Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മഹാരാഷ്ട്രയിലെ പൊലീസുകാരന്റെ മകനായി ജനനം; ഡിഫൻസ് അക്കാദമിയിലെ പഠനം പൂർത്തിയാക്കി നേവിയിൽ സേവനം; പാർലമെന്റ് ആക്രമണത്തിനു പിന്നാലെ ഇന്റലിജൻസ് ഏജൻസിക്കായി പ്രവർത്തനം; എന്നും സാഹസിക യാത്രകൾ ഇഷ്ടപ്പെട്ട വ്യക്തിത്വം: ഇന്ത്യാരാജ്യം ഒറ്റക്കെട്ടായി പോരാടുന്ന കുൽഭൂഷൺ ജാദവിനെ അറിയാം

മഹാരാഷ്ട്രയിലെ പൊലീസുകാരന്റെ മകനായി ജനനം; ഡിഫൻസ് അക്കാദമിയിലെ പഠനം പൂർത്തിയാക്കി നേവിയിൽ സേവനം; പാർലമെന്റ് ആക്രമണത്തിനു പിന്നാലെ ഇന്റലിജൻസ് ഏജൻസിക്കായി പ്രവർത്തനം; എന്നും സാഹസിക യാത്രകൾ ഇഷ്ടപ്പെട്ട വ്യക്തിത്വം: ഇന്ത്യാരാജ്യം ഒറ്റക്കെട്ടായി പോരാടുന്ന കുൽഭൂഷൺ ജാദവിനെ അറിയാം

ന്യൂഡൽഹി: കുൽഭൂഷൺ ജാദവ് എന്ന 47കാരനാണ് ഇപ്പോൾ രാജ്യാന്തര മാധ്യമങ്ങളുടെയടക്കം സംസാരവിഷയം. പാക്കിസ്ഥാൻ വധശിക്ഷയ്ക്കുവിധിച്ച ഈ മുൻ നാവികേസനാ ഉദ്യോഗസ്ഥനെ രക്ഷിക്കാൻ രാജ്യാന്തരകോടതിവരെ നടത്തിയ ഇന്ത്യയുടെ നിയമയുദ്ധം വിജയം കണ്ടിരിക്കുന്നു. ഇന്ത്യാ-പാക്കിസ്ഥാൻ ബന്ധത്തിൽ ഇത്രയേറെ വിള്ളൽ വീഴ്‌ത്തിയ ഈ മുൻ നാവികസേനാ ഉദ്യോഗസ്ഥന്റെ ജീവിതം ഏറെ ദുരൂഹതകൾ നിറഞ്ഞതാണ്.

മഹാരാഷ്ട്രയിലെ സതാര ജില്ലയിലെ വായിയിലാണ് കുൽഭൂഷണിന്റെ ജനനം. അച്ഛൻ മുംബൈയിൽ പൊലീസ് ഉദ്യോഗസ്ഥനായിരുന്നു. കുട്ടിക്കാലത്ത് മഹാരാഷ്ട്രയിലെ പരേലിലുള്ള പൊലീസ് ക്വാർട്ടേഴ്സിലാണ് കുടുംബത്തോടൊപ്പം കഴിഞ്ഞിരുന്നത്. പൂണെയിലെ നാഷണൽ ഡിഫൻസ് അക്കാഡമിയിൽ പഠിച്ച കുൽഭൂഷൺ ജാദവ് സ്പോർട്സിലും പഠനത്തിനും മിടുക്കനായിരുന്നു. എല്ലാവരേയും സഹായിക്കുന്ന പ്രകൃതക്കാരനായിരുന്നു. എന്നാൽ അധികം സംസാരിക്കില്ലായിരുന്നു. സാഹസിക യാത്രങ്ങൾ എന്നും അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നു.

1987 ൽ ദേശീയ ഡിഫൻസ് അക്കാദമിയിൽ ചേർന് കുൽഭൂഷൺ 1991 ൽ നാവികസേനയിലെ എൻജിനിയറിങ് വിഭാഗത്തിൽ കമ്മീഷൻ ഓഫീസറായി. 2001 ൽ പാർലമെന്റിനു നേർക്കു നടന്ന ഭീകരാക്രമണത്തിനു പിന്നാലെ കുൽഭൂഷൺ ഇന്റലിജൻസിനുവേണ്ടി വിവരശേഖരണം തുടങ്ങിയിരുന്നതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. 14 വർഷത്തെ സേവനത്തിനുശേഷം 2003ൽ നാവികസേനയിൽനിന്നു വിരമിച്ച അദ്ദേഹം ഇന്റലിജൻസ് ഏജൻസികളുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്നതായും പറയപ്പെടുന്നു.

നേവിയിൽനിന്നു വിരമിച്ചശേഷം ഭാര്യയ്ക്കും രണ്ടു കുട്ടികൾക്കുമൊപ്പം മുംബൈയിലായിരുന്നു കുൽഭൂഷൺ താമസിച്ചിരുന്നത്. ഇറാനിലെ ചബാഹാറിൽ ഒരു ചെറിയ ബിസിനസ് സ്ഥാപനമാണു നടത്തിയിരുന്നത്. ബിസിനസിന്റെ പേരിൽ ചാരപ്രവർത്തനമാണ് കുൽഭൂഷണൻ നടത്തിയിരുന്നതെന്ന് പാക്കിസ്ഥാൻ ആരോപിക്കുന്നു. ബിസിനസ് ആവശ്യങ്ങളുടെ പേരിൽ ഇറാനിലെത്തുന്ന കുൽഭൂഷൺ രഹസ്യമായി പലവട്ടം പാക്കിസ്ഥാൻ സന്ദർശിച്ചിരുന്നതായും ആരോപിക്കുന്നു.

2016 മാർച്ച് മൂന്നിന് ഇറാൻ-പാക് അതിർത്തിയിൽ നിന്നും പാക്കിസ്ഥാൻ രഹസ്യാന്വേഷകർ കുൽഭൂഷണിനെ പിടികൂടിയെന്നാണ് വിവരം. ബലൂചിസ്ഥാനിലെ മാഷ്‌കെൽ അതിർത്തിയിൽനിന്നും പിടികൂടിയെന്നാണ് പാക്കിസ്ഥാൻ അവകാശപ്പെടുന്നത്. ഇന്ത്യയുടെ വിദേശകാര്യ ചാരസംഘടനയായ റിസേർച്ച് അൻഡ് അനാലിസിസ് വിംഗി(റോ)ന്റെ ഏജന്റാണ് കുൽഭൂഷൺ ജാദവെന്നാണ് പാക്കിസ്ഥാൻ ആരോപിക്കുന്നത്. ബലൂചിസ്ഥാൻ പ്രവിശ്യയിൽ വിഘടനവാദം പ്രോത്സാഹിപ്പിക്കുകയും പാക്കിസ്ഥാനെ അസ്ഥിരപ്പെടുത്താനുള്ള ഭീകരാക്രമണ പദ്ധതികളിൽ പങ്ക് വഹിച്ചു എന്നെല്ലാമാണ് കുൽഭൂഷണെതിരായ ആരോപണങ്ങൾ.

കുൽഭൂഷൺ യാദവ് ഇറാനിലേക്കു യാത്ര ചെയ്തത് വ്യാജ പാസ്‌പോർട്ട് ഉപയോഗിച്ചാണെന്നും പാക്കിസ്ഥാൻ ആരോപിക്കുന്നു. മഹാരാഷ്ട്രയിൽ 1968 ഓഗസ്റ്റ് 30നു ജനിച്ച ഹുസൈൻ മുബാറക് പട്ടേൽ എന്ന വ്യാജ പേരിൽ പാസ്‌പോർട്ട് എടുത്തായിരുന്നുവത്രേ യാത്രകൾ. നാവികയുദ്ധ തന്ത്രങ്ങളിൽ അതിവിദ്ഗനാണ് കുൽഭൂഷണെന്നും പാക്കിസ്ഥാൻ വെളിപ്പെടുത്തുകയുണ്ടായി. ബലൂചിസ്ഥാനിലെ വിഘടനപ്രവർത്തനങ്ങൾക്കു ശക്തിപകർന്ന് പാക്കിസ്ഥാനെ അസ്ഥിരപ്പെടുത്തുകയായിരുന്നുവത്രേ അദ്ദേഹത്തിന്റെ ലക്ഷ്യം. പാക്കിസ്ഥാൻ- ചൈന സാമ്പത്തിക ഇടനാഴി പദ്ധതിയെ അട്ടിമറിക്കാനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി എന്നെല്ലാം ആരോപണമുണ്ട്. താൻ റോയുടെ ഏജന്റാണെന്ന് കുൽഭൂഷൺ കുറ്റസമ്മതം നടത്തുന്ന വീഡിയോയും പാക്കിസ്ഥാൻ പുറത്തുവിടുകയുണ്ടായി.

ഏതായാലും കുൽഭൂഷൺ ജാദവിനെ വധശിക്ഷയ്ക്ക് വിധിച്ചത് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ ഗുരുതരമായി വാധിച്ചു. പാക്കിസ്ഥാനുമായുള്ള ഉഭയകകക്ഷി ചർച്ചകൾ ഇന്ത്യ മരവിപ്പിച്ചു. കുൽഭൂഷൻ ജാദവ് ഇന്ത്യൻ ചാരൻ അല്ലെന്നാണ് ഇന്ത്യ അവകാശപ്പെടുന്നത്. അതേസമയം അദ്ദേഹം എങ്ങനെ ഇറാനിൽനിന്ന് പാക്കിസ്ഥാനിലെത്തിയെന്ന കാര്യത്തിൽ വ്യക്തതയില്ല. 2003 മുതൽ കുൽഭൂഷണൻ തങ്ങളുടെ രാജ്യം സന്ദർശിക്കുന്നുണ്ടെന്നാണ് പാക്കിസ്ഥാൻ അവകാശപ്പെടുന്നത്.

ഏതായാലും പാക്കിസ്ഥാനിലെ സൈനിക കോടതി വിധിച്ച വധശിക്ഷയ്‌ക്കെതിരേ ഹേഗിലെ രാജ്യാന്തര നീതിന്യായ കോടതിയെ സമീപിച്ച് ഇന്ത്യ വിജയം നേടിയിരിക്കുകയാണ്. വധശിക്ഷ സ്റ്റേ ചെയ്തുകൊണ്ടാണ് രാജ്യാന്തരകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. കുൽഭൂഷണിന് നയതന്ത്ര, നിയമ സഹായം ലഭിക്കാൻ അർഹതയുണ്ടെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP