Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഓരോ വീട്ടിലും ഒരാളെങ്കിലും യോഗാ പരിശീലിക്കുന്നു എന്നുറപ്പാക്കി; വിവിധ ആരോഗ്യ പ്രശ്‌നങ്ങൾക്കു പരിഹാരമാകുന്ന വിധത്തിൽ പാഠ്യപദ്ധതിയും; 'കുന്നന്താനം മാതൃക' രാജ്യമെമ്പാടും വ്യാപിപ്പിക്കാൻ മോദി സർക്കാർ; യോഗയിലെ പത്തനംതിട്ട ഗ്രാമ പെരുമ രാജ്യം ഏറ്റെടുക്കുന്നു

ഓരോ വീട്ടിലും ഒരാളെങ്കിലും യോഗാ പരിശീലിക്കുന്നു എന്നുറപ്പാക്കി; വിവിധ ആരോഗ്യ പ്രശ്‌നങ്ങൾക്കു പരിഹാരമാകുന്ന വിധത്തിൽ പാഠ്യപദ്ധതിയും; 'കുന്നന്താനം മാതൃക' രാജ്യമെമ്പാടും വ്യാപിപ്പിക്കാൻ മോദി സർക്കാർ; യോഗയിലെ പത്തനംതിട്ട ഗ്രാമ പെരുമ രാജ്യം ഏറ്റെടുക്കുന്നു

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി : എംസി റോഡിൽ തിരുവല്ലയിൽനിന്നു മല്ലപ്പള്ളിയിലേക്കുള്ള റോഡിൽ കുറ്റപ്പുഴ, പായിപ്പാട് വഴി കുന്നന്താനം ജംക്ഷനിലെത്താം. തിരുവല്ലയിൽ നിന്നും ദൂരം 8.7 കിലോമീറ്റർ. പത്തനംതിട്ട ജില്ലയിലെ കുന്നന്താനം പഞ്ചായത്തിനെ തേടി ദേശീയ അംഗീകാരം എത്തുകയാണ്. മോദി സർക്കാരിന്റെ യോഗാ ഗ്രാമം പദ്ധതിക്ക് മാതൃകയാണ് ഇനി ഈ കൊച്ച് ഗ്രാമം.

രോഗികളില്ലാത്ത കുന്നന്താനം സൃഷ്ടിക്കുകയാണ് പഞ്ചായത്തിന്റെ ലക്ഷ്യം. അതിന് വേണ്ടി മാറോടണച്ചത് യോഗയേയും. കേന്ദ്ര സർക്കാരിന്റെ ആയുഷ് വകുപ്പുമായും സംസ്ഥാന സർക്കാരിന്റെ ആർദ്രം മിഷനുമായും ബന്ധപ്പെട്ടു പുതിയ ലക്ഷ്യത്തിലേക്ക് കുതിക്കുന്ന കുന്നന്താനത്തിന് കൂടുതൽ കരുത്ത് പകരുന്ന തീരുമാനമാണ് കേന്ദ്രസർക്കാർ എടുത്തിരിക്കുന്നത്. യോഗയുടെ കരുത്ത് തിരിച്ചറിഞ്ഞ ഗ്രാമത്തിനുള്ള യാഥാർത്ഥ അംഗീകാരം.

രാജ്യത്തെ 500 ഗ്രാമങ്ങളെ 'സമ്പൂർണ യോഗാ ഗ്രാമ'ങ്ങളാക്കി മാറ്റാൻ ആയുഷ് മന്ത്രാലയത്തിന്റെ തീരുമാനം. ഇതിലാണ് കുന്നന്താനം പഞ്ചായത്തിനെ കേന്ദ്രം മാതൃകയാക്കുന്നത്. രോഗചികിൽസയെക്കാൾ ആരോഗ്യരക്ഷയ്ക്കും രോഗപ്രതിരോധത്തിനും ഊന്നൽ നൽകുന്ന 2017 ലെ ദേശീയ ആരോഗ്യ നയത്തിന്റെ ചുവടുപിടിച്ചാണു 'യോഗാ ഗ്രാമ' പദ്ധതി നടപ്പാക്കുന്നത്. ജൂൺ 21നു രാജ്യാന്തര യോഗാദിനത്തിനു മുന്നോടിയായാണു പദ്ധതിക്കു തുടക്കമിടുന്നത്.

ഗ്രാമപഞ്ചായത്തിലെ ഓരോ വീട്ടിലും ഒരാളെങ്കിലും യോഗാ പരിശീലിക്കുന്നു എന്നുറപ്പാക്കിയാണു കുന്നന്താനം രാജ്യത്തെ ആദ്യ സമ്പൂർണ യോഗാ ഗ്രാമമായി മാറിയത്. സ്ഥിരം യോഗാ ക്ലിനിക് തുടങ്ങിയാണ് കുന്നന്താനം ശ്രദ്ധേയമായ പ്രവർത്തനം തുടങ്ങിയത്. വിവിധ ആരോഗ്യ പ്രശ്‌നങ്ങൾക്കു പരിഹാരമാകുന്ന വിധത്തിലാണു പാഠ്യപദ്ധതിയും തയ്യാറാക്കി. കഴിഞ്ഞ മാർച്ചിൽ തുടങ്ങിയ സംരംഭത്തിന്റെ ആദ്യഘട്ടത്തിൽ 28 സ്ഥലങ്ങളിൽ എഴുപതോളം യോഗാ പരിശീലനങ്ങൾ സംഘടിപ്പിച്ചു. നാട്ടുകാർക്കു പുറമെ ഇതരസംസ്ഥാന തൊഴിലാളികൾക്കും പരിശീലനം നൽകി. എം.ജി.ദിലീപിന്റെ നേതൃത്വത്തിലാണു പരിശീലനം ആരംഭിച്ചത്.

പഞ്ചായത്തിൽ യോഗാ വാരാചരണം, വായനാ ദിനത്തിൽ 'വായനയും യോഗായും' എന്ന ചർച്ച തുടങ്ങിയവ സംഘടിപ്പിച്ചു. എല്ലാ കുടുംബങ്ങളിൽനിന്നും പങ്കാളിത്തം ഉറപ്പാക്കി കഴിഞ്ഞ ജൂൺ 22നു സമ്പൂർണ യോഗാ പഞ്ചായത്തായി പ്രഖ്യാപിച്ചു. ഇത് കേന്ദ്രസർക്കാരിനും പ്രചോദനമായി. ഇവിടുത്തെ ഓരോ വീട്ടിലും ചുരുങ്ങിയത് ഒരാളെങ്കിലും സ്ഥിരമായി യോഗ ചെയ്യുക എന്നതാണ് യോഗാ ഗ്രാമത്തിന്റെ ലക്ഷ്യം. 'കുന്നന്താനം മാതൃക' രാജ്യമെമ്പാടും വ്യാപിപ്പിക്കാനാണ് പദ്ധതിയെന്ന് 'ആയുഷ്' ഉദ്യോഗസ്ഥൻ പറഞ്ഞു.

പുതിയ പദ്ധതി പ്രകാരം ഓരോ യോഗ ഗ്രാമത്തിലും ഗവേഷണ യൂനിറ്റുകൾ ഉണ്ടാകും. ഇവിടെ ആരോഗ്യ സൂചികകൾ സ്ഥിരമായി വിലയിരുത്തും. ഇത്തവണ അന്താരാഷ്ട്ര യോഗ ദിനാചരണം നടത്താനായി നാല് നഗരങ്ങളെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജയ്പുർ, ഹൈദരാബാദ്, അഹ്മദാബാദ്, മൈസൂരു എന്നീ നഗരങ്ങളിലൊന്നിലാണ് പരിപാടികൾ നടക്കുക. ഈ പട്ടിക മന്ത്രാലയം പ്രധാനമന്ത്രിയുടെ ഓഫിസിലേക്ക് അയച്ചു. ഇവിടെ നിന്നാണ് ഏത് നഗരമെന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.

മാർച്ച് 21 മുതൽ 23 വരെ ഡൽഹിയിൽ അന്താരാഷ്ട്ര യോഗ ഫെസ്റ്റ് നടക്കുന്നുണ്ട്. ഇതിനുശേഷം വിവിധ സംസ്ഥാനതല പരിപാടികളും സംഘടിപ്പിക്കും. യോഗയുടെ പ്രചാരണത്തിനായി വിവിധ ഇന്ത്യൻ എംബസികളിലേക്ക് 100 അദ്ധ്യാപകരെ അയച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP