Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുലുക്കി സർബത്തിലൂടെ അകത്താക്കുന്നത് ബാക്ടീരിയകളും സാക്രിനും; ആരോഗ്യപ്രശ്‌നമുണ്ടാക്കുന്നുവെന്നു ഭക്ഷ്യസുരക്ഷാവകുപ്പ്; ഉപ്പിലിട്ടവ വിരുന്നുകളിലുപയോഗിക്കുന്നതു പുതിയ (ദു)ശീലം

കുലുക്കി സർബത്തിലൂടെ അകത്താക്കുന്നത് ബാക്ടീരിയകളും സാക്രിനും; ആരോഗ്യപ്രശ്‌നമുണ്ടാക്കുന്നുവെന്നു ഭക്ഷ്യസുരക്ഷാവകുപ്പ്; ഉപ്പിലിട്ടവ വിരുന്നുകളിലുപയോഗിക്കുന്നതു പുതിയ (ദു)ശീലം

രഞ്ജിത് ബാബു

കണ്ണൂർ: പ്രിയങ്കരമായ പാനീയമെന്ന നിലയിൽ കേരളത്തിലാകെ വ്യാപകമായി വിൽപന നടത്തുന്ന കുലുക്കി സർബത്ത് വടക്കൻ കേരളത്തിലെ ഉത്സവസ്ഥലങ്ങളിൽ വ്യാപകമായി വിൽപ്പനക്കെത്തുന്നു. ബാക്ടീരിയ അടങ്ങിയതും സാക്രീൻ ചേർത്തതുമായ ഐസുപയോഗിച്ചുണ്ടാക്കുന്ന ഈ പാനീയം ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നതായി ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ പറയുന്നു. 

കടൽ വെള്ളവും പുഴവെള്ളവുമാണ് ഈ പാനീയം ഉണ്ടാക്കാൻ ഉപയോഗിക്കുന്നതെന്നാണ് അറിയുന്നത്. ജലത്തിൽ ബാക്ടീരിയ വളരുന്നത് 5 ഡിഗ്രി മുതൽ 65 ഡിഗ്രി വരെയുള്ള താപനിലയിലാണ്. 100 ഡിഗ്രിയെങ്കിലും ചൂടാക്കി ശുദ്ധീകരിച്ച വെള്ളത്തിൽ മാത്രമേ ഐസ് ഉണ്ടാക്കാൻ പാടുള്ളൂ. എന്നാൽ ക്ഷേത്രോത്സവങ്ങൾ, തിരുനാൾ ,ഉറൂസ് എന്നിവ നടക്കുന്ന ആരാധനാ കേന്ദ്രങ്ങളിൽ അശുദ്ധജലത്തിൽ കുലുക്കി സർബത്ത് ഉണ്ടാക്കി വ്യാപകമായി വിൽപ്പന നടത്തുകയാണ്. ശുദ്ധജലത്തിനു പകരം കടൽ വെള്ളവും പുഴവെള്ളവും മധുരത്തിനു പകരം സാക്രീനും ചേർത്താണ് കുലുക്കി സർബത്ത് ഉണ്ടാക്കുന്നതെന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ പറയുന്നു. ഉത്സവ സ്ഥലങ്ങളിൽ നിന്നും രാത്രി വൈകി ഈ പാനീയം ഉപയോഗിച്ചവർ ഛർദ്ദിയും അതിസാരവും ബാധിച്ച്്് ചികിത്സ തേടുന്നതും പതിവായിട്ടുണ്ട്. രാത്രിയിൽ ശരീരോഷ്മാവ് കുറയുമ്പോൾ കഴിക്കുന്നതാണ് അസുഖം കൂടാൻ കാരണം.

ശുദ്ധജലത്തിന്റെ പേരിൽ വാട്ടർ പ്യൂരിഫയർ കമ്പനികൾ പരസ്യങ്ങളുമായി രംഗത്ത് സജീവമാണ്. വാട്ടർ പ്യൂരിഫയർ ഉപയോഗിച്ചാൽ വീടിന്നകത്ത് ശുദ്ധജലം ലഭ്യമാക്കാം എന്നാണ് ഇവരുടെ വാഗ്ദാനം. എന്നാൽ വിവിധ കമ്പനികൾ ഉത്പ്പാദിപ്പിക്കുന്ന വാട്ടർ പ്യൂരിഫയർ ശുദ്ധജലം ലഭിക്കാനുള്ള മാർഗമല്ലെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. ഫിൽട്ടർ ചെയ്യുന്നതു വഴി ബാക്ടീരിയക്ക് നാശം ഉണ്ടാകുന്നില്ല. അൾട്രാ വയലറ്റ് ട്രീറ്റ്‌മെന്റ് സംവിധാനമുണ്ടെങ്കിലേ ബാക്ടീരിയകൾക്ക് നാശം ഉണ്ടാകുകയുള്ളൂ. കാര്യക്ഷമതയുള്ള അൾട്രാ വയലറ്റ് ട്രീറ്റ്‌മെന്റ് ഉള്ള പ്യൂരിഫയർ വിരളമാണ്. ഉള്ളതുതന്നെ പ്രവർത്തനക്ഷമമാണോ എന്നതു വ്യക്തവുമല്ല. പ്യൂരിഫയറിന്റെ പേരിൽ നടക്കുന്ന പ്രചാരണം വെറും കച്ചവടതന്ത്രം മാത്രമാണെന്നും ഉദ്യോഗസ്ഥർ പറയുന്നു.

അടുത്ത കാലത്തായി മറ്റൊരു ഭക്ഷ്യശീലത്തിനും മലയാളികൾ അടിമപ്പെടുകയാണ്. ഉപ്പിലിട്ടത് എന്നപേരിൽ ഒട്ടു മിക്ക പച്ചക്കറി സാധനങ്ങളും നമ്മുടെ സൽക്കാരങ്ങളിൽ സ്ഥാനം പിടിച്ചിരിക്കയാണ്. വിനോദസഞ്ചാരകേന്ദ്രങ്ങളിൽ നന്നായി വിറ്റിഴിക്കപ്പെടുന്ന നെല്ലിക്ക, മാങ്ങ, പൈനാപ്പിൾ, കാരറ്റ്, സാലഡ് വെള്ളരി തുടങ്ങി ഉപ്പിലിട്ട സാധനങ്ങൾ സത്ക്കാരങ്ങളിൽ വിളമ്പാൻ തുടങ്ങിയിരിക്കുന്നു. വലിയ ഭരണികളിലാക്കി ഉപ്പിലിട്ട ഇവ വിരുന്നുകളിൽ ചൂടപ്പം പോലെയാണ് ചെലവാകുന്നത്. കുട്ടികളും മുതിർന്നവരും രോഗികളും ഇവ ആരോഗ്യത്തിന് നന്നെന്ന് ഉറപ്പിച്ച് ആവും വിധം അകത്താക്കുകയാണ്.

മലപ്പുറത്തു നിന്ന് തുടക്കമിട്ട ഈ രീതി കേരളം മുഴുവനും വ്യാപിച്ച് മറുനാട്ടിലെ മലയാളികളിലും എത്തിനിൽക്കുകയാണ്. മുമ്പ് ഒന്നോ രണ്ടോ നെല്ലിക്കയോ മാങ്ങയോ കഷ്ടിച്ചുകഴിക്കുന്ന മലയാളി ഉപ്പിലിട്ട എല്ലാ വിഭവങ്ങളും കഴിക്കുന്ന ശീലത്തിലേക്ക് എത്തിയിരിക്കയാണ്. വിവാഹം, മറ്റ് സൽക്കാരങ്ങൾ, കുടുംബമേളകൾ എന്നിവയിലെല്ലാം ഉപ്പിലിട്ടത് ഇന്ന് അനിവാര്യമായിരിക്കയാണ്.

സോഡിയത്തിന്റെ അളവിനെ ഗുരുതരമായി ബാധിക്കുന്ന ഈ ഭക്ഷ്യരീതി അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്നവയാണ്. ഉപ്പിന് വലിയ കുഴപ്പമില്ലെന്ന ധാരണമൂലം പ്രമേഹ രോഗികളും ഇത് ശീലമാക്കുന്നുണ്ട്. രക്തത്തിൽ സോഡിയത്തിന്റെ അളവ് കൂടുന്ന ഈ ഭക്ഷണശീലം കൊണ്ട് കുടുതൽ രോഗികളെ സൃഷ്ടിക്കപ്പെടുകയാണ്. ഭക്ഷ്യ സുരക്ഷാ വകുപ്പ് ഈ ശീലത്തിനെതിരെ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP