Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202328Tuesday

സമസ്ത ഇരിക്കാൻ പറഞ്ഞപ്പോൾ മുട്ടിലിഴഞ്ഞു സർക്കാർ! ജെൻഡർ കാമ്പയിന്റെ ഭാഗമായി തയ്യാറാക്കിയ പ്രതിജ്ഞയിൽ നിന്നും പിന്മാറി കുടുംബശ്രീ; നാസർ ഫൈസിയും കൂട്ടരും എതിർപ്പുമായി എത്തിയത് സ്ത്രീക്കും പുരുഷനും സ്വത്തിൽ തുല്യാവകാശം നൽകണമെന്ന പ്രതിജ്ഞയിൽ; ഇതാണോ പിണറായി സർക്കാറിന്റെ നവോത്ഥാനമെന്ന വിമർശനവുമായി സൈബർലോകവും

സമസ്ത ഇരിക്കാൻ പറഞ്ഞപ്പോൾ മുട്ടിലിഴഞ്ഞു സർക്കാർ! ജെൻഡർ കാമ്പയിന്റെ ഭാഗമായി തയ്യാറാക്കിയ പ്രതിജ്ഞയിൽ നിന്നും പിന്മാറി കുടുംബശ്രീ; നാസർ ഫൈസിയും കൂട്ടരും എതിർപ്പുമായി എത്തിയത് സ്ത്രീക്കും പുരുഷനും സ്വത്തിൽ തുല്യാവകാശം നൽകണമെന്ന പ്രതിജ്ഞയിൽ; ഇതാണോ പിണറായി സർക്കാറിന്റെ നവോത്ഥാനമെന്ന വിമർശനവുമായി സൈബർലോകവും

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: സമസ്ത അടക്കമുള്ള മുസ്ലിം സംഘടനകളുടെ എതിർപ്പിനെ അതിജീവിക്കാൻ പിണറായി സർക്കാറിന് കെൽപ്പില്ലെന്ന് നേരത്തെ തന്നെ വ്യക്തമായ കാര്യമാണ്. ജെൻഡർ ന്യൂട്രൽ യൂണിഫോമിനെ അടക്കം പരസ്യമായി എതിർത്തു കൊണ്ട് സമസ്ത രംഗത്തുവന്നതോടെ പൊതുസമൂഹത്തിന്റെ പ്രശ്‌നങ്ങളിലേക്ക് തന്നെ മതം കലർത്തുന്ന പ്രവണത കേരളത്തിൽ കൂടി വരുന്നു എന്ന വിമർശനവും ശക്തമായിരുന്നു. ഇത്തരം വിമർശനങ്ങളെ ശരിവെക്കുന്ന വിധത്തിലാണ് മറ്റൊരു വിവാദവും ചെന്നെത്തിയിരിക്കുന്നത്.

സമസ്ത ഉൾപ്പെടെയുള്ള മുസ്ലിം സംഘടനകളുടെ എതിർപ്പുയർന്നതോടെ ലിംഗസമത്വ പ്രതിജ്ഞ കുടുംബശ്രീ പിൻവലിക്കേണ്ട അവസ്ഥയിലേക്ക് മാറി. ജെൻഡർ കാമ്പയിന്റെ ഭാഗമായി തയ്യാറാക്കിയ പ്രതിജ്ഞ ചൊല്ലേണ്ടതില്ലെന്ന് കുടുംബശ്രീ സ്റ്റേറ്റ് മിഷൻ ഓഫീസിൽനിന്ന് ജില്ലാ പ്രോഗ്രാം ഓഫീസർമാർക്ക് നിർദ്ദേശം നൽകുകയായിരുന്നു. സമസ്ത അടക്കമുള്ള മുസ്ലിം സംഘടനകൾ എതിർപ്പുമായി രംഗത്തുവന്നതോടെയാണ് സർക്കാറിന്റെ പിന്മാറ്റം. പുതിയ പ്രതിജ്ഞ തയ്യാറാക്കി നൽകുമെന്നും അതിനുശേഷം മാത്രം പ്രതിജ്ഞ ചൊല്ലിയാൽ മതിയെന്നും അറിയിപ്പ് ലഭിച്ചിട്ടുണ്ട്.

ജെൻഡർ കാമ്പയിന്റെ ഭാഗമായി കുടുംബശ്രീ തയ്യാറാക്കിയ പ്രതിജ്ഞയിൽ സ്ത്രീക്കും പുരുഷനും സ്വത്തിൽ തുല്യാവകാശം നൽകണമെന്ന ഭാഗമാണ് വിവാദത്തിന് ഇടയാക്കിയത്. ഇത് ശരീയത്ത് വിരുദ്ധമാണെന്ന വാദമാണ് നാസർ ഫൈസി കൂടത്തായി അടക്കം ഉയയർത്തിയത്. സമസ്തയ്ക്ക് പുറമേ കെ.എൻ.എം മർക്കസുദഹ്വ, വിസ്ഡം അടക്കമുള്ള മുസ്ലിം സംഘടനകളും പ്രതിജ്ഞയ്ക്കെതിരേ രംഗത്തെത്തിയിരുന്നു.

ശരീഅത്ത് നിയമപ്രകാരം പുരുഷന് ഇരട്ടിസ്വത്തും സ്ത്രീക്ക് പകുതി സ്വത്തിനുമാണ് അവകാശം. ഇത് ഇന്ത്യയിലെ മുസ്ലിം വ്യക്തിനിയമം അനുവദിക്കുന്നതാണെന്നും പുതിയ പ്രതിജ്ഞ ഏക സിവിൽകോഡ് നടപ്പാക്കുന്നതിനായുള്ള സർക്കാരിന്റെ കൈസഹായമാണെന്നും ആരോപണമുയർന്നിരുന്നു. വിവാദം ദേശീയ മാധ്യമങ്ങളിൽ അടക്കം വലിയ വാർത്തയാകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ പ്രതിജ്ഞയിൽനിന്നും പിന്മാറിയത്. ഈ സാഹചര്യത്തിലാണ് പ്രതിജ്ഞ ചൊല്ലേണ്ടതില്ലെന്ന് കുടുംബശ്രീ ജില്ലാ ഓഫീസർമാർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.

അതേസമയം കുടുംബശ്രീയുടെ പിന്മാറ്റത്തിനെതിരെ കടുത്ത വിമർശനമാണ് സൈബർ ലോകത്ത് ഉയർന്നിരിക്കുന്നത്. ഇതാണോ നവോത്ഥാന കേരളം എന്ന ചോദ്യമാണ് നെറ്റിസൺസ് ഉയർത്തുന്നത്. സർക്കാർ തീരുമാനത്തെ വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും രംഗത്തുവന്നിരുന്നു. സുരേന്ദ്രൻ ഫേസ്‌ബുക്കിൽ കുറിച്ചത് ഇങ്ങനെ:

നവോത്ഥാന ഗീർവ്വാണങ്ങളെല്ലാം തീവ്രമതസംഘടനകളുടേയും വോട്ടുബാങ്ക് താൽപ്പര്യങ്ങളുടേയും മുന്നിൽ തുടർച്ചയായി തട്ടിയുടയുകയാണ് കേരളത്തിൽ. പറഞ്ഞു പറഞ്ഞ് അവസാനം സ്ത്രീകൾക്ക് തുല്യമായ സ്വത്തവകാശം അനുവദിക്കില്ലെന്ന ഫത്വയും പൊതു ഇടങ്ങളിൽ അംഗീകരിക്കപ്പെടുകയാണോ? ഇവിടെ ശരീ അത്ത് നിയമമാണോ നടപ്പാക്കുന്നതെന്ന് സർക്കാർ വ്യക്തമാക്കണം. അമ്പതുകോടി മുടക്കി മതിലുപണിഞ്ഞതുകൊണ്ടൊന്നും കാര്യമില്ല ശ്രീ. പിണറായി വിജയൻ, ഇഛാശക്തിവേണം നരേന്ദ്ര മോദിയെപ്പോലെ അമിത് ഷായെപ്പോലെ. മുത്തലാക്ക് നിരോധിക്കാനും വിവാഹപ്രായം ഉയർത്താനുമൊക്കെ തീരുമാനമെടുക്കാൻ കഴിയുന്നത് ഇഛാശക്തിയുള്ളവർക്കുമാത്രമാണ്. വൈകാതെ ഏകീകൃത സിവിൽ നിയമം വരുമ്പോൾ അത് കേരളം നടപ്പാക്കില്ലെന്നും പറഞ്ഞ് വന്നേക്കരുത്.

വിഷയത്തിൽ നാസർ ഫൈസി കൂടത്തായി എഴുതിയ ഫേസ്‌ബുക്ക് കുറിപ്പ് ഇങ്ങനെ:

ഭരണഘടനയുടെ മൗലികാവകാശം നിഷേധിക്കുന്നു കുടുംബശ്രീ

വിവാഹം, വിവാഹ മോചനം, സ്വത്തവകാശം, മരണാന്തര ചടങ്ങുകൾ... തുടങ്ങിയ സിവിൽ നിയമങ്ങൾ മതപരമായ നിയമങ്ങളും വിശ്വാസങ്ങളും അടിസ്ഥാനപ്പെടുത്തി നൽകുന്ന അവകാശം ഭരണഘടനയുടെ മൗലികതയിൽപ്പെട്ടതാണ്. കേന്ദ്ര ഗ്രാമവികസന മന്ത്രാലയം നടത്തുന്ന ജൻഡർ കാമ്പയിന്റെ ഭാഗമായി കേരള സർക്കാർ 2022 നവംബർ 25 മുതൽ ഡിസംബർ 23 വരേ കുടുംബശ്രീയിലൂടെ വിവിധ പദ്ധതികൾ നടത്തുമ്പോൾ ശ്രേഷ്ടകരമായ പലതിനോടും ചേർത്ത് മതസ്വാതന്ത്ര്യത്തെ ഹനിക്കുന്ന മൗലിക അവകാശ ലംഘനമുണ്ട്. സംസ്ഥാനത്തെ എല്ലാ ജില്ലയിലും ഗ്രാമ പഞ്ചായത്തുകൾക്കും കുടുംബശ്രീക്കും ജില്ലാ മിഷൻ കോ-ഓഡിനേറ്റർ നൽകുന്ന സർക്കുലറിലാണ് ഈ മൗലികാവകാശ ലംഘനമുള്ളത്.നാലാമത് ആഴ്ച എല്ലാ കുടുംബശ്രീയിലും ജൻഡർ റിസോഴ്‌സ് മീറ്റിലൂടെ പ്രതിജ്ഞ ചെയ്യാനുള്ള നിർദേശമുണ്ട്. പ്രതിജ്ഞയുടെ അവസാന ഭാഗത്തിൽ

'നമ്മൾ പെൺമക്കൾക്കും ആൺമക്കൾക്കും തുല്യ സ്വത്തവകാശം നൽകും' എന്ന് സ്ത്രീകളെകൊണ്ട് ചൊല്ലിക്കുകയാണ്. ഖുർആൻ പറയുന്നത്: ' ആണിന് രണ്ട് പെണ്ണിന്റേതിന് തുല്യമായ ഓഹരിയാണുള്ളത്'

(അന്നിസാഅ്: 11)

സ്ത്രീക്ക് അല്പം പോലും സ്വത്തവകാശമില്ലെന്ന് പൗരാണികമായി കരുതി വന്നലോകത്തോടാണ് പിതാവിന്റെയും ഭർത്താവിന്റെയും മകന്റെയും സ്വത്തിൽ സ്ത്രീക്ക് അനന്തര സ്വത്തവകാശം ഇസ്ലാം പ്രഖ്യാപിച്ചത്. എന്നാൽ പിതാവിന്റെ സ്വത്തിൽ അവർക്ക് പുരുഷന്റെ (സഹോദരന്റെ) പകുതിയാക്കിയത് വിവേചനമല്ല.

സ്ത്രീയുടെ എല്ലാ ജീവിതച്ചെലവും വഹിക്കേണ്ടത് പുരുഷനാണ്. ഭർത്താവ് ദരിദ്രനും ഭാര്യ സമ്പന്നയുമാണെങ്കിൽ പോലും അവരുടേയും ഭർത്താവിന്റെയും മക്കളുടേയും ചെലവ് വഹിക്കേണ്ട ബാധ്യത ഭർത്താവിനാണ്. ഒരു ചില്ലിക്കാശും ചെലവിനത്തിൽ വഹിക്കാതെ അനന്തരമായി കിട്ടുന്നതെല്ലാം സ്വന്തം ബാക്കിയിരിപ്പാക്കാൻ അവകാശം നൽകുന്നുണ്ട് ഇസ്ലാം സ്ത്രീക്ക്. അവരെ അവഗണിക്കുകയല്ല ഇരട്ടിയായി പരിഗണിക്കുകയാണെന്നിരിക്കെ ചെലവ് പരിഗണിക്കാതെയാണ് വരവിലെ വിവേചനം ചിലർ ആരോപിച്ച് വന്നത്.

ജെൻഡർ ന്യൂട്രാലിറ്റിയുടെ ഭാഗമായി മതത്തിന്റെയും ഭരണഘടനയുടേയും മൗലിക തത്വങ്ങളെ കുടുംബശ്രീ സർക്കുലർ നിഷേധിക്കുന്നത് പ്രതിഷേധത്തിന് ഇടവരുത്തുക തന്നെ ചെയ്യും.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP