Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഫ്‌ളോട്ടിങ് റെസ്റ്റോറന്റ് രണ്ടു നിലയാക്കി നവീകരണം കഴിഞ്ഞു തുറന്നത് ഡിസംബറിൽ; ചൊവ്വാഴ്ച ഒരു നില വേളി കായലിലേക്ക് താണപ്പോൾ വെള്ളത്തിൽ മുങ്ങിയത് 75 ലക്ഷം രൂപ! കൊച്ചിയിലെ കമ്പനിക്ക് കരാർ നൽകിയിട്ടും റെസ്റ്റോറന്റ് മുങ്ങിയ നിലയിൽ തന്നെ; നിർമ്മാണത്തിലെ അഴിമതിയെന്ന ആക്ഷേപം ശക്തം; സംഭവത്തിൽ ആഭ്യന്തര അന്വേഷണവും; പൊഴി മുറിഞ്ഞപ്പോൾ വന്ന വെള്ളത്തിന്റെ തള്ളലാണ് മുങ്ങാൻ ഇടയാക്കിയതെന്നു എം.വിജയകുമാർ മറുനാടനോട്; കൊറോണ കാലത്ത് രാഷ്ട്രീയ വിവാദമായി ഫ്‌ളോട്ടിങ് റെസ്റ്റോറന്റ്

ഫ്‌ളോട്ടിങ് റെസ്റ്റോറന്റ് രണ്ടു നിലയാക്കി നവീകരണം കഴിഞ്ഞു തുറന്നത് ഡിസംബറിൽ; ചൊവ്വാഴ്ച ഒരു നില വേളി കായലിലേക്ക് താണപ്പോൾ വെള്ളത്തിൽ മുങ്ങിയത് 75 ലക്ഷം രൂപ! കൊച്ചിയിലെ കമ്പനിക്ക് കരാർ നൽകിയിട്ടും റെസ്റ്റോറന്റ് മുങ്ങിയ നിലയിൽ തന്നെ; നിർമ്മാണത്തിലെ അഴിമതിയെന്ന ആക്ഷേപം ശക്തം; സംഭവത്തിൽ ആഭ്യന്തര അന്വേഷണവും; പൊഴി മുറിഞ്ഞപ്പോൾ വന്ന വെള്ളത്തിന്റെ തള്ളലാണ് മുങ്ങാൻ ഇടയാക്കിയതെന്നു എം.വിജയകുമാർ മറുനാടനോട്; കൊറോണ കാലത്ത് രാഷ്ട്രീയ വിവാദമായി ഫ്‌ളോട്ടിങ് റെസ്റ്റോറന്റ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അഴിമതിയാണ് കേരള ഭരണത്തിൽ എല്ലാ കാലവും സർവവ്യാപിയായി നിലകൊണ്ടത്. ഏതു കരാറിലും മണക്കുന്നത് അഴിമതി തന്നെയാണ്. പാലാരിവട്ടം പാലമാണെങ്കിലും കൊച്ചിയിലെ നോർത്ത് പാലമാണെങ്കിലും മുഴങ്ങുന്നത് അഴിമതിയുടെ കഥകൾ തന്നെയാകും. അതുകൊണ്ട് തന്നെയാണ് വേളിയിലെ ഫ്‌ളോട്ടിങ് റെസ്റ്റോറന്റ് കായലിലേക്ക് താണപ്പോൾ ഇതിലും അഴിമതി മണക്കുന്നതായി ആരോപണം ഉയരുന്നത്. നിർമ്മാണത്തിലെ അപാകതയാണ് റെസ്റ്റോറന്റ് മുങ്ങാൻ കാരണമെന്നു ആക്ഷേപമുണ്ട്. ഓഖി ചുഴലിക്കാറ്റിൽ തകർന്ന് പ്രവർത്തനം നിലച്ച കെടിഡിസി വക ഫ്‌ളോട്ടിങ് റസ്റ്ററന്റ് 70 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ചിട്ട് ആറുമാസം മാത്രമേ ആയുള്ളൂ. ഒറ്റനിലയിലായിരുന്ന റെസ്റ്റോറന്റ് രണ്ടുനിലയിലാക്കിയാണ് നവീകരിച്ചത്.

റെസ്റ്റോറന്റ് കായലിലേക്ക് താണപ്പോൾ 75 ലക്ഷം വെള്ളത്തിൽ വരച്ച വര പോലെയായി. കാട്ടിലെ തടി തേവരുടെ ആന വലിയെടാ വലി എന്ന ശൈലിയിൽ ഇപ്പോൾ റെസ്റ്റോറന്റ് ഉയർത്താൻ ശ്രമം നടക്കുകയാണ്. ഇതിനും ലക്ഷങ്ങൾ പൊടിയും. ഉയർത്തിയാൽ വീണ്ടും ഒരു കോടിക്കടുത്ത് മുടക്കേണ്ടി വരും. കാരണം 75 ലക്ഷം ചെലവിട്ട് നിർമ്മിച്ച റെസ്റ്റോറന്റ് കായലിലേക്ക് താണ് കഴിഞ്ഞു. ഇനി ഇത് പഴയ പടിയാക്കാൻ ലക്ഷങ്ങൾ തന്നെ പൊടിക്കേണ്ടി വരും. റഫ്രിജറേറ്റിലും മറ്റ് ഉപകരണങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. സാധനങ്ങളിൽ ചിലത് നശിക്കുകയും ചെയ്തതായാണ് വിവരം. എന്താണ് റെസ്റ്റോറന്റിനു സംഭവിച്ചത് എന്ന് കെടിഡിസി അധികൃതർക്ക് ഒരു പിടിയുമില്ല. ഇത് രാഷ്ട്രീയ വിവാദമായി മാറുന്നതും നിർമ്മാണത്തിൽ അഴിമതി ആരോപിക്കപ്പെട്ടതും കെടിഡിസി അധികൃതരെ പ്രതിരോധത്തിൽ ആക്കിയിട്ടുണ്ട്. വി എസ്.ശിവകുമാർ എംഎൽഎയും യൂത്ത് കോൺഗ്രസും ഫ്‌ളോട്ടിങ് റെസ്റ്റോറന്റ് അഴിമതി ആരോപിച്ച് രംഗത്ത് വന്നിട്ടുണ്ട്.

വേളിയിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് പ്രിയപ്പെട്ടതായിരുന്ന കെടിഡിസി ഫ്‌ളോട്ടിങ് റെസ്റ്റോറന്റ്. ഇത് ഉയർത്താനുള്ള ശ്രമങ്ങളിൽ ഒരു പുരോഗതിയുമില്ല. ബുധനാഴ്ചയാണ് ഫ്‌ളോട്ടിങ് റസ്റ്ററന്റ് ഒന്നാം നില വെള്ളത്തിൽ മുങ്ങിയ നിലയിൽ കണ്ടത്. ഒരു നില പൂർണമായും വെള്ളത്തിനടിയിലാണ്. ഫയർഫോഴ്‌സ് വന്നു വെള്ളം പമ്പ് ചെയ്ത് പുറത്തേക്ക് തള്ളിയെങ്കിലും വെള്ളം അതേ രീതിയിൽ തന്നെ തുടർന്നതിനാൽ ശ്രമം ഒഴിവാക്കുകയായിരുന്നു. തുടർന്നു റെസ്റ്റോറന്റ് ഉയർത്താൻ കെടിഡിസി അധികൃതർ പുറത്തു നിന്നുള്ള ഒരു കമ്പനിക്ക് കരാർ നൽകുകയായിരുന്നു. എന്താണ് ഫ്‌ളോട്ടിങ് റസ്റ്ററന്റ് മുങ്ങാനുള്ള കാരണം എന്ന് കെടിഡിസി അധികൃതർക്ക് ഒരു പിടിപാടുമില്ല. കൊച്ചിയിൽ നിന്നുള്ള ഒരു കമ്പനിയെ കരാർ ഏൽപ്പിച്ചെങ്കിലും അവർക്കും ഉയർത്താൻ കഴിഞ്ഞില്ല. തുടർന്നു മുൻപ് നിർമ്മാണം നടത്തിയ കമ്പനിക്ക് തന്നെ ചുമതല നൽകിയതായി സൂചനയുണ്ട്.

ഇപ്പോൾ ലോക്ക് ഡൗൺ ആയതിനാൽ വേളി അടഞ്ഞുകിടക്കുകയാണ്. ഇതിന്നിടയിൽ തന്നെയാണ് ബുധനാഴ്ച ഫ്‌ളോട്ടിങ് റസ്റ്ററന്റ് ഒന്നാം നില മുങ്ങിയ നിലയിൽ കണ്ടത്. ഫ്‌ളോട്ടിങ് റസ്റ്ററന്റ് വേളി കായലിൽ മുങ്ങിയപ്പോൾ കെടിഡിസിയുടെ 75 ലക്ഷം രൂപയാണ് പൊടിഞ്ഞു തീർന്നത്. രണ്ടു നിലയുള്ള ഫ്‌ളോട്ടിങ് റസ്റ്ററന്റ് ആറു മാസം മുൻപ് 75 ലക്ഷം രൂപ ചെലവിലാണ് പുനർനിർമ്മാണം കഴിഞ്ഞു തുറന്നു കൊടുത്തത്. ബുധനാഴ്ചയാണ് ഫ്‌ളോട്ടിങ് റസ്റ്ററന്റിന്റെ ഒന്നാം നില കായലിൽ മുങ്ങിയ നിലയിൽ കണ്ടത്. റെസ്റ്റോറന്റിലെ അഴുക്കുവെള്ളം പുറത്തേക്കു പോകാനിട്ടിരുന്ന പൈപ്പുകൾ വഴി അകത്തേക്ക് കായൽ വെള്ളം കയറിയതാകാം മുങ്ങാൻ കാരണമെന്ന് സംശയമുണ്ട്. റസ്റ്ററന്റ് ഉയർത്തി പഴയ നിലയിലാക്കാ കരാർ നൽകിയിട്ടുണ്ട്.

കമ്പനി അധികൃതർ ഒത്ത്പരിശ്രമിക്കുന്നുണ്ടെങ്കിലും റസ്റ്ററന്റ് ഉയർത്താനുള്ള ശ്രമങ്ങളിൽ പുരോഗതി ദൃശ്യമല്ല. കമ്പനി അധികൃതരിൽ നിന്നും മറുനാടൻ പ്രതികരണം തേടിയെങ്കിലും പ്രതികരിക്കാൻ അവർ തയ്യാറായില്ല. പൊഴി മുറിഞ്ഞപ്പോൾ വന്ന വെള്ളത്തിന്റെ തള്ളലാണ് റസ്റ്ററന്റ് ഒന്നാം നില വെള്ളത്തിൽ മുങ്ങാൻ കാരണമെന്നാണ് കെടിഡിസി ചെയർമാൻ എം.വിജയകുമാർ മറുനാടനോട് പ്രതികരിച്ചത്. എന്താണ് സംഭവിച്ചത് എന്ന് പിടിയില്ല. അങ്ങനെ വെള്ളത്തിൽ താഴേണ്ട ഒന്നല്ല ഫ്‌ളോട്ടിങ് റസ്റ്ററന്റ്. കനത്ത മഴയിൽ ചൊവ്വാഴ്ച പൊഴി മുറിഞ്ഞിരുന്നു. ആ സമയത്തുള്ള വെള്ളത്തിന്റെ തള്ളലിൽ റസ്റ്ററന്റിനു എന്തോ സംഭവിച്ചിട്ടുണ്ട്. ഈ കാര്യത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്-വിജയകുമാർ പറയുന്നു.



റസ്റ്ററന്റ് ഉയർത്തിയ ശേഷം മാത്രമാണ് എന്താണ് ഈ കാര്യത്തിൽ സംഭവിച്ചത് എന്ന് പറയാൻ കഴിയുകയുള്ളൂ. എന്ത് വിള്ളലാണ് ഫ്‌ളോട്ടിങ് റസ്റ്ററന്റിന്റെ അടിഭാഗത്ത് രൂപപ്പെടുന്നത് എന്ന് അറിയാൻ അത് ഉയർത്തണം-കെടിഡിസി വൃത്തങ്ങൾ മറുനാടനോട് പറഞ്ഞു. വ്യഖ്യാനങ്ങൾ ഓരോരുത്തർ ചമച്ചു കൊണ്ടിരിക്കുകയാണ്. ഞങ്ങൾക്ക് തന്നെ വ്യക്തതയില്ല. എന്താണ് സംഭവിച്ചത് എന്ന്. അതുകൊണ്ട് തന്നെയാണ് ഒരു കമ്പനിക്ക് കരാർ നൽകിയത്. പക്ഷെ ഇന്റെണൽ അന്വേഷണം കെടിഡിസി ആരംഭിച്ചിട്ടുണ്ട്. അകത്ത് അറകളാണ്.ഇവയ്ക്കുള്ളിൽ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടാകാം. മുൻപ് തന്നെ റെസ്റ്റോറന്റിൽ വിള്ളൽ വീണിട്ടുണ്ടെങ്കിൽ അത് അപ്പോൾ തന്നെ മുങ്ങേണ്ടിയിരുന്നു. തുറന്നു കൊടുക്കുന്ന സമയത്ത് പ്രശ്‌നം ദൃശ്യമായിരുന്നില്ല.

ആളുകൾ ധാരാളമായി റെസ്റ്റോറന്റിനു അകത്ത് വന്നിരുന്നു. ലോക്ക് ഡൗൺ സമയത്ത് ആയതിനാൽ എന്താണ് സംഭവിച്ചത് എന്ന് അറിയില്ല. കെടിഡിസി ചീഫ് എഞ്ചിനീയർക്കാണ് ചുമതല നൽകിയിരിക്കുന്നത്. ചൊവ്വാഴ്ച കാറ്റിൽ മഴയത്തും വന്ന ചുഴി റെസ്റ്റോറന്റിനു ദോഷമായി എന്ന് കരുതുന്നു. എന്തായാലും അത് പൊക്കിയെടുത്താൽ മാത്രമേ എന്താണ് കാരണം എന്ന് പറയാൻ കഴിയൂ. വിള്ളൽ എവിടെ എങ്ങനെ രൂപപ്പെട്ടു എന്നറിയണം. എന്തായാലും ഞങ്ങൾ അന്വേഷണം തുടങ്ങിയിട്ടുണ്ട്-കെടിഡിസി വൃത്തങ്ങൾ വ്യക്തമാക്കുന്നു.

ഒരേസമയം 74 പേർക്കു ഭക്ഷണം കഴിക്കാൻ സൗകര്യമുള്ള റസ്റ്ററന്റ് മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഉദ്ഘാടനം ചെയ്തത്. ഡിസംബറിലായിരുന്നു ഉദ്ഘാടനം. പക്ഷെ ആ മാസങ്ങളിൽ കുഴപ്പം ദൃശ്യമായിരുന്നില്ല. 2006 ൽ ഉമ്മൻ ചാണ്ടി സർക്കാരാണ് വേളിയിൽ ഫ്‌ളോട്ടിങ് റെസ്റ്റോറന്റ് തുടങ്ങിയത്. അന്ന് ലക്ഷങ്ങൾ മുടക്കി തുടങ്ങിയ സ്ഥാപനം മാസങ്ങൾക്കു ശേഷം പ്രവർത്തനം നിലച്ചു. നാശത്തിന്റെ വക്കിലെത്തിയിരുന്ന റെസ്റ്റോറന്റിനെ നവീകരിക്കാൻ ടെണ്ടർ വിളിച്ച് 75 ലക്ഷം രൂപയും സ്വകാര്യ കമ്പനിക്ക് നൽകി. ഈ സർക്കാരിന്റെ കാലത്താണ് നവീകരണം ആരംഭിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP