർട്ടി ജനസംഘവുമായും സോഷ്യലിസ്റ്റുകളുമായും നിരന്തരം ഏറ്റുമുട്ടിയിരുന്ന പാനൂരായിരുന്നു പികെ കുഞ്ഞനന്തന്റെ തട്ടകം. പാർട്ടി ദുർബ്ബലമായിരുന്ന പ്രദേശത്ത് അണികളെ സംരക്ഷിക്കാൻ വേണ്ടി നടത്തിയ അടികളും തിരിച്ചടികളുമാണ് കുഞ്ഞനന്തനെ രാഷ്ട്രീയ കരുത്തനാക്കിയത്.

പ്രദേശത്തെ പ്രശ്‌നപരിഹാരങ്ങളിൽ മധ്യസ്ഥനായി മാറിയ കുഞ്ഞനന്തൻ പിന്നീട് പാർട്ടിയുടെ ഏരിയ കമ്മിറ്റി അംഗമായി വളർന്നു. പിന്നീട് രാഷ്ട്രീയ അക്രമങ്ങളുടെ സൂത്രധാരനായി. പിഴക്കാത്ത ചുവടുകളുമായി കുഞ്ഞനന്തൻ പാനൂരിലെ പ്രധാനിയായി. കണ്ണൂർ നേതാക്കളുമായി അടുത്ത ബന്ധം സ്ഥാപിച്ചു. പിആർ കുറുപ്പ് യുഗത്തിന് ശേഷം പാനൂരിൽ ആർഎസ്എസ്സും ബിജെപിയും ശക്തി പ്രാപിച്ചതോടെ സിപിഎമ്മുമായുള്ള രാഷ്ട്രീയ സംഘട്ടനങ്ങളും മൂർച്ഛിച്ചു. അപ്പോഴൊക്കെ കുഞ്ഞനന്തനെയാണ് പാർട്ടി ആശ്രയിച്ചത്. സിപിഎം തന്നെയാണ് ടിപി വധത്തിന് പിന്നിലെന്ന ആരോപണം ശക്തമാക്കിയതും ഗൂഢാലോചനയിലെ കുഞ്ഞനന്തന്റെ പങ്ക് കാരണം തന്നെ. പക്ഷേ, സിപിഎം കുഞ്ഞനന്തനെ കുറ്റവാളിയായി കണ്ടില്ല. മറ്റു രണ്ട് പ്രാദേശിക നേതാക്കളെ പാർട്ടി പുറത്താക്കിയെങ്കിലും, കുഞ്ഞനന്തനെ പാർട്ടി ഏരിയാകമ്മറ്റിയിൽ നിലനിർത്തി. പാർട്ടി സമ്മേളനത്തിൽ പങ്കെടുക്കാൻ കുഞ്ഞനന്തൻ പരോളിറങ്ങിയെത്തി.

കുഞ്ഞനന്തൻ വീണ്ടും വിവാദകേന്ദ്രമാകുന്നത് പിണറായി സർക്കാർ നിരന്തരം പരോളുകൾ നൽകിയപ്പോഴാണ്. 2018-ൽ മാത്രം കുഞ്ഞനന്തൻ 200 ദിവസത്തിലേറെ ജയിലിന് പുറത്ത് കഴിഞ്ഞു. 70 വയസ്സ് കഴിഞ്ഞവർക്കുള്ള പരിഗണന നൽകി വിട്ടയക്കാൻ സർക്കാർ ശ്രമിച്ചിരുന്നു. ഗവർണർ അനുമതി നൽകിയില്ല. ഒടുവിൽ മെഡിക്കൽ ബോർഡിന്റെ ശുപാർശ പരിഗണിച്ച് ഇക്കഴിഞ്ഞ മാർച്ചിൽ കുഞ്ഞനന്തന് ശിക്ഷായിളവ് നൽകിയ ഹൈക്കോടതി ചികിത്സയ്ക്കായി ജാമ്യം അനുവദിക്കുകയായിരുന്നു. കേരളത്തിന്റെ സമീപകാല ചരിത്രത്തിൽ കുഞ്ഞനന്തനെപ്പോലെ ശ്രദ്ധാകേന്ദ്രമായ മറ്റൊരു രാഷ്ട്രീയ കുറ്റവാളിയുമില്ല. കൊടി സുനിയും ക്രിമാണി മനോജുമാണ് ടിപിയെ വെട്ടിയതെങ്കിലും ഈ വാളിന് പിന്നിലെ ബുദ്ധി കുഞ്ഞനന്തന്റേതായിരുന്നു.

അസുഖത്തെത്തുടർന്ന് കഴിഞ്ഞവർഷം ജനുവരി 14 മുതൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അസുഖം മൂർച്ഛിച്ചതിനെത്തുടർന്ന് ഞായറാഴ്ച രാവിലെ ഐസിയുവിലേക്ക് മാറ്റി. വ്യാഴാഴ്ച രാത്രി ഒമ്പതോടെ മരണം സംഭവിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രിയിലെത്തി കുഞ്ഞനന്തനെ സന്ദർശിച്ചിരുന്നു. സിപിഎം ഏരിയാ കമ്മിറ്റി അംഗമാണ്. ജയിലിലായിരിക്കുമ്പോഴും ഏരിയാ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കുകയായിരുന്നു. ചന്ദ്രശേഖരനെ കൊല ചെയ്ത സംഭവത്തിൽ കുഞ്ഞനന്തന് പങ്കില്ലെന്ന നിലപാടാണ് സിപിഎം നേതൃത്വം സ്വീകരിച്ചത്. ടി.പി. വധത്തിനു ശേഷം അന്വേഷണം ഊർജിതമായതോടെ മൈസൂർ, ബെംഗളൂരു, ബൽഗാം തുടങ്ങിയ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞു.

2012 ജൂലൈ 23ന് വടകര മജിസ്ട്രേട്ട് കോടതിയിലെത്തി കുഞ്ഞനന്തൻ കീഴടങ്ങി. 15 വർഷത്തോളം കുന്നോത്തുപറമ്പ് ലോക്കൽ സെക്രട്ടറിയായി പ്രവർത്തിച്ചു. ഭാര്യ- ശാന്ത, മക്കൾ- ഷബ്ന (അദ്ധ്യാപിക, കണ്ണങ്കോട് യു.പി സ്‌കൂൾ), ഷെറിൽ (ഖത്തർ), മരുമക്കൾ- മനോഹരൻ, നവ്യ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP