Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കടിച്ച പാമ്പിനെ കൊണ്ട് വിഷം എടുപ്പിക്കാൻ കുമ്മനം വിദ്യ; ക്രൈസ്തവ വിരുദ്ധനെന്ന് പറഞ്ഞ് സമരത്തിനിറങ്ങിയ മിസോറാമികൾക്ക് നല്ല പടം നൽകാൻ കുമ്മനത്തെ തേടി മാർ ആലഞ്ചേരിയും എത്തി; ഗസ്റ്റ് ഹൗസിലെത്തിയ സീറോ മലബാർ സഭാ തലവന് ഭക്ഷണം വിളമ്പി നൽകി മിസാറോം ഗവർണ്ണർ; മാർ ക്രിസോസ്റ്റത്തിന് പിന്നാലെ ആലഞ്ചേരിയും മിസോറാമിലേക്ക് അതിഥിയായി പോയേക്കും

കടിച്ച പാമ്പിനെ കൊണ്ട് വിഷം എടുപ്പിക്കാൻ കുമ്മനം വിദ്യ; ക്രൈസ്തവ വിരുദ്ധനെന്ന് പറഞ്ഞ് സമരത്തിനിറങ്ങിയ മിസോറാമികൾക്ക് നല്ല പടം നൽകാൻ കുമ്മനത്തെ തേടി മാർ ആലഞ്ചേരിയും എത്തി; ഗസ്റ്റ് ഹൗസിലെത്തിയ സീറോ മലബാർ സഭാ തലവന് ഭക്ഷണം വിളമ്പി നൽകി മിസാറോം ഗവർണ്ണർ; മാർ ക്രിസോസ്റ്റത്തിന് പിന്നാലെ ആലഞ്ചേരിയും മിസോറാമിലേക്ക് അതിഥിയായി പോയേക്കും

മറുനാടൻ മലയാളി ബ്യൂറോ

കോഴഞ്ചേരി: മിസോറം ഗവർണറായി ചുമതയേറ്റ കുമ്മനം രാജശേഖരനെ ക്രിസ്തു വിരുദ്ധനെന്നായിരുന്നു മിസോറാമിലെ ചില സംഘടനകൾ വിശേഷിപ്പിച്ചത്. വർഗ്ഗീയവാദിയായ ഹിന്ദു തീവ്രവാദിയായും ചിത്രീകരിച്ചു. എന്നാൽ താനിതൊന്നുമല്ലെന്ന് തെളിയിക്കുകയാണ് കുമ്മനം. മിസോറാം ഗവർണ്ണറായ ശേഷമുള്ള നാട്ടിലേക്കുള്ള വരവിൽ കുമ്മനം ചിലത് മിസോറാമുകാർക്ക് പറഞ്ഞു കൊടുക്കുകയാണ്. കേരളത്തിലെ ക്രൈസ്തവ സഭയ്ക്ക എത്രത്തോളം പ്രിയപ്പെട്ടവനാണ് താനെന്നാണ് കുമ്മനം തെളിയിക്കുന്നത്. ആദ്യം വലിയ മെത്രോപൊലീത്ത ഫിലിപ്പോസ് മാർ ക്രിസോസ്റ്റം. ഇപ്പോൾ സീറോ മലബാർ സഭയുടെ തലവൻ മാർ ആലഞ്ചേരിയും. കുമ്മനത്തെ ഇരുകൈയും നീട്ടിയാണ് കേരളത്തിലെ ക്രൈസ്തവ സമൂഹം സ്വീകരിക്കുന്നത്.

മിസോറാമിൽ ക്രിസ്ത്യൻ മതവിശ്വാസികളാണ് ഭൂരിപക്ഷം, എട്ട് ജില്ലകളിലായി 12 ലക്ഷം ആളുകളാണ് താമസിക്കുന്നത്. മാത്രമല്ല സംസ്ഥാനത്തിന്റെ 88 ശതമാനവും വനപ്രദേശമാണ്. ഇവർക്കിടയിൽ കുമ്മനത്തെ കുറിച്ച് ചില അസത്യ പ്രചരണങ്ങളെത്തി. ഇത് പൊളിക്കാനാണ് കുമ്മനത്തിന്റെ ശ്രമം. കൊച്ചിയിലെത്തിയപ്പോൾ കുമ്മനവുമായി സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി കൂടിക്കാഴ്ച നടത്തി. ഗസ്റ്റ്ഹൗസിൽ ഇരുവരും ഒന്നിച്ച് ഉച്ചഭക്ഷണം കഴിക്കുകയും ചെയ്തു. കർദിനാളിന് കറികളും മറ്റും വിളമ്പിക്കൊടുത്ത് കുമ്മനം ആതിഥേയനായി. കഴിച്ചു മാത്രമേ ശീലമുള്ളൂവെന്നും വിളമ്പിക്കൊടുക്കാൻ അറിയില്ലെന്നും അദ്ദേഹം തമാശ പൊട്ടിക്കുകയും ചെയ്തു. അങ്ങനെ തീർത്തും വ്യത്യസ്തനായ ഗവർണ്ണർ.

ദീർഘകാലത്തെ സ്‌നേഹബന്ധം പുതുക്കാനുള്ള സന്ദർശനം മാത്രമാണെന്ന് മാർ ആലഞ്ചേരിയും പറഞ്ഞു. മിസോറമിൽ ക്രൈസ്തവ വിഭാഗത്തിൽപ്പെട്ട കുറെപ്പേർ ഗവർണർക്കെതിരേ രംഗത്തിറങ്ങിയത് ചർച്ചയായില്ലെന്ന് അദ്ദേഹം പറഞ്ഞു. കുമ്മനത്തിന്റെ സ്ഥാനാരോഹണച്ചടങ്ങിൽ അവിടത്തെ ബിഷപ്പ് പങ്കെടുത്തിരുന്നു. അദ്ദേഹത്തെ വിളിച്ച് താൻ സംസാരിച്ചിരുന്നതായും ആലഞ്ചേരി പറഞ്ഞു. എല്ലാ മതങ്ങളോടും ചേർന്നു പോകുന്നയാളാണ് കുമ്മനമെന്ന് അറിയിച്ചു. അവിടത്തെ ക്രൈസ്തവർ ഒരുമിച്ച് ഗവർണർക്കെതിരേ ഒന്നും ചെയ്യില്ല. ആദിവാസി ഗോത്രങ്ങൾ ഏറെയുണ്ട് അവിടെ. അവരുടെ എതിർപ്പ് രാഷ്ട്രീയപരമാകണമെന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ വന്നപ്പോൾ പോയി കണ്ടിരുന്നു. ആ കൂടിക്കാഴ്ചയ്ക്ക് തലേന്നാണ് കുമ്മനത്തെ ബിജെപി. സംസ്ഥാന അധ്യക്ഷനാക്കാൻ തീരുമാനിച്ചതെന്ന് പിന്നീട് അറിഞ്ഞു. എല്ലാ മതങ്ങളും സംസ്‌കാരങ്ങളും യോജിച്ചു പോകേണ്ടതിന്റെ ആവശ്യം ചർച്ചയിൽ അദ്ദേഹം ചൂണ്ടിക്കാട്ടിയതായും കർദിനാൾ പറഞ്ഞു. കുമ്മനം കൊച്ചിയിലെത്തിയതറിഞ്ഞ് മാർ ആലഞ്ചേരിയാണ് കൂടിക്കാഴ്ചയ്ക്ക് താത്പര്യം പ്രകടിപ്പിച്ചത്.

മാർ ആലഞ്ചേരിയേയും കുമ്മനം മിസോറാമിലേക്ക് ക്ഷണിച്ചിട്ടുണ്ട്. അദ്ദേഹവും മിസോറാമിൽ ഉടൻ എത്തുമെന്നാണ് സൂചന. മാർ ക്രിസോസ്റ്റം മിസോറമിലെത്താൻ സമ്മതം മൂളിക്കഴിഞ്ഞു. ക്രിസോസ്റ്റമാകും സ്വാതന്ത്ര്യ ദിന ചടങ്ങിൽ ഗവർണ്ണറുടെ പ്രധാന അതിഥിയെന്നാണ് സൂചന. മാർ ക്രിസോസ്റ്റം മിസോറാമിലെത്തുമ്പോൾ തന്നെ കുമ്മനത്തെ കുറിച്ചുള്ള പ്രതിച്ഛായ മാറുമെന്നാണ് ബിജെപിയുടേയും പ്രതീക്ഷ. മാറാട് കലാപത്തിന്റെ സൂത്രധാരനാണ് കുമ്മനമെന്നും തികഞ്ഞ വർഗ്ഗീയ വാദിയാണ് കുമ്മനമെന്നും ചില സംഘടനകൾ മിസോറാമിൽ പ്രചരണം അഴിച്ചുവിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് കുമ്മനത്തിന്റെ പുതിയ നീക്കങ്ങൾ.

രാജശേഖരൻ ക്രിസ്ത്യാനികൾക്ക് എതിരല്ല, ക്രിസ്ത്യാനികളെ പലകാര്യങ്ങളും പഠിപ്പിച്ച ക്രിസ്തീയ ഗുരുവാണെന്ന് മാർത്തോമാസഭ വലിയ മെത്രാപ്പൊലീത്ത ഫിലീപ്പോസ് മാർ ക്രിസോസ്റ്റം നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷനായപ്പോൾ ആറന്മുളയിൽ നൽകിയ സ്വീകരിണത്തിൽ വലിയ തിരുമേനി പറഞ്ഞത് ഏറെ ചർച്ചകൾക്കും വഴിവച്ചു. ഹിന്ദു നേതാവിനെ സ്വാഗതം ചെയ്യാൻ ക്രൈസ്തവ സഭയുടെ ആചാര്യന്മാരെ വിളിച്ചപ്പോൾ ഹിന്ദുമതം എത്രമാത്രം വിശാലമാണെന്ന് ലോകത്തിന് കാണിച്ചുകൊടുക്കുകയാണ് ആറന്മുളയിൽ ചെയ്തതെന്നും അന്ന് തിരുമേനി പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് മിസോറാമിൽ സ്വാതന്ത്ര്യദിന ചടങ്ങിനെത്തുമ്പോൾ കുമ്മനത്തെ കുറിച്ച് മാർ ക്രിസോസ്റ്റം എന്ത് പറയുമെന്നത് നിർണ്ണായകമാകുന്നത്.

കഴിഞ്ഞ ദിവസം ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയെ കുമ്മനം സന്ദർശിച്ചിരുന്നു. ഇതിനിടെയാണ് മാർ ക്രിസോസ്റ്റത്തെ മിസോറം സന്ദർശിക്കുന്നതിന് കുമ്മനം ക്ഷണിച്ചത്. ഇത് രണ്ട് കൈയും നീട്ടി തിരുമേനി സ്വീകരിച്ചു. തന്നെ കാണാനെത്തിയ ഗവർണ്ണറെ തമാശകൾ പറഞ്ഞാണ് വലിയ മെത്രാപ്പൊലീത്ത സ്വീകരിച്ചത്. ഇവരുടേയും അടുപ്പം വിളിച്ചറിയിക്കുന്ന നിമിഷങ്ങൾ. മിസോറാമിൽ നിന്ന് കൊണ്ടുവന്ന ഷാൾ ക്രിസോസ്റ്റത്തെ കുമ്മനം അണിയിച്ചു. തിരിച്ച് മെത്രാപ്പൊലീത്തയും ഷാൾ അണിയിച്ചു. അങ്ങനെ തീർത്തും സൗഹൃദത്തിൽ തീർത്ത നിമിഷങ്ങൾ. സുരക്ഷാ ഉദ്യോഗസ്ഥരെ പോലും മാറ്റി നിർത്തിയുള്ള കുമ്മനത്തിന്റെ ഇടപെടലും.

അടുത്ത പിറന്നാളാഘോഷത്തിന് മിസോറാമിലെത്തണമെന്ന കുമ്മനത്തിന്റെ ക്ഷണത്തിന് താൻ അതിനു മുൻപുതന്നെ എത്തുമെന്ന് ക്രിസോസ്റ്റം മറുപടി നൽകി. അങ്ങനെയെങ്കിൽ സ്വാതന്ത്ര്യദിന ആഘോഷങ്ങളിൽ പങ്കെടുക്കാൻ എത്തണമെന്ന് കുമ്മനം ആവശ്യപ്പെട്ടു. ക്രിസോസ്റ്റം അതും സമ്മതിച്ചു. കുമ്മനത്തെപ്പോലെ ഒരാളെ ഗവർണറായി കിട്ടിയ മിസോറാം ജനത ഭാഗ്യം ചെയ്തവരാണെന്ന് മാർ ക്രിസോസ്റ്റം വലിയമെത്രാപ്പൊലീത്ത പറഞ്ഞു. തിരുമേനിയുടെ പ്രാർത്ഥനയും അനുഗ്രവുമാണ് തന്റെ ഭാഗ്യമെന്ന് കുമ്മനവും കൂട്ടിച്ചേർത്തു. ഇതിന് പിന്നാലെയാണ് മാർ ആലഞ്ചേരിയും കുമ്മനത്തെ കാണാനെത്തിയത്. മിസോറാമിൽ സീറോ മലബാർ സഭയ്ക്കും വലിയ സ്വാധീനമുണ്ട്. ഈ സാഹചര്യത്തിൽ ആലഞ്ചേരിയുടെ സന്ദർശനവും കുമ്മനം ഭക്ഷണം വിളമ്പിക്കൊടുക്കുന്നതും മിസോറാമിലെ ചർച്ചയാക്കും. ഇതിലൂടെ കുമ്മനത്തിന്റെ പ്രതിച്ഛായ പുതിയ തലത്തിലെത്തുമെന്നാണ് പ്രതീക്ഷ.

നേരത്തെ മിസോറാമിലെ കത്തോലിക്കാ ബിഷപ്പിനെ സീറോമലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ഫോണിൽ വിളിച്ചിരുന്നു. ആ ഒരു വിളിയിൽ തങ്ങളുടെ ഗവർണർ ആരെന്ന് മിസോറാമിലെ ക്രിസ്ത്യൻ സംഘടനകളും മിഷണറിമാരും വ്യക്തമായി അറിഞ്ഞു. എല്ലാ മതങ്ങളെയും സംസ്‌കാരത്തെയും ബഹുമാനിക്കുന്നയാളാണ് നിങ്ങളുടെ ഗവർണറായി ചുമതലയേറ്റ കുമ്മനം രാജശേഖരനെന്നും അദ്ദേഹത്തിന് എല്ലാവിധ പിന്തുണയും നൽകണമെന്നുമായിരുന്നു ആലഞ്ചേരി മിസോറാമിലെ ക്രൈസ്തവ സംഘടനകളെ അറിയിച്ചത്. കുമ്മനം രാജശേഖരനുമായി സൗഹൃദ സംഭാഷണത്തിനെത്തിയ ശേഷമാണ് മിസോറാമിലെ, ബിഷപ്പിനെ ഫോണിൽ വിളിച്ച കാര്യം ആലഞ്ചേരി മാധ്യമങ്ങളെ അറിയിച്ചത്. സഭയുമായി ഏറ്റവും അടുപ്പമുള്ളയാളാണ് കുമ്മനമെന്നും ആലഞ്ചേരി മിസോറാമിലെ ബിഷപ്പിനെ അറിയിച്ചു.

കുമ്മനം കേരളത്തിൽ നിന്നുള്ള ആളാണ്. എല്ലാ മതങ്ങളോടും ജനവിഭാഗങ്ങളോടും ചേർന്ന് പോകുന്ന ഒരാളാണ്. അതുകൊണ്ടു ബിഷപ്പ് കുമ്മനംജിക്ക് എല്ലാ സഹകരണവും നൽകണമെന്നും പറഞ്ഞു. സഭയുമായി സൗഹൃദം പുലർത്തുന്ന വ്യക്തി ആണ് കുമ്മനം. മിസോറാമിലെ ക്രിസ്ത്യൻ ജനവിഭാഗങ്ങൾ ഒന്നിച്ചു നിന്ന് കുമ്മനത്തിന് പിന്തുണനൽകണമെന്ന് മിസോറാമിലെ കത്തോലിക്ക ബിഷപ്പിനെ ധരിപ്പിച്ചിട്ടുണ്ട്. ഇനി ഒരു പ്രശ്നവുമുണ്ടാകില്ലെന്നും ആലഞ്ചേരി പറഞ്ഞു. തന്റെ മാധ്യമ പ്രവർത്തനം തുടങ്ങിയത് ദീപികയിലായിരുന്നു. അന്നുമുതലേ കുമ്മനവുമായി അടുപ്പമുണ്ട്. ആ സൗഹൃദത്തിന്റെ അടിസ്ഥാനത്തിൽ വന്ന് എല്ലാ വിജയങ്ങളും ആശംസിച്ചു എന്നുമാത്രം. ഭാരതത്തിൽ വിവിധ മതങ്ങളും സംസ്‌കാരങ്ങളും ഒന്നിച്ചുപോകേണ്ടത് ഏത് സർക്കാർ ഭരിച്ചാലും ആവശ്യമാണ്. ആ ചിന്ത കുമ്മനത്തിന്റെ ഉള്ളിലുണ്ട്. അതുകൊണ്ട് കൂടുതൽ അടുപ്പവും സൗഹൃദവും തോന്നിയിരുന്നുവെന്നും ആലഞ്ചേരിയും പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP