Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202307Thursday

സൈബർ സഖാക്കളുടെ ബഹിഷ്‌ക്കരണ ആഹ്വാനം തള്ളി തീയ്യറ്ററിലേക്ക് ഇരച്ചു കയറി പ്രേക്ഷകർ; ദേവദൂതർ.. പാട്ടു നൽകിയ ഹൈപ്പിനൊപ്പം പരസ്യ വിവാദങ്ങൾ കൂടിയായപ്പോൾ 'ന്നാ താൻ കേസ് കൊട്' വമ്പൻ ഹിറ്റ്; കുഞ്ചാക്കോ ബോബന്റെ ഏറ്റവും വലിയ കളക്ഷൻ നേടുന്ന ചിത്രം; ഏറ്റവും ഉയർന്ന ആദ്യ ദിന കളക്ഷൻ നേടി ചിത്രം

സൈബർ സഖാക്കളുടെ ബഹിഷ്‌ക്കരണ ആഹ്വാനം തള്ളി തീയ്യറ്ററിലേക്ക് ഇരച്ചു കയറി പ്രേക്ഷകർ; ദേവദൂതർ.. പാട്ടു നൽകിയ ഹൈപ്പിനൊപ്പം പരസ്യ വിവാദങ്ങൾ കൂടിയായപ്പോൾ 'ന്നാ താൻ കേസ് കൊട്' വമ്പൻ ഹിറ്റ്; കുഞ്ചാക്കോ ബോബന്റെ ഏറ്റവും വലിയ കളക്ഷൻ നേടുന്ന ചിത്രം; ഏറ്റവും ഉയർന്ന ആദ്യ ദിന കളക്ഷൻ നേടി ചിത്രം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വിവാദങ്ങൾക്കിടയിലും സൂപ്പർഹിറ്റായി കുഞ്ചാക്കോ ബോബൻ ചിത്രം 'ന്നാ താൻ കേസ് കൊട്'. സൈബർ സഖാക്കളുടെ ബഹിഷ്‌ക്കരണ ആഹ്വാനം തള്ളി തീയ്യറ്ററിലേക്ക് പ്രേക്ഷകർ ഇരച്ചു കയറിയതോടെ സിനിമ വൻ വിജയത്തിലേക്കാണ് നീങ്ങുന്നത്. ഇന്നലെ തിയേറ്ററുകളിൽ എത്തിയ ചിത്രം മികച്ച കളക്ഷൻ ആണ് നേടുന്നത്. പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് കുഞ്ചാക്കോ ബോബന്റെ ചിത്രങ്ങളിൽ ഏറ്റവും ഉയർന്ന ആദ്യ ദിന കളക്ഷൻ ആണ് ന്നാ താൻ കേസ് കൊട് നേടിയിരിക്കുന്നത്.

1.25 കൊടി രൂപയാണ് ആദ്യ ദിനത്തിൽ ചിത്രത്തിന്റെ കളക്ഷൻ. വിവാദങ്ങൾക്കിടയിലാണ് ചിത്രം ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. 'തിയേറ്ററുകളിലേയ്ക്കുള്ള വഴിയിൽ കുഴിയുണ്ട് എന്നാലും വന്നേക്കണേ' എന്ന പത്രപ്പരസ്യ വാചകമാണ് വിവാദത്തിന് വഴിവച്ചത്. റോഡിലെ കുഴി ചർച്ചയായിരിക്കുന്ന സാഹചര്യങ്ങൾക്കിടെ വന്ന പത്രപ്പരസ്യത്തെ ഇടത് സൈബർ വിങ്ങുകൾ രാഷ്ട്രീയ വത്കരിക്കുകയും ചിത്രം ബഹിഷ്‌ക്കരിക്കണമെന്ന ആഹ്വാനവുമായി രംഗത്ത് വരികയും ചെയ്തിരുന്നു.രതീഷ് ബാലകൃഷ്ണൻ പൊതുവാൾ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിൽ ഗായത്രി ശങ്കറാണ് നായിക.

ഗായത്രി ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രമാണിത്. 'നടുവിലെ കൊഞ്ചം പക്കത്തെ കാണോം', 'സൂപ്പർ ഡീലക്സ്'എന്നീ തമിഴ് ചിത്രങ്ങളിൽ ആണ് ഗായത്രി ശങ്കർ അഭിനയിച്ചിട്ടുള്ളത്. കാസർഗോഡ് നിവാസികളായ ഒട്ടേറെ പുതുമുഖങ്ങളും ചിത്രത്തിലുണ്ട്. സന്തോഷ് ടി കുരുവിളയും കുഞ്ചാക്കോ ബോബനും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ഇന്നലെ സിനിമയുടെ പരസ്യം സംബന്ധിച്ച വിവാദങ്ങൾ ഉടലെടുത്തെങ്കിലും അത് വൈകുന്നേരത്തോടെ അടങ്ങിയിരുന്നു. ക്രിയാത്മക വിമർശനം ഉൾക്കൊള്ളുന്നുവെന്നുവെന്നാണ് മന്ത്രി മുഹമ്മദ് റിയാസ് വ്വക്തമാക്കിത്. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ രാഷ്ട്രീയ ആരോപണങ്ങളെ അതേ നാണയത്തിൽ മറുപടി നൽകുന്ന ശൈലി പൊതു സമൂഹം ഉയർത്തിയ ചർച്ചകളോട് മന്ത്രി എടുത്തില്ല. അങ്ങനെ എന്നാ താൻ കേസ് കൊട്.. എന്ന സിനിമയിലെ 'കുഴി' മന്ത്രിക്കും തുണയായി.

സിനിമയെ സംബന്ധിച്ച എല്ലാ തെറ്റിദ്ധാരണകളും മാറിയതായി അറിയുന്നുവെന്ന് നടൻ കുഞ്ചാക്കോ ബോബൻ പറഞ്ഞു. ഇതു കണ്ട് കൂടുതൽ സന്തോഷം. സിനിമയുടെ പരസ്യം കണ്ട് ആദ്യം ചിരിച്ചു. സിനിമ എന്തെന്ന് അറിയാതെയുള്ള ആക്രമണമാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു. വിവാദത്തിനു പിന്നാലെ മന്ത്രി മുഹമ്മദ് റിയാസുമായി സംസാരിച്ചെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു. സിനിമയുടെ പോസ്റ്ററിലെ 'തിയറ്ററുകളിലേക്കുള്ള വഴിയിൽ കുഴിയുണ്ട്. എന്നാലും വന്നേക്കണേ' എന്ന പരസ്യവാചകം സർക്കാരിനെ അപകീർത്തിപ്പെടുത്തുന്നതാണെന്നു ചൂണ്ടിക്കാട്ടി ഇടത് അനുകൂല സൈബർ ഇടങ്ങളിൽ വ്യാപക പ്രചാരണമുണ്ടായിരുന്നു. ഇതിനെ തുടർന്നാണ് കുഞ്ചാക്കോ ബോബന്റെ പ്രതികരണം.

'ഏതെങ്കിലും രാഷ്ട്രീയ വിഭാഗത്തിനെതിരായ സിനിമയല്ല ഇത്. കോവിഡിന് മുൻപാണ് ഈ സിനിമയുടെ ആശയം ഉണ്ടാകുന്നത്. ഈ സമയത്തു തന്നെ സിനിമ ഇറങ്ങുമെന്ന് ധാരണയില്ല. ഇത്തരം പ്രശ്നങ്ങൾ രൂക്ഷമാകുമെന്നും കരുതിയിരുന്നില്ല. ഒരു പാർട്ടിയെ ഉന്നംവച്ചാണ് സിനിമ ഇറക്കിയതെന്നും പരസ്യവാചകം ഇറക്കിയതെന്നും പറയുന്നത് തെറ്റിദ്ധാരണ മാത്രമാണ്. റോഡിന്റെ ശോചനീയാവസ്ഥ കാലങ്ങളായി ജനം അനുഭവിച്ചുവരുന്നവയാണ്. അത് ഏതു പാർട്ടി ഭരിച്ചാലും ഇതേ അവസ്ഥ തന്നെയാണ്. ഇതിന് സ്ഥായിയായ പരിഹാരം ഉണ്ടാകുന്നില്ല എന്നത് ഏറെ ദുഃഖകരമാണ്. സാധാരണക്കാരന്റെ ഭാഗത്തുനിന്നുകൊണ്ട് എടുത്ത സിനിമയെ ചെറിയ വിഭാഗം തെറ്റിദ്ധരിക്കുകയും ടെലഗ്രാമിൽ സിനിമ കാണുകയും ചെയ്യുന്നുണ്ടെങ്കിൽ അത് അതിനേക്കാൾ ഹീനമായ പ്രവൃത്തിയാണ്.' കുഞ്ചാക്കോ ബോബൻ പറഞ്ഞു.

വിഷയത്തെ മന്ത്രി അതിന്റെ സ്പിരിറ്റിൽ മാത്രമാണ് എടുത്തതെന്നും കുഴി എന്ന പരസ്യവാചകത്തിലൂടെ മുതലെടുപ്പിന് ശ്രമിച്ചതല്ലെന്നും ചിത്രത്തിന്റെ സംവിധായകൻ രതീഷ് പൊതുവാൾ പറഞ്ഞു. മന്ത്രിയും ഈ വാചകങ്ങൾ ഏറ്റെടുത്തു. എന്നാൽ സൈബർ സഖാക്കൾ പൊതുവാളിലെ പൊതുവാളിനെ പോലും ചർച്ചയാക്കി എന്തോ മഹാപരാധമാണ് ചെയ്തതെന്ന് പ്രഖ്യാപിക്കുകയുണ്ടായി. കുഴികളില്ലാത്ത റോഡാണ് കേരളത്തിലുള്ളതെന്ന തരത്തിൽ ചർച്ച നടത്തി. സിനിമ ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ചു. ഇതോടെയാണ് മന്ത്രി നേരിട്ടെത്തി പ്രചരണം പൊളിച്ചത്. സാധാരണ സൈബർ സഖാക്കൾ വിഷയത്തിൽ നിലപാട് എടുത്താൽ അതിനൊത്ത് നീങ്ങുന്നവരാണ് വർത്തമാനകാല സിപിഎമ്മുകാർ. എന്നാൽ റിയാസ് ആ വഴിക്ക് തന്നെ കിട്ടില്ലെന്ന് തെളിയിച്ചു.

കൈരളി ടിവിയും ചാക്കോച്ചനെ ശത്രുവായി പ്രഖ്യാപിച്ചില്ല. ചിത്രത്തിലെ കുഞ്ചാക്കോബോബന്റെ ഒരു വീഡിയോ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. ഇപ്പോൾ കൈരളി ന്യൂസിന് ചാക്കോച്ചൻ നൽകിയ ഒരു അഭിമുഖത്തിലെ ചാക്കോച്ചന്റെ ഡയലോഗ് ഇപ്പോൾ ഏറെ ശ്രദ്ധയാകർഷിക്കുകയാണ്. സിനിമകളിൽ ഇന്റിമസി രംഗങ്ങൾ അഭിനയിക്കുന്നതിനെ കുറിച്ച് ആയിരുന്നു അവതാരികയുടെ ചോദ്യം. ഇത്തരത്തിൽ രംഗങ്ങളിൽ അഭിനയിക്കുമ്പോൾ ഭാര്യ പൊസസീവ് ആകാറുണ്ടോ എന്നും അല്ലെങ്കിൽ അത്തരം എന്തെങ്കിലും പ്രശ്നങ്ങൾ ലൈഫിൽ ഉണ്ടാകാറുണ്ടോ എന്നായിരുന്നു ചോദ്യം. എന്നാൽ അതിനെല്ലാം രസകരമായ ഒരു മറുപടിയാണ് ചാക്കോച്ചൻ നൽകിയിരിക്കുന്നത്. എന്റെ ജീവിതത്തിൽ സിനിമയെ സിനിമയായും ജീവിതത്തെ ജീവിതമായും കാണാൻ എന്റെ ഭാര്യക്ക് കഴിയുമെന്നും അത്തരത്തിൽ അഭിനയിക്കുന്നതുകൊണ്ട് യാതൊരു പ്രശ്നവും ഇല്ലെന്നും ചാക്കോച്ചൻ പറയുന്നു.

ഞാൻ അത്തരം രംഗങ്ങളിൽ അഭിനയിക്കുന്നതുകൊണ്ട് ഭാര്യക്ക് ഒരു പ്രശ്നവുമില്ലെന്നും അതുകൊണ്ടാണ് തന്റെ എല്ലിന്റെ എണ്ണം കൂടാത്തത് ഒന്നും പല്ലിന്റെ എണ്ണം കുറയാത്തതുമെന്നും രസകരമായി തന്നെ ചാക്കോച്ചൻ പറയുന്നു. താൻ ഇപ്പോൾ വരുന്നത് ഇപ്പോൾ വരുന്നത് തന്റെ ഭാര്യയുടെ അടുത്ത് നിന്നാണ്... തന്റെ സ്വന്തം ഭാര്യയുടെ അടുത്ത് നിന്നാണെന്നും ചാക്കോച്ചൻ പറയുന്നു. അത്തരം സിനിമകളിൽ അഭിനയിച്ചു കഴിഞ്ഞ് ഇത്രയും നാൾ കഴിഞ്ഞിട്ടും ഞാൻ എന്റെ ഭാര്യയോടൊപ്പം ഞാൻ സന്തോഷത്തോടെയാണ് ജീവിക്കുന്നത്. ഞങ്ങൾക്കിടയിൽ യാതൊരു പ്രശ്നവുമില്ല എന്നും ചിരിച്ചുകൊണ്ട് ചാക്കോച്ചൻ മറുപടി നൽകി. ന്നാ താൻ കേസുകൊട് എന്ന് മലയാള ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി കൈരളിക്ക് നൽകിയ ഒരു ഇന്റർവ്യൂവിൽ ആണ് ചാക്കോച്ചന്റെ രസകരമായ ഈ മറുപടി. അങ്ങനെ സിപിഎം ചാനലായ കൈരളിയും ചാക്കോച്ചന്റെ സിനിമയെ ഏറ്റെടുത്തു.

റോഡിലെ കുഴികളെ ട്രോളി, 'ന്നാ താൻ കേസുകൊട്' സിനിമയുടെ പോസ്റ്റർ. കുഞ്ചാക്കോ ബോബൻ ഫേസ്‌ബുക്കിൽ പോസ്റ്റർ പോസ്റ്റ് ചെയ്തതിനുപിന്നാലെ അതിനെ താങ്ങിയും പിന്താങ്ങിയും രാഷ്ട്രീയപ്പോര് തുടങ്ങി. 'തിയറ്ററിലേക്കുള്ള വഴിയിൽ കുഴിയുണ്ട്, എന്നാലും വന്നേക്കണേ എന്ന വാചകമാണ് സർക്കാർ അനുകൂലികളെ ചൊടിപ്പിച്ചതും എതിരാളികളെ സന്തോഷിപ്പിച്ചതും. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ ട്രോളിക്കൊണ്ടുള്ള മീമുകളും വഴിയിലെ കുഴികളുടെ ചിത്രങ്ങളും കമന്റ് ബോക്സിൽ നിറഞ്ഞു. ഇതിനെ ശക്തമായി എതിർത്തും കുറച്ചൊക്കെ ഭീഷണി സ്വരത്തിലും മറുപക്ഷവും പ്രതികരിച്ചുവെന്ന് സിപിഎം പറയുന്നു. ഇതിനിടെയാണ് കളി കൈവിട്ടു പോകാതിരിക്കാൻ റിയാസ് നേരിട്ട് ഇടെപട്ടത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP