Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സിനിമ കാണില്ലെന്നത് അവരുടെ ഇഷ്ടം, കണ്ടവർക്ക് മനസ്സിലാകും എന്താണെന്ന്; വർഷങ്ങളായി ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ ഹ്യൂമർ വഴി അവതരിപ്പിക്കുന്ന ചിത്രമാണിത്; മാറിമാറി വരുന്ന രാഷ്ട്രീയ കക്ഷികളെല്ലാം സിനിമയിലൂടെ കടന്നുപോകുന്നു; സിനിമാ വിവാദത്തിൽ പ്രതികരണവുമായി കുഞ്ചാക്കോ ബോബൻ

സിനിമ കാണില്ലെന്നത് അവരുടെ ഇഷ്ടം, കണ്ടവർക്ക് മനസ്സിലാകും എന്താണെന്ന്; വർഷങ്ങളായി ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ ഹ്യൂമർ വഴി അവതരിപ്പിക്കുന്ന ചിത്രമാണിത്; മാറിമാറി വരുന്ന രാഷ്ട്രീയ കക്ഷികളെല്ലാം സിനിമയിലൂടെ കടന്നുപോകുന്നു; സിനിമാ വിവാദത്തിൽ പ്രതികരണവുമായി കുഞ്ചാക്കോ ബോബൻ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: 'ന്നാ താൻ കേസ് കൊട്' എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി നടൻ കുഞ്ചാക്കോ ബോബൻ രംഗത്ത്. ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് മാധ്യമങ്ങളിൽ വന്ന പരസ്യം സൈബറിടത്തിൽ വിവാദമാകവേയാണ് കുഞ്ചാക്കോ പ്രതികരണവുമായ രംഗത്തെത്തിയത്. സിനിമ കാണില്ല എന്നതെല്ലാം അവരുടെ ഇഷ്ടമാണ്. എന്നാൽ, ഈ സിനിമ കണ്ടവർക്ക് മനസ്സിലാകും എന്താണ് ഉദ്ദേശിച്ചതെന്ന്. എനിക്ക് ഈ പോസ്റ്റർ കണ്ടപ്പോൾ ചിരിയാണ് വന്നതെന്നും കുഞ്ചാക്കോ പറഞ്ഞു.

കുഞ്ചാക്കോ ബോബന്റെ പ്രതികരണം ഇങ്ങനെ:

ഇതൊരു കോർട്ട് റൂം ഡ്രാമയാണ്. ഏതെങ്കിലും സർക്കാറിനെയോ രാഷ്ട്രീയക്കാരെ മാത്രം ഉദ്ദേശിച്ചല്ല ഈ സിനിമ. വർഷങ്ങളായി ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ ഹ്യൂമർ വഴി അവതരിപ്പിക്കുന്ന ചിത്രമാണിത്. മാറിമാറി വരുന്ന രാഷ്ട്രീയ കക്ഷികളെല്ലാം ഈ സിനിമയിലൂടെ കടന്നുപോകുന്നു.

റോഡ് പണിയിൽ അഥോറിറ്റികൾ തമ്മിലുള്ള കോർഡിനേഷൻ ഇല്ലായ്മയൊക്കെ നമ്മൾ നേരിടുന്ന പ്രശ്നങ്ങളാണ്. ഇതെല്ലാം സിനിമയിൽ പറയുന്നു. ഒരു മുൻകാല കള്ളന്റെ ജീവിതത്തിൽ ഒരു കുഴിയുണ്ടാക്കുന്ന പ്രശ്നങ്ങളാണ് സിനിമയുടെ പ്രമേയം. ഇതിനെ ഒരു സിനിമാറ്റിക് രൂപത്തിൽ അവതരിപ്പിച്ചിരിക്കുകയാണ്. സിനിമ കാണില്ല എന്നതെല്ലാം അവരുടെ ഇഷ്ടമാണ്. എന്നാൽ, ഈ സിനിമ കണ്ടവർക്ക് മനസ്സിലാകും എന്താണ് ഉദ്ദേശിച്ചതെന്ന്. എനിക്ക് ഈ പോസ്റ്റർ കണ്ടപ്പോൾ ചിരിയാണ് വന്നത്.

എന്തിനാണ് നമ്മൾ ആവശ്യമില്ലാത്ത കാര്യങ്ങളിലേക്ക് പോകുന്നത്? ഈ സിനിമ എന്ത് സന്ദേശമാണ് നൽകുന്നതെന്ന് കണ്ടാൽ മനസ്സിലാകും. ഈ സിനിമയുടെ ചിന്ത ഒരുപാട് വർഷങ്ങൾക്ക് മുൻപ് ഉണ്ടായത്. ഇന്ന് ഈ സിനിമ റിലീസ് ചെയ്യുമ്പോൾ കുഴി പ്രശ്നമുണ്ടാകുന്നുവെങ്കിൽ അത് കഥയെഴുതിയ ആളുകളുടെ ദീർഘവീക്ഷണമാണ്.

തീയേറ്ററുകളിലേക്കുള്ള വഴിയിൽ കുഴിയുണ്ട്, എന്നാലും വന്നേക്കണേ എന്നാണ് പരസ്യവാക്യമാണ്. കേരളത്തിലെ റോഡുകളിലെ കുഴികളെ പറ്റി ഈ മഴക്കാലത്ത് വിമർശനവും വാദപ്രതിവാദങ്ങളും നടക്കുന്ന സമയത്താണ് ഈ പരസ്യവാചകം. സമൂഹമാധ്യമങ്ങളിൽ ഈ പരസ്യത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സംവാദങ്ങൾ തകർക്കുകയാണ്. സിനിമയിലെ ട്രെയ്ലറിലും റോഡിലെ കുഴികളെക്കുറിച്ച് പരാമർശമുണ്ട്.

സിപിഎമ്മിന്റെ സൈബർ പേജുകളും അനുഭാവികളുടെ പേജുകളിലും പോസ്റ്ററിനെതിരേ രൂക്ഷമായ വിമർശനമാണ് ഉയരുന്നത്. സിനിമ കാണില്ലെന്നും ബഹിഷ്‌കരിക്കണമെന്നും തരത്തിലുള്ള ആഹ്വാനങ്ങൾ ഉയരുന്നു. സർക്കാറിനെതിരേയുള്ള വിമർശനമായാണ് ഇത് കാണുന്നത്. എന്നാൽ, പാർട്ടി പത്രമായ ദേശാഭിമാനിയിലും ഇതേ പരസ്യം വന്നിട്ടുണ്ട്.

അതേസമയം സൈബറിടത്തിൽ ബഹിഷ്‌ക്കരണ ആഹ്വാനം ശക്തമാകവേ വിഷയം പ്രതിപക്ഷവും ഏറ്റെടുത്തിട്ടുണ്ട്. വിഷയത്തിൽ പ്രതിഷേധവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശനും രംഗത്തുവന്നു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് വേണ്ടി പുരപ്പുറത്ത് കയറി വാദിക്കുന്നവരാണ് സിനിമക്കെതിരെ സൈബർ ആക്രമണം നടത്തുന്നത്. സൈബർ ആക്രമണം ഉണ്ടായാൽ സിനിമ കൂടുതൽ പേർ കാണുമെന്നും അദ്ദേഹം പറഞ്ഞു.

റോഡിൽ കുഴിയുണ്ടെന്ന് പറയുമ്പോൾ ഇല്ലെന്ന് പൊതുമരാമത്ത് മന്ത്രി പറയുന്നു. റോഡിലെ കുഴിയെക്കുറിച്ച് പറയുമ്പോൾ കൊതുകു കടി കൊള്ളണമെന്നുള്ള വിചിത്രമായ പരാമർശങ്ങളാണ് നടത്തിയിരിക്കുന്നത്. ഇന്നിപ്പോൾ ദേശാഭിമാനി പത്രത്തിന്റെ മുൻപേജിൽ വന്ന ഒരു സിനിമയുടെ പരസ്യത്തിലുമുണ്ട് 'തിയറ്ററിലേക്ക് വരുമ്പോൾ കുഴിയുണ്ട് എന്നാലും വരാതിരിക്കരുത്' എന്ന്. പൊതുധാരണയാണത്. ജനങ്ങൾ മുഴുവൻ ചർച്ച ചെയ്യുന്നുണ്ട്. നിങ്ങൾ സമൂഹമാധ്യമങ്ങൾ നോക്കൂ. വിവിധ സ്ഥലങ്ങളിലെ റോഡുകളിലെ കുഴികളുടെ ചിത്രങ്ങൾ ആളുകൾ പുറത്തുവിടുകയാണ്. അതിലെന്തു രാഷ്ട്രീയമാണുള്ളത്. അപകടങ്ങൾ ഉണ്ടാവരുത്. മനുഷ്യന്റെ ജീവൻ പൊലിയരുത്. കയ്യും കാലുമൊടിഞ്ഞ് ആളുകൾ ആശുപത്രിയിൽ കിടക്കുകയാണ്. നമ്മളൊക്കെ യാത്ര ചെയ്യുന്ന ആളുകളല്ലേ? എന്നും സതീശൻ ചോദിച്ചു.

പോസ്റ്റർ വിവാദത്തിൽ പരിഹാസവുമായി കോൺഗ്രസ് നേതാവ് വി.ടി. ബൽറാമും രംഗത്തുവന്നു. കേരളത്തിലെ മുഴുവൻ ജനങ്ങളും അനുഭവിക്കുന്ന ഒരു ദുരിതം ഫലിത രൂപേണ പരസ്യവാചകത്തിലുൾപ്പെടുത്തി എന്നതിന്റെ പേരിൽ ഒരു സിനിമയെ ബഹിഷ്‌ക്കരിക്കാനാവശ്യപ്പെടുന്നുവെന്നും, ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ വക്താക്കളായ മാർക്സിസ്റ്റ് വെട്ടുകിളികൾ, ഇവന്മാർക്ക് പ്രാന്താണെന്നും വി.ടി. ബൽറാം തന്റെ ഫേസ്‌ബുക്ക് പേജിലൂടെ പങ്കുവെച്ച പോസ്റ്റിലൂടെ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP