Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പരീക്ഷാ ഹാളിൽ അറിയുന്ന ചോദ്യങ്ങൾ ആയിട്ടും എഴുതാനാവാത്ത നിസ്സഹായത; ഹാളിലിരുന്നു കരയുമ്പോഴും ആരും തിരിഞ്ഞുനോക്കിയില്ല; പഠനത്തിന്റെ പാതി വഴിയിൽ ബ്രെയിൻ സർജറി വേണ്ടി വന്നതോടെ എലിസബത്തിന് കൈവിട്ടുപോയത് ഒരുകണ്ണിന്റെ കാഴ്ചശക്തി; പോസ്റ്റ് ബിഎസ്എസി നഴ്‌സിങ് ഒന്നാം വർഷ പരീക്ഷയ്ക്ക് ആളെ വെച്ച് എഴുതാനോ സമയം നീട്ടി നൽകാനോ തയ്യാറാകാതെ ആരോഗ്യ സർവകലാശാല; തീരുമാനം ഗവേണിങ് കൗൺസിലിന് വിട്ടെന്ന് പറഞ്ഞ് കൈകഴുകി വിസി

പരീക്ഷാ ഹാളിൽ അറിയുന്ന ചോദ്യങ്ങൾ ആയിട്ടും എഴുതാനാവാത്ത നിസ്സഹായത; ഹാളിലിരുന്നു കരയുമ്പോഴും ആരും തിരിഞ്ഞുനോക്കിയില്ല; പഠനത്തിന്റെ പാതി വഴിയിൽ ബ്രെയിൻ സർജറി വേണ്ടി വന്നതോടെ എലിസബത്തിന് കൈവിട്ടുപോയത് ഒരുകണ്ണിന്റെ കാഴ്ചശക്തി; പോസ്റ്റ് ബിഎസ്എസി നഴ്‌സിങ് ഒന്നാം വർഷ പരീക്ഷയ്ക്ക് ആളെ വെച്ച് എഴുതാനോ സമയം നീട്ടി നൽകാനോ തയ്യാറാകാതെ ആരോഗ്യ സർവകലാശാല; തീരുമാനം ഗവേണിങ് കൗൺസിലിന് വിട്ടെന്ന് പറഞ്ഞ് കൈകഴുകി വിസി

എം മനോജ് കുമാർ

തിരുവനന്തപുരം: ശാരീരിക അവശതകളുള്ള പോസ്റ്റ് ബിഎസ് സി വിദ്യാർത്ഥിക്ക് പരീക്ഷ എഴുതാൻ പരസഹായം നിഷേധിച്ച് കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസിന്റെ ക്രൂരത. പകരം ആളെ വെച്ച് പരീക്ഷ എഴുതാനോ, സമയം നീട്ടി നൽകാനോ നൽകാത്തതിനാൽ വിദ്യാർത്ഥിനിക്ക് ആദ്യവർഷ പരീക്ഷയിൽ മിക്ക പേപ്പറുകൾക്കും തോൽവി ഏറ്റുവാങ്ങണ്ടി വന്നു. ഈ കാരണം കൊണ്ട് തന്നെ രണ്ടാം വർഷ വിദ്യാർത്ഥിയായ എലിസബത്ത് ഒമ്പത് വിഷയങ്ങളിൽ അഞ്ച് വിഷയങ്ങളിലും പരാജയപ്പെടുകയും ചെയ്തു. അറിയുന്ന ഉത്തരങ്ങൾ ആയിട്ടും എഴുതാൻ വിദ്യാർത്ഥിനിക്ക് ആയതുമില്ല. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പോസ്റ്റ് ബിഎസ്സി രണ്ടാം വർഷ വിദ്യാർത്ഥിനിയായ എലിസബത്ത് സി. റാണിയാണ് കുഹാസ് അധികൃതരുടെ കണ്ണിൽ ചോരയില്ലാത്ത ക്രൂരതകാരണം വലയുന്നത്.

വികലാംഗ വിദ്യാർത്ഥിക്കുള്ള റിസർവേഷൻ വഴിയാണ് എലിസബത്ത് പോസ്റ്റ് ബിഎസ്എസ് കോഴ്സിന് പ്രവേശനം നേടിയതും. പക്ഷെ പ്രവേശനം നൽകിയ അധികൃതർ വർഷാന്ത്യ പരീക്ഷാസമയത്ത് ആളെ വെച്ച് പരീക്ഷയെഴുതാനോ സമയം നീട്ടി നൽകാനോ അനുമതി നൽകിയില്ല. ഫലമോ വിദ്യാർത്ഥിനി പേപ്പറുകളിൽ പരാജയപ്പെടുകയും ചെയ്തു. എലിസബത്തിനു ഇടത് കണ്ണിനു കാഴ്ചയില്ല. തലച്ചോറിൽ നടത്തിയ ശസ്ത്രക്രിയയെ തുടർന്നാണ് ഒരു കണ്ണിലെ കാഴ്ചശക്തി നഷ്ടമാകുന്നത്.

ജനറൽ നേഴ്സിങ് വരെ പഠിച്ച ശേഷമാണ് എലിസബത്തിനു തലച്ചോറിൽ ശസ്ത്രക്രിയ ആവശ്യമായി വന്നത്. ശ്രീചിത്രയിൽ നിന്നായിരുന്നു സർജറി. പക്ഷെ സർജറി കഴിഞ്ഞതോടെ ഇടത് കണ്ണിലെ കാഴ്ച ശക്തി നഷ്ടമായി. പോസ്റ്റ് ബിഎസ് സി വിദ്യാർത്ഥിനിയായി പ്രവേശനം നേടുന്ന സമയത്ത് ഈ കാര്യം അപേക്ഷയിൽ രേഖപ്പെടുത്തിയിരുന്നു. ഇതുപ്രകാരമുള്ള കോട്ടയിലാണ് എലിസബത്ത് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഈ കോഴ്സിന് പ്രവേശനം ലഭിക്കുന്നത്. പക്ഷെ പ്രവേശനത്തിന് മാത്രം റിസർവേഷൻ. പരീക്ഷയ്ക്ക് പക്ഷെ പ്രത്യേക പരിഗണന നൽകാൻ അധികൃതർ മടിച്ചു. അതോടെ എലിസബത്തിന്റെ ജീവിതം ഇരുളടയുന്നതിനു തുല്യവുമായി.

ശാരീരിക വൈകല്യങ്ങൾ കാരണം റിസർവേഷൻ ക്വാട്ടയിൽ ഈ കോഴ്സിന് പ്രവേശനം നേടുന്ന ഒരേ ഒരു വിദ്യാർത്ഥിയാണ് എലിസബത്ത്. അതുകൊണ്ട് തന്നെ പരീക്ഷാ സമയത്ത് പ്രത്യേക പരിഗണന എലിസബത്ത് അർഹിക്കുകയും ചെയ്തിരുന്നു. പക്ഷെ കനിവിന്റെ കരുണ നൽകേണ്ടുന്ന വിദ്യാർത്ഥിനിക്ക് മുന്നിൽ കുഹാസ് വാതിൽ കൊട്ടിയടക്കുകയായിരുന്നു. ഇതോടെ പരീക്ഷയ്ക്ക് പരാജയം പേറേണ്ടുന്ന അവസ്ഥയും എലിസബത്തിനു വന്നു. 'ഞാൻ ഒരു റിസർവേഷൻ അപേക്ഷാർത്ഥിയാണ് എന്ന് യൂണിവേഴ്സ്റ്റിറ്റിക്ക് അറിയാം. ഞാൻ ഒരിക്കലൂം സാധാരണ വിദ്യാർത്ഥിക്ക് ഒപ്പം എത്തില്ല.

എന്റെ പരിമിതി എന്നെ അതിനു അനുവദിക്കില്ല-എലിസബത്ത് മറുനാടൻ മലയാളിയോട് പറഞ്ഞു. എന്റെ പേപ്പർ വാല്യൂവേഷൻ യൂണിവേഴ്സിറ്റി പൂർത്തിയാക്കിയതും ഇതേ രീതിയിൽ തന്നെയാണ്. സാധാരണ ഗതിയിൽ കാഴ്ചശക്തിയില്ലാത്ത കുട്ടിയാണെങ്കിൽ അത് ഉത്തരക്കടലാസിൽ രേഖപ്പെടുത്തും. എന്റെ പേപ്പർ സാധാരണ വിദ്യാർത്ഥിയുടെ ഒപ്പമാണ് പരിഗണിച്ചത്. സാധാരണ ഗതിയിൽ മെഡിക്കൽ കോളേജിൽ നിന്നും യൂണിവേഴ്സിറ്റിക്ക് അറിയിപ്പ് നല്കണം. അതും നൽകിയില്ല.

ഒബ്ജക്റ്റീവ് രീതിയിലുള്ള പരീക്ഷയല്ല. വിശദമായി ഉത്തരം എഴുതേണ്ടതാണ്. എനിക്ക് നീട്ടി വലിച്ച് എഴുതാൻ കഴിയില്ല. ഞാൻ കുറിച്ചത് പോയിന്റ്സുകൾ മാത്രമാണ്. ഒരാളെ പരീക്ഷ എഴുതാൻ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും അധികൃതർ നൽകിയില്ല. അതിനാൽ പോയിന്റ്സുകൾ മാത്രം ഞാൻ നൽകി. അതുകൊണ്ട് ഉത്തരക്കടലാസിൽ മാര്ക്കുകൾ നൽകിയതുമില്ല. എനിക്ക് ഒരു വശം കാണാൻ കഴിയില്ല. നോക്കി നോക്കി എഴുതുമ്പോൾ സമയം പോയി. അരമണിക്കൂർ സമയമാണ് അധികം നൽകിയത്. വൈവേ ആണെങ്കിൽ ഞാൻ വിജയിക്കുമായിരുന്നു. ഒരു കണ്ണ് കാഴ്ച കുറവായതിനാൽ അടുത്ത കണ്ണിനു അധികം സ്ട്രെയിൻ നൽകേണ്ടി വന്നു. അതുകൊണ്ട് മറ്റേ കണ്ണും മങ്ങിയ രീതിയിലായി. ഉത്തരക്കടലാസുകളിൽ എനിക്ക് വ്യക്തതയോടെ എഴുതാൻ കഴിഞ്ഞില്ല.

നിർബന്ധിതമായി എഴുതിയ പരീക്ഷയാണിത്. ജീവിതത്തിൽ ആദ്യമായാണ് ഈ രീതിയിലുള്ള അഞ്ചു വിഷയങ്ങളിലുള്ള പരാജയം. തലച്ചോറിൽ ശസ്ത്രക്രിയ ചെയ്ത വിദ്യാർത്ഥിയാണ്. എനിക്ക് അധികം സമ്മർദം നേരിടാൻ കഴിയില്ല. സ്ട്രെയിൻ ചെയ്തുള്ള എഴുത്ത് എനിക്ക് പലവിധ പ്രശ്‌നങ്ങൾ സൃഷ്ടിച്ചു. സാധാരണ വിദ്യാർത്ഥിയെപോലെ പരിഗണിച്ചതിനാൽ ആണ് എനിക്ക് പരാജയം നേരിട്ടത്. ശാരീരിക വൈകല്യമുള്ള ആളുകളുടെ ക്വാട്ട ആയതിനാൽ സാധാരണ രീതിയിൽ പേപ്പർ വാല്യൂവേഷൻ അരുത് എന്ന് യൂണിവേഴ്സിറ്റിയിൽ ഞാൻ പലകുറി ആവശ്യപ്പെട്ടതുമാണ്.

വൈകല്യം ഉള്ളതിനാൽ മോഡറേഷൻ നൽകാമായിരുന്നു. എനിക്ക് കൂടുതൽ സമയം നൽകാമായിരുന്നു. എഴുതാൻ ഒരാളെ അനുവദിക്കാമായിരുന്നു. ഒന്നും യൂണിവേഴ്സ്സിറ്റി ചെയ്തില്ല. കേരളാ യൂണിവേഴ്സിറ്റി വിസിയോട് വരെ സംസാരിച്ചു. ശാരീരിക വൈകല്യം ഉള്ള ഒരാൾക്ക് അഡ്‌മിഷന് മാത്രമാണ് മുൻഗണന എന്നാണ് യൂണിവേഴ്സിറ്റി അടക്കം പറഞ്ഞത്. രണ്ടു കുട്ടികൾ ഉള്ള ഒരാളാണ് ഞാൻ. തൃശൂരിൽ നിന്നും ഈ കോഴ്സിന് വേണ്ടി തിരുവനന്തപുരം പോയി പഠിക്കുകയാണ് ചെയ്യുന്നത്. യൂണിവേഴ്സ്റ്റിറ്റിയുടെ പരിഗണന വന്നെങ്കിൽ എന്റെ പ്രൊഫഷനിൽ, ടീച്ചിങ് പ്രൊഫഷനിൽ എനിക്ക് ഉയർന്നു പോകാൻ കഴിയുമായിരുന്നു-എലിസബത്ത് പറയുന്നു.

തന്റേതല്ലാത്ത കാരണങ്ങളാൽ ജീവിതത്തിൽ പ്രതിസന്ധി നേരിടുന്ന വിദ്യാർത്ഥിയാണ് എലിസബത്ത്. ശാരീരിക വൈകല്യം ഉള്ളതിനാൽ ആ ക്വാട്ടയിൽ ആണ് ബിഎസ്സി നഴ്സിന് എലിസബത്തിനു പ്രവേശനം കിട്ടിയത്. പ്രവേശന സമയത്ത് നൽകിയ ആനുകൂല്യം എന്ത്കൊണ്ടാണ് പരീക്ഷാ സമയത്ത് ലഭിക്കാത്തത് എന്നാണ് എലിസബത്ത് ഉയര്തുന്നുന്ന ചോദ്യം. ഈ രീതിയിൽ ഉള്ള വിദ്യാർത്ഥികൾക്ക് പരീക്ഷ എന്ന കടമ്പ കടന്നുകിട്ടാൻ പ്രയാസമാകുമെന്നു എലിസബത്തിന്റെ വിവരണങ്ങളിൽ നിന്ന് തെളിയുകയും ചെയ്യുന്നു. എലിസബത്ത് ഇപ്പോൾ പോസ്റ്റ് ബിഎസ് സി നഴ്സിങ് രണ്ടാം വർഷ വിദ്യാർത്ഥിയാണ്. ഈ വർഷമെങ്കിലും തന്റെ കാര്യത്തിൽ കുഹാസ് കനിയുമോ എന്നാണ് എലിസബത്ത് ഉയർത്തുന്ന ചോദ്യം.
എലിസബത്തിന്റെ പ്രശ്‌നങ്ങൾ പരിഹൃതമാകുമോ? കുഹാസ് വി സി. ഡോ. എം കെ സി നായർ മറുനാടൻ മലയാളിയോട് പ്രതികരിക്കുന്നു
 

എലിസബത്തിന്റെ പ്രശ്‌നം സങ്കീർണ്ണതകൾ ഉള്ള പ്രശ്‌നമാണ്. ഇത്തരം പ്രശ്‌നങ്ങൾ ആരോഗ്യ സർവ്വകലാശാലയ്ക്ക് മുന്നിൽ വലിയ പ്രശ്‌നങ്ങളായി കടന്നുവരികയാണ്. എലിസബത്ത് എന്നെ കാണാൻ വന്നിരുന്നു. പക്ഷെ കുഹാസ് വിസിക്ക് ഒറ്റയ്ക്ക് എടുക്കാൻ കഴിയുന്ന തീരുമാനമല്ല ഇത്. പരീക്ഷയ്ക്ക് കൺസെഷൻ കൊടുക്കാൻ കഴിയില്ല. പരീക്ഷ നടന്നു കഴിഞ്ഞാൽ റിസൽട്ടിനെ ആർക്കും തൊടാൻ കഴിയില്ല. എലിസബത്തിന്റെ പ്രശ്‌നം യൂണിവേഴ്സിറ്റി ഒരു പ്രത്യേക കമ്മറ്റിക്ക് വിട്ടിരിക്കുകയാണ്. ഈ റിപ്പോർട്ട് യൂണിവേഴ്സിറ്റിയുടെ ഗവേണിങ് കൗൺസിലിന് വിടും. അതിനുശേഷം മാത്രമേ ഈ കാര്യത്തിൽ ഒരു തീരുമാനത്തിന് യൂണിവേഴിസിറ്റിക്ക് കഴിയുകയുള്ളൂ. എലിസബത്തിനു നൽകാൻ കഴിയുന്നത് അര മണിക്കൂർ സമയമാണ്. വേണമെങ്കിൽ ഒരു മണിക്കൂർ നൽകാം. പരീക്ഷ എഴുതാൻ പരസഹായം അനുവദിക്കാൻ കഴിയില്ല.

ഇത് പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്‌നമാണ്. അതുകൊണ്ട് തന്നെ ഒട്ടനവധി സങ്കീർണ്ണതകൾ ഈ വിഷയത്തിലുണ്ട്. മുൻപ് മെഡിക്കൽ കോഴ്സുകളിൽ ഇത്തരം സംവരണം അനുവദനീയമായിരുന്നില്ല. നടക്കാൻ വയ്യാത്ത പ്രശ്‌നം മാത്രമാണെങ്കിൽ മാത്രമാണ് ആനുകൂല്യം നൽകിയിരുന്നത്. ഒട്ടനവധി വിദ്യാർത്ഥികൾ ഇപ്പോൾ ശാരീരിക വൈകല്യം കാരണമുള്ള ക്വാട്ടയ്ക്ക് അപേക്ഷ നൽകിയിരിക്കുന്നു. കേൾക്കാൻ വയ്യ. സംസാരിക്കാൻ കഴിയില്ല. കാഴ്ചയില്ല എന്നൊക്കെ പറയുമ്പോൾ എങ്ങിനെ രോഗികളുമായി ബന്ധപ്പെട്ട ഈ ഫീൽഡിൽ എങ്ങിനെ ഇത് അനുവദിക്കാൻ കഴിയും എന്നാണ് ഞങ്ങൾ നോക്കുന്നത്.

കോഴ്‌സ് കഴിഞ്ഞ ഒരു ഡോക്ടർക്ക്, അല്ലെങ്കിൽ നഴ്സിന് കേൾക്കാൻ വയ്യ അതിനാൽ സ്റ്റെതസ്‌കോപ്പ ഉപയോഗിക്കാൻ കഴിയില്ല. കാണാൻ കഴിയില്ല അതിനാൽ സ്ലൈഡുകൾ ഉപയോഗിക്കാൻ കഴിയില്ല. അപ്പോൾ എന്ത് ചെയ്യാൻ കഴിയും. ഞങ്ങൾക്ക് സഹതാപമുണ്ട്. പക്ഷെ ഇവർ ഡോക്ടർ ആയി പോയാൽ, നഴ്‌സ് ആയി പോയാൽ! ഇതൊക്കെ വിലയിരുത്തേണ്ടതുണ്ട്.ലാഘവത്തോടെ കൈകാര്യം ചെയ്യേണ്ട വിഷയമല്ല ഇത്. രോഗികൾ പറയുന്നത് കേൾക്കാൻ കഴിയില്ല, കാണാൻ കഴിയുന്നില്ല എന്ന് പറയുന്നത് അത്ര സിംപിൾ അല്ല. കാരണം യൂണിവേഴ്സ്റ്റി സർട്ടിഫിക്കറ്റ് നൽകി കഴിഞ്ഞാൽ പിഎസ്‌സി സ്വാഭാവികമായും ജോലി നൽകും. ഡോക്ടർ, നഴ്‌സ് ആയി ഈ രീതിയിലുള്ള പ്രശ്‌നങ്ങൾ വരുമ്പോൾ അതിൽ ആലോചിക്കേണ്ട കാര്യമുണ്ട്. അതിനാൽ തന്നെ എലിസബത്തിന്റെ പ്രശ്‌നത്തിൽ യൂണിവേഴ്സിറ്റിയുടെ തീരുമാനം ആയി വരട്ടെ എന്നാണ് ഞങ്ങൾ കരുതുന്നത്-ഡോ.എം.കെ.സി.നായർ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP