Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാശില്ലാത്തതിനാൽ ഒൻപതാം ക്ലാസിൽ പഠനം നിർത്തി; ഓട്ടോ വാങ്ങിയെങ്കിലും ആരോഗ്യ പ്രശ്‌നത്തെ തുടർന്ന് ഓടാനാവാത്തതിനാൽ വേണ്ടെന്ന് വച്ചു; രണ്ടര മാസം മുമ്പ് വരെ കൂലിപ്പണി എടുത്തു ജീവിച്ചയാൾ സുപ്രഭാതത്തിൽ ബ്ലൈഡ് കമ്പനി തുടങ്ങിയത് എല്ലാവർക്കും അത്ഭുതം; തോട്ടം തൊഴിലാളികളും പൊലീസുകാരും വരെ പണം നിക്ഷേപിച്ചത് ഉയർന്ന പലിശ നിരക്കിൽ വീണ്; എല്ലാത്തിനും ചുക്കാൻ പിടിച്ചത് ഉന്നത ബന്ധമുള്ള വനിതാ മാനേജർ; ഉരുട്ടി കൊന്ന കുമാറിന്റെ ഞൊടിയിടയിലെ വളർച്ചയ്ക്ക് പിന്നിൽ അനേകം ദുരൂഹതകൾ

കാശില്ലാത്തതിനാൽ ഒൻപതാം ക്ലാസിൽ പഠനം നിർത്തി; ഓട്ടോ വാങ്ങിയെങ്കിലും ആരോഗ്യ പ്രശ്‌നത്തെ തുടർന്ന് ഓടാനാവാത്തതിനാൽ വേണ്ടെന്ന് വച്ചു; രണ്ടര മാസം മുമ്പ് വരെ കൂലിപ്പണി എടുത്തു ജീവിച്ചയാൾ സുപ്രഭാതത്തിൽ ബ്ലൈഡ് കമ്പനി തുടങ്ങിയത് എല്ലാവർക്കും അത്ഭുതം; തോട്ടം തൊഴിലാളികളും പൊലീസുകാരും വരെ പണം നിക്ഷേപിച്ചത് ഉയർന്ന പലിശ നിരക്കിൽ വീണ്; എല്ലാത്തിനും ചുക്കാൻ പിടിച്ചത് ഉന്നത ബന്ധമുള്ള വനിതാ മാനേജർ; ഉരുട്ടി കൊന്ന കുമാറിന്റെ ഞൊടിയിടയിലെ വളർച്ചയ്ക്ക് പിന്നിൽ അനേകം ദുരൂഹതകൾ

മറുനാടൻ മലയാളി ബ്യൂറോ

തൊടുപുഴ: മരിച്ച റിമാൻഡു പ്രതി കോലാഹലമേട് സ്വദേശി കുമാർ എങ്ങനെ അതിവേഗം സമ്പന്നനായി. ആർക്കും വിശ്വസിക്കാനാവാത്ത വളർച്ചയുടെ കഥയാണ് കുമാറിന് പറയാനുള്ളത്. അതുകൊണ്ട് കൂടിയാണ് കുമാറിന്റെ പൊലീസ് സ്‌റ്റേഷനിലെ ഉരുട്ടി കൊലയിൽ ദുരൂഹത കൂടുന്നത്. ഹരിതാ ഫിനാൻസിന് പിന്നിൽ കുമാറിനേക്കാൾ വലിയൊരു വ്യക്തിയുണ്ടെന്നാണ് നിഗമനം. എന്നാൽ അന്വേഷണം ആ വഴിക്ക് പോകുന്നുമില്ല. വായ്പത്തട്ടിപ്പിൽ ഇരയായതു 300 സ്വാശ്രയ സംഘങ്ങളാണ്. സംഘങ്ങളിൽ നിന്നു തട്ടിയെടുത്തതു 10000 മുതൽ 50000 രൂപ വരെയും. നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ എത്തിയതു 34 സംഘങ്ങളുടെ പരാതികളായിരുന്നു.

രണ്ടര മാസം മുൻപു വരെ കൂലിപ്പണിയായിരുന്നു കുമാറിന്. പഠിച്ചത് 9ാം ക്ലാസ് വരെ മാത്രം, സാമ്പത്തികം ഇല്ലാത്തതിനാൽ പഠനം പാതിവഴിക്കു നിർത്തിയതാണ് ചിരിത്രം. കൂലിപ്പണി ചെയ്ത് ജീവിതം. തോട്ടം തൊഴിലാളികളായ പരേതനായ കുമരേശൻ കസ്തൂരി ദമ്പതികളുടെ 2 മക്കളിൽ ഇളയവനായിരുന്നു കുമാർ. ദാരിദ്രത്തിന്റെ ചുറ്റുപാടിൽ നിന്നാണ് കോടികളുടെ ഹരിതയുമായി കുമാർ നിറഞ്ഞത്. ഇതിന് പിന്നിലെ പല ദുരൂഹതകളുണ്ട്. ആർക്കും അറിയാത്ത കണ്ണിക്കളും. അതുകൊണ്ട് കൂടിയാണ് ഈ കസ്റ്റഡി മരണത്തിലെ അന്വേഷണം ഏറെ നിർണ്ണായകമാകുന്നത്. ടച്ച് സ്‌ക്രീൻ ഉള്ള മൊബൈൽ പോലും ഉപയോഗിക്കാൻ അറിയാത്ത കുമാർ എങ്ങനെയാണു കോടികളുടെ തട്ടിപ്പ് നടത്തിയതെന്നു അറിയില്ലെന്നു ഭാര്യ വിജയ പറയുന്നു. ഇതും ദുരൂഹതയിലേക്കാണ് വിരൽ ചൂണ്ടുന്നത്.

കുമാറിന്റെ വാക്കുകൾ വിശ്വസിച്ച് ഒട്ടേറെപേർ 'ഹരിത'യുടെ ചതിയിൽ വീണു. ഏലത്തോട്ടം തൊഴിലാളികൾ, വീട്ടമ്മമാർ, കുടുംബശ്രീ പ്രവർത്തകർ, സർക്കാർ ഉദ്യോഗസ്ഥർ, രാഷ്ട്രീയ നേതാക്കൾ, കരാറുകാർ തുടങ്ങിയവരൊക്കെ പണം നഷ്ടപ്പെട്ടവരുടെ പട്ടികയിൽ എത്തി.ജീവനക്കാരെ നിയമിച്ചതു 25000 രൂപ ഡിപ്പോസിറ്റ് സ്വീകരിച്ച ശേഷമായിരുന്നു. ഉന്നതരുടെ പക്കലുള്ള കള്ളപ്പണം സർക്കാരിനെ അറിയിക്കാതെ പുറത്തു വിതരണത്തിനു ഇറക്കാനാണെന്നു ഈ സംവിധാനമെന്നായിരുന്നു ജീവനക്കാർക്ക് നൽകിയ വിശദീകരണം. ഇത് പലരും വിശ്വസിച്ചു. തട്ടിപ്പു കേസിലെ 2ാം പ്രതി ശാലിനിയായിരുന്നു ഓഫിസിലെ കാര്യങ്ങൾ നോക്കിയത്. ഈ വനിതാ മാനേജറാണ് തട്ടിപ്പിലെ മറ്റൊരു പ്രധാന കണ്ണി.

വിദേശ ജോലി, വിദ്യാർത്ഥികളുടെ പഠനം, ആശുപത്രി ചികിത്സ, ഭവന നിർമ്മാണം തുടങ്ങിയ ആവശ്യങ്ങൾക്കായി വായ്പ എടുക്കാനാണ് നാട്ടുകാർ ഹരിത ഫിനാൻസിൽ പ്രോസസിങ് ഫീസ് ഇനത്തിൽ വൻ തുക അടച്ചത്. കുമാർ ഉടമയും ആലപ്പുഴ സ്വദേശിനി ശാലിനി, തൂക്കുപാലം സ്വദേശിനി മഞ്ജു എന്നിവർ എംഡി, മാനേജർ എന്നീ പദവികളിലുമായിരുന്നു. ഈ രണ്ട് വനിതകളും ആളുകളെ നല്ല വാക്കിലൂടെ മയക്കി. ഉയർന്ന പലിശ വാഗ്ദാനത്തിൽ നിക്ഷേപകരും വീണു. ഇതോടെ ഹരിത വളർന്നു. 5 പേരടങ്ങുന്ന ജെഎൽജി സംഘങ്ങൾ രൂപീകരിച്ച് ഇവർക്ക് ഒരു ലക്ഷം മുതൽ അരക്കോടി രൂപ വരെ വായ്പ നൽകുമെന്നായിരുന്നു ഹരിത ഫിനാൻസ് അധികൃതരുടെ വാഗ്ദാനം. ആയിരത്തിന്റെ ഗുണിതങ്ങൾ അനുസരിച്ച് വായ്പ തുകയിലും വർധനവ് വരും. വായ്പ നൽകുന്നതിന്റെ സർവീസ് ചാർജായാണു തുക വാങ്ങിയിരുന്നത്.

ഓരോ അംഗങ്ങളുടെയും ഫോട്ടോ, ആധാർ, പാസ്ബുക്ക് എന്നിവയുടെ കോപ്പിയും ചെക്ക് ലീഫും സംഘത്തിലെ ഒരാളുടെ പാൻ കാർഡും മാത്രം ഈടായി വാങ്ങും. ഒരു ലക്ഷം രൂപ വായ്പ വേണ്ടവർ 1000 രൂപ, 2 ലക്ഷം വേണ്ടവർ 2000 രൂപ, 3 ലക്ഷം വേണ്ടവർ 3000 രൂപ, 5 ലക്ഷം വേണ്ടവർ 5000 രൂപ വരെ അടച്ച് രജിസ്റ്റർ ചെയ്യണം. ഇത്തരത്തിൽ 100 സംഘങ്ങളിലെ അംഗങ്ങളിൽ നിന്നു റജിസ്‌ട്രേഷൻ ഫീസിനത്തിൽ കോടികളാണ് സംഘം തട്ടിയത്.

കുടുംബം കലക്കിയതും ശാലിനി

പൊലീസ് കസ്റ്റഡിയിൽ മരിച്ച വാഗമൺ കോലാഹലമേട് സ്വദേശി കുമാറിന്റെ ആദ്യകാല ജീവിത ചിത്രം കഷ്ടപാടിന്റേതായിരുന്നു. കോലാഹലമേട് എസ്റ്റേറ്റ് ലയത്തിൽ 10 വർഷം മുൻപാണു കുമാറും ഭാര്യ എം. വിജയയും താമസം തുടങ്ങിയത്.

ബോണാമി എസ്റ്റേറ്റിലെ ജോലി ഫാക്ടറി ലോക്കൗട്ട് ചെയ്തപ്പോൾ നഷ്ടപ്പെട്ടു. പിന്നെകൂലിപ്പണിക്കു പോയി. 2005 ൽ ജോലി ചെയ്യുന്നതിനിടെ മറ്റൊരാൾ ഉപയോഗിച്ച മൺവെട്ടി കാലിൽ തട്ടി കാൽ ഞരമ്പു മുറിഞ്ഞു. സ്വന്തമായി ഓട്ടോ വാങ്ങിയെങ്കിലും ഓടിക്കാൻ കഴിഞ്ഞില്ല. ഇതിന് മറ്റൊരാളെ നിയോഗിച്ചു. 2009 ൽ ഓട്ടോ അപകടത്തിൽ ഇടതുകാലിനു ഗുരുതര പരുക്കേറ്റു. കാലിൽ സ്റ്റീൽ കമ്പിയിട്ടു. തുടർന്ന് ചികിത്സയിലായിരുന്നു. ഓട്ടോയും വിറ്റതോടെ വീണ്ടും പട്ടണി. വീണ്ടും കൂലിപ്പണിക്കിറങ്ങി. ഇതിനിടെയാണ് മാർച്ചിൽ നെടുങ്കണ്ടം തൂക്കുപാലം കേന്ദ്രീകരിച്ച് ഹരിത ഫിനാൻസിന്റെ പ്രവർത്തനം ആരംഭിച്ചു. എന്തുകൊണ്ട് ഇതിന് ഇറങ്ങിയെന്നത് ആർക്കും അറിയില്ല.

ഏപ്രിൽ 17 ന് രാവിലെയാണു കുമാർ കോലാഹലമേട്ടിലെ വീട്ടിൽ നിന്നു പോയത്. പിന്നീട് ഇവിടെ വന്നിട്ടില്ല. ഇതിന് ശേഷം കേസിലെ 2ാം പ്രതി ശാലിനിയുമൊത്ത് തൂക്കുപാലത്തിനു സമീപത്തെ വാടകവീട്ടിൽ താമസം തുടങ്ങി. ഇതോടെ ഭാര്യ വിജയ അകന്നു. ശാലിനിക്ക് വലിയ ബന്ധങ്ങളുണ്ട്. ഇതാണ് കുമാറിനെ ബ്ലൈഡ് കമ്പനി തുടങ്ങാൻ സഹായിച്ചതെന്ന് കരുതുന്നവരുണ്ട്. നാട്ടുകാരുടെ പണം പിരിച്ച് ഇയാൾക്ക് കുമാർ നൽകുകയായിരുന്നുവെന്നാണ് വിലയിരുത്തൽ. എന്നാൽ ഇതിലെ കള്ളക്കളികൾ ശാലിനിക്ക് മാത്രമേ അറിയൂ. ഇവരിലൂടെ മാത്രമേ ദുരൂഹതകളും അകലൂവെന്ന് പൊലീസും തിരിച്ചറിയുന്നു.

തട്ടിപ്പു കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്തതിനെ തുടർന്ന് കഴിഞ്ഞ മാസം 12 ന് രാത്രിയിലാണു കുമാറിനെ പൊലീസ് എസ്റ്റേറ്റ് ലയത്തിൽ തെളിവെടുപ്പിനായി എത്തിച്ചത്. പഴയ മൊബൈൽ ഫോണാണു കുമാറിനുണ്ടായിരുന്നത്. ടച്ച് സ്‌ക്രീൻ ഉള്ള മൊബൈൽ പോലും ഉപയോഗിക്കാൻ അറിയാത്ത കുമാർ എങ്ങനെയാണു കോടികളുടെ തട്ടിപ്പ് നടത്തിയതെന്നു അറിയില്ലെന്നു ഭാര്യ വിജയ പറയുന്നു. കുമാറിന്റെ അമ്മ കസ്തൂരിക്ക് കോട്ടയത്ത് വീട്ടു ജോലിയാണ്. മകന്റെ മരണത്തെ തുടർന്ന് കസ്തൂരി ജോലിക്കു പോയിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP