Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പിണറായിയെ പാഠം പഠിപ്പിച്ച് കുമ്മനം ഇഫക്ട്; പൊളിച്ചത് ഒരേ സമയം പ്രതിയുടേയും വാദിയുടേയും 'ആൾ' ആകാനുള്ള ദാമോദരന്റെ നീക്കം; ബിജെപി സംസ്ഥാന അധ്യക്ഷൻ 'സൂപ്പർ എജി'യെ വെട്ടിൽ വീഴ്‌ത്തിയത് ഇങ്ങനെ

പിണറായിയെ പാഠം പഠിപ്പിച്ച് കുമ്മനം ഇഫക്ട്; പൊളിച്ചത് ഒരേ സമയം പ്രതിയുടേയും വാദിയുടേയും 'ആൾ' ആകാനുള്ള ദാമോദരന്റെ നീക്കം; ബിജെപി സംസ്ഥാന അധ്യക്ഷൻ 'സൂപ്പർ എജി'യെ വെട്ടിൽ വീഴ്‌ത്തിയത് ഇങ്ങനെ

അരുൺ ജയകുമാർ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമോപദേഷ്ടാവ് എംകെ ദാമോദരൻ സാന്റിയാഗോ മാർട്ടിന്റെ കേസ് വാദിക്കാൻ എത്തിയതു മുതൽ സോഷ്യൽ മീഡിയ അതിന് പിന്നാലെയായിരുന്നു. സർക്കാർ ഖജനാവ് കൊള്ളയടിച്ചവർക്കെതിരെ തുർന്നും കേസ് വാദിക്കാൻ ദാമോദരൻ എത്തി. ദാമോദരന് എത് കേസും വാദിക്കുമെന്നാണ് പിണറായി വിജയൻ പ്രതികിരിച്ചത്. നിയമസഭയിൽ രണ്ട് ദിവസം മുമ്പായിരുന്നു അത്. ദാമോദരൻ സ്ഥാനം ഏറ്റെടുത്തില്ലെന്നോ സ്ഥാനം ഒഴിയുമെന്നോ എന്നൊന്നും ആരും പറഞ്ഞതുമില്ല. എന്നാൽ പെട്ടെന്ന് നിലപാട് മാറി. മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് സ്ഥാനം ദാമോദരൻ ഏറ്റെടുത്തില്ലെന്ന് ഹൈക്കോടതിയെ സർക്കാരിന് അറിയിക്കേണ്ടി വന്നു.

ദാമോദരൻ വിഷയത്തിൽ രാഷ്ട്രീയ ചർച്ചകളാണ് കോൺഗ്രസ് നടത്തിയത്. സോഷ്യൽ മീഡിയയിലെ വിമർശനങ്ങളെ അവഗണിക്കാൻ അതുകൊണ്ട് തന്നെ സർക്കാരിനായി. അപ്പോഴാണ് പിണറായി സർക്കാരിനെ വെട്ടിലാക്കുന്ന നീക്കം ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ നടത്തിയത്. ഈ നീക്കത്തിലെ ഇരുതല വാളുയർത്തുന്ന ഭീഷണി പിണറായിയും തിരിച്ചറിഞ്ഞു. നിയമത്തിലുള്ള അറിവും പരിചയവും മുതൽക്കൂട്ടാക്കി ദാമോദരൻ തീരുമാനവും എടുത്തു. കോടതിയുടെ വിമർശനത്തെ തുടർന്ന് സ്ഥാനം ഒഴിയുന്നതിനേക്കാൾ നല്ലത് അതിന് മുമ്പ് വിവാദം അവസാനിപ്പിക്കുന്നതാണെന്ന് തിരിച്ചറിയുകയായിരുന്നു. ഇതോടെ ഉപദേഷ്ടാവ് പദവി ഏറ്റെടുത്തിട്ടേ ഇല്ലെന്ന് കോടതിയെ സർക്കാർ അറിയിച്ചു. ഇവിടെ വിജയിക്കുന്നത് സോഷ്യൽ മീഡിയ ഉയർത്തിയ വാദങ്ങളാണ്. ഇതിലേക്ക് കാര്യങ്ങളെ എത്തിച്ചത് കുമ്മനം രാജശേഖരന്റെ വേറിട്ട നിയമ പോരാട്ടവും.

ബാർ കൗൺസിൽ ചട്ടങ്ങൾ ലംഘിച്ചു കൊണ്ടാണ് ദാമോദരനെ നിയമോപദേഷ്ടാവ് ആക്കിയത് എന്ന് ചൂണ്ടിക്കാണിച്ചാണ് കുമ്മനം ഹർജി നൽകിയത്. സർക്കാർ നിയമോപദേഷ്ടാവായി നിയമിക്കുന്ന അഭിഭാഷകൻ മറ്റ് കേസുകളിൽ സർക്കാരിനെതിരെ ഹാജരാകരുതെന്ന ബാർ കൗൺസിൽ ചട്ടം ദാമോദരൻ ലംഘിച്ചെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. പ്രിൻസിപ്പൽ സെക്രട്ടറിക്ക് തത്തുല്യമായ പദവിയോടെയാണ് എം കെ ദാമോദരനെ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായി നിയമിച്ചത്. അഡ്വക്കേറ്റ് ജനറൽ എന്ന പദവിയെ അട്ടിമറിക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നും ഹർജിയിൽ പറഞ്ഞിരുന്നു. ഈ ഹർജി കോടതി പരിഗണിക്കുമ്പോൾ സാന്റിയാഗോ മാർട്ടിന്റെ കേസടക്കം വിവദാത്തിലേക്ക് കടന്നുവരും. കോടതിയിൽ നിന്ന് എതിർ പരമാർശം ഉണ്ടായാൽ രാജിവയ്‌ക്കേണ്ടി വരും. ഇത് സർക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കും. ഇത് മുൻകൂട്ടി കണ്ടാണ് കോടതിയിൽ വാദം തുടരും മുമ്പേ രാജി വയ്ക്കുന്നത്. ഇതിനൊപ്പം താൻ ഉപദേഷ്ടാവായിട്ടില്ലെന്നും അതിനാൽ കേസുകളിൽ ഹാജരാകുന്നതിൽ വിലക്കില്ലെന്ന് വരുത്തുകയുമാണ് ദാമോദരൻ ചെയ്തത്. ഇതിലൂടെ ഭാവിയിൽ ഉണ്ടായ വിവാദങ്ങൾ ഒഴിവാകുകയും ചെയ്തു.

മുഖ്യ പ്രതിപക്ഷ എന്ന നിലയിൽ കോൺഗ്രസ് പരാജയമായ സാഹചര്യത്തിലാണ് നിയമപോരാട്ടമെന്ന പാതയിൽ കുമ്മനം എത്തിയത്. ഇതു തന്നെയാണ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ പദവിയുള്ള മുഖ്യ ഉപദേഷ്ടാവ് സ്ഥാനം ദാമോദരന് നഷ്ടമാക്കുന്നതും. സർക്കാരിന്റെ ചർച്ചകളിലും മറ്റും സജീവ സാന്നിധ്യമാക്കാനുള്ള നീക്കമാണ് ദാമോദരനെ ഉപദേഷ്ടാവാക്കുന്നതിലൂടെ ഉദ്ദേശിച്ചത്. വിവാദ ഫയലുകളിൽ ഔദ്യോഗികമായി നിയമ ഉപദേശം തേടുകയായിരുന്നു ലക്ഷ്യം. ഇതിനെയാണ് കുമ്മനത്തിന്റെ ഇടപെടൽ പൊളിക്കുന്നത്. ഭാവിയിലും ഇത്തരം ഇടപെടലുകൾ നടത്തുമെന്ന് ആറന്മുള സമരനായകൻ കൂടിയായ കുമ്മനം പറയുന്നു. സിപിഎമ്മും കോൺഗ്രസും തമ്മിലെ ഒത്തുതീർപ്പ് രാഷ്ട്രീയമാണ് താൻ പൊളിച്ചതെന്നാണ് കുമ്മനം വിശദീകരിക്കുന്നത്.

സൂപ്പർ എജി എന്ന പദവിയുടെ നിയമസാധുതയെപ്പറ്റി മനസ്സിലാക്കുന്നതിനാണ് താൻ ഇതുമായി ബന്ധപ്പെട്ട് കോടതിയെ സമീപിച്ചതെന്ന് ബിജെപി അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ മറുനാടൻ മലയാളിയോട് വിശദീകരിച്ചു. മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് എന്ന പദവിക്ക് നിയമസാധ്യത ഇല്ലാത്തതുകൊണ്ടാണ് ഇപ്പോൾ പദവി ഏറ്റെടുത്തില്ലെന്ന ന്യായീകരണവുമായി എംകെ ദാമോദരൻ രംഗത്തെത്തിയതെന്നും കുമ്മനം പറയുന്നു. നിയമസഭയിലടക്കം ചർച്ചകൾ നടത്തിയിട്ടും വിഷയത്തെ ന്യായീകരിക്കുന്ന സമീപനമാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. എംകെ ദാമോദരന്റെ നിയമനവുമായി ബന്ധപ്പെട്ട് ഉത്തരവ് ഇറങ്ങിയെങ്കിലും ചുമതല ഏറ്റെടുത്തില്ലെന്നാണ് ഇപ്പോൾ ദാമോദരൻ പറയുന്നത്. ഇത്രയും നാൾ ഇത് പറയാതിരുന്നിട്ട് ഇപ്പോൾ പറയുന്നത് തന്നെ ആ പദവിക്ക് നിയമസാധ്യത ഇല്ലെന്നതിന്റെ തെളിവാമെന്നും കുമ്മനം രാജശേഖരൻ പറയുന്നു.

കോൺഗ്രസ് ഇതുമായി ബന്ധപ്പെട്ട് പ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോകാത്തത് ഒത്ത് തീർപ്പ് രാഷ്ട്രീയത്തിന്റെ തെളിവാണെന്നും കുമ്മനം ആരോപിക്കുന്നു. ബാർകോഴക്കേസിനും ഐസ്‌ക്രീം പാർലർ പെൺവാണിഭക്കേസിലും എന്താണ് സംഭവിച്ചതെന്നതും ഒത്തുതീർപ്പ് രാഷ്ട്രീയത്തിന്റെ തെളിവാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ വിശദീകരിക്കുന്നു. ഇത്തരം വിവാദങ്ങളെ രാഷ്ട്രീയമായി നേരിടുന്നതിനൊപ്പം നിയമപരമായി കൈകാര്യം ചെയ്യുന്നതിലൂടെ രാഷ്ട്രീയ ലക്ഷ്യം നേടാമെന്ന് തന്നെയാണ് ബിജെപിയുടെ വിലയിരുത്തൽ. സംസ്ഥാന സർക്കാരിന് നിയമോപദേശം നൽകാൻ അഡ്വക്കേറ്റ് ജനറൽ ഉണ്ടെന്നിരിക്കെ അഡ്വ.എം.കെ. ദാമോദരന്റെ നിയമനം ഭരണഘടനാവിരുദ്ധവും സ്വേച്ഛാപരവുമാണെന്നാണ് ഹൈക്കോടതിയിൽ കുമ്മനം വിശദീകരിച്ചത്.

മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവായ ദാമോദരൻ സർക്കാർ എതിർ കക്ഷിയായ ക്രിമിനൽ കേസുകളിലുൾപ്പെടെ പ്രതികൾക്കു വേണ്ടി ഹാജരാകുന്നു. ഈ പദവി പ്രിൻസിപ്പൽ സെക്രട്ടറിക്കു തുല്യമെന്നിരിക്കെ സർക്കാർ ഫയലുകൾ പരിശോധിക്കാൻ ദാമോദരനു കഴിയും. ഇതിനാൽ സർക്കാരിനെതിരായ കേസുകളിൽ സ്ഥാപിത താത്പര്യം സംരക്ഷിക്കാൻ അദ്ദേഹം ശ്രമിക്കുമെന്ന് ആശങ്കയുണ്ടെന്നും മുഖ്യമന്ത്രിയെ കൂട്ടുപിടിച്ച് നീതിന്യായ വിഷയങ്ങളിൽ അഡ്വക്കേറ്റ് ജനറലിനെ മറികടന്നുള്ള സമാന്തര അധികാര കേന്ദ്രത്തിന് രൂപം നൽകാനുള്ള രഹസ്യ അജണ്ടയാണിതെന്നും ഹർജിയിൽ കുമ്മനം ചൂണ്ടിക്കാട്ടിയിരുന്നു. ദാമോദരൻ വിഷയത്തിൽ ഇതൊക്കെ തന്നെയാണ് സോഷ്യൽ മീഡിയ ഉയർത്തിക്കാട്ടിയത്. എന്നാൽ മുഖ്യപ്രതിപക്ഷമായ കോൺഗ്രസ് പോലും ഇതൊന്നും ആത്മാർത്ഥമായി ഉയർത്തിക്കാട്ടിയില്ലെന്നതാണ് വസ്തുത.

എം.കെ.ദാമോദരൻ നിയമോപദേശക പദവി ഏറ്റെടുക്കില്ല എന്ന സർക്കാരിന്റെ വെളിപ്പെടുത്തൽ കേരളത്തിലെ ജനങ്ങളുടെ വിജയമാണെന്നാണ് കുമ്മനം പ്രതികരിക്കുന്നത്. നിയമവിധേയമല്ലാതെ വ്യവസ്ഥകളെ വെല്ലുവിളിച്ചു കൊണ്ട് പിൻവാതിലിലൂടെ നിയമോപദേശക പദവിയിലേക്ക് നിയമിക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങളെയാണ് ഇവിടെ ഇല്ലാതാക്കിയിരിക്കുന്നത്. കോടതിയിൽ ഹരജി കൊടുത്തയുടനെ തന്നെ സർക്കാർ നിലപാടു മാറ്റിയത് നിയമന ഉത്തരവ് നിയമവിരുദ്ധമാണ് എന്ന് വ്യക്തമായി അറിയാവുന്നതു കൊണ്ടു തന്നെയാണ്. ഈ വിഷയത്തിൽ സർക്കാർ വൈകിയാണെങ്കിലും തെറ്റു തിരുത്താൻ തയ്യാറായത് ശ്ലാഘനീയമാണ്. നിയമവ്യവസ്ഥകളെയും പൊതുജനങ്ങളെയും അവഗണിച്ചു കൊണ്ടു സർക്കാർ നടത്തുന്ന ഓരോ നീക്കത്തിനെതിരെയും ഞങ്ങളുടെ സമരം തുടരുക തന്നെ ചെയ്യുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പറയുന്നു.

കേസിൽ ഇന്ന് ഹൈക്കോടതിയിൽ നിന്ന് ചില പരാമർശങ്ങൾ ഉണ്ടായി. മുഖ്യമന്ത്രിക്ക് നിയമോപദേശകനെ നിയമിക്കുന്നതിൽ അപാകതയില്ല എന്ന് ഹർജി പരിഗണിച്ച ജസ്റ്റിസുമാരായ തോട്ടത്തിൽ ബി രാധാകൃഷ്ണൻ, അനു ശിവരാമൻ എന്നിവരുൾപെട്ട ബെഞ്ച് അഭിപ്രായപെട്ടു. കേസ് തീർപ്പാക്കാൻ കോടതി സന്നദ്ധത അറിയിച്ചപ്പോൾ ഹർജിക്കാരന്റെ അഭിഭാഷകൻ എതിർത്തു. നിയമനത്തിലെ നിയമ പ്രശ്‌നങ്ങൾ കൂടി പരിശോധിക്കണമെന്ന് ആവശ്യപെട്ടതിനെ തുടർന്ന് കൂടുതൽ പരിശോധനയ്ക്കായി ഹർജി വ്യാഴാഴ്ച പരിഗണിക്കും. അങ്ങനെ ഇതൊരു നിയമവിഷയമാക്കി മാറ്റുകയാണ് കുമ്മനം. കോടതി വിധി അനുകൂലമാകുമെന്ന ഉറച്ച പ്രതീക്ഷ തന്നെയാണ് ഇതിന് ആധാരവും. ഗവൺമെന്റ് പ്രിസിപ്പൽ സെക്രട്ടറിക്ക് തുല്യമായ റാങ്കും സ്റ്റാറ്റസും ഉള്ള തസ്തികയിലാണ് ദാമോദരനെ നിയമിച്ചതെന്നാണ് ജൂൺ 10ന് ഗവർണർ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നത്. മുഖ്യമന്ത്രിയുടെ ലീഗൽ അഡ്വൈസർ എന്ന തസ്തികയിലാണ് ദാമോദരന്റെ നിയമനം.

പ്രതിഫലം കൂടാതെയാണ് പദവിയെന്നും ഉത്തരവിലുണ്ട്. വിവാദ ലോട്ടറി നടത്തിപ്പുകാരൻ സാന്റിയാഗോ മാർട്ടിന് വേണ്ടിയും കശുവണ്ടി അഴിമതി കേസിൽ ഐഎൻടിയുസി നേതാവ് ആർ.ചന്ദ്രശേഖരന് വേണ്ടിയും ഹാജരായ എം.കെ.ദാമോദരൻ ക്വാറി ഉടമകൾക്ക് വേണ്ടിയും സർക്കാരിനെതിരെ ഹാജരായത് വിമർശനത്തിന് ഇടയാക്കിയിരുന്നു. എന്നാൽ, സർക്കാർ എതിർകക്ഷിയായുള്ള കേസുകളിൽ സർക്കാരിനെതിരെ ദാമോദരൻ കോടതിയിൽ ഹാജരാകുന്നതിനെ മുഖ്യമന്ത്രി നിയമസഭയിൽ ന്യായീകരിച്ചിരുന്നു. പ്രതിഫലം വാങ്ങാതെ പ്രവർത്തിക്കുന്ന ഉപദേഷ്ടാവായതിനാൽ ദാമോദരന് കോടതിയിൽ ഏത് കേസിലും ഹാജരാകുന്നതിന് തടസമില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ഇതിൽ ഉറച്ചു നിൽക്കുന്നതിനിടെയാണ് കുമ്മനത്തിന്റെ ഹർജിയും അതിൽ ദാമോദരന്റെ മലക്കം മറിച്ചിലും സർക്കാരിന്റെ വിശദീകരണവുമെല്ലാം എത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP